ADVERTISEMENT

വാട്‌സാപ്പിന് കൂനിന്മേല്‍ കുരു എന്നതു പോലെ മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിയുടെ ചാറ്റുകള്‍ പുറത്തായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ണാബും ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) മുന്‍ മേധാവി പാര്‍ത്തോ ദാസ് ഗുപ്തയുമായുള്ള സംഭാഷണങ്ങളാണ് മംബൈ പൊലീസ് പുറത്തുവിട്ടതായി പറയപ്പെടുന്നത്. നിയമജ്ഞനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍ അടക്കുമുള്ളവര്‍ പുറത്തായ വാട്‌സാപ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഏകദേശം 80 എംബി ഡേറ്റയാണ് മുംബൈ പൊലീസിന്റെ കൈയ്യിലുള്ളത് എന്നാണ് പറയുന്നത്. പക്ഷേ, 500 പേജ് വരുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൊത്തം ചാറ്റുകളില്‍ 2019ല്‍ നടത്തിയവയും, 2017ല്‍ നടത്തിയവയും ഉള്‍പ്പെടുന്നു. അര്‍ണാബ് ഉള്‍പ്പെട്ട ടിആര്‍പി റെയ്റ്റിങ് വിവാദത്തെ കുറിച്ച് അറിഞ്ഞെങ്കില്‍ മാത്രമെ ഇപ്പോഴത്തെ വാട്‌സാപ് ചാറ്റ് ചോർച്ചയുടെ വ്യാപ്തി മനസ്സിലാകൂ. തന്റെ ചാനലിന് അനുകൂലമായി പരസ്യം കിട്ടാനായി ടിആര്‍പി റെയ്റ്റിങ് മാറ്റിയെന്ന ആരോപണവും ചാനലിനു പണം നല്‍കിയ ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും കേസുകള്‍ നിലനില്‍ക്കുന്നു. തന്റെ പുതിയ ചാനലിന് വേണ്ടത്ര റെയ്റ്റിങ് കിട്ടുന്നില്ലെന്നും, തന്റെ തന്ത്രങ്ങളും ഇന്റര്‍വ്യൂകളും, എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ക്കും വേണ്ട പ്രതികരണം കിട്ടുന്നില്ലെന്നു ചാറ്റുകളില്‍ പറയുന്നുണ്ട്. എന്നാല്‍, പിന്നീട് വന്ന ടിആര്‍പി റെയ്റ്റിങ്ങില്‍ അര്‍ണാബിന്റെ റിപ്പബ്ലിക് ടിവി മുന്നില്‍ കടക്കുകയും ചെയ്തു. പുറത്തായ ചാറ്റുകളുടെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാനേ ആകൂ. എന്തായാലും, ഈ സംഭവം ഇന്നലെ ട്വിറ്ററില്‍ ചിരി പടര്‍ത്തുകയും ചെയ്തു. 

 

പുറത്തായ ഒരു വാട്‌സാപ് ചാറ്റില്‍ പാര്‍ത്തോ അര്‍ണാബിനോടു പറയുന്നത്, സിഗ്നല്‍ എന്നൊരു ആപ്പുണ്ട്. അതാണ് സുക്ഷിതം എന്നും അതു ഡൗണ്‍ലോഡ് ചെയ്യണമെന്നുമാണ്. താനതു ചെയ്യുകയാണ് എന്നാണ് അര്‍ണാബ് പ്രതികരിക്കുന്നത്. മറ്റൊരു ചാറ്റില്‍ സ്വതവേ ഒച്ചയും ബഹളവും ഉള്ള ആളായി തോന്നിക്കുന്ന അര്‍ണാബ് 'വിനീതനായി' സംസാരിക്കുന്നതു കാണാമെന്നാണ് മറ്റൊരു കമന്റ്. മറ്റൊരു കമന്റ് പറയുന്നത് 80 എംബി സ്‌ക്രീന്‍ ഷോട്ട് ഡേറ്റയാണ് വരാനിരിക്കുന്നതെങ്കില്‍ 2021മുഴുവന്‍ ചിരിക്കാന്‍ സാധിച്ചേക്കുമെന്നാണ് വേറൊരാള്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. നടന്‍ സുശാന്ത് സിങ് രജ്പുട്ടിന്റെ മരണത്തോട് അനുബന്ധിച്ച് നടി റിയ ചക്രവര്‍ത്തിയുടെ വാട്‌സാപ് ചാറ്റുകളും മുംബൈ പൊലിസിന്റെ കൈകളില്‍ എത്തിയിരുന്നു.

