ADVERTISEMENT

ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ആണ്. എന്നാല്‍, അനൗദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമാണ്. അദ്ദേഹത്തിനു 20 ലേറെ കൊട്ടാരങ്ങൾ, വില്ലകൾ, 40 ലേറെ വിമാനങ്ങൾ, നൗകകൾ, ഹെലിക്കോപ്ടറുകൾ എല്ലാം ഉണ്ടെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന് 20,000 കോടി ഡോളറിലേറെ ആസ്തിയുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും ധീരനായ ഭരണാധികാരി പുടിനാണെന്നും അവകാശവാദങ്ങളുണ്ട്.

ഇങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനും വിവാദ നേതാവുമായ പുടിനുമായി ഒരു സെഷന് ഓഡിയോ ചാറ്റ് ആപ്പായ ക്ലബ്ഹൗസില്‍ ആതിഥേയത്വം വഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മസ്‌ക് അറിയിച്ചു. ഇത്തരമൊരു അഭ്യര്‍ഥന അദ്ദേഹം ക്രംലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും നടത്തി. തുടര്‍ന്ന് അദ്ദേഹം റഷ്യന്‍ ഭാഷയില്‍ തന്റെ അഭ്യര്‍ഥന ആവര്‍ത്തിക്കുകയും ചെയ്തു. താങ്കളുമായി സംസാരിക്കുക എന്നത് ഒരു വലിയ ബഹുമതിയായി കാണുന്നു എന്നാണ് മസ്‌കിന്റെ റഷ്യന്‍ ട്വീറ്റിന്റെ പരിഭാഷ. എന്നാല്‍, താന്‍ എന്തുകൊണ്ടാണ് പുടിനുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മസ്‌ക് വെളിപ്പെടുത്തിയില്ല.

ഒരു പക്ഷേ, ക്ലബ്ഹൗസിന് കൂടുതല്‍ പ്രശസ്തി നല്‍കാനായിരിക്കാമെന്നു കരുതുന്നവരുമുണ്ട്. അംഗത്വമുള്ള ആരെങ്കിലും ക്ഷണിച്ചാല്‍ മാത്രം അംഗത്വം ലഭിക്കുന്ന ക്ലബ്ഹൗസ് അടുത്തിടെ വൈറലായിരുന്നു. ആപ്പിനുള്ളില്‍ വെര്‍ച്വല്‍ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ചര്‍ച്ചകള്‍ നടത്താം. ക്ലബ്ഹൗസിന് പ്രശസ്തി വര്‍ധിച്ചതോടെ മസ്‌ക്, ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവര്‍ ആപ്പിലെത്തി. ഡ്രെയ്ക്, കെവിന്‍ ഹാര്‍ട്ട്, ഓപെറാ, ജാറെഡ് ലെറ്റോ, ആഷ്ടണ്‍ കുച്ചര്‍ തുടങ്ങിയവര്‍ ഇപ്പോള്‍ ക്ലബ്ഹൗസിലെ സ്ഥിരം സന്ദര്‍ശകരാണ്.

ഡേറ്റാ വിശകലന കമ്പനിയായ സെന്‍സര്‍ ടവര്‍ പറയുന്നത് ഫെബ്രുവരി 2 വരെ ക്ലബ്ഹൗസിന് ഏകദേശം 36 ലക്ഷം ഉപയോക്താക്കൾ ഉണ്ടെന്നാണ്. തൊട്ടു മുൻപുള്ള ആറു ദിവസങ്ങളില്‍ 11 ലക്ഷം പുതിയ ഉപയോക്താക്കൾ എത്തിയെന്നും കമ്പനി പറയുന്നു. ഐഒഎസില്‍ മാത്രമാണ് നിലവില്‍ ക്ലബ്ഹൗസ് ലഭ്യമായിട്ടുള്ളത്. ക്ലബ്ഹൗസ് വൈറലായതോടെ ഫെയ്‌സ്ബുക് അടക്കമുള്ള മറ്റു ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഈ ആശയം ഉള്‍ക്കൊണ്ട് ആപ്പുകള്‍ ഇറക്കാനോ, അല്ലെങ്കില്‍ തങ്ങളുടെ നിലവിലുള്ള ആപ്പുകളില്‍ പുതിയ ഫീച്ചറായി നല്‍കാനോ ഉള്ള ശ്രമത്തിലാണെന്നു പറയുന്നു. ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ റൂംസിനെ ക്ലബ്ഹൗസിന്റെ ശൈലിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

വിഡിയോ കോളിങ് ആപ്പിനെതിരെ ഫെയ്‌സ്ബുക് അവതരിപ്പിച്ചതാണ് മെസഞ്ചര്‍ റൂംസ്. എന്നാല്‍ നിലവിലുള്ള 50 പേരുടെ പരിധി ലംഘിക്കാനായി മെസഞ്ചര്‍ റൂംസില്‍ ക്ലബ്ഹൗസ് ശൈലി കൊണ്ടുവന്ന് ഓഡിയോ റൂമുകളാക്കി മാറ്റിയേക്കുമെന്നും പറയുന്നു. എന്നാല്‍, അതുമാത്രമല്ല പല രീതയില്‍ ക്ലബ്ഹൗസിന്റെ ഫീച്ചറുകള്‍ കോപ്പിയടിച്ചു വയ്ക്കാന്‍ സക്കര്‍ബര്‍ഗിന്റെ കമ്പനി ശ്രമിക്കുന്നുണ്ട്. അതുപോലെ, ട്വിറ്ററിന്റെ സ്‌പെയ്‌സസ് (Spaces) അത്തരത്തിലൊരു ഓഡിയോ സേവനമാക്കാനാണ് ട്വിറ്ററിന്റെ ശ്രമം. ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് സ്‌പെയ്‌സസ് അടുത്തിടെ തുറന്നു കൊടുത്തിരുന്നു. ഇത് ടെസ്റ്റിങ് ഘട്ടത്തിലാണ്. ആളുകളുടെ പ്രതികരണം അറിഞ്ഞ ശേഷം മാത്രമായിരിക്കും ആപ്പിന് അന്തിമ രൂപം നല്‍കുക.

 

∙ ക്ലബ്ഹൗസിന്റെ ഓഡിയോ ചോരുന്നുവോ?

 

clubhouse

സ്റ്റാന്‍ഫെഡ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററിയുടെ കണ്ടെത്തല്‍ പ്രകാരം ആപ്പിന്റെ ചില മേഖലകളില്‍ സുരക്ഷാ പ്രശ്‌നമുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ ക്ലബ്ഹൗസ് ഇക്കാര്യം പരിശോധിക്കാന്‍ തയാറായിരിക്കുകയാണെന്നു പറയുന്നു. ഉപയോക്താക്കളുടെ ഓഡിയോ ചോര്‍ത്തിയെടുക്കാനുള്ള സാധ്യതയാണ് കണ്ടെത്തിയത്. ക്ലബ്ഹൗസിന് ബാക്-എന്‍ഡ് പിന്തുണ നല്‍കുന്നത് ഷാന്‍ഹായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗോറ കമ്പനിയാണ്. അവര്‍ക്ക് സിലിക്കന്‍ വാലിയിലും ഓഫിസുകളുണ്ട്. യൂസര്‍ ഐഡികള്‍ പ്ലെയ്ന്‍ ടെക്സ്റ്റ് ആയാണ് ഇന്റര്‍നെറ്റിലൂടെ പ്രക്ഷേപണം ചെയ്യുന്നത്. ഇത് എളുപ്പത്തില്‍ തടഞ്ഞുനിർത്താം. അഗോറ ഉപയോക്താക്കളുടെ ഓഡിയോ ആക്‌സസ് ചെയ്യുന്നുണ്ടാകാം. ഒരു പക്ഷേ ചൈനീസ് സർക്കാരിനു പോലും കൈമാറുന്നുണ്ടാകാം എന്നാണ് ഒബ്‌സര്‍വേറ്ററി പറയുന്നത്.

 

ഇന്റര്‍നെറ്റില്‍ ലഭ്യമായ ഐഡികള്‍ തിരിച്ചറിഞ്ഞ ശേഷം ആര് ആരോടാണ് സംസാരിക്കുന്നതെന്ന് കണ്ടെത്താനാകുമെന്നാണ് ആരോപണം. ചൈനയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് ഇത് നിശ്ചയമായും പ്രശ്‌നമുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. ചൈന കഴിഞ്ഞയാഴ്ച ക്ലബ്ഹൗസ് നിരോധിച്ചിരുന്നു. അഗോറ ചൈനയുടെ സൈബര്‍ സുരക്ഷാ നിയമത്തിന്റെ പരിധിയ്ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും ഗവേഷകര്‍ പറയുന്നു. അഗോറ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ചൈനയിലെ സെര്‍വറുകളിലുടെ കടത്തിവിടുന്ന ഏത് എന്‍ക്രിപ്റ്റു ചെയ്യാത്ത ഡേറ്റയും ചൈനീസ് സർക്കാരിന് ആക്‌സസ് ചെയ്യാം. ഗവേഷകര്‍ ഇന്റര്‍നെറ്റില്‍ മെറ്റാഡേറ്റ കണ്ടെത്തിയതുകൊണ്ടു തന്നെ അവര്‍ പറയുന്നത് ചൈനീസ് സർക്കാർ ഇത് ശേഖരിക്കുന്നുണ്ടാകും എന്നാണ്. അതേസമയം, അതിലൊന്നും അത്ര പേടിക്കേണ്ട കാര്യമില്ലെന്നും ഓഡിയോ മുഴുവന്‍ അമേരിക്കയില്‍ തന്നെയാണ് സ്‌റ്റോർ ചെയ്യുന്നത്. ഇതിനാല്‍ തന്നെ ചൈനീസ് സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും വാദമുണ്ട്. എന്തായാലും പ്രശ്‌നങ്ങളെല്ലാം തങ്ങള്‍ പഠിക്കുമെന്നും 72 മണിക്കൂറിനുള്ളില്‍ അധിക എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കുമെന്നും ക്ലബ്ഹൗസ് അറിയിച്ചു. പുറമേ നിന്നുള്ള സുരക്ഷാ ഗവേഷകരെക്കൂട്ടി പഴുതടച്ച അന്വേഷണം നടത്തുമെന്നും കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി എന്തെങ്കിലും അധികമായി ചെയ്യാനുണ്ടെങ്കില്‍ അതും ചെയ്യുമെന്നും ആപ് അധികൃതര്‍ അറിയിച്ചു.

 

English Summary: Musk wants to host Vladimir Putin on Clubhouse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com