ADVERTISEMENT

ഓസ്‌ട്രേലിയയുടെ പുതിയ നിയമത്തിനെതിരെ ഗൂഗിള്‍ മിതമായ സമീപനമാണ് കാണിക്കുന്നതെങ്കില്‍ ഫെയ്‌സ്ബുക് അടിക്കു തിരിച്ചടി എന്ന രീതിയാണ് പ്രയോഗിച്ചത്. ഒരിക്കലും വഴങ്ങാത്ത രീതിയിലാണ് ഫെയ്സ്ബുക് മേധാവി മാര്‍ക് സക്കർബർഗും പ്രതികരിച്ചത്. ഗൂഗിളിലും ഫെയ്‌സ്ബുക്കിലും വരുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യുന്നതിന് അനുസരിച്ച് ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന് പണം നല്‍കണമെന്ന നിയമമാണ് നിലവില്‍ വരുന്നത്. ഇതിനെതിരെ ഗൂഗിൾ പല പ്രസാധകരെയും കൂടെ നിർത്താനാണു ശ്രമിക്കുന്നതെങ്കില്‍ ഫെയ്‌സ്ബുക് ഇനി തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ആരും വാര്‍ത്താ ലിങ്കുകള്‍ പോസ്റ്റു ചെയ്യരുതെന്ന നയമാണ് ഓസ്‌ട്രേലിയയില്‍ നടപ്പാക്കുന്നത്. നിയമത്തിനെതിരെ ഇതു തങ്ങളുടെ അവസാനത്തെ നീക്കമാണെന്നും കമ്പനി പറയുന്നു. ഫെയ്‌സ്ബുക്കും ഗൂഗിളും ഓസ്‌ട്രേലിയ വിടുന്ന കാര്യം പരിഗണിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍, മറ്റു രാജ്യങ്ങളും, പ്രത്യേകിച്ചും യൂറോപ്യന്‍ യൂണിയന്‍, ഈ രീതി പിന്തുടരാനുളള സാധ്യത നിലനില്‍ക്കുന്നു എന്നതാണ് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നത്.

 

∙ പുതിയ നയം ഉപയോക്താക്കളെയും പ്രസാധകരെയും പ്രതികൂലമായി ബാധിക്കും?

 

ഫെയ്സ്ബുക്കിന്റെ പുതിയ നയം ഉപയോക്താക്കളെയും മാധ്യമ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാരണം, നിരവധി വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന രീതികളാണ് പെട്ടെന്നു മാറുന്നത്. പകരംവയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്നതാണ് പ്രശ്‌നം. മാധ്യമങ്ങള്‍ ഫെയ്‌സ്ബുക് വഴി ലിങ്കുകള്‍ ഷെയർ ചെയ്യുകയും, അവ ഫെയ്‌സ്ബുക്കിലൂടെ ക്ലിക്കു ചെയ്തു വായിക്കുകയും ചെയ്യുക എന്നതായിരുന്നു ഉപയോക്താക്കള്‍ ചെയ്തു വന്നത്. ഇത് കണ്ടെന്റ് കൂടുതല്‍ പേരിലേക്ക് എത്തുന്നു എന്നുറപ്പാക്കാന്‍ സഹായിച്ചു. ഇതിലൂടെ മാധ്യമങ്ങളുടെ വരുമാനവും വര്‍ധിപ്പിച്ചു. തങ്ങള്‍ക്കു ലഭിക്കുന്ന ലിങ്കുകള്‍ ഉപയോക്താക്കള്‍ വീണ്ടും ഷെയർ ചെയ്തു വിടുക വഴി കൂടുതല്‍ ക്ലിക്കുകള്‍ ലഭിച്ചു. അതുവഴി പല ലിങ്കുകളും വൈറലായി. ഇങ്ങനെ ഫെയ്‌സ്ബുക് വഴി തന്നെ ഹിറ്റാകുന്ന വാര്‍ത്തകളും ഉണ്ടായിരുന്നു.