 

∙ സിഗ്നലിന് സാങ്കേതിക തകരാര്‍

 

വാട്‌സാപ്പിന്റെ പകരം ആപ്പായി പലരും കരുതുന്ന സിഗ്നലിന്‍ കഴിഞ്ഞ ദിവസം ലോകമെമ്പാടും കടുത്ത സാങ്കേതിക തകരാര്‍ നേരിട്ടു. തങ്ങള്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളുണ്ട് എന്നറിയിച്ച് സിഗ്നല്‍ ട്വീറ്റും ചെയ്തിട്ടുണ്ട്. ആളുകള്‍ക്ക് സിഗ്നല്‍ വഴി സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍, ഇതിന്റെ കാരണം ജനുവരി 6 മുതല്‍ സിഗ്നലിലേക്ക് ഉണ്ടായ ഉപയോക്താക്കളുടെ കുത്തൊഴുക്കു തന്നെയായിരിക്കണം എന്നാണ് പ്രഥമ നിഗമനം. സിഗ്നലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വപ്‌നത്തില്‍ പോലും കരുതാതിരുന്നത്ര ഉപയോക്താക്കളാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ 'സിഗ്നലിലേക്കു മാറൂ' എന്ന ഉപദേശം ശിരസാവഹിച്ചത്. ലോകത്ത് ഇന്നേവരെ ഡിസൈന്‍ ചെയ്യപ്പെട്ട ഒരു ആപ്പിനും കോടിക്കണക്കിന് പുതിയ ഉപയോക്താക്കള്‍ ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയാല്‍ അതു കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നും, തങ്ങള്‍ കാത്തിരിക്കുകയാണെന്നുമാണ് കാള്‍ ഡെയ്‌വിസ് എന്നയാള്‍ ട്വീറ്റു ചെയ്തിരിക്കുന്നത്. വാട്‌സാപ്, ടെലഗ്രാം എന്നീ ആപ്പുകളെ അപേക്ഷിച്ച് സിഗ്നല്‍ ഒരു ഡേറ്റയും ശേഖരിക്കുന്നില്ല എന്നതാണ് ഇതിലേക്ക് ആളുകള്‍ എത്താന്‍ കാരണമായത്. പരസ്യവും കാണിക്കാത്ത, ലോകത്തെ ഏറ്റവും സുരക്ഷിതമായ ഓപ്പണ്‍ സോഴ്‌സ് സന്ദേശ കൈമാറ്റ ആപ്പായാണ് സിഗ്നല്‍ അറിയപ്പെടുന്നത്. സിഗ്നല്‍ പുതിയ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു എന്നു പറയുന്നു.

 

us-president-donald-trump

∙ വാട്‌സാപ്പിനു പകരമായി സിഗ്നലിനേ കാണേണ്ട

 

