ADVERTISEMENT

ആഗോള തലത്തിലെ വാക്‌സീന്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ചൈന. ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ രണ്ട് ഇന്ത്യന്‍ വാക്‌സീന്‍ നിര്‍മാതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചകളില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തിയെന്ന് സൈബര്‍ സുരക്ഷാ കമ്പനിയായ സൈഫേമാ റോയിട്ടേഴ്‌സിനോടു പറഞ്ഞു. വിവിധ രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നിർമിച്ചു നല്‍കുന്ന കാര്യത്തില്‍ കടുത്ത എതിരാളികളാണ് ഇന്ത്യയും ചൈനയും. ലോകമെമ്പാടും വില്‍ക്കപ്പെടുന്ന വാക്‌സീനിന്റെ 60 ശതമനവും നിർമിക്കുന്നത് ഇന്ത്യയാണ്. 

 

ഗോള്‍ഡ്മാന്‍ സാച്‌സിന്റെ പിന്തുണയുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ സൈഫേമ സിംഗപ്പൂരിലും ടോക്കിയോയിലും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് ഹാക്കിങ് ഗ്രൂപ്പായ എപിടി10 (സ്റ്റോണ്‍ പാണ്‍ഡ) ആണ് ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഐടി വിഭാഗത്തിന്റെയും വിതരണ ശൃംഖലയുടെയും സുരക്ഷാ വീഴ്ച മുതലെടുത്ത് ആക്രമണം നടത്തിയിരിക്കുന്നതെന്ന് സൈഫേമ പറഞ്ഞു.

 

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ നിര്‍മാതാവ്. ഇരു കമ്പനികളുടെയും ബൗദ്ധികാവകാശത്തിനു കീഴില്‍ വരുന്ന കാര്യങ്ങള്‍ കടത്തിക്കൊണ്ടു പോയി ചൈനീസ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സൈഫേമയുടെ ചീഫ് എക്‌സിക്യൂട്ടീവ് കുമാര്‍ റിതേഷ് പറഞ്ഞു. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ സജീവമായി തന്നെ എപിടി10 പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുമാര്‍ മുന്നറിയിപ്പ് നൽകി. പല രാജ്യങ്ങള്‍ക്കും വേണ്ടി അസ്ട്രാ സെനക്കയുടെ വാക്‌സീന്‍ നിർമിച്ച് നല്‍കുന്നത് സീറം ആണ്. കമ്പനി ഉടനെ നോവാവാക്‌സീന്റെ വാക്‌സീനും നിർമിക്കാന്‍ തുടങ്ങാനിരിക്കെയാണ് ആക്രമണം വര്‍ധിച്ചിരിക്കുന്നത്. 

 

സീറത്തിന്റെ പല പബ്ലിക് സെര്‍വറുകള്‍ക്കും താരതമ്യേന ദുര്‍ബലമായ പരിരക്ഷയാണ് ഉള്ളതെന്നു മനസ്സിലാക്കിയാണ് ആക്രമണം നടന്നത്. അവര്‍ വെബ് സെര്‍വറുകളാണ് ഉപയോഗിക്കുന്നത്. കണ്ടെന്റ് മാനേജ്‌മെന്റ് സിസ്റ്റവും താതരമ്യേന മോശമാണ്. ഇത് ശരിക്കും പേടിപ്പിക്കുന്നതാണെന്ന് കുമാര്‍ പറയുന്നു.

 

ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈനയുടെ വിദേശ മന്ത്രാലയം തയാറായില്ല. അതേസമയം, മുംബൈ വൈദ്യുത ഗ്രിഡിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ സൈബര്‍ സുരക്ഷയെ സംരക്ഷിക്കുന്നവരാണ് എന്ന മറുപടിയാണ് ലഭിച്ചത്. സൈബര്‍ ആക്രമണങ്ങളെ ചൈന എതിര്‍ക്കുന്നു. അത്തരം ഗ്രൂപ്പുകളെ തകര്‍ക്കുന്നു, ഡല്‍ഹിയിലെ ചൈനീസ് എംബസി ട്വിറ്ററില്‍ കുറിച്ചു. ഊഹാപോഹങ്ങളില്‍ അര്‍ഥമില്ലെന്നും അവര്‍ പറയുന്നു. അതേസമയം, വാക്‌സീന്‍ കമ്പനികള്‍ക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും പെട്ടെന്നൊരു പ്രതികരണം നടത്താന്‍ വിസമ്മതിച്ചു.

