ADVERTISEMENT

ടെക്‌നോളജി കമ്പനികളെല്ലാം ലോകത്തിനു മാറ്റം കൊണ്ടുവരുന്നുണ്ടാകാം, അതുകൊണ്ട് എല്ലാ ഭരണവും അവരുടെ കൈയ്യിലാണെന്നു കരുതരുതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളും ഫെയ്സ്ബുക്കും ലോകമെമ്പാടും പടര്‍ന്ന ശേഷം ഉണ്ടായിരിക്കുന്ന ആദ്യ പ്രധാന പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നു കാണാം. പല രാജ്യങ്ങളും ഓസ്‌ട്രേലിയയെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ വിവിധ സേവനങ്ങള്‍ വഴി തീവ്രവാദവും, കലാപവും എല്ലാം നിമിഷങ്ങൾകൊണ്ട് ലോകത്ത് എവിടെയും പടരാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ നില്‍ക്കുന്നത്. അതു കൂടാതെ, ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലും ഫെയ്‌സ്ബുക്കിനൊ ഗൂഗിളിനൊ ഒരു ഉത്തരവാദിത്വവുമില്ലെന്നും കാണാം. ഓസ്‌ട്രേലിയ കൊണ്ടുവന്ന നിയമത്തെ മറികടക്കാന്‍ ഫെയ്‌സ്ബുക് നടത്തിയശ്രമം അവർക്കു തിരിച്ചടിയായേക്കാമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

 

∙ ഓസ്‌ട്രേലിയയില്‍ നടക്കുന്നതെന്ത്?

 

ഓസ്‌ട്രേലിയയിലെ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന്‍ ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും വാര്‍ത്താ മാധ്യമങ്ങളും തമ്മില്‍ വാര്‍ത്തകള്‍ ഷെയർ ചെയ്യുന്ന കാര്യത്തില്‍ സ്വമേധയാ ഒരു ധാരണയിലെത്താനുള്ള മാനദണ്ഡങ്ങള്‍ ആരാഞ്ഞിരുന്നു. ലഭിച്ച വിവരത്തിന്റെ പിന്തുണയോടെ 2019ല്‍ ഓസ്‌ട്രേലിയന്‍ സർക്കാർ ഒരു നിയമാവലി ഉണ്ടാക്കാന്‍ ഇരുകൂട്ടരോടും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടാകാതിരുന്നതോടെ സർക്കാർ നേരിട്ട് കളത്തിലിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് 2020 ഏപ്രിലില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഒരു കരട് സർക്കാർ പ്രസിദ്ധീകരിക്കുകയായിരുന്നു. കരടു നിയമം ജൂലൈയില്‍ തന്നെ പ്രസിദ്ധീകരിച്ചു. ഇതില്‍ പറയുന്നത് ഗൂഗിളും ഫെയ്‌സ്ബുക്കും മാധ്യമ സ്ഥാപനങ്ങളുമായി കരാറിലെത്തണം എന്നായിരുന്നു. ഇരു ഭാഗങ്ങളും തമ്മില്‍ ധാരണയിലെത്താനായില്ലെങ്കില്‍ കടുത്ത പിഴ ചുമത്താനായി ഒരു വിധികര്‍ത്താവിനെയും നിയോഗിച്ചു. കൂടുതല്‍ ചെറുകിട പ്രസിദ്ധീകരണങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും തമ്മില്‍ ചര്‍ച്ച നടത്തുമ്പോൾ വിധികര്‍ത്താവിനും പ്രസക്തിയേറും.

 

∙ ജനാധിപത്യം കുട്ടിച്ചോറാക്കുന്നത് ടെക് കമ്പനികളോ?

 

