sections
MORE

അംബാനിയുമായുള്ള പോരില്‍ ആമസോണിനു താത്കാലിക ജയം, നടപടികൾ നിർത്തിവെയ്ക്കാൻ സുപ്രീം കോടതി

mukesh-ambani-and-jeff-bezos
SHARE

ഫ്യൂച്ചര്‍ ഗ്രൂപ്പ് ആമസോണുമായി എത്തിച്ചേര്‍ന്നിരുന്ന കരാര്‍ ലംഘിച്ച് റിലയന്‍സ് മേധാവി മുകേഷ് അംബനിക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ നിയമ പോരാട്ടം ഇന്ത്യയിലും രാജ്യാന്തര തലത്തിലും നടക്കുകയാണ്. ഇതിനിടെ ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിൽ റിലയൻസ് ഇൻഡസ്ട്രീസിന് മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുന്നു. ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികൾ റിലയൻസിന് വിൽക്കാനുള്ള നടപടികൾ നിർത്തിവെയ്ക്കാൻ സുപ്രീം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ ആഗോള റീട്ടെയിൽ ഭീമനായ ആമസോണിന് താത്കാലിക വിജയം ലഭിച്ചു.

ആമസോൺ നൽകിയ ഹർജിയിൽ സുപ്രീംകോടതി കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കുകയും കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ ഇടപാടിന് അംഗീകാരം നൽകുന്നതിൽ നിന്ന് തടയുകയും ചെയ്തു. ആമസോണിന്റെ അപേക്ഷയിൽ രേഖാമൂലം പ്രസ്താവനകൾ ആവശ്യപ്പെട്ട് ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന് കോടതി നോട്ടീസ് അയച്ചു. അഞ്ച് ആഴ്ചകൾക്കുശേഷം കോടതി വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് റോഹിന്റൺ എഫ്. നരിമാൻ പറഞ്ഞു.

ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ, സെക്യൂരിറ്റീസ് ആൻഡ് എസ്‌ക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), കമ്പറ്റീഷൻ കമ്മീഷൻ എന്നിവയുടെ നടപടികൾ നിർത്തിവെയ്ക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഫ്യൂച്ചർ ഗ്രൂപ്പ് പങ്കാളിത്ത കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഒക്ടോബറിൽ സിംഗപ്പൂർ ആർബിട്രേഷൻ ട്രൈബ്യൂണലിൽ നിന്നും ആമസോൺ ഇടക്കാല സ്റ്റേ നേടിയിരുന്നു.

തങ്ങളുടെ പങ്കാളിയായ ആമസോണിനെ നിലയ്ക്കു നിർത്തണമെന്നു പറഞ്ഞ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഫയല്‍ ചെയ്തിരുന്ന കേസും നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തങ്ങളും റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ ആമസോണ്‍ ഇടപെടുന്നു എന്നും അവരെ നിലയ്ക്കു നിർത്തണമെന്നും പറഞ്ഞായിരുന്നു ഫ്യൂച്ചര്‍ ഗ്രൂപ്പ് അന്ന് കേസ് നല്‍കിയിരുന്നത്. എന്നാൽ റിലയൻസുമായുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ ഇടപാട് തങ്ങളുടെ കരാറിന്‍റെ ലംഘനമാണെന്നാണ് ജെഫ് ബെസോസിന്റെ ആമസോൺ ആരോപിക്കുന്നത്. ഇതോടെയാണ് ആമസോൺ സുപ്രീംകോടതിയെ സമീപിപ്പിച്ചത്. സിംഗപ്പൂർ തർക്ക പരിഹാര കോടതി ഉത്തരവിന് വിരുദ്ധമാണ് റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടെന്നായിരുന്നു ആമസോൺ കോടതിയിൽ വാദിച്ചത്.  സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ബിട്രേറ്റര്‍ ആമസോണിന് അനുകൂലമായ വിധി നല്‍കിയെങ്കിലും അത് ഇന്ത്യയില്‍ വിലപ്പോകില്ലെന്ന വാദവും ഉയർന്നിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതിയുടെ പ്രാഥമിക പരിശോധനയിൽ സിംഗപ്പൂർ തർക്ക പരിഹാര ട്രിബ്യൂണൽ വിധിയുടെ ലംഘനം കണ്ടെത്താനായിട്ടുണ്ടെന്ന് കോടതി തന്നെ നിരീക്ഷിച്ചിരുന്നു.

ഇതിനിടെ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ റീട്ടെയിൽ ഭീമന്മാരായ റിലയൻസ് റീട്ടെയിൽ, ഫ്യൂച്ചർ ഗ്രൂപ്പ് എന്നിവ തമ്മിലുള്ള 340 കോടി ഡോളറിന്റെ കരാരിന് അംഗീകാരം നൽകിയിരുന്നു. ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് സെബിയുമായി (സെബി) സംസാരിച്ചതായും ഇടപാടിനെക്കുറിച്ച് എതിർപ്പുകളോ പ്രതികൂല നിരീക്ഷണങ്ങളോ ഇല്ലെന്നുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിപ്പിൽ പറഞ്ഞിരുന്നത്. 

ഫ്യൂച്ചർ ഗ്രൂപ്പും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളായ റിലയൻസ് റീട്ടെയിലും തമ്മിലുള്ള കോടിക്കണക്കിന് ഡോളറിന്റെ കരാർ തടയാൻ സെബിക്കും ഇന്ത്യൻ ആന്റിട്രസ്റ്റ് വാച്ച്ഡോഗിനും കത്തെഴുതിയ ആമസോണിന് അന്ന് തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ ആന്റിട്രസ്റ്റ് ഗ്രൂപ്പ് ഇന്ത്യൻ കമ്പനികൾക്ക് കരാരിന് അനുമതി നൽകിയിരുന്നു.

ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടു നടന്നാല്‍ റിലയന്‍സിന് ഇന്ത്യയിലെ 1 ട്രില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ഓണ്‍ലൈന്‍ വില്‍പ്പനയുടെ കുത്തക ലഭിച്ചേക്കാമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ലൈന്‍ വില്‍പ്പനാ ശൃംഖല ഇപ്പോള്‍ത്തന്നെ റിലയന്‍സിനു സ്വന്തമാണ്. അതും ഓണ്‍ലൈന്‍ വില്‍പ്പനയും ഒന്നിപ്പിച്ചാല്‍ റിലയന്‍സിനെ മറികടക്കാന്‍ സാധ്യമാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഈ ഇടപാട് തങ്ങളെ ബാധിക്കില്ലെന്നാണ് ഇന്ത്യൻ എക്സ്ചേഞ്ചുകൾ വ്യക്തമാക്കിയത്. ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ഇന്ത്യൻ എക്സ്ചേഞ്ചുകൾ വ്യക്തമാക്കിയിരുന്നു.

∙ എന്താണ് കേസിനാസ്പദമായ വിഷയം?

തങ്ങളുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് നേരത്തെ ഏര്‍പ്പെട്ടിരുന്ന കരാറിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് ആമസോണ്‍ ആരോപിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അണ്‍ലിസ്റ്റഡ് ബിസിനസിന്റെ 49 ശതമാനം വാങ്ങാമെന്ന് 2019 ൽ ആമസോണ്‍ കരാറിലെത്തിയിരുന്നു. തുടര്‍ന്ന് 3 മുതല്‍ 10 വര്‍ഷത്തിനിടയില്‍ ഫ്യൂച്ചര്‍ റീട്ടെയിലും വാങ്ങിക്കോളാമെന്നുമായിരുന്നു കരാര്‍. എന്നാല്‍, ഇതു ലംഘിച്ച് ഗ്രൂപ്പ് തങ്ങളുടെ കമ്പനി റിലയന്‍സിനു വില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആമസോണ്‍ കോടതിയെ സമീപിച്ചത്.

അതേസമയം, തങ്ങള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ ഒരു താമസവുമല്ലാതെ പൂര്‍ത്തിയാക്കുമെന്നാണ് റിലയന്‍സ് റീട്ടെയില്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടു തന്നെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ വിധി വന്ന ശേഷം പ്രഖ്യാപിക്കുകയായിരുന്നു. ശരിയായ നിയമോപദേശം ലഭിച്ച ശേഷമാണ് തങ്ങൾ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വസ്തുതവകകള്‍ വാങ്ങിയത്. അത് ഇന്ത്യന്‍ നിയമപ്രകാരം നടപ്പാക്കുകയും ചെയ്യാമെന്നാണ് റിലയൻസിന്റെ വാദം.

English Summary: SC halts Future Group's Reliance deal on Amazon plea

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA