ADVERTISEMENT

ഇന്ത്യക്കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപകരണങ്ങളില്‍ ഏറ്റവും മുന്നിലാണ് ഐഫോണുകളുടെ സ്ഥാനം. അതുകൊണ്ടു തന്നെ ഐഫോണ്‍ വില്‍പ്പനാ തട്ടിപ്പുകള്‍ രാജ്യമെമ്പാടും വ്യാപകമാണ്. പുതിയ ഐഫോണേുകള്‍ ഔദ്യോഗികമായി വാങ്ങണമെങ്കില്‍ നല്‍കേണ്ടവില പലര്‍ക്കും താങ്ങാനാകാത്തതിനാല്‍ കരിഞ്ചന്തയിലൂടെ വാങ്ങാമെന്നാണ് പലരുടെയും ചിന്ത. എന്നാല്‍, കരിഞ്ചന്തയില്‍ വില കുറച്ചു വില്‍ക്കുന്നുവെന്നു പറയുന്ന ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടവയോ, നവീകരിക്കപ്പെട്ടവയോ ആകാം. ആപ്പിള്‍ കമ്പനി തങ്ങളുടെ ഫോണുകള്‍ ഒരു പരിധിയില്‍ താഴെ വിലയ്ക്കു വില്‍ക്കുന്നില്ല. അപ്പോള്‍ ആരെങ്കിലും വിലതാഴ്ത്തി ഐഫോണ്‍ വില്‍ക്കുന്നുവെന്നു പറഞ്ഞാല്‍ അതില്‍ ചതിയുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഒരു വ്യാജ ഐഫോണ്‍ നിങ്ങളുടെ കൈയ്യിലെത്തുന്നില്ല എന്നുറപ്പാക്കാന്‍ പല മുന്‍കരുതുലുകളും ആപ്പിള്‍ എടുത്തിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഓണ്‍ലൈനില്‍ നിന്നോ, കടയില്‍ നിന്നോ, മറ്റൊരു വ്യക്തിയില്‍ നിന്നോ ഐഫോണുകള്‍ വാങ്ങുന്നതിനു മുൻപ് പരോശോധിക്കേണ്ടതാണ്.

 

∙ എന്താണ് സുരക്ഷിതം?

 

ആദ്യമേ തന്നെ പറയട്ടെ ഐഫോണുകള്‍ ആപ്പിളിന്റെ തന്നെ ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ (https://apple.co/2NzjNZC) നിന്നോ, ആപ്പിളിന്റെ അംഗീകൃത കടകളില്‍ നിന്നോ വാങ്ങുന്നതാണ് സുരക്ഷിതം. (ഒട്ടു മിക്ക മൊബൈല്‍ ഫോണ്‍ വ്യാപാരികളും ഐഫോണ്‍ വില്‍ക്കുന്നുണ്ടാകും. അവര്‍ ആപ്പിളിന്റെ അംഗീകൃത വ്യാപാരികളാണോ എന്ന് ഈ ലിങ്ക് ഉപയോഗിച്ചു പരിശോധിക്കൂ: https://locate.apple.com. അംഗീകൃത വ്യാപാരിയല്ലെങ്കില്‍ താഴെ പറയുന്ന വിവരങ്ങള്‍ പാലിച്ചു വാങ്ങുന്നതായിരിക്കും സുരക്ഷിതം.) അതുപോലെ തന്നെ ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട്, പേടിഎംമാള്‍.കോം എന്നിവ മാത്രമാണ് ആപ്പിള്‍ അംഗീകരിച്ച ഇന്ത്യയിലെ ഓണ്‍ലൈന്‍ ഐഫോണ്‍ വ്യാപാരികളെന്നും മനസ്സില്‍ വയ്ക്കാം. ഇവിടെ എവിടെയങ്കിലും നിന്ന് ഫോണ്‍ സ്വന്തമാക്കുന്നുവെങ്കില്‍ അതില്‍ കുഴപ്പമൊന്നുമില്ല. അവിടെയെല്ലാം വില കൂടുതലായതു കൊണ്ടാണല്ലോ മറ്റു വഴി അന്വേഷിക്കുന്നത്. അപ്പോള്‍ മറ്റു സോഴ്‌സുകളില്‍ നിന്ന് ഐഫോണ്‍ വാങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നോക്കാം.

 

∙ അഡ്വാന്‍സ് പോലും നല്‍കരുത്

 

