ADVERTISEMENT

ബിറ്റ്‌കോയിന്‍ ഉടമകള്‍ക്കിത് സ്വര്‍ണക്കൊയ്ത്തു കാലമാണ്. അടുത്തിടെ അല്‍പ്പം തകര്‍ന്നെങ്കിലും ഒരു മാസത്തിനുള്ളില്‍ ബിറ്റ്‌കോയിന്റെ വില 50 ശതമാനമാണ് ഉയര്‍ന്നത്. ഇതില്‍ ഉടമകള്‍ ആഹ്ലാദഭരിതരാണ്. അതായത് നിങ്ങള്‍ സ്‌റ്റെഫാന്‍ തോമസിനെ പോലെയുള്ളവരല്ലെങ്കില്‍... സ്‌റ്റെഫാന്റെ കൈവശമുള്ളത് 7,002 ബിറ്റ്‌കോയിനാണ്. പക്ഷേ, ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് അദ്ദേഹം. ജര്‍മനിയില്‍ ജനിച്ച, സാന്‍ഫ്രാന്‍സികോ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രോഗ്രാമറാണ് സ്‌റ്റെഫാന്‍.  കൈവശമുള്ള ബിറ്റ്‌കോയിന്‍ വിറ്റാല്‍ ഇപ്പോള്‍ തനിക്ക് 220 ദശലക്ഷം ഡോളര്‍ (ഏകദേശം 1609.85 കോടി രൂപ) ലഭിക്കുമെന്നാണ് സ്‌റ്റെഫാന്റെ കണക്കുകൂട്ടല്‍. പക്ഷേ, എന്തു ചെയ്യാം, ബിറ്റ്‌കോയിന്റെ പാസ്‌വേഡ് സൂക്ഷിച്ചിരുന്ന പേപ്പര്‍ നഷ്ടപ്പെട്ടതാണ് പ്രശ്‌നം.

 

പാസ്‌വേഡ് പത്തു തവണ ഊഹിക്കാന്‍ മാത്രമാണ് അനുവദിക്കുന്നത്. പത്തും തെറ്റിയാല്‍ എക്കാലത്തേക്കുമായി ലോക്കര്‍ അടയ്ക്കപ്പെടുന്നു. അല്ലെങ്കില്‍ ഒരിക്കലും തുറക്കാന്‍ സാധിക്കാത്ത രീതിയില്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നു. താന്‍ സാധാരണ ഉപയോഗിക്കുന്ന പാസ്‌വേഡുകളെല്ലാം സ്റ്റെഫാന്‍ എട്ടു തവണയായി പരീക്ഷിച്ചു പരാജയപ്പെട്ടു. താന്‍ വളരെ ആലോചിച്ച് ഒരു തന്ത്രവുമായി കംപ്യൂട്ടറിന്റെ അടുത്തെത്തുന്നു. അതും പരാജയപ്പെടമ്പോള്‍ തന്റെ ആധി ഇരട്ടിയാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ബിറ്റ്‌കോയിന്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അതാകട്ടെ, ഉടമകളെ നിമിഷ നേരം കൊണ്ട് ലക്ഷാധിപതികളും കോടിപതികളുമാക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് വ്യാപിച്ചതോടെ ലോക സമ്പദ്‌വ്യവസ്ഥ താറുമാറാകുമോ എന്നും ഡോളറിന്റെ മൂല്യം പോലും ഇടിയുമോ എന്നുമുളള ഭീതി പരന്നതോടെ പുത്തന്‍ നിക്ഷേപ സാധ്യതയായി, ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനെ കണ്ടതോടെയാണ് അതിന്റെ ശുക്രന്‍ ഉദിക്കുന്നത്.

 

എന്നാല്‍, ബിറ്റ്‌കോയിനു നല്‍കിയിരിക്കുന്ന അസാധാരണമായ സുരക്ഷാ മാനദണ്ഡങ്ങള്‍ മൂലം പാസ്‌വേഡ് നഷ്ടപ്പെട്ട പലരും തങ്ങളുടെ നിക്ഷേപങ്ങളിലേക്ക് കടക്കാനാകാതെ പുറത്താക്കപ്പെട്ടിരിക്കുകയാണ്. വില പൂക്കുറ്റി പോലെ കുതിച്ചുയരുന്നതും പിന്നെ താഴേക്കു പോകുന്നതുമെല്ലാം കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കാനാണ് അവരുടെ വിധി. തങ്ങളുടെ ഡിജിറ്റല്‍ നിക്ഷേപത്തിന്റെ മൂല്യം എടുക്കാനാകാതെ പുറത്തു നില്‍ക്കുകയാണവര്‍. ഇങ്ങനെ പെട്ടിരിക്കുന്നവര്‍ കുറച്ചൊന്നുമല്ല താനും. ലോകത്ത് ആകെ 18.5 ദശലക്ഷം ബിറ്റ്‌കോയിനുകളാണ് ഉള്ളതെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ ഏകദേശം 20 ശതമാനം അഥവാ 14000 കോടി ഡോളര്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയോ അല്ലെങ്കില്‍ സ്റ്റെഫാനു സംഭവിച്ചതു പോലെ മുന്നോട്ടു പോകാനാകാതെ പെട്ടുപോയിരിക്കുകയോ ആണെന്നാണ് ചെയ്‌നാലസിസിന്റെ (Chainalysis) കണക്കുകള്‍ കാണിക്കുന്നത്. നഷ്ടപ്പെട്ടുപോയ ഡിജിറ്റല്‍ കീകള്‍ തിരിച്ചെടുത്തു നല്‍കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളെ വിളിക്കുന്നത് വോലറ്റ് റിക്കവറി സര്‍വീസുകളെന്നാണ്. തങ്ങളുടെ നഷ്ടപ്പെടാന്‍ പോകുന്ന നിക്ഷേപം രക്ഷപെടുത്താന്‍ സഹായിക്കണമെന്നു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രതിദിനം ഏകദേശം 70 അഭ്യര്‍ഥന വരെ ലഭിക്കുന്നുവത്രെ. കഴിഞ്ഞ മാസം വരെ ഇതിന്റെ മൂന്നിലൊന്ന് അഭ്യര്‍ഥന മാത്രമാണ് ലഭിച്ചിരുന്നതെന്നും പറയുന്നു.

 

തങ്ങളുടെ ഡിജിറ്റല്‍ നിക്ഷേപത്തിലേക്ക് കടക്കാനാകാതെ വലയുന്ന ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വിഷമത്തിലാണ്. ഇവരില്‍ പലരും ബിറ്റ്‌കോയിന്റെ തുടക്ക കാലം മുതലുള്ള നിക്ഷേപകരുമാണ്. തുടക്ക കാലത്ത് ആര്‍ക്കും തന്നെ ഇത്തരം സംരംഭങ്ങളില്‍ പണമിറക്കാനുള്ള ധൈര്യവുമില്ലായിരുന്നു എന്നും ഓര്‍ക്കുക. അത്തരത്തിലൊന്നാണ് ബ്രാഡ് യാസറിന്റെ അനുഭവം. തന്റെ വോലറ്റുകളിലേക്ക് കടക്കാന്‍ താന്‍ നൂറു കണക്കിനു മണിക്കൂറകള്‍ ചെലവിട്ടു കഴിഞ്ഞതായാണ് അദ്ദേഹം പറയുന്നത്. ഈ സാങ്കേതികവിദ്യയുടെ തുടക്ക കാലത്ത് സ്വന്തം കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ചതാണ് അദ്ദേഹത്തിന്റെ ആയിരക്കണക്കിനു ബിറ്റ്‌കോയിന്‍. ഇന്ന് അവയുടെ മൂല്യം നൂറുകണക്കിനു ദശലക്ഷം ഡോളറാണ്. എന്നാല്‍, അവയുടെ പാസ്‌വേഡ് നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായിരിക്കുന്നു. അവ അടങ്ങുന്ന ഹാര്‍ഡ് ഡ്രൈവുകള്‍ താന്‍ വാക്വം സീലു ചെയ്ത ബാഗുകളില്‍ മറ്റാരും കാണാതെ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. നഷ്ടപ്പെട്ടതിന്റെ ഒരംശം മാത്രമാണ് എനിക്കിപ്പോഴുള്ളതെന്ന് എന്നെ ഓരോ ദിവസവും ഓര്‍മപ്പെടുത്താതിരിക്കാനാണ് താന്‍ അങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

 

ഈ പ്രശ്‌നം ബിറ്റ്‌കോയിന്റെ സാങ്കേതികവിദ്യാ പരമായ അസ്ഥിവാരത്തിന്റേതാണ്. ഇത് ഒരേസമയം ഊറ്റംകൊള്ളപ്പെടേണ്ടതും ഭയക്കേണ്ടതുമാണ്. സാധാരണ ബാങ്ക് അക്കൗണ്ടുകളുടെയും പേപാല്‍ പോലെയുള്ള സേവനങ്ങളുടെയും പാസ്‌വേഡ് പുനഃക്രമീകരിക്കാം. എന്നാല്‍, ബിറ്റ്‌കോയിന്റെ കാര്യത്തില്‍ പാസ്‌വേഡ് പോയാല്‍ പോയതു തന്നെ. ബിറ്റ്‌കോയിന്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് അത്ര സുതാര്യനല്ലാത്ത വ്യക്തിയായ സതോഷി നക്കമോട്ടോ എന്ന വ്യക്തിയാണ്. സതോഷി പറയുന്നത്, ലോകത്തുള്ള ആര്‍ക്കും ഒരു ഡിജിറ്റല്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കുന്നതും എന്നാല്‍ ഒരു സർക്കാരിനും നിയന്ത്രിക്കാന്‍ കഴിയാത്തതുമായ ഒന്നായിരിക്കും ബിറ്റ്‌കോയിന്‍ എന്നാണ്. 

 

ഇതെല്ലാം സാധ്യമാക്കുന്നത് ബിറ്റ്‌കോയിന്റെ സങ്കീര്‍ണമായ ഘടന വച്ചാണ്. അത് നിയന്ത്രിക്കുന്നത് ബിറ്റ്‌കോയിനായി തീരുമാനച്ചിരിക്കുന്ന നിയമങ്ങള്‍ പാലിച്ചിരിക്കുമെന്ന് ഉറപ്പുളള ഒരു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കാണ്. അതിന്റെ അതിസങ്കീര്‍ണമായ അല്‍ഗോറിതം ഉപയോഗിച്ച് നമുക്കൊരു അഡ്രസ് ഉണ്ടാക്കിയെടുക്കാം. അതിനൊപ്പം ഒരു രഹസ്യ പാസ്‌വേഡും ലഭിക്കും. ഇങ്ങനെ ഒരു അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിക്കു മാത്രമായിരിക്കും ഈ പാസ്‌വേഡ് അറിവുണ്ടാകുക എന്നിടത്താണ് ഇതിന്റെ വിജയം. ഈ പാസ്‌വേഡ് നല്‍കിക്കഴിയുമ്പോള്‍ ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്ക് പണമിടപാടിനുള്ള അനുവാദം നല്‍കും. നെറ്റ്‌വര്‍ക്ക് ഈ പാസ്‌വേഡ് ശേഖരിക്കുകയോ ഓര്‍ത്തുവയ്ക്കുകയോ ഇല്ല. എന്നാല്‍, പാസ്‌വേഡ് നല്‍കുമ്പോള്‍ ഉടമയാണോ എന്ന് അതിന് അറിയാന്‍ സാധിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ക്കും ഒരു ബിറ്റ്‌കോയിന്‍ വോലറ്റ് തുടങ്ങാം. ഒരു സാമ്പത്തിക സ്ഥാപനത്തിലും റജിസ്റ്റര്‍ ചെയ്യേണ്ട. വ്യക്തി ആരാണെന്നറിയാനുള്ള ശ്രമവും ഇല്ല. ഇതു വഴി ബിറ്റ്‌കോയിന്‍ കുറ്റവാളികളുടെയും ഇഷ്ട നാണയമായി എന്നു പറയേണ്ടതില്ലല്ലോ. കൂടാതെ വ്യക്തികളുടെ അക്കൗണ്ടുകള്‍ പിടിച്ചെടുക്കുന്ന സ്വഭാവമുള്ള രാജ്യങ്ങളായ ചൈന, വെനിസ്വേല തുടങ്ങിയ സ്ഥലങ്ങളിലും ഇതിന് ആരാധകരുണ്ടായി.

 

എന്നാല്‍, ഈ സിസ്റ്റം സൃഷ്ടിച്ചവര്‍ക്ക് മനസ്സിലാകാതെ പോയ ഒരു കാര്യമുണ്ട്- ആളുകള്‍ പാസ്‌വേഡുകള്‍ ഓര്‍ത്തുവയ്ക്കുന്ന കാര്യത്തില്‍ എത്ര അസമര്‍ഥരാണെന്ന്. പലരും ഇത് രാജ്യത്തിന്റെയോ സാമ്പത്തിക സ്ഥാപനങ്ങളുടെയോ കീഴിലല്ലല്ലോ പ്രവര്‍ത്തിക്കുന്നത് എന്ന വിചാരത്താലാണ് ബിറ്റ്‌കോയിനിലേക്ക് ആകൃഷ്ടരാകുന്നത്. ചിലര്‍ തങ്ങളുടെ പാസ്‌വേഡ് ചില കമ്പനികളെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കും. അപ്പോഴും അവ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്ന പ്രശ്‌നമുണ്ട്. എന്നാല്‍, ഇതൊന്നും ബിറ്റ്‌കോയിന്‍ പ്രേമികളെ പേടിപ്പിക്കുന്നില്ല. തങ്ങളുടെ ബാങ്ക് തങ്ങള്‍ തന്നെയാണെന്ന് അവര്‍ അഭിമാനിക്കുന്നു. അതുവഴി ലോകത്തിന്റെ മൊത്തം പൗരന്മാരാണെന്നും അവര്‍ അഭിമാനിക്കുന്നു. ഇതിനായി തങ്ങള്‍ ആ റിസ്‌ക് എടുക്കുന്നു എന്നാണ് പലരും പറയുന്നത്. ചിലര്‍ക്ക് നഷ്ടം വന്നിട്ടുട്ടെങ്കിലും അവര്‍ വീണ്ടും ബിറ്റ്‌കോയിന്‍ വാങ്ങുകയും ലാഭമുണ്ടാക്കുയും ചെയ്തിട്ടുണ്ട്.

 

English Summary: Millionaires Locked Out of Their Bitcoin Fortunes as they forget Passowrds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com