ADVERTISEMENT

ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബെംഗളൂരു ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠനറിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, പാരീസ് എന്നീ ലോകോത്തര നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു മികച്ച ടെക് ഹബ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ ആറാമതാണ്. ലണ്ടന്‍സ് ഇന്റര്‍നാഷണല്‍ ട്രേഡ് ആൻഡ് ഇന്‍വസ്റ്റ്‌മെന്റ് ഏജന്‍സി ലണ്ടന്‍ ആൻഡ് പാര്‍ട്‌ണേര്‍സ് ആണ് റിപ്പോര്‍ട്ട് തയാറാക്കി പുറത്തുവിട്ടത്.

 

2016 മുതലുള്ള കണക്കുകൾ പ്രകാരം ലോകത്തെ അതിവേഗം വളരുന്ന ടെക് കേന്ദ്രമായി ബെംഗളൂരു മാറി. ഇന്ത്യയുടെ സ്വന്തം സിലിക്കൺ വാലി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിലെ നിക്ഷേപം നാല് വർഷത്തിനിടെ 5.4 മടങ്ങ് വർധിച്ച് 2016 ലെ 0.7 ബില്യൺ ഡോളറിൽ നിന്ന് 2020 ൽ 7.2 ബില്യൺ ഡോളറായി ഉയർന്നുവെന്ന് കണക്കുകൾ പറയുന്നു. നാലുവർഷത്തിനിടെ മഹാരാഷ്ട്രയിലെ മുംബൈയിലെ നിക്ഷേപം 0.7 മുതൽ 1.2 ബില്യൺ ഡോളർ വരെ 1.7 മടങ്ങ് വർധിച്ചുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

 

പട്ടികയിലെ രണ്ടാമത്തെ നഗരമായ ലണ്ടൻ 2016-2020 കാലയളവിൽ 3.5 ബില്യൺ ഡോളറിൽ നിന്ന് 10.5 ബില്യൺ ഡോളറായി മൂന്നിരട്ടി വളർച്ച രേഖപ്പെടുത്തി. വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപത്തിലൂടെ അതിവേഗം വളരുന്ന ആഗോള ടെക് ഹബുകളിൽ ബെംഗളൂരുവും ലണ്ടനും സ്ഥാനം നേടി എന്നത് അതിശയകരമാണ്. രണ്ട് മഹാനഗരങ്ങളും സംരംഭകത്വത്തിലും നവീകരണത്തിലും പരസ്പര ശക്തി പങ്കുവയ്ക്കുന്നുണ്ട്. ഇത് ടെക് നിക്ഷേപകർക്കും കമ്പനികൾക്കും രണ്ട് മേഖലകളിലും വ്യാപാരം നടത്തുന്നതിന് ധാരാളം അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ലണ്ടൻ ആൻഡ് പാർട്ണേഴ്സിലെ ഇന്ത്യയുടെ മുഖ്യ പ്രതിനിധി ഹെമിൻ ഭരുച്ച പറഞ്ഞു.

 

ഇന്ത്യയിലുടനീളമുള്ള നഗരങ്ങളുമായി ലണ്ടന് ശക്തമായ വ്യാപാര-നിക്ഷേപ ബന്ധമുണ്ട്. ഇപ്പോഴത്തെ കണക്കുകൾ സാങ്കേതികവിദ്യയിൽ യുകെയും ഇന്ത്യയും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനുള്ള അവസരങ്ങളാണ് കാണിക്കുന്നത്. പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും ലണ്ടനിലെയും ഇന്ത്യയിലെയും ടെക് കമ്പനികൾ വിപണി പിടിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്നതിൽ മുന്നിട്ടിറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മൊത്തത്തിലുള്ള ടെക് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ഇൻവെസ്റ്റ്മെന്റ് പട്ടികയിൽ ബെംഗളൂരു ആറാം സ്ഥാനത്താണ്. ബെയ്ജിങ്, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ഷാങ്ഹായ്, ലണ്ടൻ എന്നിവരാണ് ഒന്നാം സ്ഥാനത്ത്. നഗരങ്ങളിലെ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപത്തിൽ ലോക റാങ്കിങ്ങിൽ മുംബൈ 21–ാം സ്ഥാനത്താണ്.

 

English Summary: Bengaluru tops London for world's fastest-growing tech hub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com