ചിലയാളുകള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വ്യാപാരകള്‍ ഐഫോണ്‍ വില കുറച്ചു നല്‍കുന്നുവെന്ന് പരസ്യങ്ങള്‍ നല്‍കുന്നു. ഇതില്‍ പുതിയ ഫോണുകളും സെക്കന്‍ഡ്ഹാന്‍ഡ് ഹാന്‍ഡ്‌സെറ്റുകളും ഉണ്ടായിരിക്കും. ഇവര്‍ നിങ്ങള്‍ക്കു നല്‍കുന്നത് ആപ്പിള്‍ നിർമിച്ച ഫോണുകള്‍ തന്നെയാണെന്ന് അറിയണമെങ്കില്‍ ആദ്യമേ തന്നെ ഫോണിന്റെ സീരിയല്‍ നമ്പര്‍ ചോദിക്കുക. എല്ലാ ആപ്പിള്‍ ഉപകരണങ്ങള്‍ക്കു സീരിയല്‍ നമ്പര്‍ ഉണ്ടായരിക്കും. പണം നല്‍കി ഉപകരണം കൈപ്പറ്റുന്നതിനു മുൻപായി ഇവ ഓണ്‍ലൈനായി പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. വില്‍പ്പനക്കാരനോട് ഐഫോണിന്റെ സെറ്റിങ്‌സിലുള്ള സീരിയല്‍ നമ്പറിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചു തരാന്‍ ആവശ്യപ്പെടുക. സീരിയല്‍ നമ്പര്‍ വ്യക്തമായി പതിഞ്ഞിട്ടില്ലെങ്കില്‍ വീണ്ടും അയച്ചുതരാന്‍ പറയുക. ആ നമ്പര്‍ ഈ പേജില്‍: https://checkcoverage.apple.com/ ടൈപ്പു ചെയ്തു പരിശോധിക്കുക. സീരിയല്‍ നമ്പര്‍ പരിശോധിക്കാനുള്ള ഏക വെബ്‌സൈറ്റ് ഇതാണെന്നും ഓര്‍മയില്‍ വയ്ക്കുക. തുടര്‍ന്ന് ഫോണ്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ഫോണില്‍ അയച്ചു കിട്ടിയ സീരിയല്‍ നമ്പര്‍ ആണെന്ന് ഉറപ്പുവരുത്തുക. സീരിയല്‍ നമ്പറിനൊപ്പം ഐഎംഇഐ നമ്പറും പരിശോധിക്കാതെ ചെറിയ തുകയാണെങ്കില്‍ പോലും അഡ്വാന്‍സ് ഒരിക്കലും നല്‍കരുത്.

 

∙ ഐഎംഇഐ നമ്പര്‍

 

ഇന്ത്യ ഗവണ്‍മെന്റ് സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഡൈന്റിറ്റിറ്റി റജിസ്റ്റര്‍ വെബ്‌സൈറ്റ് എന്നൊരു സേവനം തുടങ്ങിയിട്ടുണ്ട്-https://ceir.gov.in/Home/index.jsp. ഇവിടെയെത്തി ഡിവൈസ് വെരിഫിക്കേഷന്‍ പേജ് കണ്ടുപിടിക്കുക (https://ceir.gov.in/Device/CeirIMEIVerification.jsp). ഐഎംഇഐ നമ്പര്‍ കാണാന്‍ സാധിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ ബ്ലോക്കു ചെയ്തിരിക്കുകയാണെങ്കില്‍ ഫോണ്‍ വാങ്ങരുത്. അത് മോഷ്ടിക്കപ്പെട്ടതായിരിക്കാനാണ് സാധ്യത. മോഷ്ടിക്കപ്പെട്ട ഫോണാണെങ്കില്‍ ഐഎംഇഐ നമ്പര്‍ ഇതില്‍ ഉണ്ടായിരിക്കില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. കാരണം മോഷ്ടിക്കപ്പെട്ട ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ മോഷണക്കുറ്റം ആരോപിക്കപ്പെടാം.

 

∙ ഉപയോഗിച്ചു പഴകിയ ഫോണോ?

 

പഴയ ഫോണാണ് വാങ്ങുന്നതെങ്കില്‍ ഐഫോണിന്റെ ബാറ്ററി ഹെല്‍ത്തിന്റെ സ്‌ക്രീന്‍ ഷോട്ടും വാങ്ങുക. ആപ്പിള്‍ അംഗീകരിച്ച ബാറ്ററിയാണോ ഉള്ളതെന്നും അതിന്റെ ഏകദേശ ഉപയോഗവും ഇതുവഴി നിര്‍ണയിക്കാനാകും. 

 

∙ ഇതു ലോക്കു ചെയ്യപ്പെട്ട ഫോണോ? 

 

ആപ്പിളിന്റെ ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ച് ലോക്കു ചെയ്യപ്പെട്ട ഫോണുമാകാം വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഫോണ്‍ റീസെറ്റു ചെയ്ത് പുതിയ യൂസറായി അത്തരം ഐഫോണുകള്‍ ഉപയോഗിക്കാനാവില്ല. സൈന്‍-ഇന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെ ശരിക്കുള്ള ഉപയോക്താവിന്റെ മെയില്‍ ഐഡിയും പാസ്‌വേഡും ചോദിക്കും. ഫോണിലേക്ക് നിങ്ങളുടെ ആപ്പിള്‍ ഐഡി ഉപയോഗിച്ചു സൈന്‍-ഇന്‍ സമ്മതിക്കുന്നില്ലെങ്കില്‍ ആ ഐഫോണ്‍ വാങ്ങേണ്ട. അത് വിലപിടിപ്പുള്ള ഒരു പേപ്പര്‍ വെയ്റ്റ് ആയി മാത്രമെ ഉപയോഗിക്കാനാകൂ എന്ന് ആപ്പിള്‍ ഉറപ്പാക്കിയിട്ടുണ്ട്.

 

English Summary: Fraudulent iPhone deals increasing in India - Points to note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com