ADVERTISEMENT

കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പുറത്തുവിട്ടതെന്ന് പറയുന്ന, റിപ്പബ്ലിക് ടിവി മേധാവി ആര്‍ണാബ് ഗോസ്വാമിയും മുന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റ‌ിസേര്‍ച് കൗണ്‍സില്‍ അഥവാ ബാര്‍ക് മേധാവി പാര്‍ത്തോ ദാസ്ഗുപ്തയും തമ്മിലുള്ള ചാറ്റുകള്‍ ദേശീയ മാധ്യമങ്ങള്‍ ആദ്യം ഗൗരവത്തിലെടുത്തില്ല എന്ന തോന്നലാണ് ഉണ്ടായത്. എന്നാല്‍, പിന്നീട് അര്‍ണാബിനെതിരെ നടക്കുന്ന ടിആര്‍പി റെയ്റ്റിങ് മാറ്റിമറിക്കല്‍ കേസില്‍ പുറത്തുവിട്ട വാട്‌സാപ് ചാറ്റുകളുടെ 200 പേജുകള്‍, അര്‍ണാബിനെതിരെ നല്‍കുന്ന അനുബന്ധ കുറ്റപത്രത്തില്‍ ഉദ്ധരിച്ചേക്കുമെന്ന വാര്‍ത്ത വന്നതോടെ ചില മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്തു. പാര്‍ത്തോയ്ക്കു വേണ്ടി, പ്രധാനമന്ത്രിയുടെ ഓഫിസ് അടക്കം രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്താമെന്നും, എല്ലാ മന്ത്രിമാരും നമുക്കൊപ്പമുണ്ടെന്ന് വാട്സാപാ ചാറ്റിൽ അവകാശപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മൊത്തം ആയിരം പേജുകളിലേറെയാണ് വാച്‌സാപ് ചാറ്റുകള്‍. ഇരുവരും തമ്മിലുള്ള അടുപ്പം വെളിച്ചത്തുകൊണ്ടുവരാനാണ് 3400 പേജുള്ള അനുബന്ധ കുറ്റപത്രം മുംബൈ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

 

അര്‍ണാബ് തന്റെ രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്തിരിക്കാമെന്നും ധ്വനിയുണ്ട്. എന്നാല്‍, കേസിലെ ഏറ്റവും വിചിത്രമായ കാര്യം മുംബൈ പൊലിസ് അര്‍ണാബിനെ ഒരു കുറ്റാരോപിതനായി ചിത്രീകരിച്ചിട്ടില്ല എന്നതാണ്. അതേസമയം, പാര്‍ത്തോ മുഖ്യ പ്രതിയാണെന്നും പറയുന്നു. വാട്‌സാപ് സന്ദേശങ്ങളില്‍ നിന്ന് മനസ്സിലാകുന്ന ഒരു കാര്യം അര്‍ണാബിന് കേന്ദ്ര സർക്കാർ എടുത്ത പല തീരുമാനങ്ങളെക്കുറിച്ചും നേരത്തെ അറിവുണ്ടായിരുന്നു എന്നാണ്. വളരെ രഹസ്യമായി കേന്ദ്രം നടപ്പിലാക്കിയ ചില കാര്യങ്ങള്‍ പോലും അര്‍ണാബിന് അറിവുണ്ടായിരുന്നു എന്നാണ് ചാറ്റുകള്‍ ശരിയാണെങ്കില്‍ അതില്‍ നിന്നു മനസ്സിലാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല മാധ്യമ സ്ഥാപനങ്ങളും ചാറ്റിന്റെ കോപ്പികള്‍ നേരിട്ടു പരിശോധിക്കാന്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ടിആര്‍പി വിവാദം പൊങ്ങി വരുന്നത്. റിപ്പബ്ലിക് ടിവി അടക്കം പല വാര്‍ത്താചാനലുകളും ടിആര്‍പി റെയ്റ്റിങ് മാറ്റിമറിച്ചു എന്നായിരുന്നു ആരോപണം. തുടര്‍ന്ന് ബാര്‍ക്കിലെയും റിപ്പബ്ലിക് ടിവിയിലെയും ചല ജോലിക്കാരെ എഫ്‌ഐആറില്‍ പേരെടുത്തു പറയുകയും ചെയ്തു.

 

പാര്‍ത്തോയും അര്‍ണാബും ടൈംസ് ഗ്രൂപ്പില്‍ ജോലിയെടുത്തിരുന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്നു. ചാറ്റുകളില്‍ ഇരുവരും എതിര്‍ ചാനലുകളുടെ പ്രകടനം വിലയിരുത്തുകയും അവയൊക്കെ റിപ്പബ്ലിക് ടിവിയേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതില്‍ നിരാശപ്രകടിപ്പിക്കുന്നുമുണ്ട്. ഇരുവരും എങ്ങനെയാണ് റിപ്പബ്ലിക് ടിവിക്ക് ഏറ്റവുമധികം ടിആര്‍പി റെയ്റ്റിങ് കൂട്ടാനാകുക എന്നത് ചര്‍ച്ച ചെയ്യുന്നുണ്ട്. ചര്‍ച്ചകള്‍ 2017ല്‍ തുടങ്ങിയതാണ്. ഇത് 2020 ഒക്ടോബര്‍ 10 വരെ നീളുന്നു. റിപ്പബ്ലിക്ക് ടിവിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധിക്കാത്തതില്‍ പാര്‍ത്തോ അര്‍ണാബിനെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ഇതില്‍ തന്റെ ഇഷ്ടക്കേട് അര്‍ണാബ് ബാര്‍ക് മേധാവിയെ അറിയിക്കുന്നുമുണ്ട്.

 

പുല്‍വാമ ഭീകരാക്രമണങ്ങള്‍ മുതല്‍, ആര്‍ട്ടിക്കിള്‍ 370, ജമ്മു ആന്‍ഡ് കശ്മീര്‍ പ്രശ്‌നമടക്കം നിരവധി പ്രധാന കാര്യങ്ങള്‍ ചാറ്റുകളില്‍ കാണാം. രാജ്യത്തിന്റെ 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണം 2019 ഫെബ്രുവരി 14 നു നടന്നതിനു ശേഷം അര്‍ണാബ് ഇതെങ്ങനെയാണ് തന്റെ ചാനലിനെ സഹായച്ചതെന്ന് എഴുതുന്നുണ്ട്. This attack we have won like crazy എന്നാണ് അന്നു വൈകീട്ട് 5.43ന് അര്‍ണാബ് അയച്ചതെന്നു ആരോപിക്കപ്പെടുന്ന സന്ദേശത്തില്‍ പറയുന്നത്. ബാലാക്കോട്ട് വ്യാമാക്രമത്തെക്കുറിച്ചും സമാനമായ അഭിപ്രായ പ്രകടനം അര്‍ണാബ് നടത്തുന്നുണ്ട്. ഇതില്‍ നിന്നു മനസ്സിലാകുന്നത് ഇതേക്കുറിച്ച് അര്‍ണാബിന് നേരത്തെ അറിവുണ്ടെന്നായിരുന്നു എന്നാണ്. വളരെ വലുതെന്തോ ചെയ്യാന്‍ പോകുന്നു എന്നാണ് അര്‍ണാബ് പാര്‍ത്തോയോട് ചാറ്റില്‍ പറയുന്നത്. അതിനു മറുപടിയായി പാര്‍ത്തോ ചോദിക്കുന്നു, ദാവൂദാണോ എന്ന്. അല്ല സര്‍ പാക്കിസ്ഥാന്‍. ഇത്തവണ കരുത്തുറ്റ എന്തെങ്കിലു ചെയ്യും... ജനങ്ങള്‍ക്ക് ആഹ്ലാദം (elated) നല്‍കുന്ന എന്തെങ്കിലും ചെയ്യുമെന്നാണ് അര്‍ണാബ് പറയുന്നത്.

 

∙ വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

 

കച്ചവടക്കാരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രെയ്‌ഡേഴ്‌സ് സുപ്രീം കോടതിയിലും വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ പരാതി നല്‍കി. ഈ നീക്കത്തിനെതിരെ കേന്ദ്രത്തോട് ഉടനടി നടപടി എടുക്കാന്‍ ആവശ്യപ്പെടണമെന്നാണ് ആവശ്യം. ഫെയ്സ്ബുക്, വാട്‌സാപ് തുടങ്ങിയ വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ പുതിയ നയങ്ങള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. അഡ്വക്കേറ്റ് വിവേക് നാരായന്‍ മുഖേന സമര്‍പ്പിച്ച പരാതയില്‍ പറയുന്നത് കേന്ദ്രം അതിന്റെ ഭരണഘടനാ പരമായ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് തങ്ങള്‍ക്ക് ഈ പരാതി നല്‍കേണ്ടി വരുന്നതെന്നാണ്. ഇന്ത്യയിലെ പൗരന്മാരുടെ സ്വകാര്യതയും സംഭാഷണ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്രത്തില്‍ നിക്ഷിപ്തമാണെന്ന് പരാതിയില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ ഒക്കെ ചെയ്തതു പോലെ അതിവേഗം പ്രവര്‍ത്തിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

 

കേന്ദ്ര മന്ത്രിമാരടക്കമുള്ള പ്രധാനപ്പെട്ട ആളുകള്‍ വാട്‌സാപ് വഴി സന്ദേശങ്ങള്‍ കൈമാറുന്നു. എംപിമാര്‍, ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കോടിക്കണക്കിന് വ്യാപാരികള്‍, പേരെടുത്ത ബിസിനസുകാര്‍ തുടങ്ങിയവരെല്ലം ഉപയോഗിക്കുന്ന സേവനമാണ് വാട്‌സാപ്. പുതിയ സ്വകാര്യതാ നയം ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കാമെന്നും പറഞ്ഞിട്ടുണ്ട്.

 

∙ ഇറ്റാലിയന്‍ ഡേറ്റാ അതോറിറ്റിയും വാട്‌സാപ്പിന്റെ പുതിയ നയത്തിനെതിരെ

 

ഫെയ്‌സ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് തങ്ങള്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമായല്ല പറഞ്ഞത് എന്നണ് ഇറ്റലിയില്‍ ഉയര്‍ന്നിരിക്കുന്ന പരാതി. അങ്ങനെ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഈ സേവനം നിർത്തിക്കളയണോ എന്ന കാര്യത്തില്‍ വ്യക്തത വരുമെന്നുമാണ് ഇറ്റാലിയന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി പറയുന്നത്.

 

∙ ആമസോണില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി മുതല്‍

 

ഗൂഗിളില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ആമസോണിലും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. അമേരിക്കയിലെ ആമസോണില്‍ 2014നു ശേഷം ആദ്യ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫെബ്രുവരി ആദ്യം മുതല്‍ വോട്ടുകള്‍ രേഖപ്പെടുത്താം. വോട്ടെണ്ണല്‍ മാര്‍ച്ച് 30 മുതല്‍ നടക്കുമെന്ന് അമേരിക്കയുടെ തൊഴില്‍ ബോര്‍ഡ് അറിയിച്ചു.

 

∙ ഗൂഗിള്‍ പ്ലേയില്‍ കാര്യങ്ങള്‍ അന്തസായല്ല നടക്കുന്നതെന്ന് പരാതി

 

അമേരിക്കയുടെ അറ്റോര്‍ണീസ് ജനറല്‍ ഗൂഗിളിനെതിരെ നല്‍കുന്ന പുതിയ പരാതിയില്‍ പറയുന്നത് കമ്പനിക്കു കീഴിലുള്ള ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ കാര്യങ്ങള്‍ അന്തസായല്ല നടക്കുന്നതെന്നാണ്. ഈ കേസ് ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഫയല്‍ ചെയ്യുമെന്നാണ് അറിയുന്നത്.

 

English Summary: WhatsApp Messages Reveal Arnab Goswami's 'Collusion' With Former BARC Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com