 

ചില മാധ്യമ സ്ഥാപനങ്ങള്‍ ഫെയ്‌സ്ബുക്കുമായി ചില കരാറുകളിലും ഏര്‍പ്പെട്ടിരുന്നു. തങ്ങളുടെ ലേഖനങ്ങള്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകളായി ഫെയ്സ്ബുക്കില്‍ ഹോസ്റ്റു ചെയ്യുക എന്നതായിരുന്നു അത്. അത്തരം ലേഖനങ്ങള്‍ വളരെ പെട്ടെന്നു ലോഡായി കിട്ടിയിരുന്നു. മാധ്യമ സ്ഥാപനങ്ങളെ സഹായിക്കാനെന്നു പറഞ്ഞ് ഓസ്‌ട്രേലിയന്‍ സർക്കാർ കൊണ്ടുവന്ന നിയമങ്ങള്‍ പ്രസാധകര്‍ക്ക് വന്‍ വിനയാകുമെന്ന് ഫെയ്‌സ്ബുക്കിന്റെ ഓസ്‌ട്രേലിയ, ന്യൂസീലൻഡ് മേഖലകളിലെ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ഫെയ്സ്ബുക് ഓസ്‌ട്രേലിയന്‍ പബ്ലിഷര്‍മാരുടെ വാര്‍ത്തകള്‍ക്ക് 510 കോടിയിലേറെ റെഫറലുകൾ നടത്തിയെന്നും ഇതു വഴി മാധ്യമങ്ങള്‍ക്ക് 407 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ ലഭിച്ചുവന്നും അദ്ദേഹം അവകാശപ്പെട്ടു.

google-facebook

 

ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട വെബ്‌സൈറ്റുകളുടെ കാര്യം മാത്രം പരിശോധിച്ചാല്‍ ഇതു മനസ്സിലാകുമെന്നു പറയുന്നു. സിഡ്‌നി മോണിങ് ഹെറാള്‍ഡ്, ന്യൂസ്.കോം.എയു, ദി ഓസ്‌ട്രേലിയന്‍ തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്കുകള്‍ സിമിലര്‍വെബില്‍ പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ മനസ്സിലാകും. ഇവരുടെ ഏകദേശം 7-9 ശതമാനം ട്രാഫിക് സമൂഹ മാധ്യമങ്ങള്‍ വഴി, പ്രധാനമായും ഫെയ്‌സ്ബുക് വഴിയാണ് നടന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം വഴി ഈ ട്രാഫിക്കും വരുമാനവും അപ്രത്യക്ഷമാകുമെന്നു പറയുന്നു.

 

∙ ഓസ്‌ട്രേലിയയയുടെ പുതിയ നിയമം അനുശാസിക്കുന്നതെന്ത്?

 

ഓസ്‌ട്രേലിയയുടെ പുതിയ മാധ്യമ വിലപേശല്‍ കോഡ് പ്രകാരം, ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പോലെയുള്ള വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ മാധ്യമ സ്ഥാപനങ്ങളുമായി ധാരണയിലെത്തിയ ശേഷം മാത്രം വേണം അവരുടെ കണ്ടെന്റ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ കാണിക്കാന്‍. ഇതിനായി ഒരു ധാരണാപത്രത്തില്‍ ഇരു കൂട്ടരും ഒപ്പിടണമെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഇപ്പോള്‍ ലോകമെമ്പാടും മാധ്യമങ്ങള്‍ക്ക് തങ്ങളുടെ വാര്‍ത്തകള്‍ വഴി ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയൊരു പങ്കുമാത്രമാണ് ലഭിക്കുന്നത് എന്നാണ് പറയുന്നത്. ഈ വരുമാനമാകട്ടെ ഉറപ്പുള്ളതുമല്ല. ഒരു വാര്‍ത്ത വൈറലാകുമോ ഇല്ലയോ എന്നുള്ളത് ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും അല്‍ഗോറിതങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയാകട്ടെ നിരന്തരം മാറ്റിമറിക്കപ്പെടുകയും ചെയ്യുന്നു.

 

∙ ഗൂഗിളിന്റെ സമീപനം

 

ഓസ്‌ട്രേലിയയുടെ പുതിയ നീക്കത്തില്‍ ഫെയ്‌സ്ബുക്കിനെ പോലെ തന്നെ അസന്തുഷ്ടാരണെങ്കിലും അവര്‍ പല മാധ്യമ സ്ഥാപനങ്ങളുമായും കരാറിലെത്തി. സെവന്‍ വെസ്റ്റ് മീഡിയയുമായി 30 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിനാണ് കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടത്. നയന്‍ എന്റര്‍റ്റെയ്ന്‍‌മെന്റ് കോര്‍പറേഷനുമായി മറ്റൊരു വന്‍ തുകയ്ക്കുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു. റൂപ്പര്‍ട് മര്‍ഡോക്കിന്റെ മാധ്യമ സ്ഥാപനമായ ന്യൂസ് കോര്‍പ്പുമായും മൂന്നു വര്‍ഷത്തേക്കുള്ള വന്‍, തുകയ്ക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദി ഓസ്‌ട്രേലിയന്‍, ദി ഡെയ്‌ലി ടെലഗ്രാഫ്, ദി ഹെറാള്‍ഡ് സണ്‍ എന്നിവയെല്ലാം മര്‍ഡക്കിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 

 

apple-tv-new

∙ എന്താണ് ഫെയ്‌സ്ബുക്കിന്റെ പ്രശ്‌നം?

 

സർക്കാരിന്റെ പുതിയ നിയമം തങ്ങളും മാധ്യമങ്ങളും തമ്മില്‍ നിലനിന്നിരുന്ന ബന്ധം മനസ്സിലാക്കാതെ ഉണ്ടാക്കിയതാണ് എന്നാണ് ഫെയ്സ്ബുക്കിന്റെ വാദം. ഇതിനാല്‍ തന്നെ വാര്‍ത്താ ലിങ്കുകള്‍ ഇനി സ്വീകരിക്കാതെ മുന്നോട്ടുപോകാനെ നിവൃത്തിയുള്ളു എന്നും അവര്‍ പറയുന്നു. തങ്ങളും ഗൂഗിളും തമ്മിൽ ഇക്കാര്യത്തില്‍ വ്യത്യാസമുണ്ടെന്നും ഫെയ്‌സ്ബുക് പറയുന്നു. ഗൂഗിള്‍ സേര്‍ച്ചിലേക്ക് സ്വാഭാവികമായും ലിങ്കുകള്‍ കടന്നു വരും. അതേസമയം, മാധ്യമങ്ങളും ഉപയോക്താക്കളും മനപ്പൂര്‍വ്വം ഷെയർ ചെയ്യുന്നതു കൊണ്ടാണ് ലിങ്കുകള്‍ ഫെയ്‌സ്ബുക്കിൽ എത്തുന്നത്. അതു വഴി അവര്‍ക്ക് കൂടുതല്‍ വില്‍പ്പന നടത്താന്‍ സാധിക്കുന്നു. കൂടുതല്‍ വരിക്കാരെ ലഭിക്കുന്നു. അങ്ങനെ നോക്കിയാല്‍ വരുമാനവും വര്‍ധിക്കുന്നുവെന്നും ഫെയ്സ്ബുക് വാദിക്കുന്നു.

 

