ADVERTISEMENT

ആമസോണ്‍ മുന്‍ മേധാവി ജെഫ് ബെസോസിന്റെ ആസ്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉയര്‍ന്നത് 7,000 കോടി ഡോളറാണ്. എന്നാൽ, കമ്പനിയിൽ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും സമയംകിട്ടുന്നില്ലെന്നും അവർ കുപ്പികളിലാണ് കാര്യം സാധിക്കുന്നതെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത. കമ്പനിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികളെക്കുറിച്ചുള്ള ആരോപണങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബയോമെട്രിക് സംവിധനത്തിലൂടെ സൈന്‍-ഇന്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ജോലിക്കാര്‍ രാജിവച്ചു പോകണമെന്നു പറഞ്ഞതായും ആരോപണമുണ്ട്. 

 

മുതലാളിയായ ബെസോസ് ഒരു ഭാഗത്ത് കോടികൾ നേടുമ്പോൾ തന്നെ മറുഭാഗത്ത് സാധാരണ ജീവനക്കാര്‍ കുപ്പികളില്‍ മൂത്രമൊഴിക്കുകയും പെട്ടികളില്‍ മറ്റു കാര്യങ്ങൾ സാധിക്കുകയും ചെയ്യുന്നുവെന്ന ആരോപണം കമ്പനിക്ക് കടുത്ത നാണക്കേടുണ്ടാക്കിരിക്കുകയാണ്. 

 

മണിക്കൂറില്‍ 15 ഡോളര്‍ ( എല്ലാ രാജ്യങ്ങളിലെയും കാര്യമായിരിക്കില്ല) നല്‍കിയാല്‍ മാത്രം പോര, ജോലിയെടുക്കാന്‍ ആരോഗ്യകരമായ സാഹചര്യങ്ങള്‍ ഒരുക്കുകയും വേണമെന്നാണ് ആമസോണിനോട് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഇത് കോവിഡ്മൂലം പലരും പുറത്തെ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടാത്തതിനാലാകാമെന്നും വാദമുണ്ട്. കോവിഡ് മൂലം ഓണ്‍ലൈന്‍ വ്യാപാരം വളര്‍ന്നതും ജോലിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കാം. അതേസമയം, ഇത്തരം ആരോപണങ്ങളെല്ലാം തള്ളി ആമസോണും രംഗത്തെത്തി. ഇതൊക്കെ ശരിയാണെങ്കില്‍ ആരെങ്കിലും ആമസോണിനു വേണ്ടി ജോലിയെടുക്കാന്‍ വരുമോ എന്നാണ് അവര്‍ ട്വീറ്റിലൂടെ ചോദിക്കുന്നത്.

 

എന്നാല്‍, ആമസോണിന്റെ പ്രതികരണം വന്ന ശേഷം കമ്പനിയുടെ വിമര്‍ശകര്‍ തെളിവു സഹിതമാണ് തിരിച്ചടിച്ചത്. 

 

ഇതിനു തെളിവായി ബസ്ഫീഡ് റിപ്പോര്‍ട്ടര്‍ കെന്‍ ബെന്‍സിങ്ഗര്‍ ആമസോണ്‍ ജോലിക്കാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ കോപ്പിയും ട്വീറ്റു ചെയ്തിട്ടുണ്ട്. അതുപ്രകാരം, ഡെലിവറി വാനുകളില്‍ പോകുന്ന ഡ്രൈവര്‍മാര്‍ ചപ്പുചവറുകള്‍ ഡ്യൂട്ടികഴിയുമ്പോള്‍ എടുത്തുമറ്റണമെന്നും മൂത്രക്കുപ്പികള്‍ എടുത്തു കളയണമെന്ന് എഴുതിയിരിക്കുന്നതും ട്വീറ്റു ചെയ്തു. 

 

പ്രശ്‌നം ഡെലിവറി ജോലിക്കാരെയും പാക്കിങ് ജോലിക്കാരെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നു മനസ്സിലാകുന്നത്. പലര്‍ക്കും മൂത്രനാളത്തില്‍ അണുബാധയുണ്ടായിരിക്കുന്നതായും പറയുന്നു. സമയത്തിനു സാധനങ്ങള്‍ എത്തിച്ചുകൊടുക്കാതിരുന്നാല്‍ തങ്ങള്‍ക്കു ലഭിക്കുന്ന വേതനത്തില്‍ വന്നേക്കാവുന്ന കുറവാണ് പല ഡ്രൈവര്‍മാരെയും ഇത്തരത്തില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നു പറയുന്നു. പല ഡ്രൈവര്‍മാരും രാവിലെ ബാത്‌റൂമില്‍ പോയതിനു ശേഷം വലിയ കുപ്പികളും വാങ്ങിയാണ് വാനുകളില്‍ പോകുന്നത്. ഇത് കമ്പനിക്ക് അറിയാമെന്നും അവര്‍ അനങ്ങാതിരിക്കുകയാണെന്നും ചില ജോലിക്കാര്‍ ആരോപിച്ചു.

