ADVERTISEMENT

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണ് എന്നറിയിച്ച് പല പത്രങ്ങളിലും മുഴുവന്‍ പേജ് പരസ്യങ്ങളുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്. വാട്‌സാപ്പിനു പകരം സിഗ്നല്‍ ഉപയോഗിക്കൂ എന്ന ഇലോണ്‍ മസ്‌കിന്റെ ട്വീറ്റോടെയാണ് ജനങ്ങള്‍ പുതിയ ആപ്പിലേക്കുമാറുന്ന കാര്യം പരിഗണിച്ചു തുടങ്ങുന്നത്. സ്വകാര്യ കമ്പനിയായ ഫെയ്‌സ്ബുക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് വാട്‌സാപ്. അതേസമയം പരിപൂര്‍ണ്ണ ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമാണ് സിഗ്നല്‍ എന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം.

 

∙ ഇലോണ്‍ മസ്‌ക് സമൂഹമാധ്യമ വൈബ്സൈറ്റ് സ്ഥാപിക്കുമോ?

 

ലോകത്തെക്കുറിച്ച് ശാസ്ത്രപരവും സാങ്കേതികവിദ്യാപരവുമായ, അറിവോടെയുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിവുള്ളവര്‍ ഇന്ന് ലോകത്ത് തീര്‍ത്തും കുറവാണ്. എന്നാല്‍ അത്തരത്തിലൊരാളാണ് തൊട്ടതെല്ലാം പൊന്നാക്കുന്ന, ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്. അദ്ദേഹം ഒരു സമൂഹ മാധ്യമ വെബ്‌സൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത് പുറത്തേക്കു പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറാണ്. തന്റെ പിതാവിനെ ട്വിറ്ററും, ഫെയ്സ്ബുക്കും, യൂട്യൂബും, സ്‌നാപ്ചാറ്റുമൊക്കെ പടിക്കു പുറത്താക്കി വാതിലടച്ചതനെതിരെയാണ് മകന്റെ പ്രതികരണമെങ്കിലും, കാര്യജ്ഞാനത്തോടെ തീരുമാനമെടുക്കാനുള്ള മസ്‌കിന്റെ കഴിവിന് ആദരമര്‍പ്പിക്കല്‍ കൂടെയാണിതെന്ന് വാദിക്കുന്നവരുണ്ട്. സമൂഹ മാധ്യമ രംഗം അടച്ചുകെട്ടി സ്വകാര്യ കമ്പനികള്‍ കാശുവാരുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും ഈ കമ്പനികള്‍ക്കെതിരെ അതിശക്തമായ നീക്കം നടക്കുന്നുണ്ടെങ്കിലും ഈ ടെക്‌നോളജി ഭീമന്മാരുടെ ലോബിയിങ് കരുത്തിനു മുന്നില്‍ അത് എവിടെ വരെ ചെല്ലുമെന്ന സംശയം നിലനില്‍ക്കുന്നു. 

SPACE-EXPLORATION/SPACEX-LAUNCH

 

ട്രംപ് ജൂനിയര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വിഡിയോയിലാണ് തന്റെ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ആളുകളെ പ്രത്യേകമായി (privately) ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെങ്കില്‍, പക്ഷപാതരഹിതമായ ഒരു സമൂഹ മാധ്യമ വെബ്‌സൈറ്റ് സ്ഥാപിക്കാനും അദ്ദേഹത്തിനാകുമെന്ന് തനിക്ക് ഉറപ്പാണെന്നാണ് ജൂനിയര്‍ ട്രംപിന്റെ അഭിപ്രായം. ട്വിറ്ററിനും മറ്റും സാധിക്കാത്ത രീതിയല്‍, അക്രമം പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളും മറ്റും പക്ഷപാതമില്ലാത്ത ആളുകളെ വച്ച് നിയന്ത്രിക്കാന്‍ മസ്‌കിന് ആകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ധാരാളം അമേരിക്കക്കാര്‍ ഈ സംരംഭത്തെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് ജൂനിയര്‍ പറയുന്നു.

 

signal

പൊതുവെ, തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയാന്‍ ഒരു മടിയുമില്ലാത്ത ആളാണ് മസ്‌ക്. അദ്ദേഹം ട്രംപിനെ സമൂഹ മാധ്യമങ്ങള്‍ പ്രസിഡന്റ് ട്രംപിന് ഏര്‍പ്പെടുത്തി ഉപരോധത്തിനെതിരെയോ അനുകൂലിച്ചോ പ്രസ്താവനകള്‍ ഒന്നും ഇതെഴുതുന്ന സമയംവരെ ഇറക്കിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ധാരാളം പേര്‍ വളരെ അസന്തുഷ്ടരായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടു താനും. സംഭാഷണ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കുന്നത് ടെക്‌നോളജി കമ്പനികളാണ് എന്നത് ധാരാളം പേരെ വളരെ അസന്തുഷ്ടരാക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വിദ്വേഷം പരത്തുന്ന സംഭാഷണം നിരോധിക്കുന്നതും, തങ്ങള്‍ക്ക് വിദ്വേഷമുള്ള സംഭാഷണം നിരോധിക്കുന്നതും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ സാധിക്കണമെന്നും അദ്ദേഹം പറയുന്നു. സാധാരണക്കാരെ ബാധിക്കുന്ന, വാട്‌സാപ് ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കാന്‍ അധികാരമുണ്ടോ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടാതെ, ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന അമേരിക്കയില്‍ എന്തു നടക്കണമെന്നു പോലും തീരുമാനിക്കാനുള്ള കരുത്താണ് ഇപ്പോള്‍ തന്നെ ടെക്‌നോളജി കമ്പനികള്‍ കാണിക്കുന്നത്. ടെക്‌നോളിജി അധിനിവേശത്തിനെതിരെ മസ്‌കിന്റെ നീക്കം നടത്തുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം. 

 

∙ സിഗ്നലിന് ലക്ഷ്യം പത്തു മുല്‍ ഇരുപതു കോടി സബ്‌സ്‌ക്രൈബര്‍മാര്‍

 

ഇന്ത്യയില്‍ സിഗ്നലിന് 10-20 കോടി സബ്‌സ്‌ക്രൈബര്‍മാര്‍ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വാട്‌സാപ്പിന്റെ സ്ഥാപകരിലൊരാളായ ബ്രയന്‍ ആക്ടണ്‍ പറഞ്ഞു. മഹീന്ദ്രാ ഗ്രൂപ്പ് മേധാവിയും പുതിയ സിഗ്നല്‍ ആപ് ഉപയോക്താവുമായ ആനന്ദ് മഹീന്ദ്രയെ പോലെയുള്ള ആയിരക്കണക്കിനു പ്രമുഖര്‍ നടത്തിയ ട്വീറ്റുകള്‍ തങ്ങളെ ആവേശഭരിതരാക്കുന്നു എന്നാണ് ഇപ്പോള്‍ സിഗ്നല്‍ ആപ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രയന്‍ പറഞ്ഞത്. എക്കാലത്തും ഏറ്റവും മികച്ച ടെക്‌നോളജി സ്വീകരിക്കുന്നതില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ബ്രയന്‍ നിരീക്ഷിക്കുന്നു. സിഗ്നലിന്റെ കാര്യത്തിലും അത് ആവര്‍ത്തിക്കുന്നതു കാണാന്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ആളുകള്‍ പ്രതീക്ഷിക്കുന്നത്ര നിലവാരമുള്ള സേവനം നല്‍കുക എന്നതില്‍ പ്രതിജ്ഞാബദ്ധരായിരിക്കും തങ്ങളെന്നും അദ്ദേഹം പറയുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 20 കോടിവരെ ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്ന് സിഗ്നലില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അവര്‍ക്ക് മികച്ച സേവനങ്ങളൊരുക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

 

ആളുകള്‍ അവരുടെ ഡേറ്റ നിയന്ത്രിക്കുന്നതു കാണാനാണ് സിഗ്നലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ ഉപയോക്താക്കളുടെ സന്ദേശങ്ങളിലേക്ക് ഫെയ്സ്ബുക് പോലെയുള്ള സ്വകാര്യ കമ്പനികളോ സര്‍ക്കാരുകളോ എത്തിനോക്കാതിരിക്കാന്‍ ഇക്കാലത്ത് ലഭ്യമായ ഏറ്റവും മികച്ച എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതുവഴി സംഭാഷണങ്ങള്‍ സുരക്ഷിതവും സ്വകാര്യവുമായിരിക്കുമെന്നാണ് ബ്രയന്‍ പറയുന്നത്. തങ്ങളുടെ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ വായിക്കാനോ, കോളുകള്‍ കേള്‍ക്കാനോ സിഗ്നലിനു പോലും സാധിക്കില്ല എന്നതു കൂടാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. വാട്‌സാപ്പിനെ ഒരു ഫ്രീ സേവനമായി നിലനിര്‍ത്തുന്ന കാര്യത്തില്‍ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി 2017ല്‍ തെറ്റിപ്പിരിഞ്ഞാണ് ബ്രയന്‍ സിഗ്നലിലെത്തുന്നത്. ബ്രയനും ജാന്‍ കോവും ചേര്‍ന്നാണ് വാട്‌സാപ് സ്ഥാപിക്കുന്നത്. അവര്‍ അത് 2014ല്‍ സക്കര്‍ബര്‍ഗിനു വില്‍ക്കുയായിരുന്നു. ഫെബ്രുവരി 8നു മുൻപ് ഫെയ്‌സ്ബുക്കിന് വാട്‌സാപ് ഡേറ്റ ഉപോഗിക്കാനുള്ള അനുവാദം നല്‍കുന്ന തങ്ങളുടെ പുതിയ നിബന്ധനകള്‍ അംഗീകരിക്കുകയോ, വാട്‌സാപ് ഉപയോഗം നിർത്തുകയോ ചെയ്യണമെന്നാണ് വാട്‌സാപ് ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി വാട്സാപ്പില്‍ പിടിച്ചിടപ്പെട്ട ഉപയോക്താക്കള്‍ തങ്ങളെ വിട്ടുപോകില്ലെന്ന ആത്മിവശ്വസത്തില്‍ തന്നെയാണ് വാട്‌സാപ് പുതിയ നീക്കം നടത്തുന്നതെന്നതും കാണാം.

 

∙ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുമായി സാംസങ്

 

ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് ഏറ്റവും വില കുറഞ്ഞ 5ജി ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ്- എ32 5ജി. ഫോണിന് 5000 എംഎഎച് ബാറ്ററി, എച്ഡി സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളാണ് ഉള്ളത്. യൂറോപ്പില്‍ അവതരിപ്പിച്ച ഫോണിന്റെ ഇന്ത്യയിലെ വില പുറത്തുവിട്ടിട്ടില്ല. മറ്റു വിശദാംശങ്ങളും ഇപ്പോള്‍ ലഭ്യമല്ല.

 

∙ ഈ മാസത്തെ വിന്‍ഡോസ് 10 അപ്‌ഡേറ്റില്‍ 83 പ്രശ്‌നങ്ങള്‍ പരിഹരിച്ചേക്കും

 

ഈ മാസം പുറത്തിറക്കാനിരിക്കുന്ന വിന്‍ഡോസ് 10 അപ്‌ഡേറ്റില്‍ 83 നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി പറയുന്നു. ഇപ്പോള്‍ 20എച്2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മെഷീനുകള്‍ക്കും പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കും.

 

∙ മോസിലാ വിപിഎന്‍ ഇനി മാക്കിലും ലിനക്‌സിലും ലഭിക്കും

 

വിപിഎന്‍ സേവനങ്ങളിലെ പ്രീമിയം പ്രൊഡക്ടുകളിലൊന്നായി മാറുകയാണ് മോസിലാ വിപിഎന്‍. ഇതുവരെ വിന്‍ഡോസിലും ആന്‍ഡ്രോയിഡിലും മാത്രം ലഭ്യമായിരുന്ന സേവനം ഇനി മാക്കിലും ലിനക്‌സിലും ലഭിക്കും. ഇതോടെ മിക്ക ആധുനിക കംപ്യൂട്ടിങ് ഉപകരണങ്ങളിലും ഉപയോഗിക്കാവുന്ന ഒന്നായി തീര്‍ന്നിരിക്കുകയാണ് മോസിലാ വിപിഎന്‍. എന്നാല്‍, അവര്‍ പ്രതിമാസം 5 ഡോളറാണ് ഇത് ഉപയോഗിക്കാനായി ചോദിക്കുന്നത്. ഇതിന്റെ കാരണമായി കമ്പനി പറയുന്നത് തങ്ങള്‍ ഉപയോക്താവിനെക്കുറിച്ചുള്ള യാതൊരു ലോഗും സൂക്ഷിക്കില്ല എന്നതാണ്. അതി സുരക്ഷയുള്ള ഈ സേവനം ഇന്ത്യയില്‍ എത്തുന്നത് എന്നായിരിക്കുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.

 

English Summary: WhatsApp co-founder and Signal investor Brian Acton targets 100-200 million Signal users in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com