ADVERTISEMENT

ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന ഐഫോണ്‍ 13 സീരീസില്‍ ചില പുതിയ മാറ്റങ്ങള്‍ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ X മുതലുള്ള പ്രീമിയം ഫോണുകളില്‍ നിന്ന് ആപ്പിള്‍ തങ്ങളുടെ ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ അഥവാ ടച്ച്‌ഐഡി നീക്കം ചെയ്തിരുന്നു. പകരം ഫെയ്‌സ്‌ഐഡി ആയിരുന്നു ഫോണ്‍ അണ്‍ലോക് ചെയ്യാനായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന പ്രീമിയം മോഡലുകളില്‍ ടച്ച്‌ഐഡി തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് എന്നതാണ് അഭ്യൂഹങ്ങളിലൊന്ന്. എന്നാല്‍, ആപ്പിള്‍ ഫോണുകളില്‍ ഇതുവരെ കണ്ട തരത്തിലുള്ള ടച്ച്‌ഐഡി ആയിരിക്കില്ല അത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ഓണ്‍ സ്‌ക്രീന്‍ ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ പോലെയുള്ള സാങ്കേതികവിദ്യ ആയിരിക്കും. അതായത് ടച്ച്‌ഐഡിക്കായി ഫോണുകളില്‍ ഹാര്‍ഡ്‌വെയര്‍ ബട്ടണ്‍ പിടിപ്പിക്കില്ല. മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ക്ക് മാസ്‌ക് അണിയേണ്ടിവന്നത് ആപ്പിളിന്റെ ഫെയ്‌സ്‌ഐഡി ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്‌നമായി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും, ഈ വര്‍ഷത്തെ ഫോണുകളില്‍ ടച്ച്‌ഐഡി തിരിച്ചെത്തിയേക്കുമെന്ന് ബ്ലൂംബര്‍ഗ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ ലൈറ്റ്‌നിങ് പോര്‍ട്ടും കളഞ്ഞേക്കും

 

മറ്റൊരു പ്രധാനപ്പെട്ട മാറ്റം, ഫോണിന്റെ ഡേറ്റാ കൈമാറ്റം ലൈറ്റ്‌നിങ് ചാര്‍ജി പോര്‍ട്ട് നീക്കം ചെയ്‌തേക്കുമെന്നതാണ്. പകരമായി യുഎസ്ബി-സി പോര്‍ട്ട് കൊണ്ടുവന്നേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. എന്നാല്‍, അതല്ല പരിപൂര്‍ണമായി വയര്‍ലെസ് ചാര്‍ജിങ്ങിലേക്ക് ഫോണുകളെ മാറ്റിയേക്കും അപ്പോള്‍പ്പിന്നെ ചാര്‍ജര്‍ കൂടെ കിട്ടിയില്ലെന്ന പരാതിയും ആരും ഉയര്‍ത്തില്ലല്ലോ എന്നു പറയുന്നവരും ഉണ്ട്. അതു വഴി, 2020ലെ ഐഫോണ്‍ 12 സീരിസിനൊപ്പം അവതരിപ്പിച്ച മാഗ്‌സെയ്ഫ് ചാര്‍ജറുകള്‍ കൂടുതായി ചെലവാകുകയും ചെയ്യും. വയര്‍ലെസ് ചാര്‍ജിങ് മാത്രമാണെങ്കില്‍ ഫോണ്‍ ഇപ്പോഴത്തേതിനേക്കാള്‍ കൂടതല്‍ വാട്ടര്‍പ്രൂഫായി നിര്‍മിക്കാനും സാധിച്ചേക്കും.

 

∙ മറ്റു പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍

 

കോവിഡ്-19നെ തുടര്‍ന്ന് ആപ്പിള്‍ ചൈനയിലുള്ള എൻജിനീയര്‍മാരെ കൂടുതല്‍ ജോലി ഏല്‍പ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും, കൂടുതല്‍ മെച്ചപ്പെട്ട ഡിസൈന്‍ ഉണ്ടായേക്കുമെന്നു പറയുന്നു. കൂടുതല്‍ കരുത്തുറ്റ 5ജി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചായിരിക്കും ഫോണുകള്‍ നിര്‍മിക്കുക. കൂടാതെ, 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുള്ള സ്‌ക്രീനും പ്രതീക്ഷിക്കുന്നു. എന്തായാലും, ഈ വര്‍ഷത്തേ ഫോണുകള്‍ക്ക് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി ശ്രമിക്കുന്നില്ലെന്നും ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകളില്‍ കാണാം.