 

ആമസോണ്‍ മാനേജര്‍ അയച്ച ഇമെയിലിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇന്റര്‍സെപ്റ്റ് എന്ന പ്രസിദ്ധീകരണമാണ് ഈ രേഖകൾ പുറത്തുവിട്ടത്. ജോലിസമയത്ത് വാഹനത്തിലിരുന്ന് മലമൂത്രവിസര്‍ജനം നടത്തുന്നതിനെയാണ് ഇതില്‍ വിമര്‍ശിച്ചിരിക്കുന്നത്. ഇന്നു വൈകീട്ട് ഒരു ഡ്രൈവര്‍ തിരിച്ചെത്തിച്ച വാഹനത്തില്‍ ആമസോണ്‍ ബാഗില്‍ മനുഷ്യരുടെ വിസര്‍ജ്യം കണ്ടെത്തിയെന്നും കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് കാണുന്നതെന്നും ഇമെയിലിൽ പറയുന്നുണ്ട്. എന്നാല്‍, ഡ്രൈവര്‍ക്ക് അല്ലെങ്കില്‍ സഹായിക്ക് കടുത്ത ശങ്കയുണ്ടായിരിക്കാം. കോവിഡിന്റെ സാഹചര്യത്തില്‍ ബാത്ത്‌റൂമുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതായിരിക്കാം കാരണമെന്ന് തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ഇമെയിലില്‍ പറയുന്നു. അതേസമയം, ഡ്രൈവര്‍മാര്‍ക്കെല്ലാം ഡെലിവര്‍ ചെയ്യാത്ത പാക്കുകളുമായി തിരിച്ചെത്തിയാല്‍ ജോലിപോകുമോ എന്ന പേടിയുണ്ടെന്നും പറയുന്നു.

 

∙ മറ്റ് ആരോപണങ്ങള്‍

 

കമ്പനിയുടെ മുദ്രാവാക്യം, 'കഠിനാധ്വാനം ചെയ്യുക, വിനോദങ്ങള്‍ ആസ്വദിക്കുക, ചരിത്രം കുറിക്കുക' എന്നതാണ്. എന്നാല്‍ കഠിനാധ്വാനം മാത്രമാണ് നടക്കുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കൊറോണാവൈറസ് പടര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ജോലിക്കാര്‍ക്ക് വേണ്ട മുന്‍കരുതലുകള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്. ജോലിക്കാര്‍ക്ക് വേണ്ടത്ര പ്രതിരോധ വസ്ത്രങ്ങള്‍ നല്‍കിയില്ലെന്നു മാത്രമല്ല, കൂട്ടുജോലിക്കാര്‍ക്ക് കോവിഡ് പകര്‍ന്ന കാര്യം അറിയിക്കുക പോലും ചെയ്തില്ലെന്നും പറയുന്നു.

 

ബയോമെട്രിക് സംവിധാനത്തിലേക്ക് ബലമായി സൈന്‍-ഇന്‍ ചെയ്യിക്കുന്നുണ്ട്. അതിനു ശേഷം കമ്പനി എഐ ശക്തി പകരുന്ന ക്യാമറകള്‍ ഉപയോഗിച്ച് ക്യാബിനുകളില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുന്നു. നേട്രഡൈന്‍ (Netradyne) എന്ന കമ്പനി നിര്‍മിച്ചു നല്‍കിയിരിക്കുന്ന ക്യാമറകളാണ് വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ച് ഡ്രൈവറുടെ മുഖഭാവം, ശരീരത്തിന്റെ അനക്കങ്ങള്‍, ഡ്രൈവര്‍ ശ്രദ്ധിച്ചാണോ വണ്ടിയോടിക്കുന്നത്, സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം കമ്പനിക്ക് അറിയാനാകും. അതേസമയം, എഐ ഉപയോഗിച്ചിരിക്കുന്നത് തങ്ങളുടെ ഡെലിവറി സേവനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനാണ് എന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം. പുതിയ ക്യമാറാ സിസ്റ്റം ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം അപകടനിരക്ക് 47 ശതമാനം കുറഞ്ഞിരിക്കുന്നതായും കമ്പനി അവകാശപ്പെടുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയുള്ള ഓട്ടം 20 ശതമാനം കുറഞ്ഞതായും, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിങ് 60 ശതമാനം കുറഞ്ഞതായും, അശ്രദ്ധമായ ഡ്രൈവിങ് 45 ശതമാനം കുറഞ്ഞതായും കമ്പനി പറയുന്നു.

 

English Summary: Amazon picks a Twitter fight over claims that workers resort to urinating in bottles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com