ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ വയർലെസ് വരിക്കാരുടെ എണ്ണം ഡിസംബറിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കുത്തനെ കുറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ സബ്സ്ക്രിപ്ഷൻ ഡേറ്റയിൽ ഇക്കാര്യം വ്യക്തമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ജിയോ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്.

 

കർഷകരുടെ പ്രതിഷേധത്തിന്റെ ഫലമായി ജിയോയ്ക്ക് പഞ്ചാബിൽ മാത്രം 15 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. പഞ്ചാബിലെ ഉപഭോക്താക്കളുടെ എണ്ണം നവംബറിലെ 1.4 കോടിയിൽ നിന്ന് ഡിസംബറിൽ 1.25 കോടിയായി കുറഞ്ഞു. അതേസമയം, ഹരിയാനയിൽ ജിയോ വരിക്കാരുടെ എണ്ണം നവംബറിലെ 94.48 ലക്ഷത്തിൽ നിന്ന് ഡിസംബറിൽ 89.07 ലക്ഷമായും കുറഞ്ഞു. മൊത്തത്തിൽ, രണ്ട് സംസ്ഥാനങ്ങളിലായി 20 ലക്ഷത്തിലധികം വരിക്കാരെയാണ് ജിയോയ്ക്ക് നഷ്ടമായത്.

 

സെപ്റ്റംബറിൽ കേന്ദ്രം അവതരിപ്പിച്ച പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് മുൻപന്തിയിൽ. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളെ പുതിയ നിയമങ്ങൾ സഹായിക്കുമെന്ന് നവംബർ മുതൽ പ്രക്ഷോഭം നടത്തുന്ന പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്.

 

ഡിസംബറിൽ രാജ്യത്താകെ ജിയോ 4.78 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ നേടിയപ്പോൾ എതിരാളിയായ ഭാരതി എയർടെൽ 40 ലക്ഷത്തിലധികം ഉപയോക്താക്കളെ ചേർത്തു. ജിയോയ്ക്കെതിരെയായ നീക്കത്തിനു പിന്നിൽ എയർടെൽ ആണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ജിയോ ട്രായിക്ക് പരാതിയും നൽകിയിരുന്നു.

 

കർഷക സമരം തുടങ്ങിയതിന് ശേഷം മാത്രമാണ് റിലയൻസ് ജിയോയ്ക്ക് പഞ്ചാബിൽ വരിക്കാരുടെ എണ്ണം കുറയുന്നത്. ഇതിനു മുൻപ് 2019 ഡിസംബറിലാണ് നേരിയ ഇടിവ് നേരിട്ടത്. ഹരിയാനയുടെ കാര്യത്തിൽ, ജിയോ തുടങ്ങിയതിനു ശേഷം ആദ്യമായാണ് വരിക്കാരുടെ എണ്ണം കുത്തനെ താഴോട്ട് പോകുന്നത്.

 

ഇതോടൊപ്പം തന്നെ പഞ്ചാബിലും ഹരിയാനയിലും 1,500 ഓളം ജിയോ മൊബൈൽ ടവറുകൾ നശിപ്പിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, കർഷക സംഘടനകൾക്ക് ടവർ ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

English Summary: Farmers’ protest: Reliance Jio lost over 20 lakh subscribers in Punjab and Haryana in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com