ADVERTISEMENT

കൈ കൊണ്ടു വരച്ച ഒരു സെല്‍ഫ്-പോര്‍ട്രെയ്റ്റ് (സ്വന്തം ഛായാചിത്രം) ലേലത്തില്‍ വിറ്റുപോയത് 688,000ലേറെ ഡോളറിനാണ് (ഏകദേശം 5.06 കോടി രൂപ). എന്നാല്‍, അത് വരച്ചത് ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാന്‍സണ്‍ റോബോട്ടിക്‌സ് നിര്‍മിച്ച ലോകത്തെ ഏറ്റവും പ്രശസ്തമായ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ ആണെന്നതാണ് മറ്റൊരു പ്രത്യേകത. തന്റെ മുഖം എങ്ങനെയാണ് ഇരിക്കുന്നതെന്ന് ഭാവനയില്‍ കണ്ട് സോഫിയ പകര്‍ത്തിയ ചിത്രമാണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയത്. ഇതാകട്ടെ, നോണ്‍-ഫങ്ഗിബിൾ ടോക്കണ്‍ അഥവാ എന്‍എഫ്ടി വിഭാഗത്തിലാണ് വരുന്നത്. ഇവ ഇന്റര്‍നെറ്റിലാണ് ഉള്ളതെങ്കിലും അവ ഡിജിറ്റള്‍ ഒപ്പോടു കൂടിയ എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. ചിത്രത്തിന്റെ പേരു നല്‍കിയിരിക്കുന്നത് 'സോഫിയ ഇന്‍സ്റ്റാന്‍ഷിയേഷന്‍' (Instantiation-ശക്തമായ ഉദാഹരണത്തോടു കൂടി പ്രതിനിധാനം ചെയ്യല്‍) എന്നാണ്. ഇറേണാ ക്യാപ്പിറ്റല്‍ എന്ന ബ്ലോക്‌ചെയിന്‍ നിക്ഷേപ കമ്പനിയിലെ കലാകാരനായ ആന്‍ഡ്രിയ ബോണസെറ്റോ ആണ് ചിത്രം സൃഷ്ടിക്കാന്‍ സോഫിയയെ സഹായിച്ചത്.

 

വളരെ നിറപ്പകിട്ടാര്‍ന്ന ഒരു ചിത്രം ബോണ്‍സെറ്റോ വരച്ചു സോഫിയയ്ക്കു നല്‍കുകയായിരുന്നു. ഇത് സോഫിയയുടെ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രോസസു ചെയ്‌തെടുത്തു. പിന്നീട് സോഫിയ തന്നെ ചിത്രം ഡിജിറ്റലായി പെയിന്റു ചെയ്‌തെടുക്കുകയും ചെയ്തു. നിഫ്റ്റി ഗെയ്റ്റ്‌വേ എന്ന എന്‍എഫ്റ്റി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രത്തിന്റെ ലേലം നടന്നത്. അവരുടെ വിവരണ പ്രകാരം 'സോഫിയ ഇന്‍സ്റ്റാന്‍ഷിയേഷന്‍' എന്നത് സോഫിയ തന്നെ പെയ്ന്റു ചെയ്തതാണ് എന്നാണ്. ഈ ചിത്രത്തില്‍ പ്രതിഫലിച്ചിരിക്കുന്നത് സോഫിയയുടെ സ്വന്തം കാഴ്ചയാണ്. അതില്‍ മനുഷ്യരുടെ ഇടപെടലില്ലെന്ന് കമ്പനി പറയുന്നു. 

 

ബൊണാസെറ്റോയുടെ ചിത്രം റോബോട്ട് എങ്ങനെയാണ് ഉള്‍ക്കൊണ്ട് പുഃനസൃഷ്ടിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയും യഥാര്‍ഥ ആര്‍ട്ട് വര്‍ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് ഒരു എഡിഷന്‍ മാത്രമുളള ചിത്രമാണ്. എന്നു പറഞ്ഞാല്‍ ഇതിനൊരു ഉടമയേ കാണൂ. ഇപ്പോഴത്തെ ലേലത്തില്‍ 888 എന്ന പേരു സ്വീകരിച്ചിരിക്കുന്ന ഡിജിറ്റല്‍ കലാകാരനാണ് 'സോഫിയ ഇന്‍സ്റ്റാന്‍ഷിയേഷന്‍' വാങ്ങിയത്.