ഫ്രീയായി ഗംഭീര സേര്‍ച്ചും, സമൂഹ മാധ്യമ സേവനങ്ങളും എല്ലാം ഒരുക്കുന്ന ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളോട് കാണിക്കുന്ന മര്യാദകേടല്ലെ ഇതൊക്കെ എന്നു ചോദിക്കുന്ന അവസ്ഥയുണ്ട്. എന്നാല്‍, ഉപയോക്താക്കളുടെ കൈയ്യില്‍ നിന്ന് ഒരു പൈസ പോലും ഈടാക്കാതെ മികച്ചസേവനം നല്‍കിവരുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പ്രതിവര്‍ഷം ഉണ്ടാക്കുന്ന ലാഭം എവിടെ നിന്നു വരുന്നുവെന്ന ചോദ്യം ആരും ചോദിക്കാറില്ല. ഇതെല്ലാം ഉപയോക്താക്കളുടെ ഡേറ്റ ഊറ്റിയെടുത്ത ശേഷം നടത്തുന്ന കസര്‍ത്തുകളാണെന്ന കാര്യം അവടെ നില്‍ക്കട്ടെ. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏതു മാധ്യമത്തിന്റെ ലിങ്കാണ് പ്രാധാന്യത്തോടെ കാണിക്കേണ്ടത് എന്നത് തീരുമാനിക്കാമെന്ന കാര്യമാണ് കൂടുതല്‍ പ്രാധാന്യത്തോടെ അറിയേണ്ടത്. അവരുടെ അല്‍ഗേറിതങ്ങളില്‍ മാറ്റം വരുത്തി, ശരാശരി ഉപയോക്താവ് എന്ത് അറിയണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാം. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ജനാധിപത്യം പല രാജ്യങ്ങളിലും പ്രഹസനമായി തീര്‍ന്നെന്ന തോന്നല്‍ വരുത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഇതാകാം. ഓസ്‌ട്രേലിയ ഇതിന്റെ വേരറുക്കാന്‍ ചെന്നുവെന്നതും ടെക് കമ്പനികളെ ചൊടിപ്പിച്ചു എന്നു വേണം മനസ്സിലാക്കാന്‍. അല്‍ഗേറിതങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അറിയിക്കണമെന്നതും കൂടി വ്യവസ്ഥ ചെയ്യുന്നതാണ് ഓസ്‌ട്രേലിയയുടെ നിയമാവലി. ഇത് ചെറുകിട-വന്‍കിട പ്രസിദ്ധീകരണങ്ങള്‍ തമ്മിലുള്ള മത്സരത്തിലും കൂടുതല്‍ ക്രമം കൊണ്ടുവരുമെന്നു പറയുന്നു.

 

ഇതു കര്‍ശനമാക്കുമെന്നു കണ്ടപ്പോഴാണ് തങ്ങളുടെ സേര്‍ച്ച് എൻജിന്‍ ഇനി ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന കടുത്ത തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയത്. ഫെയ്‌സ്ബുക് ആകട്ടെ ഇനി തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഓസ്‌ട്രേലിയക്കാര്‍ വാര്‍ത്താ ലിങ്കുകള്‍ പോസ്റ്റു ചെയ്യേണ്ടെന്ന നയവും അനുവര്‍ത്തിച്ചു. അപകടം മണത്ത ഗൂഗിള്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടു പോയെങ്കിലും ഫെയ്‌സ്ബുക് നിലപാടില്‍ കടിച്ചുതൂങ്ങി. ഇരു കമ്പനികളും വാദിക്കുന്നത് തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ വഴി മാധ്യമങ്ങള്‍ ഇപ്പോള്‍ത്തന്നെ ധാരാളം പണം ഉണ്ടാക്കുന്നുണ്ടെന്നാണ്. കൂടാതെ, അല്‍ഗോറിതങ്ങള്‍ വെളിപ്പെടുത്തുക എന്നു പറഞ്ഞാല്‍ അചിന്തനീയമായ അപകട സാധ്യത തങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരുമെന്നും അവര്‍ പറയുന്നു.

 

∙ ചില മാറ്റങ്ങള്‍ക്കൊരുങ്ങി ഗൂഗിളും ഫെയ്‌സ്ബുക്കും

 

എന്നാല്‍, ചില മാറ്റങ്ങള്‍ കൊണ്ടുവന്നേ മതിയാകൂ എന്ന തിരിച്ചറിവിലെത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്കും ഗൂഗിളും. ഫെയ്സ്ബുക് 2019 ല്‍ അമേരിക്കയില്‍ അവതരിപ്പിച്ച ന്യൂസ് ടാബ് ഫീച്ചര്‍ ബ്രിട്ടനിലേക്കും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ബ്രിട്ടനില്‍ ദി ഗാര്‍ഡിയന്‍, ദി ഇക്കണോമിസ്റ്റ്, ദി ഇന്‍ഡിപെന്‍ഡന്റ് എന്നീ മാധ്യമങ്ങളുമായി കരാറിലെത്തിയേക്കും. ഗൂഗിള്‍ തങ്ങളുടെ സ്വന്തം ഗൂഗിള്‍ ന്യൂസ് ഷോകെയ്‌സ് അവതരിപ്പിച്ചേക്കുമെന്നും പറയുന്നു. ഈ രണ്ടു പ്ലാറ്റ്‌ഫോമുകളും വിവിധ രാജ്യങ്ങളിലെ വാര്‍ത്താ മാധ്യമങ്ങളുമായി കരാറിലെത്തിയ ശേഷം വാര്‍ത്തകള്‍ കാണിച്ചേക്കും. ലോകമെമ്പാടും നിന്നുളള 450 പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ത്തന്നെ ഗൂഗിളിനൊപ്പമുണ്ട്. ഫ്രാന്‍സില്‍ തങ്ങള്‍ ഉപയോഗിക്കുന്ന വാര്‍ത്താ ഉള്ളടക്കത്തിന് പൈസ നല്‍കാന്‍ തയാറാണെന്നും അറിയിച്ചുകഴിഞ്ഞു.