വാട്‌സാപ്പിന്റെ സ്ഥാപകരിലൊരാളും ഇപ്പോള്‍ സിഗ്നലിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളുമായി ബ്രയന്‍ ആക്ടണ്‍ പറഞ്ഞത് വാട്‌സാപ്പിന്റെ പല ഫീച്ചറുകളും സിഗ്നലില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്. എന്നാല്‍, ഏതെല്ലാം ഫീച്ചറുകളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കാത്തതെന്നും, അത് സുരക്ഷാ ഭീഷണി വരുത്തുന്നതിനാലുമാണോ എന്നും അദ്ദേഹം വിശദീകിരിച്ചില്ല. തന്റെ താത്പര്യം, കുടുംബക്കാരും, കൂട്ടുകാരുമായുള്ള ചാറ്റുകള്‍ സിഗ്നലില്‍ നടക്കുന്നതു കാണാനും, മറ്റുള്ള ചാറ്റുകള്‍ വാട്‌സാപ്പിലോ ടെലിഗ്രാമിലോ നടക്കുന്നതു കാണാനുമാണെന്നാണ് ബ്രയന്‍ പറയുന്നത്. വിജയി എല്ലാം കൊണ്ടുപോകട്ടെ എന്ന നിലപാട് തനിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. വാട്‌സാപ്പിലെ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിച്ച് പരസ്യം കാണിക്കണം എന്ന വാദം ഉയര്‍ന്നതോടെയാണ് ബ്രയന്‍ 2017ല്‍ വാട്‌സാപ്പിലെ ജോലി ഉപേക്ഷിച്ചത്. ജനുവരി 6നു ശേഷം 75 ലക്ഷം ഡൗണ്‍ലോഡ് ആണ് ഉണ്ടായതെങ്കില്‍ ടെലഗ്രാമിന് 2.5 കോടി പുതിയ ഡൗണ്‍ലോഡാണ് ഈ കാലയളവില്‍ കിട്ടിയത്. എന്തായാലും, ഓണ്‍ലൈനിലെ സ്വകാര്യതയെക്കുറിച്ചും, ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചുമുള്ള ചര്‍ച്ച ഇപ്പോഴെങ്കിലും തുടങ്ങി എന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും, ഇത്തരം പല ചോദ്യങ്ങളുടെയും ഉത്തരം സിഗ്നലാണെന്നും ബ്രയന്‍ പറഞ്ഞു.

 

∙ വാട്‌സാപ്പിനെതിരെയുള്ള കേസു കേള്‍ക്കാന്‍ വിസമ്മതിച്ച് ജഡ്ജി

 

വാട്‌സാപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിരുന്ന കേസ് കേള്‍ക്കാന്‍ വിസമ്മതിച്ച് ജ്‌സ്റ്റിസ് പ്രതിഭാ എം. സിങ് പിന്‍വാങ്ങി. ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഈ കേസ് ജസ്റ്റിസ് പ്രതിഭ  വാദം കേള്‍ക്കരുതെന്നു പറഞ്ഞ് അയച്ച ഇമെയിലിനെതിരെയും അവര്‍ തന്റെ അസന്തുഷ്ടി രേഖപ്പെടുത്തി. കേസ് പുതിയ ബെഞ്ചിനു മുൻപാകെ ജനുവരി 18നു വരും.

 

∙ ഷഓമിയടക്കമുള്ള ചൈനീസ് കമ്പനികളെയും ട്രംപ് കരിമ്പട്ടികയില്‍ പെടുത്തി

 

ഷഓമി അടക്കം പത്ത് ചൈനീസ് ടെക്‌നോളജി കമ്പനികളെയാണ് ട്രംപ് ഭരണകൂടം കിരമ്പട്ടികയില്‍ പെടുത്തിയത്. ഇതേ തുടര്‍ന്ന് ഷഓമിയുടെ ഓഹരി വില 13 ശതമാനം വരെ മൂക്കുകുത്തുകയും കമ്പനി മേധാവികള്‍ക്കു മാത്രം ഏകദേശം 500 കോടി ഡോളര്‍ നഷ്ടം സംഭവിക്കുകയും ചെയ്തു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 10 വര്‍ഷം മുൻപ് ഷഓമി സ്ഥാപിച്ച ലൈ ജുണ് മാത്രം 3.6 ബില്ല്യന്‍ ഡോളര്‍ നഷ്ടപ്പെട്ടു. കമ്പനിയുടെ ചെയര്‍മാന്‍ ലിന്‍ ബിന് നഷ്ടമായിരിക്കുന്നത് 1.7 ബില്ല്യന്‍ ഡോളറാണ്. ഷഓമിയുടെ ഓഹരി കൈവശമുള്ള അഞ്ചു കോടീശ്വരന്മാര്‍ക്കു കൂടിയെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടാകാം എന്നാണ് നിഗമനം. അതേസമയം തങ്ങള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന ഒരു കുറ്റവും തങ്ങള്‍ ചെയ്തിട്ടില്ലെന്ന് ഷഓമി അറിയിച്ചു.

 

English Summary: TRP scam: Prashant Bhushan shares screenshots of WhatsApp chat between Arnab Goswami and ex-BARC CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com