ADVERTISEMENT

രാജ്യത്തെ ഓരോ വീട്ടിലെയും ടെലിവിഷൻ സെറ്റ്ടോപ് ബോക്സുകളിൽ പ്രത്യേകം ചിപ്പ് ഘടിപ്പിക്കാനുള്ള പദ്ധതി അട്ടിമറിക്കപ്പെട്ടോ എന്നാണ് ഇപ്പോൾ ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2018 ൽ വലിയ ചർച്ചയായ പദ്ധതിയെ കുറിച്ച് പിന്നെ എവിടെയും ഒന്നും കണ്ടില്ല. പുതിയ ചിപ്പ് പദ്ധതിയെ കുറിച്ച് പുറത്തുവന്ന അർണാബ് ഗോസ്വാമിയുടെ ചാറ്റുകളിലും പറയുന്നുണ്ട്. ഇതാണ് സെറ്റ്ടോപ് ബോക്സുകളിലെ ചിപ്പിനെ കുറിച്ച് വീണ്ടും ചർച്ചയാകുന്നത്.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഉൾപ്പെടെ റേറ്റിംഗുകൾ കണക്കാക്കുന്ന രീതി മാറ്റുന്നതിനുള്ള ചില പരിഷ്കാരങ്ങളെക്കുറിച്ച് ഗോസ്വാമിയും ദാസ് ഗുപ്തയും തമ്മിലുള്ള വാട്സാപ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. ജനങ്ങൾ കാണുന്ന ചാനലുകളെക്കുറിച്ചും ദൈർഘ്യത്തെക്കുറിച്ചും ഡേറ്റ കണക്കാക്കാൻ പുതിയ സെറ്റ്-ടോപ്പ് ബോക്സുകളിൽ ചിപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഡിടിഎച്ച് ഓപ്പറേറ്റർമാരോട് ആവശ്യപ്പെടാനുള്ള നിർദ്ദേശത്തെക്കുറിച്ച് 2018 ൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ഐ ആൻഡ് ബി മന്ത്രാലയവും തമ്മിൽ ചർച്ച നടന്നിരുന്നു.

‘ട്രായ് നിർദ്ദേശം’ രാഷ്ട്രീയമായി ‘ഇരു പാർട്ടികളെയും’ വേദനിപ്പിക്കുമെന്നാണ് വാട്സാപ് ചാറ്റുകളിൽ ദാസ് ഗുപ്ത ഗോസ്വാമിയോട് പറയുന്നത്. വീടുകളിൽ ചിപ്പ് സ്ഥാപിക്കുന്നതിനുള്ള മാനുവൽ സംവിധാനം മാറ്റിസ്ഥാപിക്കാനുള്ള നിർദ്ദേശം അട്ടിമറിക്കാൻ നേതാക്കളുമായുള്ള ബന്ധം ഉപയോഗിക്കാൻ ദാസ് ഗുപ്ത അർണാബിനോട് ചാറ്റിൽ ആവശ്യപ്പെടുന്നുണ്ട്.

എന്തായിരുന്നു ചിപ്പ് പദ്ധതി?

രാജ്യത്തെ ഓരോ പൗരനും എന്തൊക്കെ കാണുന്നു, അവർക്ക് താൽപര്യപ്പെട്ടത് എന്തെല്ലാമാണ്? എല്ലാം നിരീക്ഷിക്കാനായിരുന്നു സർക്കാർ നീക്കം. നിങ്ങൾ റൂമിലിരുന്ന് കാണുന്നതും കേൾക്കുന്നതും എന്തെന്ന് സര്‍ക്കാരിനും അറിയണം. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ചിപ്പ് തന്നെ അവതരിപ്പിക്കാനായിരുന്നു പദ്ധതി.

വിവിധ കമ്പനികളുടെ ടിവി സെറ്റ്ടോപ് ബോക്സുകളിൽ വിവരശേഖരണത്തിന് ഇലക്ട്രോണിക് ചിപ്പുകൾ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവും നടന്നിരുന്നു. ഏതൊക്കെ ചാനൽ, എത്രനേരം പ്രേക്ഷകർ എത്രമാത്രം കാണുന്നുവെന്നതിന്റെ ആധികാരിക വിവരം ശേഖരിക്കാനാണു ചിപ്പ് വയ്ക്കുന്നതെന്നാണു കേന്ദ്ര വാ‍ർത്താവിനിമയ മന്ത്രാലയം അന്ന് വിശദീകരണം നല്‍കിയത്. എന്നാൽ ഫലത്തിൽ ഇതു സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആരോപണം. 

പ്രേക്ഷകർ കാണുന്ന ചാനലുകൾ, കാണുന്ന സമയം എന്നിവ കണക്കിലെടുത്താണ് പരസ്യദാതാക്കൾ പണം ചെലവഴിക്കുക. നിലവിൽ, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ആണ് ഇക്കാര്യം നിർണയിക്കുന്നത്. ബാർക്കിന്റെ കണക്കുകൾ ആധികാരികമല്ലെന്നാണു സർക്കാർ നിലപാട്. ഇതോടെയാണ് ബാർക് മേധാവി അർണാബിനോട് ഇത് സംബന്ധിച്ച് ചാറ്റ് ചെയ്തത്.

കൂടുതൽ ശാസ്ത്രീയമായ കാഴ്ചക്കണക്കു കണ്ടെത്താനാണു ചിപ്പുകൾ സ്ഥാപിക്കുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. പുതിയതായി നൽകുന്ന ഡിടിഎച്ച് കണക‌്ഷനുകൾക്കൊപ്പമുള്ള സെറ്റ് ടോപ് ബോക്സുകളിൽ ചിപ്പ് പിടിപ്പിക്കാനായിരുന്നു നിർദേശം. ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി (ട്രായി) നൽകിയ ശുപാർശയായിരുന്നു ഇത്.

English Summary: Govt proposes to install chip in set-top-boxes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com