ADVERTISEMENT

ടെക്‌നോളജി കമ്പനികള്‍ക്കെതിരെ രാജ്യങ്ങള്‍ സംഘടിച്ചേക്കാമെന്ന അതിപ്രാധാന്യമുളള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിനുള്ള പിന്തുണ തേടി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടി. കാനഡ, ഫ്രാന്‍സ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ മേഖലകളുടെ പിന്തുണയും തേടിക്കഴിഞ്ഞു. പ്രധാനമായും ഫെയ്‌സ്ബുക്കിനും ഗൂഗിളിനുമെതിരെ ഓസ്‌ട്രേലിയ കൊണ്ടുവന്ന നിയമത്തിനെതിരെ ഫെയ്‌സ്ബുക് തലതരിച്ചതാണ് പുതിയ പ്രകോപനത്തിനു പിന്നില്‍. താന്‍ കഴിഞ്ഞ ദിവസം മോദിയെ വിളിച്ച് തങ്ങളുടെ പുതിയ നിയമമായ 'വാര്‍ത്താ മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള നിര്‍ബന്ധിത വിലപേശല്‍ കോഡ് ബില്‍ 2020'യുടെ 'പുരോഗതിയെക്കുറിച്ച്' ചര്‍ച്ച ചെയ്തു എന്നാണ് മോറിസണ്‍ പറഞ്ഞത്. പുതിയ നിയമം വഴി വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ കാണിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പണം നല്‍കണം എന്നതാണ് നിയമം. ഈ നിയമം ലോകരാഷ്ട്രങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചുവരികയാണിപ്പോള്‍. ഒരു പക്ഷേ എല്ലാ രാജ്യങ്ങളിലും ഇതു നിയമമായേക്കാം.

 

∙ സുഹൃത്ത് മോദിയുമായി സംസാരിച്ചുവെന്ന് മോറിസണ്‍

 

പുതിയ നിയമത്തോട് താരതമ്യേന അനുകൂല പ്രതികരണമാണ് ഗൂഗിള്‍ നടത്തിയരിക്കുന്നതെങ്കില്‍ ഫെയ്‌സ്ബുക് ഇനി വാര്‍ത്താ മാധ്യമങ്ങളുടെ ലിങ്കുകള്‍ കാണിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് വന്‍ പ്രത്യാഘാതങ്ങള്‍ക്കു വഴിവച്ചേക്കാമെന്ന വാദം ഉയര്‍ന്നിരുന്നു. കാരണം ഇതൊരു രാജ്യത്തിന്റെ സ്വയംഭരണാവകാശത്തിനു നേരെയുള്ള കൊഞ്ഞനംകുത്തലാണിത്. ഓസ്‌ട്രേലിയൻ പാര്‍ലമെന്റിന്റെ ലോവര്‍ സഭയില്‍ മാത്രമാണ് ഇതു പാസായിരിക്കുന്നത്. എന്നാല്‍ അത് സെനറ്റിലും പാസാകുമെന്നു തന്നെയാണ് കരുതുന്നത്. ഫെയ്‌സ്ബുക്കിനെക്കൊണ്ട് വാര്‍ത്തകള്‍ക്ക് പണം നല്‍കിക്കുക എന്നത് ഓസ്‌ട്രേലിയിയില്‍ മാത്രം ഒതുങ്ങുകയില്ല മറിച്ച് അത് ലോക രാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് മോറിസണ്‍ പറയുന്നത്. ഇതിനായി മോദിയുമായും, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഓസ്‌ട്രേലിയിയിലെ സംഭവഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികായാണെന്നും പറയുന്നു.

 