 

∙ ഐഫോണുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലില്‍ വന്‍ വിലക്കുറവ്!

 

അടുത്തു വരുന്ന റിപ്പബ്ലിക് ദിന വില്‍പനയിയില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കുറവ് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്തകള്‍. എച്ഡിഎഫ്‌സി ബാങ്കിന്റെ ഓഫര്‍, എക്‌സചേഞ്ച് ഓഫര്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാല്‍ 79,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോണ്‍ 12 ന്റെ തുടക്ക വേരിയന്റ് 61,900 രൂപയ്ക്കു സ്വന്തമാക്കാമെന്നു പറയുന്നു. പഴയ ഐഫോണുകള്‍ എക്‌സ്‌ചേഞ്ചായി നല്‍കിയാല്‍ 9,000 രൂപ വരെ കിഴിവു ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഫോണ്‍ 12 മിനി, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ എന്നിവയ്ക്ക് അധികമായി 3,000 രൂപ വരെ കിഴിവു നല്‍കുമെന്നും പറയുന്നു.

 

അങ്ങനെ, ഐഫോണ്‍ 12 സീരീസിലെ തുടക്ക വേരിന്റായ ഐഫോണ്‍ 12 മിനിയുടെ വില തുടങ്ങുന്നത് 48,900 രൂപയ്ക്കായിരിക്കും വില്‍ക്കുക എന്നും പറയുന്നു. ഐഫോണ്‍ 12ന്റെ തുടക്ക വേരിയന്റിന് 61,900 രൂപയായിരിക്കും വില. അതേസമയം, ഐഫോണ്‍ 12 പ്രോ, പ്രോമാക്‌സ് എന്നീ മോഡലുകളുടെ തുടക്ക വേരിയന്റുകളുടെ വില യഥാക്രമം 1,02,900 രൂപയും 1,12,900 രൂപയുമായിരിക്കും. ഐഫോണ്‍ 11 ന്റെ വില തുടങ്ങുന്നത് 37,900 രൂപ മുതലായിരിക്കും. അതേസമയം പുതിയ ഐഫോണ്‍ എസ്ഇ കിഴിവുകളടക്കം 20,900 രൂപയ്ക്കു വിറ്റേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണ്‍ എക്‌സ്ആര്‍ 28,900 രൂപയ്ക്കു ലഭ്യമാക്കിയേക്കും. എന്നാല്‍, എക്‌സ്ആര്‍, എസ്ഇ മോഡലുകള്‍ക്ക് ഒരു ക്യാമറ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എക്‌സ്‌ചേഞ്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ ഐഫോണ്‍ 7 മുതല്‍ പുതിയ ഫോണുകള്‍ ശരാശരി കണ്ടീഷനിലെങ്കിലുമാണെങ്കല്‍ അവ എക്‌സ്‌ചേഞ്ചു ചെയ്യാനും അനുവദിക്കും.

 

∙ വിര്‍നെറ്റ്എക്‌സിനെതിരെയുള്ള കേസില്‍ ആപ്പിള്‍ 1.1 ബില്ല്യന്‍ നഷ്ടപരിഹാരം നല്‍കണം

 

