sections
MORE

ഐഫോണ്‍ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്! അടിയന്തരമായി ഒഎസ് അപ്‌ഡേറ്റു ചെയ്യണം

iphone
SHARE

ഹാക്കർമാർ ഐഒഎസിലെ ഒരു വെബ്കിറ്റിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി ഐഫോണുകൾ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോർട്ട്. ഇതിനൊരു പരിഹാരമായാണ് ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അടിയന്തരമായി ഇറക്കിയിരിക്കുന്നത്. ഐഒഎസിന്റെ 14.4.2 വേര്‍ഷന്‍ നിലവിലെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് അവതരിപ്പിച്ചതെന്നും ആപ്പിള്‍ അറിയിച്ചു. 

ഐപാഡ് ഉപയോഗിക്കുന്നവര്‍ക്കും പുതിയ സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. വെബ്കിറ്റ് വഴി ദുരുദ്ദേശമുള്ള വെബ്‌സൈറ്റുകള്‍ക്ക് ക്രോസ്-സൈറ്റ് സ്‌ക്രിപ്റ്റിങ് നടത്താന്‍ സാധിക്കുമായിരുന്നുവെന്ന് ആപ്പിള്‍ നിരീക്ഷിക്കുന്നു.

ആപ്പിള്‍ വാച്ച് ഒഎസ് 7.3.3 പുറത്തിറക്കിയിട്ടുണ്ട്. അതുപോലെ, ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 6, ഐഫോണ്‍ 5എസ്, ഐപാഡ് മിനി മൂന്നാം തലമുറ, ആദ്യ തലമുറയിലെ ഐപാഡ് എയര്‍, ആറാം തലമുറയിലെ ഐപാഡ് ടച്ച് ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കായി ഒരു പാച്ചും പുറത്തിറക്കിയിട്ടുണ്ട്. ഐഒഎസ് 12.5.2 എന്നായിരിക്കും ഇത് അറിയപ്പെടുക.

∙ കോടതികളും സാങ്കേതികവിദ്യയാല്‍ ആധുനികവല്‍ക്കരിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ്

കോവിഡ്-19 മൂലം പലര്‍ക്കും നീതിയുറപ്പാക്കുന്ന കാര്യത്തില്‍ വെല്ലുവിളി നേരിട്ടിട്ടുണ്ട്. പക്ഷേ, മഹാമാരി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച് കോടതികളുടെ ആധുനികവല്‍ക്കരണത്തിനു വഴിവയ്ക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു. കോടതി മുറികളുടെയും സമുച്ചയങ്ങളുടെയും വലുപ്പം ഇനി കുറയുമെന്നും ബോംബെ ഹൈക്കോടതിയുടെ ഗോവാ ബഞ്ച് ഉദ്ഘാടനം ചെയ്തു ചീഫ് ജസ്റ്റിസ് പറഞ്ഞു. 

∙ വെനിസ്വേലന്‍ പ്രസിഡന്റിന്റെ അക്കൗണ്ടും ഫെയ്‌സ്ബുക് മരവിപ്പിച്ചു

കോവിഡ്-19നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് മരവിപ്പിച്ചു. കോവിഡ് രോഗം ഭേദമാക്കാന്‍ കൊള്ളാമെന്ന് പറഞ്ഞ് പ്രസിഡന്റ് പ്രചരിപ്പിക്കുന്ന മരുന്നിന് അത്തരത്തിലുളള ഗുണമൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഫെയ്സ്ബുക് പറയുന്നത്. കര്‍വാറ്റിവിര്‍ (Carvativir) എന്ന മരുന്ന് കോവിഡ്–19 നെ പ്രതിരോധിക്കാൻ നല്ലതാണെന്നു പറഞ്ഞ് പ്രസിഡന്റ് ഫെയ്‌സ്ബുക് വഴി പ്രചരിപ്പിച്ചിരുന്നു.‌

∙ ഇനി വില കുറഞ്ഞ 5ജി ഫോണുകളും പ്രതീക്ഷിക്കാം

ക്വാല്‍കം കമ്പനി സ്‌നാപ്ഡ്രാഗണ്‍ സീരീസിലുള്ള 780ജി 5ജി ചിപ്പ് പുറത്തിറക്കി. സിസ്റ്റം-ഓണ്‍-ചിപ് ആര്‍ക്കിടെക്ചറിലുളള പുതിയ പ്രോസസര്‍ 5എന്‍എം ടെക്‌നോളജി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ഇമേജ് സിഗ്നല്‍ പ്രോസസര്‍, 4കെ എച്ഡിആര്‍, കംപ്യൂട്ടേഷണല്‍ എച്ഡിആര്‍, എച്ഡിആര്‍ 10 തുടങ്ങിയ സാങ്കേതികവിദ്യകള്‍ അടങ്ങിയ ആദ്യ സ്‌നാപ്ഡ്രാഗണ്‍ 7 സീരീസ് പ്രോസസറാണിത്. പുതിയ പ്രോസസര്‍ വന്നതിനാല്‍ ഇനി പല ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും താരമമ്യേന വിലകുറഞ്ഞ 5ജി ഫോണുകള്‍ ഇറക്കിയേക്കുമെന്ന് കരുതുന്നു.

∙ ആമസോണ്‍ തങ്ങളെ യന്ത്രമനുഷ്യരെ പോലെ കണക്കാക്കുന്നുവെന്ന് ചില ജോലിക്കാര്‍

കമ്പനി തങ്ങളെ യന്ത്രമനുഷ്യരെ പോലെയാണ് കണക്കാക്കുന്നത്, മനുഷ്യരെ പോലെയല്ലെന്ന് ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ അലബാമയിലെ വെയര്‍ഹൗസ് ജോലിക്കാരിയായ ലിന്‍ഡാ ബേണ്‍സ് പറഞ്ഞു. ആമസോണ്‍ ജോലിക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും പറയുന്നു. 

∙ ഷഓമിയും ഇലക്ട്രിക് വാഹന നിര്‍മാണത്തിന്

ഗ്രെയ്റ്റ് വാള്‍ മോട്ടര്‍ കമ്പനി ലിമിറ്റഡിന്റെ ഫാക്ടറി ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷഓമി അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ ഷഓമിയുടെ ഓഹരി വില 6.3 ശതമാനം ഉയര്‍ന്നു. 

∙ ബ്ലാക് ഹോളിന്റെ സുവിശദമായ ചിത്രം കാണാം

ബ്ലാക് ഹോളിന്റെ അഥവാ തമോഗര്‍ത്തത്തിന്റെ ഇന്നേവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും സുവിശദമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഇവന്റ് ഹൊറൈസണ്‍ ടെലസ്‌കോപ്. ചിത്രം ഇവിടെ കാണാം: https://eventhorizontelescope.org/blog/astronomers-image-magnetic-fields-edge-m87s-black-hole ബ്ലാക് ഹോളിന്റെ ആദ്യ ചിത്രവും ഇടിഎച് ആണ് പുറത്തുവിട്ടത്. പുതിയ ചിത്രത്തിനൊപ്പം ഒരു വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

മെസിയര്‍87 ഗ്യാലക്‌സിയുടെ ബ്ലാക് ഹോളിന്റെ ചിത്രമാണ് ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ പ്രതിഭാസങ്ങളിലൊന്നായാണ് തമോഗര്‍ത്തങ്ങള്‍ അറിയപ്പെടുന്നത്. അതിശക്തമായ ഗുരുത്വബലം നിലനില്‍ക്കുന്ന ഇടമാണിത്. എന്തിനെയും വലിച്ചെടുക്കാനുള്ള ശേഷി തമോഗര്‍ത്തങ്ങൾക്കുണ്ട്. ഇഎച്ടി ഭാവിയില്‍ പുറത്തുവിട്ടേക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളില്‍ തമോഗര്‍ത്തങ്ങളുടെ കാന്തിക വലയത്തെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ ലഭ്യമായേക്കുമെന്ന് ശാസ്ത്ര ലോകം കരുതുന്നു. പ്രപഞ്ചത്തിലെ വലിയ സമസ്യകളിലൊന്നായാണ് തമോഗര്‍ത്തങ്ങള്‍ അറിയപ്പെടുന്നത്.

English Summary: iOS 14.4.2: New Update Now Warning Issued To All iPhone Users

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA