ADVERTISEMENT

ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും കടുത്ത നിയമങ്ങളിലൊന്നാണ് ആപ്പിളിന്റെ ഐഒഎസ് 14.5ല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഉപയോക്താക്കള്‍ മറ്റ് ആപ്പുകളിലും ഇന്റര്‍നെറ്റിലും എന്താണ് ചെയ്യുന്നതെന്ന് ട്രാക്കു ചെയ്യുന്നുണ്ടെങ്കില്‍ അതിന് അവരുടെ അനുമതി ചോദിച്ചു വാങ്ങണം. ഇതിന് അധികമാരും അനുമതി നല്‍കിയേക്കില്ല. താന്‍ ഫോണില്‍ ചെയ്യുന്നതെല്ലാം അതിശക്തമായ അല്‍ഗോറിതങ്ങളുടെ സഹായത്തോടെ നിരീക്ഷിക്കാൻ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഡിജിറ്റല്‍ സാക്ഷരത തീര്‍ത്തുമില്ലാത്ത ആരെങ്കിലുമായിരിക്കുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. പുതിയ നീക്കത്തെ സ്വകാര്യതയ്ക്കായി വാദിക്കുന്നവര്‍ സ്വാഗതം ചെയ്‌തെങ്കിലും അതിനെതിരെ ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികളും ഡിജിറ്റല്‍ പരസ്യ മേഖലയിലെ പലരും രംഗത്തുവരികയും ചെയ്തുകഴിഞ്ഞു.

 

∙ ആപ്പിളിന്റെ നീക്കം പാളുമോ?

 

എന്നാല്‍, ആപ്പിളിന്റെ പുതിയ നീക്കം പരാജയപ്പെടാനുളള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. ആപ്പിള്‍ തങ്ങളുടെ പരിസ്ഥിതി ഭിത്തികെട്ടി തിരിക്കുകയാണ് ചെയ്തിരിക്കുന്നതെങ്കില്‍ ആപ്പുകള്‍ തങ്ങളുടെ ചുറ്റുപാടുകള്‍ ഭിത്തികെട്ടി തിരിക്കാനിരിക്കുകയാണ്. ഇതിനെതിരെ ആപ്പിളിന് ഒന്നും ചെയ്യാനാവില്ലെന്നാണ് ലഭിക്കുന്ന പുതിയ സൂചനകള്‍. നിങ്ങള്‍ ഒരു ആപ്പില്‍ എന്തു ചെയ്യുന്നുവെന്ന് മറ്റൊരു ആപ്പ് നോക്കിയിരിക്കുന്നതിനെ തേഡ് പാര്‍ട്ടി ട്രാക്കിങ് എന്നു പറയുന്നു. ഇതാണ് ആപ്പിളിന്റെ പുതിയ നിയമം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കുന്നത്. അതേസമയം, നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡേറ്റ ആ ആപ്പിന് അറിയാം. ഇത് ശേഖരിക്കുന്നതിനെ ഫസ്റ്റ് പാര്‍ട്ടി ഡേറ്റാ ശേഖരണമെന്നു പറയുന്നു. ഇനി ഫസ്റ്റ് പാര്‍ട്ടി ഡേറ്റാ ശേഖരണം വര്‍ധിക്കാന്‍ പോകുകയാണെന്നും ഇത് പരസ്യക്കാരിലേക്കും ഡേറ്റാമോഹികളായ മറ്റ് കമ്പനികളിലേക്കും എത്താനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. ഇത് ആപ്പിളിനു തടയാനുമാകില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആപ്പിള്‍ കെട്ടിയ വേലി വെറുതേയാകാനുള്ള സാധ്യതയാണ് വരുന്നത്.

 

∙ ഭിത്തികെട്ടി തിരിക്കാന്‍ കമ്പനികള്‍

 

ഇത്തരത്തിലുള്ള ആദ്യ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത് ഗെയിം ഡവലപ്പറായ സിങ്ഗ (Zynga) ആണ്. ഒരു ഫസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ തങ്ങളുടെ അവകാശങ്ങള്‍ ആപ് ഭിത്തികെട്ടി തിരിക്കാന്‍ ഒരുങ്ങുകയാണ്. അതിനുളളിലേക്ക് പരസ്യക്കാരെ ആകര്‍ഷിക്കാനും സ്വന്തമായി പരസ്യ സംവിധാനങ്ങള്‍ തുടങ്ങാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. അത് സ്വയംഭരണാധികാരമുള്ള സിസ്റ്റമായിരിക്കുമെന്നും ആപ് പറയുന്നു. അപ്‌ളോവിന്‍ ( Applovin) എന്ന മറ്റൊരു കമ്പനിയും ഇതേ തന്ത്രം തുടങ്ങാന്‍ ഇരിക്കുകയാണെന്നു പറയുന്നു. ആപ്പിനുള്ളില്‍ ഉപയോക്താവിന്റെ ചെയ്തികള്‍ നിരീക്ഷിക്കാനും അതില്‍ നിന്നുള്ള ഡേറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനുമാണ് അവരുടെ ഉദ്ദേശം.

 

∙ ആപ്പിളിന്റെ നയമങ്ങള്‍

mark-zuckerberg

 

വളരെ വ്യക്തമായി തന്നെ ആപ്പിള്‍ ആപ് ഡവലപ്പര്‍മാരോട് പറഞ്ഞിട്ടുണ്ട് ഒരു ആപ്പില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡേറ്റ മറ്റൊരു ആപ്പുമായി പങ്കുവയ്ക്കുന്നത് ട്രാക്കിങ്ങിന്റെ ഗണത്തില്‍ പെടുമെന്ന്. ഒരു കേന്ദ്രീകൃത സംവിധാനം കൊണ്ടുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ ആപ്പിളിന്റെ നീക്കം വിജയിക്കണമെന്നില്ലെന്നാണ് പറയുന്നത്. സിങ്ഗ ഉദ്ദേശിച്ച തരത്തിലൊരു ഭിത്തികെട്ടി തിരിക്കല്‍ നടത്തിയില്ലെങ്കില്‍ പോലും അത്തരമൊരു സാധ്യത നിലനില്‍ക്കുന്നതിനാല്‍ അത് മറ്റു കമ്പനികള്‍ ചൂഷണം ചെയ്‌തേക്കാം. ഇതിനെതിരെ ആപ്പിള്‍ നീങ്ങിയാല്‍ അത് അവര്‍ അമേരിക്കയിലെ ആന്റി-കോംപറ്റിറ്റീവ് നിയമ നടപടി ക്ഷണിച്ചു വരുത്തുന്നതിനു തുല്യമായിരിക്കും. അടുത്ത നാളുകളില്‍ തന്നെ ഐഒഎസ് 14.5 എത്തും.

 

∙ ട്രംപിനെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നിരോധിച്ചതു ശരിയോ? 

 

ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിരോധിച്ചതിനെക്കുറിച്ച് വിവിധ തലത്തിലുളളവര്‍ പ്രതികരിച്ചു കഴിഞ്ഞു. എന്തായാലും, മുന്‍ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗെയ്റ്റ്‌സിനു പറയാനുള്ളത് ഇത്തരം നിരോധനങ്ങള്‍ അമേരിക്കിയെ കൂടുതല്‍ വിഭജിക്കുകയെ ഉള്ളു എന്നാണ്. 2020ൽ നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് പല ഹാനികരമായ കാര്യങ്ങളും ട്രംപ് പറഞ്ഞു. എന്നാല്‍, അതിന് അദ്ദേഹത്തെ ആജീവനാന്ത കാലത്തേക്ക് ട്വിറ്ററില്‍ നിന്ന് നിരോധിക്കുക എന്നു പറയുന്ന ആശയം ചര്‍ച്ചയ്‌ക്കെടുക്കേണ്ടതാണെന്ന് ഗെയ്റ്റ്‌സ് പറഞ്ഞു. ഇങ്ങനെയായാല്‍, ഒരു പാര്‍ട്ടിക്ക് ഒരു സമൂഹ മാധ്യമം അടുത്ത പാര്‍ട്ടിക്ക് വേറൊന്ന് എന്ന നിലയിലേക്കു പോകും. അതു സംഭവിക്കരുത്. നമുക്ക് ഒരേ സമൂഹ മാധ്യമത്തില്‍ തന്നെ വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതാണ് വേണ്ടതെന്ന് ഗെയ്റ്റ്‌സ് ഫോക്‌സ് ന്യൂസ് സണ്‍ഡെക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രംപിന്റെ അക്കൗണ്ടിലൂടെ (@realDonaldTrump) കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് ജനുവരിയില്‍ ട്വിറ്റര്‍ നിരോധിച്ചിരുന്നു. ഫെയ്‌സ്ബുക്കും അദ്ദേഹത്തിന്റെ അക്കൗണ്ട് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, അത് ആജീവനാന്ത നിരോധിക്കലാണെന്നു പറഞ്ഞിട്ടില്ലെന്നു മാത്രം. 

 

∙ സക്കര്‍ബര്‍ഗുമായി ചര്‍ച്ച തുടരുമെന്ന് ഓസ്‌ട്രേലിയ

 

തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ച ഫെസ്ബുക്കിനെതിരെ കടുത്ത നടപടികള്‍ക്കുള്ള സാധ്യത ആരാഞ്ഞു തുടങ്ങിയതോടെ കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഓസ്‌ട്രേലിയന്‍ അധികാരികളുമായി ചര്‍ച്ചയ്ക്ക് എത്തി. ഓസ്‌ട്രേലിയയുടെ ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറയുന്നത് തങ്ങള്‍ സക്കര്‍ബര്‍ഗുമായുള്ള ചര്‍ച്ച തുടരുമെന്നാണ്. അതേസമയം, ഓസ്‌ട്രേലിയ ഫെയ്‌സ്ബുക്കിനെ ചൊടിപ്പിച്ച നിയമങ്ങള്‍ ഈ ആഴ്ച ഔദ്യോഗികമായി പാര്‍ലമെന്റില്‍ പാസാക്കുമെന്നും കരുതുന്നു. അവ ഓസ്‌ട്രേലിയയുടെ പരമാധികാരം ഊട്ടിയുറപ്പിക്കുന്നവയാണ് എന്നാണ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞത്.

 

∙ മൈക്രോസോഫ്റ്റ് വേഡ് പുതിയ തലത്തിലേക്ക്

 

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ടെക്സ്റ്റ് എഡിറ്ററുകളിലൊന്നായ മൈക്രോസോഫ്റ്റ് വേഡ് കൂടുതല്‍ സ്മാര്‍ട് ആകുന്നു! നിങ്ങള്‍ എന്താണ് ടൈപ്പു ചെയ്യുന്നത് എന്ന് മുന്‍കൂട്ടി മനസ്സിലാക്കി ആ വാക്കു പ്രവചിക്കുകയാണ് വേഡ് ചെയ്യാന്‍ പോകുന്നത്. ഇതുവഴി ആ വാക്ക് പൂര്‍ണമായി ടൈപ്പു ചെയ്യേണ്ടി വരില്ല. അപ്പോള്‍ ടൈപ്പിങ് കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ടെക്സ്റ്റ് പ്രവചനം ഇപ്പോള്‍ത്തന്നെ പല ആപ്പുകളും നല്‍കുന്നുണ്ടെങ്കിലും, ഇത് ഓഫ്‌ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നതാണ് ഏറ്റവും വലിയ പുതുമ.

 

English Summary: Apple iOS 14.5 beta 1 out now for developers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com