വാര്‍ത്താ മാധ്യമങ്ങള്‍ ലിങ്കുകള്‍ ഷെയർ ചെയ്തില്ലെങ്കിലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിലപാടിലാണ് ഫെയ്‌സ്ബുക്. വെറും 4 ശതമാനമാണ് ന്യൂസ് ഫീഡ് വഴി ലഭിക്കുന്ന ട്രാഫിക്ക്. നഷ്ടം വാര്‍ത്താ മാധ്യമങ്ങള്‍ക്കായിരിക്കുമെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാര്‍ത്തകളോടുള്ള സമീപനം തന്നെ ആവേശം നിറഞ്ഞതായിരുന്നില്ല. കൂടുതല്‍ വിഡിയോ കണ്ടെന്റ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വരട്ടെ. അതുവഴി കൂടുതല്‍ ഉപയക്താക്കള്‍ തമ്മിലുള്ള ഇടപെടലും ഫെയ്‌സ്ബുക്കിന്റെ ട്രാഫിക്കും വര്‍ധിക്കട്ടെ എന്നതായിരുന്നു അവരുടെ സമീപനം. കേംബ്രിജ് അനലിറ്റിക്ക വിവാദം വന്നതോടെ 2016 മുതല്‍ വാര്‍ത്തകളോട് ചെറിയൊരു അയിത്തം പോലും ഫെയ്‌സ്ബുക്കിനുണ്ടെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നു. ഈ വര്‍ഷം ആദ്യമായി ഫെയ്‌സ്ബുക് ന്യൂസ് എന്നു പറഞ്ഞ് പ്രധാന പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്ന, എന്നാല്‍ വേറിട്ടുനില്‍ക്കുന്ന ഒരു സേവനം അവര്‍ ബ്രിട്ടനില്‍ തുടങ്ങിയിട്ടുമുണ്ട്. ഈ ഫീച്ചര്‍ ഓസ്‌ട്രേലിയിയിലും അവതരിപ്പിക്കാന്‍ ഇരിക്കുകയായിരുന്നു. അതേസമയം, ഫ്രാന്‍സ് അടക്കമുള്ള ചില രാജ്യങ്ങള്‍ ഓസ്‌ട്രേലിയയുടെ പാത പിന്തുടരുമെന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും ഭയക്കുന്നുമുണ്ട്.

 

∙ ഫെയ്‌സ്ബുക്കിന്റെ ഓഹരിവില താഴ്ന്നു

 

ഓസ്‌ട്രേലിയയുമായുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 2 ശതമാനം ഇടിഞ്ഞു. ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതമാണ് വില ഇടിയാന്‍ കാരണമായിരിക്കുന്നത്.

 

∙ ആമസോണിന് ഇന്ത്യയില്‍ ഫയര്‍സ്റ്റിക് നിര്‍മിച്ചു നല്‍കുന്നത് ഹോന്‍ ഹായി

 

നേരത്തെ വന്ന റിപ്പോര്‍ട്ട് പ്രകാരം ആമസോണിന്റെ മീഡിയാ സ്ട്രീമിങ് ഹാര്‍ഡ്‌വെയറായ ഫയര്‍സ്റ്റിക് ഇന്ത്യയില്‍ ഫോക്‌സ്‌കോണ്‍ നിര്‍മിച്ചു നല്‍കുമെന്നായിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു തയ്‌വാനീസ് നിര്‍മാതാവായ ഹോന്‍ ഹായി ആയിരിക്കും ഫയര്‍സ്റ്റിക്കുകൾ നിർമിച്ചു നല്‍കുക എന്നു പറയുന്നു.

 

∙ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍

 

വാട്‌സാപ്പിന്റെ വിവാദ സ്വകാര്യതാ നയം മെയ് 15 മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ കൈമാറുന്ന സന്ദേശങ്ങള്‍ വാടാസാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാനാകില്ലെന്ന പതിവു പല്ലവിയും അവര്‍ ആവര്‍ത്തിച്ചു. അതേമയം, പ്ലാറ്റ്‌ഫോമില്‍ സൃഷ്ടിക്കപ്പെടുന്ന മെറ്റാ ഡേറ്റ ഫെയ്‌സ്ബുക്കിനു കൈമാറുമെന്ന കാര്യം സുപ്രീം കോടതിയില്‍ പരാതി നല്‍കിയവരും പറഞ്ഞിട്ടുണ്ട്. 

 

∙ ആപ്പിള്‍ ടിവി ആപ്പ് ക്രോംകാസ്റ്റിലും

 

തങ്ങളുടെ പുതിയ ക്രോംകാസ്റ്റില്‍ ആപ്പിള്‍ ടിവിപ്ലസ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

 

English Summary: What is the real impact of Facebook switching off news in Australia?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com