ADVERTISEMENT

ലോകത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയെന്ന പേര് നാലു വര്‍ഷത്തിനു ശേഷം വീണ്ടും ആപ്പിളിന് ലഭിച്ചു. ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്പനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, ഇത് 2020ലെ മുഴുവന്‍ കണക്കല്ല. മറിച്ച് നാലാം പാദത്തിലെ മാത്രം കണക്കാണ്. എന്നാൽ പോലും ഇത് എടുത്തുപറയേണ്ട നേട്ടം തന്നെയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ മൂന്നു മാസങ്ങളിലായി ആപ്പിള്‍ 79.9 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റപ്പോള്‍ സാംസങ്ങിന് 62.1 ദശലക്ഷം ഫോണുകള്‍ മാത്രമാണ് വില്‍ക്കാനായത്. നാലാം പാദത്തില്‍ ആപ്പിളിന് 20.8 ശതമാനം വിഹിതവും, സാംസങ്ങിന് 16.2 ശതമാനം വിഹിതവുമാണ് ലഭിച്ചത്. സാംസങ്ങിന്റെ വില്‍പന 14.6 ശതമാനം ഇടിഞ്ഞപ്പോള്‍ ആപ്പിളിന് 14.9 ശതമാനം വളര്‍ച്ചയാണ് ലഭിച്ചത്. ഐഫോണ്‍ 12 സീരീസിനു ലഭിച്ച വന്‍ സ്വീകാര്യതയാണ് ആപ്പിളിന്റെ കുതിപ്പിനു കാരണമെന്നു പറയുന്നു.

 

∙ ക്ലബ്ഹൗസില്‍ സുരക്ഷാ പാളിച്ച

 

അടുത്ത വൈറല്‍ ആപ്പായിരിക്കുമെന്നു കരുതുന്ന ക്ലബ്ഹൗസിന്റെ സുരക്ഷ പാളിയതായി റിപ്പോര്‍ട്ട്. ക്ലബ്ഹൗസിലെ ഒന്നിലേറെ റൂമുകളിലെ ഓഡിയോ പേരു വെളിപ്പെടുത്താത്ത ഒരു യൂസര്‍ അയാള്‍ക്ക് ഇഷ്ടമുള്ള വെബ്‌സൈറ്റിലേക്ക് സ്ട്രീം ചെയ്തതാണ് ക്ലബ്ഹൗസിന് നാണക്കേടായത്. അതേസമയം, ഈ യൂസറെ സ്ഥിരമായി ക്ലബ്ഹൗസില്‍ നിന്നു നിരോധിച്ചുവെന്നും സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവെന്നും ക്ലബ്ഹൗസ് വക്താവായ റീമാ ബഹനസി അറിയിച്ചു. എന്നാല്‍, ഗവേഷകര്‍ പറയുന്നത് ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന് ക്ലബ്ഹൗസിന് വാഗ്ദാനം ചെയ്യാനൊന്നും സാധിക്കില്ലെന്നാണ്. തങ്ങളുടെ ആപ്പിന്റെ പല പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ക്കും ആപ് ഷാങ്ഹായ് കേന്ദ്രീകൃത കമ്പനിയായ അഗോറയുടെ പിന്തുണയാണ് ഉപയോഗിക്കുന്നത്. ഇതിനാൽ ആപ്പിനെ പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നും പറയുന്നു. അതേസമയം, തങ്ങള്‍ക്ക് ഉപയോക്താക്കളുടെ സന്ദേശങ്ങളൊന്നും കേള്‍ക്കാനാവില്ലെന്ന നിലപാടാണ് അഗോറ സ്വീകരിച്ചിരിക്കുന്നത്.

 

∙ സാംസങ് ഇനി സുരക്ഷാ അപ്‌ഡേറ്റുകള്‍ നാലു വര്‍ഷത്തേക്കു നല്‍കും

 

ലോകത്തെ പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഫോണുകള്‍ക്കും ടാബുകള്‍ക്കുമെല്ലാം അവതരിപ്പിച്ച് നാലു വര്‍ഷം വരെ സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന് അറിയിച്ചു. ഇതോടെ ഗ്യാലക്‌സി ഉപകരണങ്ങള്‍ മുൻപൊരിക്കലും ഇല്ലാത്ത വിധത്തില്‍ സുരക്ഷയുള്ളവയായി തീരുമെന്ന് കമ്പനി അറിയിച്ചു.

 

∙ ഓസ്‌ട്രേലിയയിലെ പ്രശ്‌നം- ഫെയ്‌സ്ബുക്കിനോട് ഉത്കണ്ഠ അറിയിക്കാന്‍ യുകെ

google-facebook

 

ഓസ്‌ട്രേലിയിയില്‍ വാര്‍ത്തകളുടെ ലിങ്കുകള്‍ ഫെയ്‌സ്ബുക്കില്‍ നിരോധിച്ച നടപടിയെ തുടര്‍ന്ന് തങ്ങളുടെ ഉത്കണ്ഠ അറിയിക്കാന്‍ ബ്രിട്ടിഷ് സാംസ്‌കാരിക മന്ത്രി ഈ ആഴ്ച ഫെയ്‌സ്ബുക്കുമായി സംസാരിക്കാന്‍ തിരുമാനിച്ചു.

 

∙ യൂറോപ്യന്‍ യൂണിയനിലെ പ്രസാധകരുമായി കരാറിലേര്‍പ്പെടാന്‍ മൈക്രോസോഫ്റ്റ്

 

ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ വാര്‍ത്തകളുടെ ലിങ്കുകള്‍ ഉൾപ്പെടുത്തുന്നുണ്ടെങ്കില്‍ അവ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുമായി ധാരണയിലെത്തണമെന്നതാണ് വരാനിരിക്കുന്ന പുതിയ ഓസ്ട്രേലിയൻ നിയമം. ആദ്യം എതിര്‍ത്തെങ്കിലും ഗൂഗിള്‍ കുറച്ച് മാധ്യമ സ്ഥാപനങ്ങളുമായി ഓസ്‌ട്രേലിയയില്‍ ധാരണയിലെത്തി. അതേസമയം, ഫെയ്‌സ്ബുക് ഇതിനോട് മുഖംതിരിക്കുകയായിരുന്നു. ഓസ്‌ട്രേലിയ കൊണ്ടുവന്ന നിയമം യൂറോപ്യന്‍ യൂണിയനും കാനഡയും മറ്റും ഏറ്റുപിടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും, സോഫ്റ്റ്‌വെയര്‍-ക്ലൗഡ് കംപ്യൂട്ടിങ് ഭീമന്‍ ഒരുമുഴം മുൻപെ യൂറോപ്പിലെ ചില വാര്‍ത്താ മാധ്യമങ്ങളുമായി ധാരണയിലെത്തുകയാണ്.

 

∙ നിയമത്തില്‍ മാറ്റം വരുത്തുന്ന പ്രശ്‌നമില്ലെന്ന് ഓസ്‌ട്രേലിയ

 

ഗൂഗിളും ഫെയ്‌സ്ബുക്കും വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമത്തില്‍ ഒരു മാറ്റവും വരുത്താതെ പാസാക്കാന്‍ തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ഈ ആഴ്ച നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കാനാണ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ സുപ്രധാന നീക്കങ്ങളിലൊന്നായി തീരാന്‍ വഴിയുള്ള ഒന്നാണിതെന്നാണ് വിലയിരുത്തല്‍. 

 

∙ എയര്‍പോഡ്‌സ് 3 താമസിയാതെ അവതരിപ്പിച്ചേക്കും

 

ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണുകളായ എയര്‍പോഡ്‌സിന്റെ മൂന്നാം തലമുറ വൈകാതെ പുറത്തിറങ്ങിയേക്കും. ഇവയ്ക്ക് എയര്‍പോഡ്‌സ് പ്രോയുടെ രൂപകല്‍പനയായിരിക്കും ഉണ്ടായിരിക്കുക എന്ന് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു. ഇവയ്ക്ക് ആക്ടീവ്നോയിസ് ക്യാൻസലേഷന്‍ ഉണ്ടായേക്കും. ഇതുപോലെ എയര്‍പോഡ്‌സ് പ്രോയെ ഇപ്പോള്‍ വേര്‍തിരിച്ചു നിർത്തുന്ന സ്‌പെഷ്യല്‍ ഓഡിയോ ഫീച്ചറും എയര്‍പോഡ്‌സ് 3യില്‍ ഉൾപ്പെടുത്തിയേക്കും. ഇതിനൊപ്പം ലഭിക്കുന്ന കെയ്‌സിനും ആപ്പിള്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നു പറയുന്നു. ഇതിനു മുൻപിറങ്ങിയ എയര്‍പോഡ്‌സ് പ്രോയ്ക്ക് ഏകദേശം 25,000 രൂപയാണ് വിലയെങ്കില്‍, പ്രോ ലേബല്‍ ഇല്ലാത്ത എയര്‍പോഡുകള്‍ക്ക് ഏകദേശം 15,000 രൂപയായിരുന്നു വില.