google-facebook

എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിക്കാന്‍ സാധിച്ചത് ഗംഭീരമായ അനുഭവമായിരുന്നു. സമഗ്ര യുദ്ധതന്ത്ര പങ്കാളികള്‍ എന്ന നിലയില്‍ കോവിഡ്-19 അടക്കമുള്ള പൊതു പ്രശ്‌നങ്ങള്‍ക്കെതിരെ ഒരുമിച്ചു നീങ്ങാന്‍ സാധിക്കും. മാധ്യമ പ്ലാറ്റ്‌ഫോം ബില്ലും അദ്ദേഹവുമായി ചര്‍ച്ച ചെയ്തുവെന്ന് മോറിസണ്‍ പറഞ്ഞു. അതേസമയം, ഫെയ്‌സ്ബുക്കിനും ഗൂഗിളിനുമെതിരെ ഓസ്‌ട്രേലിയ കാണിക്കുന്ന ഉത്സാഹം ഇന്ത്യ കാണിച്ചേക്കില്ലെന്ന വാദവുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇരു കമ്പനികളും ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഭീമമായി മുതല്‍മുടക്കിയിരുന്നതാണ് ഒരു കാരണം. അതേസമയം, ഇന്ത്യയുടെ പുതിയ ഡേറ്റാ പരിപാലന നിയമം ചില നിലപാടുകള്‍ സ്വീകരിക്കാനും വഴിയുണ്ട്.

 

∙ കടുംപിടുത്തം വിട്ട് ഗൂഗിള്‍

 

മാധ്യമ ബില്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ച് അതിപ്രധാനമായ ഒരു നീക്കമാണ്. ആദ്യം ഓസ്‌ട്രേലിയയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നു പറഞ്ഞ ഗൂഗിള്‍ പിന്നീട് കൂടുതല്‍ അനുരഞ്ജനപരമായ സമീപനമാണ് സ്വീകരിച്ചത്. അവര്‍ പല മാധ്യമ സ്ഥാപനങ്ങളുമായും ധാരണയിലെത്തിക്കഴിഞ്ഞു. റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ്‌കോര്‍പ്പുമായി പോലും ധാരണാപത്രം ഒപ്പിട്ടു. ഇത് ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ തുകയ്ക്കുള്ളതാകാമെന്നാണ് പറയുന്നത്. യുകെ, ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും മാധ്യമ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി ധാരണയിലെത്താനുള്ള പുറപ്പാടിലാണ് ഗൂഗിള്‍. അതേസമയം, നിയമത്തെ മറികടക്കാനുള്ള വഴിയാണ് ഫെയ്സ്ബുക് തേടിയത് എന്നതാണ് മോറിസണെ ചൊടിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ അവശ്യ സേവനങ്ങളായ വാര്‍ത്താ മാധ്യങ്ങള്‍, ആരോഗ്യ മേഖല ഇവയെ 'അണ്‍ഫ്രണ്ടു' ചെയ്യാനാണ് ഫെയ്‌സ്ബുക് ശ്രമിച്ചിരിക്കുന്നതെന്നും ഇത് ധാര്‍ഷ്ട്യമാണെന്നും രാജ്യത്തെ സംബന്ധിച്ച് നിരാശാജനകമാണ് എന്നുമാണ് മോറിസണ്‍ പറഞ്ഞത്.

 

∙ ഫെയ്‌സ്ബുക്കിന്റേത് അവഹേളിക്കലോ?

 

ഒരു രാജ്യത്തിന്റെ നിയമത്തെ മറികടക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമം അവരെയും, ഇത്തരത്തിലുള്ള മൊത്തം ടെക്‌നോളജി കമ്പനികളെയും കുഴിയില്‍ ചാടിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ തന്നിഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം വളരെകാലമായി നിലനില്‍ക്കുന്ന ഒന്നാണ്. അവര്‍ സർക്കാരുകളെക്കാള്‍ പ്രാധാന്യമുളളവരായി ഭാവിക്കുന്നു. നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന വിധത്തിലുള്ള പെരുമാറ്റമാണ് അവരുടേത്. ഇതു മാറിയേ പറ്റൂ എന്ന നിലപാടാണ് മോറിസണ്‍ അടക്കമുള്ള നേതാക്കളുടേത്. ഇന്ത്യയിലും നിയമ നിര്‍മാതാക്കൾ ചില കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഗൂഗിളും ഫെയ്‌സ്ബുക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കുമിടയില്‍ തന്ത്രപ്രധാനമായ ഒരു മധ്യവര്‍ത്തി എന്ന നിലയിലാണ് അവര്‍ തങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് നിയമനിര്‍മാതാക്കള്‍ മനസ്സിലാക്കി വരികയാണ്. ഇവരിലൂടെയല്ലാതെ ഉപയോക്താവ് ഇന്റര്‍നെറ്റില്‍ പ്രവേശിക്കരുതെന്ന രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പുതിയ ഡേറ്റാ പരിപാലന നിയമം അവതരിപ്പിക്കുമ്പോള്‍ അതില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരിക എന്നതിന് ഉറ്റുനോക്കുകയാണ് ടെക്‌നോളജി പ്രേമികള്‍.

