sections
MORE

കൊതിപ്പിക്കും പുതുമകളുമായി ആന്‍ഡ്രോയിഡ് 12!, അറിഞ്ഞിരിക്കാം 10 കാര്യങ്ങൾ

android-12
Photo Courtesy: Androidcentral.com
SHARE

ലോകത്തെ ഏറ്റവും ജനപ്രിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതുക്കിയ പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ അധീനതയിലുള്ള ആന്‍ഡ്രോയിഡില്‍ ഈ വര്‍ഷം കൊണ്ടുവരാന്‍ പോകുന്ന പുതുമകളെക്കുറിച്ചുള്ള ഒരു ഏകദേശ രൂപം ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 12ന്റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ പരിശോധിച്ചവരാണ് പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഡേറ്റ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് കൂടുതല്‍ സുതാര്യമാക്കും എന്നതാണ്. ആപ്പിളിന്റെ ഐഒഎസ് 14.5ല്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ മാറ്റങ്ങളെ അനുകരിക്കുന്ന രീതിയിലാണ് ഗൂഗിളിന്റെ നീക്കവും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും തങ്ങളുടെ സ്വകാര്യതയ്ക്കു മേല്‍ കൂടുതല്‍ അധികാരം നല്‍കാന്‍ ഒരുങ്ങുകയാണ് ആന്‍ഡ്രോയിഡ് 12ലൂടെ ഗൂഗിളും ശ്രമിക്കുന്നത്. പുതിയ ആൻഡ്രോയിഡ് ഫീച്ചറുകൾ ഇപ്പോള്‍ ഏതെങ്കിലും ഫോണില്‍ ലഭ്യമാണോ? അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ:

∙ ഏതെങ്കിലും ഹാന്‍ഡ്‌സെറ്റില്‍ ആന്‍ഡ്രോയിഡ് 12 ലഭ്യമാണോ?

നിലവില്‍ ആന്‍ഡ്രോയിഡ് 12ന്റെ ഡവലപ്പര്‍ പ്രിവ്യൂ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഡവലപ്പര്‍ പ്രിവ്യൂ ഉപയോഗിക്കണമെങ്കില്‍ ഗൂഗിളിന്റെ തന്നെ പിക്‌സല്‍ 3 സീരീസ്, പിക്‌സല്‍ 3എ സീരീസ്, പിക്‌സല്‍ 4 സീരീസ്, പിക്‌സല്‍ 4എ സീരീസ്, പിക്‌സല്‍ 5 എന്നിവയിൽ ഏതിലെങ്കിലും ഉൾപ്പെടുന്ന ഹാൻഡ്സെറ്റുകൾ വേണം.

∙ മികച്ച വിഡിയോ റെക്കോഡിങ് 

ആന്‍ഡ്രോയിഡ് 12ന്റെ ഡവലപ്പര്‍ പ്രിവ്യൂവിലെ പ്രധാന ഫീച്ചറുകളിലൊന്ന് വിഡിയോ റെക്കോഡിങ്ങില്‍ വരുന്ന മാറ്റമാണ്. ഇപ്പോള്‍ ഫോണിനു സാധ്യമായ ഏറ്റവും മികച്ച റെസലൂഷനുള്ള വിഡിയോ റെക്കോഡു ചെയ്താല്‍ കുറച്ചു സമയത്തിനുള്ളില്‍ സ്റ്റോറേജ് കവിയും. എന്നാല്‍, പുതുക്കിയ ആന്‍ഡ്രോയിഡില്‍ എച്ഇവിസി (HEVC) മീഡിയ ട്രാന്‍സ്‌കോഡിങ് സപ്പോര്‍ട്ട് ലഭ്യമാക്കും. ഏതെങ്കിലും ആപ്പ് എച്ഇവിസി സപ്പോര്‍ട്ടു ചെയ്യുന്നില്ലെങ്കില്‍ അതിന് ഓട്ടോമാറ്റിക്കായി ഫയല്‍ എവിസി ആയി പരിവര്‍ത്തനം ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ മികച്ച റെസലൂഷനുള്ള വിഡിയോ റെക്കോർഡ് ചെയ്താലും ഇപ്പോള്‍ വേണ്ടിവരുന്നത്ര സ്റ്റോറേജ് അപഹരിക്കില്ല.

∙ ജെപെയ്ഗിനെക്കാള്‍ മികച്ച ചിത്രങ്ങള്‍

ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഫോട്ടോ ഫയല്‍ ഫോര്‍മാറ്റ് ജെപെയ്ഗ് ആണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കംപ്രഷനെക്കാള്‍ മികച്ച കംപ്രഷനുമായിട്ടായിരിക്കും പുതിയ എവി1 (AV1) ഫയല്‍ ഫോര്‍മാറ്റ് എത്തുക. ഇതിനെ എവി1 ഫയല്‍ ഫോര്‍മാറ്റ് അഥവാ എവി1എഫ് എന്നായിരിക്കും വിളിക്കുക. ഇതുവരെ ലഭിച്ചിരുന്ന ചിത്രങ്ങളെക്കാള്‍ നാടകീയമായ മികവ് പുതിയ ഫോര്‍മാറ്റില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഉണ്ടായിരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. അതായത്, 3എംപി ഫയല്‍ സൈസുള്ള ജെപെയ്ഗിനെക്കാള്‍ മികച്ച ചിത്രമായിരിക്കും 3എംപി എവി1എഫ് വഴി ലഭിക്കുക.

∙ കരുത്തു വേണ്ട ആപ്പുകളും കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കും

ആന്‍ഡ്രോയിഡ് 12ലെ മറ്റൊരു മാറ്റം അത് ബാക്ഗ്രൗണ്ടില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഫോര്‍ഗ്രൗണ്ട് സര്‍വീസ് ബ്ലോക്കു ചെയ്യും എന്നതാണ്. ഇതുവഴി കരുത്തു വേണ്ട സമൂഹ മാധ്യമ ആപ്പുകള്‍, ഗെയിമിങ് തുടങ്ങിയ ആപ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകും.

∙ മികച്ച ടച്ച്-വോയിസ് അനുഭവം

പുതിയ ഒഎസില്‍ ആപ്പുകള്‍ക്ക് ഫോണിന്റെ വൈബ്രേഷന്‍ ഫങ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ മികച്ച ഓഡിയോ കപിൾഡ്– ഹാപ്റ്റിക് പ്രതികരണം നല്‍കാന്‍ സാധിക്കും. ഒരു വിഡിയോ കോളിങ് ആപ്പിന് വേണമെങ്കില്‍ ആരാണ് വിളിക്കുന്നതെന്ന കാര്യം ടച്ചിങ്ങിലൂടെ മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കുന്ന രീതിയില്‍ ക്രമീകരിക്കാം. ഗെയിമിങ്ങിലും ഇത് മികച്ച അനുഭവം നല്‍കും. 

മെച്ചപ്പെട്ട ജെസ്റ്റര്‍ നാവിഗേഷന്‍

ജെസ്റ്റര്‍ (അംഗവിക്ഷേപങ്ങള്‍) നാവിഗേഷനിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുമായിട്ടാണ് പുതുക്കിയ ഒഎസ് എത്തുക. ഉദാഹരണത്തിന് വിഡിയോ കാണുമ്പോഴും, പുസ്തകം വായിക്കുമ്പോഴുമൊക്കെ ആംഗ്യങ്ങള്‍ വഴി നാവിഗേഷന്‍ സാധ്യമാകും.

∙ നോട്ടിഫിക്കേഷന്‍, ആപ്പ് തുറക്കല്‍ വേഗം 

നോട്ടിഫിക്കേഷന്റെ ഡിസൈന്‍ മാറ്റുക എന്നതാണ് ഗൂഗിള്‍ കൊണ്ടുവരുന്ന മറ്റൊരു വ്യത്യാസം. ഐക്കണുകളും കണ്ടെന്റും ഉപയോക്താവിനു മാറ്റാം. നോട്ടിഫിക്കേഷനുകളില്‍ സ്പര്‍ശിച്ചാല്‍ അതുമായി ബന്ധപ്പെട്ട ആപ് തുറന്നുവരുന്നതിന്റെ വേഗവും വര്‍ധിക്കും.

∙ ഗൂഗിള്‍ പ്ലേയിലൂടെ കൂടുതല്‍ അപ്‌ഡേറ്റുകള്‍

പ്രൊജക്ട് മെയ്ന്‍‌ലൈന്‍ എന്ന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്ഡേറ്റുകള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ചെറിയ അപ്ഡേറ്റുകള്‍ വഴി പല പ്രശ്‌നങ്ങളും അപ്പോൾ തന്നെ പരിഹരിക്കാനാകും. നിലവില്‍ പല പ്രശ്നങ്ങളും പരിഹരിക്കുന്നത് ഫുള്‍ സിസ്റ്റം അപ്‌ഡേറ്റുകള്‍ വഴിയാണ്.

∙ ഉയര്‍ന്ന സുരക്ഷ

മാല്‍വെയറുകള്‍ നിങ്ങളെ ട്രാക്കു ചെയ്യുന്നത് തടയാനായി കൂടുതല്‍ ഉയര്‍ന്ന സുരക്ഷ ആന്‍ഡ്രോയിഡ് 12ല്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം പ്രിവ്യൂവില്‍ കാണാം. 

∙ ഫോള്‍ഡബിൾ ഫോണുകള്‍ക്കും ടിവികള്‍ക്കും കൂടുതല്‍ അനുയോജ്യം

സ്മാര്‍ട് ഫോണുകളുടെ പുതിയ രൂപഭേദമായ ഫോള്‍ഡബിൾ ഫോണുകള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ആന്‍ഡ്രോയിഡ് 12 എത്തുക. ആന്‍ഡ്രോയിഡില്‍ 12ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ടിവികള്‍ക്കും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകും.

English Summary: Android 12--New features to challenge iOS?

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA