ADVERTISEMENT

ആപ്പിള്‍ സ്ഥാപകനും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ കാഴ്ച്ചപ്പാടുകളില്‍ നിന്ന് കമ്പനി വ്യതിചലിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ഫോണിന്റെ വലുപ്പം 3.5-ഇഞ്ച് മതിയെന്ന കടുംപിടുത്തമാണ് ആദ്യം തകര്‍ത്തതെങ്കില്‍, അടുത്തതത് സ്റ്റൈലസിന്റെ ഊഴമാണ്. ഇപ്പോള്‍ത്തന്നെ ഐപാഡുകള്‍ക്ക് ആപ്പിള്‍ പെന്‍സില്‍ എന്ന പേരില്‍ സ്റ്റൈലസുകള്‍ നല്‍കുന്നുണ്ട്. എന്തായാലും, 2023ല്‍ ഇറക്കിയേക്കുമെന്നു പറയുന്ന ആപ്പിളിന്റെ ഫോള്‍ഡബിൾ ഐഫോണിലും സ്‌റ്റൈലസ് ഉള്‍പ്പെടുത്താനാണ് അമേരിക്കന്‍ കമ്പനിയുടെ ശ്രമമമെന്നു പറയുന്നു. ഡിജിറ്റല്‍ മീഡിയ ഓര്‍ഗനൈസേഷനായ ഒംഡിയ ആണ് പുതിയ പ്രവചനം നടത്തിയിരിക്കുന്നത്. ഫോള്‍ഡബിൾ ഐഫോണിന് 7.3-7.6-ഇഞ്ച് വലുപ്പമാകും തുറക്കുമ്പോള്‍ ലഭിക്കുക എന്നും അവര്‍ അവകാശപ്പെടുന്നു. ഈ ഫോണിന് അമോലെഡ് ഡിസ്‌പ്ലെ ആയിരിക്കും നല്‍കുക. എന്നാൽ, നിലവിലുള്ള ആപ്പിള്‍ പെന്‍സില്‍ പുതിയ ഉപകരണത്തില്‍ ഉപയോഗിക്കാനാകുമോ എന്ന കാര്യമൊന്നും ഇപ്പോള്‍ പ്രവചിക്കാനാവില്ല.

 

ഫോള്‍ഡബിൾ ഫോണ്‍ നിര്‍മാണം തുടങ്ങാന്‍ മടിച്ചു നിന്ന് ആപ്പിള്‍ അവസാനം അത്തരം ഫോണുകളിറക്കാന്‍ തീരുമാനിച്ചതായി പല റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സാംസങ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പിന്റെ തരത്തിലുള്ള ക്ലാംഷെല്‍ മാതൃകയായിരിക്കും പിന്തുടരുക എന്നും പറയുന്നു. സാംസങ്ങിന്റെ ആദ്യ ഫോള്‍ഡബിൾ ഫോണായിരുന്ന ഗ്യാലക്‌സി ഫോള്‍ഡിന്റെ സ്‌ക്രീനുകള്‍ തകർന്ന് പ്രശ്‌നമുണ്ടായിരുന്നു. അത്തരമൊരു കാര്യം ആപ്പിള്‍ ഡിവൈസുകള്‍ക്കും സംഭവിക്കുക എന്നത് അചിന്ത്യമാണെന്നു പറയുന്നു. സ്‌ക്രീന്‍ മടക്കുന്ന സമയത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് അധിക സംരക്ഷണം നല്‍കുന്നതിനായി ആപ്പിള്‍ ഒരു രാസപ്രവര്‍ത്തനത്തിലൂടെ സ്ഫുടംചെയ്‌തെടുത്ത സെറാമിക് പ്രതിരോധ ഗ്ലാസും ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍, ഇപ്പോള്‍ 2021ന്റെ തുടക്കം മാത്രമാണ് എന്നും, കമ്പനി ഫോണ്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന 2023 ആകുമ്പോഴേക്കും പല മാറ്റങ്ങളും വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

∙ ആമസോണ്‍ ഇന്ത്യ 40 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി ചോദിച്ചെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്

 

ആമസോണും റിലയന്‍സും തമ്മില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതാവകാശത്തിനായി നിയമയുദ്ധത്തിലാണ്. ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുമായി കരാറിലെത്തിയിരുന്നുവെന്നും, ഇതിനാല്‍ തന്നെ തങ്ങളെ അറിയിക്കാതെ കമ്പനി 24,713 കോടി രൂപയ്ക്ക് റിലയന്‍സിന് വില്‍ക്കാനുള്ള ശ്രമം കരാര്‍ ലംഘനമാണ് എന്നുമാണ് ആമസോണിന്റെ വാദം. എന്നാല്‍, ആമസോണ്‍ ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നതു ശരിയല്ലെന്നും വില്‍പ്പന നടക്കാന്‍ പോകുന്ന കാര്യം അറിയിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പ് മേധാവി കിഷോര്‍ ബിയാനിയും രാകേഷ് ബിയാനിയും ആമസോണ്‍.കോം എന്‍വി ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സിനെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ അവര്‍ 40 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് അവകാശപ്പെടുന്നത്. റിലയന്‍സ്-ഫ്യൂച്ചര്‍ കച്ചവടം നടക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു എന്ന ആമസോണിന്റെ നിലപാട് തെറ്റാണെന്നുമാണ് ഇപ്പോള്‍ ഫ്യൂച്ചര്‍ വാദിക്കുന്നത്. അതു കൂടാതെ, റിലയന്‍സിനു വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന കാര്യങ്ങള്‍ വാര്‍ത്തയായും വന്നിരുന്നു. ഇതിനാല്‍ തന്നെ തങ്ങളൊന്നും അറിഞ്ഞില്ലെന്ന് ആമസോണിന്റെ ഇപ്പോഴത്തെ വാദം നിലനില്‍ക്കില്ലെന്നാണ് ഫ്യൂച്ചറിന്റെ വാദം. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പുതിയ അവകാശവാദത്തെക്കുറിച്ച് ആമസോണ്‍ പ്രതികരിച്ചിട്ടില്ല.

 

∙ ഷെയറിറ്റ് ആപ് ഫോണില്‍ നിന്ന് അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്ന്

 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഷെയറിറ്റ് (ShareIt) എന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ അത് അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതായിരിക്കും ബുദ്ധിയെന്ന് ട്രെന്‍ഡ് മൈക്രോ എന്ന സൈബര്‍ സുരക്ഷാ കമ്പനിയുടെ മുന്നറിയിപ്പ്. ആപ്പില്‍ പല സുരക്ഷാ പിഴവുകളും കണ്ടെത്തിയിട്ടുണ്ട്. ഷെയറിറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ ഫോണുകളില്‍ ആപ് ഉപയോഗിക്കുന്നത് ഹാക്കു ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ട്രെന്‍ഡ് മൈക്രോ പറയുന്നത്. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ഷെയറിറ്റ് ഉപയോഗിച്ച് ചോര്‍ത്താനാകും എന്നാണ് കണ്ടെത്തല്‍. തങ്ങളുടെ കണ്ടെത്തല്‍ ഗവേഷകര്‍ ഗൂഗിളിനെയും അറിയിച്ചെങ്കിലും അവര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിന് ലോകത്താകമാനമായി 100 കോടിയിലേറെ ഉപയോക്താക്കളുണ്ട്. ഇന്ത്യയില്‍ ഷെയറിറ്റ് സർക്കാർ മറ്റ് 57 ചൈനീസ് ആപ്പുകള്‍ക്കൊപ്പം നിരോധിച്ചതാണ്. ഇതിനാല്‍ തന്നെ ആരെങ്കിലും ഇപ്പോഴും ഫോണുകളില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതു തന്നെയായിരിക്കും ബുദ്ധിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

1200-tiktok

∙ ആമസോണിന്റെ ഫയര്‍സ്റ്റിക്കിനു വില കുറയും

 

ആമസോണിന്റെ മികച്ച ഹാര്‍ഡ്‌വെയറുകളിലൊന്നായി അറിയപ്പെടുന്ന ഫയര്‍സ്റ്റിക് എന്ന മീഡിയ സ്ട്രീമിങ് ഉപകരണം ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ കമ്പനി തീരുമാനിച്ചു. ആപ്പിളിന് ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികളിലൊന്നായ ഫോക്‌സ്‌കോണിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജി ആയിരിക്കും ആമസോണിനു വേണ്ടി ഇന്ത്യയില്‍  ഫയര്‍സ്റ്റിക്കുകള്‍ നിര്‍മിക്കുക. ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റിലായിരിക്കും ഇവ നിര്‍മിക്കുക.

 

∙ വണ്‍പ്ലസിന്റെ സഹസ്ഥാപകന്‍ ഇസെന്‍ഷ്യല്‍ ഫോണ്‍ ബ്രാന്‍ഡ് വാങ്ങിയെന്ന്

 

വണ്‍പ്ലസിന്റെ സഹസ്ഥാപകനായ കാള്‍ പെയ് തുടങ്ങിയ പുതിയ സ്റ്റാര്‍ട്ട്-അപ് കമ്പനിയായ നതിങ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഇസെന്‍ഷ്യല്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്. വണ്‍പ്ലസില്‍ നിന്നു രാജിവച്ച കാള്‍ അടുത്തതായി എന്തു ചെയ്യുമെന്നതിനെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. മോഡ്യുലര്‍ ഫോണ്‍ എന്ന സങ്കല്‍പ്പം അവതരിപ്പിച്ച് വേണ്ട രീതിയില്‍ ശോഭിക്കാതെ പോയ ബ്രാന്‍ഡ് ആണ് ഇസെന്‍ഷ്യല്‍.

 

∙ ഒംനിവിഷന്റെ 50എംപി സ്മാര്‍ട് ഫോണ്‍ ക്യാമറാ സെന്‍സറിന് കരുത്തുറ്റ ഫെയ്‌സ് ഡിറ്റെക്ഷന്‍

 

സെന്‍സര്‍ നിര്‍മാതാവ് ഒംനിവിഷന്‍ പുറത്തിറക്കിയ പുതിയ സ്മാര്‍ട് ഫോണ്‍ ക്യാമറാ സെന്‍സറിന് (50എംപി 1/1.5' OV50A) ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ ഉള്‍പ്പെടുത്തിയിരക്കുന്ന തരം ഫെയ്‌സ് (phase) ഡിറ്റെക്ഷന്‍ ഓട്ടോഫോക്കസ് മികവുണ്ടായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സെന്‍സറിന് 8കെ വിഡിയോ വരെ ഷൂട്ടു ചെയ്യാനും സാധിക്കും.

 

∙ അമേരിക്കയില്‍ ടിക്‌ടോക്കില്‍ പരസ്യം നല്‍കാന്‍ കമ്പനികളുടെ ഇരച്ചു കയറ്റം

 

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി പോയതിനാല്‍ വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന് പരസ്യം നല്‍കാനായി വമ്പന്‍ ബ്രാന്‍ഡുകള്‍ ഇരച്ചു കയറുന്നതായി റിപ്പോര്‍ട്ടുകള്‍. ടിക്‌ടോക്കിലുള്ള താത്പര്യം അമിതമായി വര്‍ധിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

 

English Summary: Foldable iPhone with stylus support to launch in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com