വിര്‍നെറ്റ്എക്‌സിന്റെ (VirnetX) പേറ്റന്റ് ലംഘിച്ചുവെന്ന കേസില്‍ ആപ്പിളിനു തിരിച്ചടി. ആപ്പിളിന്റെ ഐഫോണുകളിലും ഐപാഡുകളിലും സുരക്ഷിതമായ നെറ്റ്‌വര്‍ക്ക് ഒരുക്കാനായി വിര്‍നെറ്റ്എക്‌സിനു പേറ്റന്റുള്ള രണ്ട് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു എന്ന കേസിലാണ് വിധി. ഈ കേസില്‍ ആപ്പിള്‍ വിര്‍നെറ്റ്എക്‌സിന്റെ സാങ്കേതികവിദ്യയിലെക്ക് കടന്നു കയറി എന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ വിര്‍നെറ്റ്എക്‌സിന് 1.1 ബില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. കൂടാതെ, ഇനി ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാല്‍ വില്‍ക്കുന്ന ഒരോ ഉപകരണത്തിനും 84 സെന്റ് വിതം നല്‍കണമെന്നും വിധിയായി. ഭാവിയില്‍ പൈസ വാങ്ങരുതെന്നോ അല്ലെങ്കില്‍ പരമാവധി 19 സെന്റ് എന്നു നിജപ്പെടുത്തണമെന്നോ ഉളള ആപ്പിളിന്റെ വാദം തള്ളിയാണ് ടെക്‌സസിലെ അമേരിക്കന്‍ ജില്ലാ കോടതി ജഡ്ജി റോബര്‍ട്ട് സ്‌ക്രോഡര്‍ വിധി പ്രഖ്യാപിച്ചത്. നേരത്തെ ഉയര്‍ന്ന പേറ്റന്റ് ലംഘന കേസില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആപ്പിള്‍ വിര്‍നെറ്റ്എക്‌സിന് 454 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഈ കേസില്‍ അമേരിക്കന്‍ സുപ്രീം കോടതി ആപ്പിളിന്റെ വാദം കേള്‍ക്കാനേ തയാറാകാത്തതിനാലാണ് ഈ തുക അടയ്‌ക്കേണ്ടി വന്നത്. പുതിയ വിധിക്കു ശേഷം വിര്‍നെറ്റിന്റെ ഓഹരികള്‍ 10 ശതമാനം വര്‍ധിച്ചു.

 

∙ ഒരു ദിവസത്തിനു ശേഷം സിഗ്നല്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായി

 

അപ്രതീക്ഷിതമായി 75 ലക്ഷത്തിലേറെ ഉപയോക്താക്കള്‍ തള്ളിക്കയറിയതെ വാട്‌സാപ്പിന്റെ എതിരാളിയായ സിഗ്നല്‍ ആപ് തകരാറിലായിരുന്നു. ഇത് ഏകദേശം ഒരു ദിവസത്തേക്ക് നീണ്ടുനിന്നു. എന്നാല്‍, ഞായറാഴ്ച മുതല്‍ വീണ്ടും സുഗമമായി പ്രവര്‍ത്തിച്ചു തുടങ്ങി. തങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് സിഗ്നല്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ പ്രശ്‌നങ്ങള്‍ തീര്‍ന്നതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഏതാനും ദവസങ്ങള്‍ക്കുളളില്‍ ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്കായെന്നും, പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ അറിയിച്ചു.

 

∙ തങ്ങളുടെ അതിവേഗം വളരുന്ന വിപണികളിലൊന്ന് ഇന്ത്യയാണെന്ന് ആമസോണ്‍ പ്രൈം

 

ആഗോള തലത്തില്‍ ആമസോണ്‍ പ്രൈം വിഡിയോയുടെ ഉപയോക്താക്കളുടെ എണ്ണം അതിവേഗം വളരുന്ന മാര്‍ക്കറ്റുകളിലൊന്ന് ഇന്ത്യായാണ്. എന്നാല്‍, തങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി കൂടുതല്‍ തന്ത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അത്തരിത്തിലൊന്നാണ് എയര്‍ടെല്ലുമായി ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്ന മൊബൈലില്‍ മാത്രമുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍. ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വിഡിയോ സ്വന്തമായി 30 ഷോകള്‍ ഇപ്പോള്‍ നിര്‍മിച്ചുവരുന്നു. ഇതു കൂടാതെ വിവിധ ഭാഷകളിലായി അമ്പതിലേറെ ഷോകള്‍ നിര്‍മിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ്.

 

∙ ഫെയ്‌സ്ബുക്കിലൂടെയുള്ള ആയുധ വില്‍പന നിരോധിച്ചു

 

ഫെയ്‌സ്ബുക്കിലൂടെയുള്ള ആയുധ വില്‍പനയ്ക്കുള്ള പരസ്യങ്ങള്‍ കമ്പനി അമേരിക്കയില്‍ നിരോധിച്ചു. ഇത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണത്തിനു ശേഷം കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും നിലനില്‍ക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ആയുധങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍ നിരോധിക്കുന്നു എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ബൈഡന്റെ സ്ഥാനാരോഹണത്തിനെതിരെ സായുധ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് തോക്കുകള്‍ തുടങ്ങിയ ആയുധങ്ങളുടെ പരസ്യങ്ങള്‍ ഫെയ്‌സ്ബുക് നിരോധിച്ചത്.

 

English Summary: iPhone 12 series, Republic Day sale offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com