 

വാര്‍ത്തയ്ക്കു പണമടയ്ക്കുക എന്നത് ഈ ടെക്‌നോളജി ഭീമന്മാര്‍ക്ക് ഒരു തരത്തിലും ഭാരമാവില്ലെന്ന് ഉറപ്പാണ്. ഓണ്‍ലൈന്‍ പരസ്യം മുഴുവന്‍ നിയന്ത്രിക്കുന്നത് ഗൂഗിളാണ്. ഇതിന്റെ സിംഹഭാഗവും ചെന്നെത്തുന്നത് ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പെട്ടിയിലുമാണ്. ഓസ്‌ട്രേലിയയുടെ നിയമങ്ങള്‍ക്ക് ഇതിന്റെ നിയന്ത്രണത്തില്‍ കൈകടത്താനായേക്കും എന്ന ഭീതിയാണ് ഗൂഗിളിനുള്ളത്. വാര്‍ത്തയ്ക്കു പണം നല്‍കുന്നതിന്റെയും അല്‍ഗോറിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നത് അവര്‍ക്ക് വിഷമമുള്ള കാര്യമാണ്. ഓസ്‌ട്രേലിയയിലെ നിയമം പറയുന്നത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വാര്‍ത്തകള്‍ക്ക് കിട്ടേണ്ട തുകയെക്കുറിച്ച് വിലപേശാം എന്നാണ്. ഇതെല്ലാം ഭാവിയില്‍ തങ്ങളുടെ പരസ്യ മേഖലയിലെ കുത്തകയ്ക്ക് തുരങ്കംവച്ചേക്കാമെന്നാണ് അവരുടെ ഭയം.

 

∙ ഇന്ത്യയില്‍

 

ഇന്ത്യയിലും നിയമനിര്‍മാതാക്കള്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും കുത്തകയെക്കുറിച്ച് അവബോധമുള്ളവരാണ്. ഇന്റര്‍നെറ്റ് സേവനദാതാവിനും ഉപയോക്താവിനുമിടയില്‍ ഇടനിലക്കാരന്‍ കളിക്കുകയാണ് ഇവിടെ ഇരു പ്ലാറ്റ്‌ഫോമുകളും. ഇത് വാര്‍ത്താ മാധ്യമങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം വാര്‍ത്തകള്‍ വായിക്കുന്ന ആളുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. ചൈനയാണ് മുന്നില്‍. ഡിജിറ്റല്‍ മേഖലയില്‍ 2019ല്‍ ഏകദേശം 27,900 കോടി രൂപയാണ് പരസ്യത്തിനായി ചെലവിട്ടിരിക്കുന്നത്. ഇത് 2022 ആകുമ്പോഴേക്ക് 51,340 രൂപ ആയേക്കുമെന്നു പറയുന്നു.

 

എന്തായാലും ഓസ്‌ട്രേലിയ ഏറ്റെടുത്തിരിക്കുന്ന ദൗത്യം വിജയകരമായാല്‍ ടെക്‌നോളജി കമ്പനികള്‍ക്ക് കുറച്ചുകൂടി ഉത്തരവാദിത്വം കാട്ടേണ്ടതായി വരും. തങ്ങള്‍ വമ്പന്‍ ടെക്‌നോളജി കമ്പനികളുടെ അഹങ്കാരത്തിനു നിന്നു കൊടുക്കില്ലെന്നും പേടിപ്പിക്കാന്‍ നോക്കേണ്ടന്നും മോറിസണ്‍ ഫെയ്‌സ്ബുക്കിനും ഗൂഗിളിനും മുന്നറിയിപ്പു നല്‍കി. ഇക്കാര്യത്തില്‍ മറ്റു രാജ്യത്തലവന്മാരുമായി താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും മോറിസണ്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിനെതിരെ താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടിയെന്നും മോറിസണ്‍ വെളിപ്പെടുത്തി. മറ്റു ലോക രാജ്യങ്ങളുടെ പിന്തുണയും താന്‍ തേടിയെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: How issues in Australia may affect media around the globe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com