 

സോഫിയയുമായി ഇടപെട്ടവരുടെ പോര്‍ട്രെയ്റ്റ് ചിത്രങ്ങളും വില്‍പനയ്ക്കു വച്ചിട്ടുണ്ട്. ഹാന്‍സണ്‍ റോബോട്ടിക്‌സ് സ്ഥാപകന്‍ ഡേവിഡ് ഹാന്‍സണ്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകന്‍ ബെന്‍ ഗോര്‍ട്‌സെല്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇവയുടെ 30 എഡിഷനുകള്‍ വീതമാണ് ലഭ്യമാക്കിയത്. ഇവയ്ക്ക് ഓരോന്നിനും 2,500-3,000 ഡോളര്‍ വരെ ലഭിക്കുകയുണ്ടായി. 10 ലക്ഷം ഡോളറിലേറെ വിലയ്ക്കുള്ള ഡിജിറ്റല്‍ കലാവസ്തുക്കളുടെ വില്‍പന നടന്നുവെന്ന് നിഫ്റ്റി ഗെയ്റ്റ്‌വെ വക്താവ് ശരിവയ്ക്കുകയും ചെയ്തു.

 

ലോകത്തെ ഏറ്റവും പ്രശസ്തമായ റോബോട്ടുകളില്‍ ഒന്നാണ് സോഫിയ. മനുഷ്യ സമാനമായ ഈ നിര്‍മിതിക്ക് സാമാന്യം സ്വാഭാവികമായി തന്നെ സംസാരിക്കാൻ കഴിയും. സ്വാഭാവിക ചലങ്ങള്‍ ഉണ്ടെന്നതും മുഖഭാവങ്ങള്‍ സൃഷ്ടിക്കാനാകുമെന്നതും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സോഫിയ ആക്ടിവേറ്റു ചെയ്യപ്പെടുന്നത് 2016ല്‍ ആണ്. തുടര്‍ന്ന് ഈ ഹ്യൂമനോയിഡ് റോബോട്ട് ലോകത്തെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പല സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യ സോഫിയയ്ക്ക് പൗരത്വവും നല്‍കിയിട്ടുണ്ട്. 

 

∙ എന്താണ് എന്‍എഫ്ടി?

 

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഉപയോഗിക്കുന്ന ബ്ലോക് ചെയ്ന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തിയാണ് എന്‍എഫിടികള്‍ സൃഷ്ടിക്കുന്നത്. ബ്ലോക്‌ചെയ്ന്‍ ലെഡ്ജറുകളില്‍ ഡിജിറ്റല്‍ ഒപ്പുകളോടെയാണ് ഇവ വില്‍ക്കുന്നത്. ഇതുവഴി ഇവയുടെ ഉടമ ആരാണെന്ന കാര്യം തിട്ടപ്പെടുത്താനാകും. ഇത്തരം ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമെങ്കിലും അതിന്റെ ഉടമസ്ഥതാവകാശം അതു കയ്യില്‍ വച്ചിരിക്കുന്നയാള്‍ക്കു മാത്രമായിരിക്കും. എന്‍എഫടിയിലേക്ക് ഇപ്പോള്‍ നിക്ഷേപം ഇറക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സെ തന്റെ ആദ്യ ട്വീറ്റിന്റെ എന്‍എഫ്ടി നിർമിച്ച് വിറ്റിരുന്നു. അതിന് 2.9 ദശലക്ഷം ഡോളറാണ് ലഭിച്ചത്. അദ്ദേഹം 2006ല്‍ നടത്തിയ ട്വീറ്റില്‍ ജസ്റ്റ് സെറ്റിങ് അപ് മൈ ട്വിറ്റര്‍ (just setting up my twttr) എന്നു മാത്രമാണ് ഉള്ളത്. ഇതു വാങ്ങിച്ചത് ബ്രിജ് ഓറക്കള്‍ സിഇഒ സിന എസ്റ്റവിയാണ്. ബീബിൾ എന്ന കലാകാരന്റെ ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്കാണ് എന്‍എഫ്ടിയുടെ ചരിത്രത്തിലെ ഏറ്റവുമധികം പണം നേടിയ കലാവസ്തു. ഇതിപ്പോൾ കൈവശപ്പെടുത്തിയിരിക്കുന്നത് 69.4 ദശലക്ഷം ഡോളറിനാണ്! എന്‍എഫ്ടി നിക്ഷേപ ഭ്രമം ലോകമെമ്പാടും വ്യാപിക്കുകയാണ്. എന്നാല്‍, ഇത്തരം നിക്ഷേപങ്ങളുടെ ഭാവി എത്ര സുരക്ഷിതമായിരിക്കുമെന്നു പറയാനാവില്ലെന്നു വാദിക്കുന്നവരും ഉണ്ട്.

 

English Summary: Self-portrait by Sofia sells for exorbitant money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com