 

∙ ബില്‍ അമേരിക്കയിലും താമയിയാതെ അവതരിപ്പിച്ചേക്കും

 

ഓസ്‌ട്രേലിയ അവതരിപ്പിച്ച തരത്തിലുള്ള ബില്‍ താമസിയാതെ അമേരിക്കയും അവതരിപ്പിച്ചേക്കും.

 

∙ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ ക്യാമറകള്‍ക്ക് പ്രശ്‌നമോ?

 

സ്മാര്‍ട് ഫോണുകളിലെ മികച്ച ക്യാമറകള്‍ ലഭ്യമായിരുന്ന ഡിവൈസുകളിലൊന്നാണ് ഗൂഗിള്‍ പിക്‌സല്‍ എന്നാണ് കരുതി വന്നത്. മറ്റേതു ഫോണിനേക്കാളും വെളിച്ചക്കുറവുള്ള സ്ഥലങ്ങളിലും മറ്റും ചിത്രങ്ങള്‍ എടുക്കുന്നതിന് ഒരുപടി മുന്നിലാണ് പിക്‌സല്‍ ഫോണ്‍ ക്യാമറകളുടെ സ്ഥാനമെന്നാണ് ഫൊട്ടോഗ്രാഫി പ്രേമികള്‍ പറഞ്ഞുവന്നത്. എന്നാല്‍, ഗൂഗിള്‍ പിക്‌സലിന്റെ ക്യാമറാ ആപ്പിന് 1 സ്റ്റാര്‍ റേറ്റിങ് നല്‍കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്നതാണ് പുതിയ സംഭവവികാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. ചില പിക്‌സല്‍ ഫോണ്‍ ഉടമകളുടെ ഫോണ്‍ ക്യാമറകള്‍ ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനരഹിതമാകുന്ന രീതിയുമുണ്ടെന്നു പറയുന്നു. പിക്‌സല്‍ 2 ഫോണുകള്‍ക്കാണ് കൂടുതല്‍ പ്രശ്നങ്ങൾ. പിക്‌സല്‍ 3, 3എ, 4 എന്നീ മോഡലുകളുടെ ഉടമകള്‍ക്കും പ്രശ്‌നങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നതായി വാര്‍ത്തകള്‍ പറയുന്നു. ഈ മോഡലുകളിലെല്ലാം സോണിയുടെ IMX363/IMX362 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതേ സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്ന വിവോ, ഷഓമി, നോക്കിയ തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്ക് ഈ പ്രശ്‌നം ഇല്ലാതിരിക്കുന്നതും മനസ്സിലാക്കാനാകാത്ത കാര്യമാണ്. അമിതോപയോഗം കൊണ്ടാകാം ഹാര്‍ഡ്‌വെയര്‍ പ്രശ്‌നത്തിന് കാരണമെന്നും സൂചനയുണ്ട്.

 

∙ ആന്‍ഡ്രോയിഡില്‍ ക്ലബ്ഹൗസ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന്

 

ഗൂഗിളിന്റെ പ്ലേസ്റ്റോറിലെ വൈറല്‍ ആപ്പായ ക്ലബ്ഹൗസ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. എന്നാല്‍, അതിനുള്ള ശ്രമത്തിലാണ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തക്കുന്നവര്‍. അതേസമയം, ചില വ്യാജ ക്ലബ്ഹൗസ് ആപ്പുകള്‍ വിവിധ രാജ്യങ്ങളിലെ പ്ലേ സ്റ്റോറുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ഇവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പറയുന്നു. 

 

∙ ബിറ്റ്‌കോയിന്റെ മൂല്യം 1 ട്രില്ല്യന്‍ ഡോളര്‍ കടന്നു

 

ബിറ്റ്‌കോയിന്റെ വില 54,182 ഡോളറിലെത്തിയതോടെ മൊത്തം ലോകത്തു പ്രചാരത്തിലുള്ള ഈ ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം 1 ട്രില്ല്യന്‍ ഡോളര്‍ കടന്നു.

 

English Summary: Australia PM reaches out to PM Modi for support in fight against Facebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com