 

∙ ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍ ഇലക്ട്രിക് കാറുകളും നിര്‍മിക്കും

 

ഫോക്‌സ്‌കോണ്‍ കമ്പനിയുടെ ഇലക്ട്രിക് വാഹന വിഭാഗം ഈ വര്‍ഷംതന്നെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കും. അധികം ഭാരമില്ലാത്ത രണ്ടു വാഹനങ്ങളായിരിക്കും തായ്‌വനീസ് നിര്‍മാതാവിന്റെ സഹായത്തോടെ പുറത്തിറക്കുക.

 

∙ മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 7 പ്ലസ്, സര്‍ഫസ് ഹബ് എന്നിവ ഇന്ത്യയില്‍

 

മൈക്രോസോഫ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ഇറക്കിയിരിക്കുന്ന സര്‍ഫസ് പ്രോ 7 പ്ലസ് ലാപ്‌ടോപ്പ് ഇന്ത്യയിലെത്തി. സീരീസിന്റെ തുടക്ക വില 83,999 രൂപയായിരിക്കും. കമ്പനിയുടെ ഡിജിറ്റല്‍ വൈറ്റ്‌ബോഡ് എന്ന് അറിയപ്പെടുന്ന സര്‍ഫസ്ഹബ് 2എസ് 85-ഇഞ്ചും ഇന്ത്യയിലെത്തി. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഇറക്കിയിരിക്കുന്നത്. വില 21,44,999 രൂപ. നിലവില്‍ ലഭ്യമായ 50-ഇഞ്ച് മോഡലിനു പുറമെയാണ് ഇത്.

 

∙ വയര്‍ലെസ് നെക്ബാന്‍ഡ് അടക്കം പുതിയ ഓഡിയോ പ്രൊഡക്ടുകള്‍ അവതരിപ്പിച്ച് ഷഓമി

 

ഷഓമി പുതിയ ബ്ലൂടൂത്ത് ഓഡിയോ പ്രൊഡക്ടുകള്‍ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മി നെക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍സ് പ്രോയ്ക്ക് 1,799 രൂപയായിരിക്കും വില. ആക്ടീവ് നോയിസ് ക്യാന്‍സസേഷനാണ് ഇതിന്റെ സവിശേഷതകളില്‍ പ്രധാനം. ഇതിന് 20 മണിക്കൂര്‍ നേരംനീണ്ടു നില്‍ക്കുന്ന ബാറ്ററിയുമുണ്ടെന്ന് കമ്പനി പറയുന്നു. പോര്‍ട്ടബിൾ വയര്‍ലെസ് സ്പീക്കറിന് 2,499 രൂപയാണ് വില. ഐപിഎക്‌സ്7 വാട്ടര്‍പ്രൂഫിങ് സര്‍ട്ടിഫിക്കറ്റുള്ളതാണ് ഇവ. 13 മണിക്കൂര്‍ ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

 

∙ ഗുജറാത്തിലെ ഏറ്റവും വലിയ സേവനദാതാവായി ജിയോ

 

തുടങ്ങി കേവലം നാലര വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായി മാറിയിരിക്കുകയാണ് റിലയന്‍സ് ജിയോ. അവര്‍ക്കിപ്പോള്‍ സംസ്ഥാനത്തു മാത്രമായി 2.54 കോടി വരിക്കാരുണ്ട്. ഗുജറാത്തില്‍ ടെലികോം സേവനദാതാക്കള്‍ക്കു ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനവും ജിയോയാണ് സ്വന്തമാക്കുന്നത്.

 

English Summary: Apple claims global smartphone market lead ahead of Samsung for first time since 2016

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com