 

∙ ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള ഫോണ്‍ ഇതോ?

Supreme-Court

 

ബ്ലാക്‌വ്യൂ എന്ന കമ്പനിയാണ് 8580 എംഎഎച് ബാറ്ററിയുള്ള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ബിവി6600 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ഇപ്പോള്‍ കമ്പനിയുടെ വെബ്‌സൈറ്റിലൂടെ വാങ്ങാം. 119.99 ഡോളര്‍ ആണ് വില. 40 ശതമാനം ഡിസ്‌കൗണ്ടിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ശരിക്കുള്ള വില 200 ഡോളറാണ്. ഇതായിരിക്കാം ലോകത്ത് ഇന്നേ വരെ ഇറങ്ങിയിരിക്കുന്നതില്‍ വച്ച് ഏറ്റവും കപ്പാസിറ്റിയുള്ള ബാറ്ററിയുമായി ഇറങ്ങിയിരിക്കുന്ന ഫോണെന്നു കരുതുന്നു. 4ജിയും വൈഫൈയും ഉപയോഗിക്കുമ്പോള്‍ ഫോണിന് 430 മണിക്കൂര്‍ സ്റ്റാന്‍ഡ്-ബൈ ടൈം ലഭിക്കും. നെറ്റ്‌വര്‍ക്ക് കണക്ഷനില്ലെങ്കില്‍ 792 മണിക്കൂര്‍ നേരത്തേക്ക് ഫോണിന് ഓണായിരിക്കാന്‍ സാധിക്കും. മികച്ച നിര്‍മാണ തികവുള്ള ഫോണാണിത്. ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്നു.

 

∙ ഏറ്റവും പുതിയ ഐഫോണുകള്‍ക്കുള്ള ജെയില്‍ ബ്രെയ്ക്കും പുറത്തിറക്കി

 

അണ്‍കവര്‍ (unc0ver) എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ ജെയില്‍ബ്രെയ്ക്കിങ് ടൂളിന് പുതിയ വേര്‍ഷന്‍ വന്നു. അണ്‍കവര്‍ 6.0 ഉപയോഗിച്ച് ഐഒഎസ് 11 മുതല്‍ ഐഒഎസ് 14.3 വരെയുള്ള എല്ലാ വേര്‍ഷനുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ അണ്‍ലോക് ചെയ്യാം. ആപ്പിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ചില പരിമിതികള്‍ ഒഴിവാക്കാനാണ് ജെയില്‍ബ്രെയ്ക്കിങ് ഉപയോഗിച്ചു വന്നത്. ഇക്കാലത്ത് പലരും ഇതുപയോഗിക്കാറില്ല. കാരണം, ആപ്പിള്‍ നല്‍കിവരുന്ന സുരക്ഷ ഭേദിക്കപ്പെടുമെന്ന പേടിയാണ് കാരണം. എന്നാല്‍, അണ്‍കവര്‍ പറയുന്നത് തങ്ങള്‍ ആപ്പിളിന്റെ സുരാക്ഷാപാളി അതേപടി നിലനിര്‍ത്തുന്നു എന്നാണ്. കോള്‍ റെക്കോഡിങ് പോലെ ചുരുക്കം ചില അധിക ഫീച്ചറുകളും ജെയില്‍ബ്രെയ്ക് ചെയ്താല്‍ ലഭിക്കും. പക്ഷേ ഇക്കാലത്ത് അധികമാരും റിസ്‌ക് എടുത്ത് ഇതു ചെയ്യുന്നില്ല.

 

∙ വിഡിയോ കോണ്‍ഫറന്‍സിങ് ലിങ്കുകള്‍ വാട്‌സാപ് വഴി ഷെയർ ചെയ്യില്ലെന്ന് സുപ്രീം കോടതി

 

വിഡിയോ കോണ്‍ഫറന്‍സിങ് ലിങ്കുകള്‍ ഇനി വാട്‌സാപ് ഗ്രുപ്പുകള്‍ വഴി എത്തിച്ചു നല്‍കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പകരം വെര്‍ച്വല്‍ ഹിയറിങ്ങിനുള്ള ലിങ്കുകള്‍ റജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി വഴിയോ മൊബൈല്‍ ഫോണ്‍ നമ്പര്‍ വഴിയോ ആയിരിക്കും എത്തിച്ചു നല്‍കുക. പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2021ന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

 

∙ ഫോണ്‍ വഴിയുള്ള കോവിഡ്-19 ട്രാക്കിങ് ഇസ്രയേല്‍ സുപ്രീം കോടതി നിരോധിച്ചു

 

കൊറോണ വൈറസ് ബാധിതരെ അവരുടെ മൊബൈല്‍ ഫോണിലൂടെ ട്രാക്കു ചെയ്യുന്നത് ഇസ്രയേൽ സുപ്രീം കോടതി നിരോധിച്ചു. ഇത് പൗരാവകാശങ്ങളിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് കോടതി നീരക്ഷിച്ചു. ഷിന്‍ ബെറ്റ് എന്ന് അറിയപ്പെടുന്ന ഭീകരവാദ വിരുദ്ധ സംഘത്തിന്റെ ടെക്‌നോളജി ഉപയോഗിച്ച് വ്യക്തി എവിടെ നില്‍ക്കുന്നു, ആരെല്ലാമായി സമ്പര്‍ക്കത്തില്‍ വരുന്നു തുടങ്ങിയ കാര്യങ്ങളാണ് മാര്‍ച്ച് 2020 മുതല്‍ ഇസ്രയേലില്‍ മഹാമാരി പടരുന്നതു തടയാനാണെന്ന ഭാവേന ഉപയോഗിച്ചു വന്നത്. ഈ രീതിക്ക് എന്തു ഗുണമാണ് ഉള്ളതെന്ന് നിയമ നിര്‍മാതാക്കാളും, ഇതു സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് പൊതുപ്രവര്‍ത്തകരും വാദിച്ചു വന്നെങ്കിലും അധികൃതർ അതിനൊന്നും ചെവികൊടുത്തിരുന്നില്ല. താത്കാലത്തേക്കുള്ള ഒരു ഉപാധി എന്ന നിലയില്‍ ഉപയോഗിച്ചു തുടങ്ങിയ സാങ്കേതികവിദ്യ സ്ഥിരമാക്കാനുളള സാധ്യതകള്‍ കോടതി തിരിച്ചറിഞ്ഞു.

 

തുടര്‍ന്ന് കോടതി മാര്‍ച്ച് 14 നുള്ളില്‍ ഈ ടെക്‌നോളജി വ്യാപകമായി ഉപയോഗിക്കുന്നതു നിർത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, പകര്‍ച്ചവ്യാധിയുമായുള്ള ചോദ്യംചെയ്യലിന് ആരെങ്കിലും വിസമ്മതിച്ചാല്‍ അവര്‍ക്ക് തുടര്‍ന്നും ഈ ടെക്‌നോളജി ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. ഈ വിധി കടുത്ത ജനാധിപത്യ വിരുദ്ധത പതിയിരിക്കുന്ന സ്മാര്‍ട് ഫോണ്‍ ട്രാക്കിങ് നിർത്തി വേറെ പാത സ്വീകരിക്കാന്‍ സർക്കാരിനെ പ്രേരിപ്പിക്കുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഇസ്രയേലിലെ അസോസിയേഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് പ്രതികരിച്ചു. ഈ ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ ഏകദേശം 7 ശതമാനം കേസുകളാണ് കണ്ടെത്താനായത് എന്നാണ് ഇസ്രയേലിലെ ഇന്റലിജന്‍സ് മന്ത്രാലയം പറഞ്ഞത്. ഷിന്‍ ബെറ്റിന്റെ സാങ്കേതികവിദ്യ മുൻപ് ഉപയോഗിച്ചിരുന്നത് തീവ്രവാദികളെ കണ്ടെത്താനായിരുന്നു.

 

∙ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് റൂംസ്

 

മൊത്തം നാലുപേരും ഒരുമിച്ച് വിഡിയോ കോള്‍ തുടങ്ങാനുള്ള ഫീച്ചറായ ലൈവ് റൂംസ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു.

 

English Summary: Chinese hackers attacked IT systems of Indian Covid vaccine makers Serum Institute, Bharat Biotech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com