ADVERTISEMENT

മനുഷ്യ ശരീരത്തില്‍ നിന്ന് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാൻ വേണ്ട വൈദ്യുതി ലഭിക്കുമോ? ലഭിക്കുമെന്നാണ് പുതിയ ഗവേഷണം പറയുന്നത്. അത്തരത്തിലൊരു അവകാശവാദമാണ് ആഴ്ചകൾക്ക് മുൻപ് കൊളറാഡോ ബോള്‍ഡര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയത്. ദി മെട്രിക്‌സ് സിനിമിയില്‍ മനുഷ്യര്‍ റോബോട്ടുകള്‍ക്ക് ശക്തി പകരുന്നതരത്തിലുള്ള അവസ്ഥയായിരിക്കാം ഇതെന്നാണ് പ്രഥമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വില കുറഞ്ഞ, പുനചംക്രമണം നടത്താവുന്ന, കൈയ്യിൽ അണിയാവുന്ന ഉപകരണമാണ് ഗവേഷകർ സൃഷ്ടിച്ചിരിക്കുന്നത്. ഈ ഉപകരണത്തിന് മനുഷ്യശരീരത്തെ ജൈവിക ബാറ്ററിയായി ഉപയോഗിക്കാൻ കഴിയുമെന്നാണ് അവകാശവാദം.

 

വലിച്ചു നീട്ടാവുന്ന ഉപകരണം ഒരു മോതിരം പോലെ അണിയാം. ത്വക്കുമായി സ്പര്‍ശിച്ചിരിക്കണമെന്നു മാത്രം. ഇതില്‍ തെര്‍മ്മോ ഇലക്ട്രിക് ജനറേറ്ററുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് ശരീരത്തിന്റെ ഉള്ളിലെ ഊഷ്മാവിനെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുന്നു. പോളിയിമൈന്‍ (polyimine) എന്ന വലിച്ചു നീട്ടാവുന്ന വസ്തുവിനുള്ളില്‍ നേര്‍ത്ത തെര്‍മ്മോ ഇലക്ട്രിക് ചിപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇവ ലിക്വിഡ് മെറ്റല്‍ വയറുകള്‍ ഉപയോഗിച്ചു ബന്ധിപ്പിച്ചിട്ടുണ്ട്. വളരെ ചെറിയ ഒരു കംപ്യൂട്ടര്‍ മദര്‍ബോഡ് അല്ലെങ്കില്‍ വള പോലെ തോന്നിപ്പിക്കുന്നതാണ് ഉപകരണം. ഈ ഉപകരണത്തിന് ത്വക്കിന്റെ ഓരോ ചതുരശ്ര സെന്റി മീറ്ററില്‍ നിന്നും 1 വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ഇതുവഴി ഇലക്ട്രോണിക് വാച്ചുകള്‍, ഫിറ്റ്‌നസ് ട്രാക്കറുകള്‍ തുടങ്ങിയവയ്ക്ക് ശക്തിപകരാനാകുമെന്നും ഗവേഷകര്‍ പറയുന്നു. 

 

ഗവേഷണത്തിനു മേല്‍നോട്ടം നല്‍കിയത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജിയാന്‍ലിയാങ് ഷിയാവോ ആണ്. ഭാവിയില്‍ അണിയാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ബാറ്ററിയില്ലാതെ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നിങ്ങള്‍ ബാറ്ററി ഉപയോഗിക്കുമ്പോഴൊക്കെ അത് ശൂന്യമാകുകയും ചെയ്യും. അവസാനം അതു മാറ്റിവയ്‌ക്കേണ്ടതായും വരും. എന്നാല്‍, ഒരു തെര്‍മ്മോ ഇലക്ട്രിക് ഉപകരണത്തിന്റെ ഏറ്റവും വലിയ മികവ് അത് എപ്പോഴും വൈദ്യുതി നല്‍കിക്കൊണ്ടിരിക്കും. ഒരു വ്യക്തിയുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക ചൂട് തെര്‍മ്മോ ഇലക്ട്രിക് ജനറേറ്ററുകള്‍ ഉപയോഗിച്ച് വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുന്നു.

 

wearable-battery

അരാജകത്വം നിറഞ്ഞ കാല്‍പ്പനിക സ്ഥലമാണ് 1999ല്‍ പുറത്തിറങ്ങിയ ദി മെട്രിക്‌സ് വരച്ചിട്ടത്. ഈ സൈബര്‍ സിനിമയില്‍ അടിമയാക്കപ്പെട്ട മനുഷ്യരില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്തു പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ കാണിക്കുന്നുണ്ട്. ഇതിന്റെ വിദൂര മുഖമാണ് പുതിയ ഉപകരണത്തില്‍ ചിലരെങ്കിലും കണ്ടിരിക്കുന്നത്. എന്നാല്‍, ഈ ഉപകരണം പരിസ്ഥിതി സൗഹാര്‍ദ്ദവും, പാഴായിപോകുന്ന ശരീരോഷ്മാവിനെ ഉപയോഗിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതുമാണ്. തുടക്കത്തില്‍ ഇത് ഒരു മോതിരമോ വളയോ ആയിട്ടായിരിക്കും ഇറക്കുക എന്ന് 'സയന്‍സ് അഡ്വാന്‍സസ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ പറഞ്ഞിരിക്കുന്നത്.

 

പുതിയ ഉപകരണത്തിന് നേരിയ രീതിയിലെങ്കിലും മലിനീകരണം, ഇലക്ട്രോണിക് മാലിന്യം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ഗവേഷകര്‍ പറഞ്ഞു. എന്തുമാത്രം വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനെപ്പറ്റി കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് പറയുന്നു. പക്ഷേ, അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു വളയോ മോതിരമോ വിപണിയിലെത്തിയേക്കുമെന്നും പറയുന്നു. പക്ഷേ, പുതിയ സംഭവവികാസങ്ങളെക്കുറിച്ച് റോബോട്ടുകളോട് പറയരുത്. അവര്‍ക്ക് ഇത്തരം ആശയങ്ങള്‍ കൈമാറരുതെന്നും യൂണിവേഴ്‌സിറ്റി ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി പരീക്ഷണഘട്ടത്തിലുണ്ട്. എന്നാല്‍, വലിച്ചുനീട്ടവുന്ന പ്രതലം എന്നതാണ് ഈ പ്രത്യേക ഉപകരണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

 

എന്നാല്‍, മനുഷ്യരെയും യന്ത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഷിയാവോ നടത്തിയ ആദ്യ ശ്രമമല്ല ഇത്. അദ്ദേഹവും സഹഗവേഷകരും ചേർന്ന് നേരത്ത ഒരു ഇലക്ട്രോണിക് ത്വക്കും ഉണ്ടാക്കിയിരുന്നു. അത് മനുഷ്യരുടെ ത്വക്കിനെ പോലെ തോന്നിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, അതു പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അതിലേക്ക് പുറമേനിന്ന് വൈദ്യുതി എത്തിക്കണമായിരുന്നു. ആളുകള്‍ വ്യായാമം ചെയ്യുമ്പോഴും മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോഴും കൂടുതല്‍ താപം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതെല്ലാം പഴാകുകയാണല്ലോ. ഇതെല്ലാം ശേഖരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിവേഗം നടക്കുന്ന ഒരാളുടെ ശരീരത്തില്‍ നിന്ന് 5v വൈദ്യുതി വരെ ഉദ്പാദിപ്പിക്കാം. ഇന്നു ലഭ്യമായ എല്ലാ വാച്ചുകളും തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി മതിയാകുമെന്നു പറയുന്നു. കൂടുതല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ച് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

 

∙ ഉപകരണം വേറേ തലത്തിലാണ്

 

ഷിയാവോ നിര്‍മിച്ച കൃത്രിമ ചര്‍മം വേര്‍പെട്ടു പോയാല്‍ അത് വീണ്ടും കൂട്ടിയോജിപ്പിക്കാം. അതും മിനിറ്റുകള്‍ക്കുള്ളില്‍. മനുഷ്യരുടെയും മറ്റും ത്വക്കിന്റെ രീതിയില്‍ അതിന്റെ പ്രശ്‌നങ്ങള്‍ 'ഭേദമാക്കാം'. പുതിയ ഉപകരണത്തിനും ഈ ഗുണങ്ങളുണ്ട്. അതിനു പ്രശ്‌നമുണ്ടായാല്‍ ഒരു പ്രത്യേക ലായനിയില്‍ മുക്കാം. അപ്പോള്‍ ഇലക്ട്രോണിക് ഭാഗങ്ങള്‍ പുറത്തു പോകുകയും പോളിയിമൈന്‍, ലായനിയില്‍ അലിഞ്ഞു ചേരുകയും ചെയ്യും. ഇവ ഘടകങ്ങളെല്ലാം വീണ്ടെടുത്ത് വീണ്ടും ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവ ഏറ്റവും വിലകുറച്ചും ആശ്രയിക്കാവുന്ന രീതിയിലായിരിക്കും നിര്‍മിക്കാന്‍ ശ്രമിക്കുക എന്ന ഗവേഷകര്‍ പറയുന്നു. പരിസ്ഥിതിക്ക് പൂജ്യം ആഘാതം ഏല്‍പ്പിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് അവര്‍ പറയുന്നു.

 

English Summary: Wearable Device Transforms Human Body into Biological Battery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com