ADVERTISEMENT

ലോകത്തെ മുൻനിര ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍ 1995ല്‍ സ്ഥാപിതമായതിനു ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കമ്പനിയിൽ യൂണിയൻ പ്രവർത്തനങ്ങൾ ഇല്ലാതിരുന്ന അമേരിക്കയിലെ അലബാമയിലാണ് ഇതിനുതുടക്കം കുറിച്ചിരിക്കുന്നത്. ഏകദേശം 6000 പേരാണ് ഇവിടെ ആമസോണിൽ ജോലിയെടുക്കുന്നത്. ഇവിടത്തെ യൂണിയൻകാരുടെ ആദ്യ ഉദ്യമം വിജയിച്ചാല്‍ ചെയിന്‍ റിയാക്ഷന്‍ പോലെ അമേരിക്കയിലെമ്പാടും യൂണിയന്‍പ്രവര്‍ത്തനം അതിവേഗം വ്യാപിച്ചേക്കാമെന്നും പറയുന്നു. അമേരിക്കയില്‍ ഏറ്റവുമധികം ജോലി നല്‍കുന്ന കമ്പനികളില്‍ രണ്ടാം സ്ഥാനത്താണ് ആമസോണ്‍. ചില ജോലിക്കാര്‍ക്ക് ഡ്യൂട്ടി സമയത്ത് മലമൂത്ര വിസര്‍ജനത്തിനു പോലും പോകാന്‍ സമയം കിട്ടാറില്ലെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. മഹാമാരിയുടെ സമയത്ത് ആമസോണിന്റെ വരുമാനം വാനോളം ഉയര്‍ന്നിരുന്നു.

 

ഇതിനിടെ യൂണിയന്‍ പ്രവര്‍ത്തനം ഒഴിവാക്കാനുള്ള ആമസോണിന്റെ ശ്രമവും പരാജയപ്പെട്ടു. യൂണിയന്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ നിങ്ങളുടെ പോക്കറ്റിലെ പണം പോകുമെന്ന് പറഞ്ഞ് ആമസോണ്‍ ചില പ്രചാരണ പരിപാടികള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. മണിക്കൂറിന് 15.30 ഡോളര്‍ (തുടക്ക വേതനം) പ്രതിഫലത്തില്‍ ഏകദേശം 10 മണിക്കൂറാണ് പല ജോലിക്കാരും ആമസോണിൽ ജോലിയെടുക്കുന്നത്. അരമണക്കൂര്‍ ഇടവേള ലഭിക്കും. പിന്നീട്, ബാത്‌റൂമില്‍ പോയി വരാനും വെള്ളം കുടിക്കാനും എടുക്കുന്ന സമയം പോലും കമ്പനി സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്നാണ് ജോലിക്കാരുടെ ആരോപണം.

 

ഇതിനെതിരെ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ചില ജോലിക്കാര്‍ പറയുന്നത്. ഇതിനാലാണ് തൊഴിലാളി യൂണിയനോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. യൂണിയൻ വന്നാൽ ജീവനക്കാരെ തോന്നിയപോലെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കാനും കൂടുതല്‍ ശമ്പളം നേടിയെടുക്കാനും ഉപകരിക്കുമെന്ന് അവരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. അലബാമയില്‍ നടന്ന വോട്ടിങ്ങില്‍ 5,805 പേരാണ് പങ്കെടുത്തത്. ആമസോണില്‍ തുടങ്ങിയാല്‍ പിന്നെ 800,000 ലേറെ ജോലിക്കാരുള്ള വാള്‍മാര്‍ട്ടിലേക്കും യൂണിയന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചേക്കും.

 

∙ ടിക്‌ടോക് ഉടമ ബൈറ്റ്ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇന്ത്യ മരവിപ്പിച്ചു

 

xiaomi-foldable

രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പായ ടിക്‌ടോക്കിന്റെ ഉടമ ബൈറ്റ്ഡാന്‍സിന്റെ അക്കൗണ്ടുകള്‍ ഇന്ത്യ മരവിപ്പിച്ചു. ഇത് പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയുമായി ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്പനിക്ക് ഇപ്പോഴും ഏകദേശം 1,300 ജോലിക്കാര്‍ ഇന്ത്യയിലുണ്ട്. അതേസമയം, അധികാരികളുടെ നീക്കത്തോട് തങ്ങള്‍ പരിപൂര്‍ണമായും സഹകരിക്കുമെന്നും തങ്ങള്‍ ഓരോ രാജ്യത്തെയും നിയമങ്ങളെ ബഹുമാനിക്കുന്ന കമ്പനിയാണെന്നും ബൈറ്റ്ഡാന്‍സ് പ്രതികരിച്ചു. ടാക്‌സ് അധികാരികള്‍ നടത്തിയ ഈ നീക്കം തെറ്റാണെന്ന് തങ്ങള്‍ പറയുമെങ്കിലും നിയമംപരിപൂര്‍ണമായി അനുസരിക്കുമെന്ന് അവര്‍ പറഞ്ഞു. 

 

∙ നാലു സ്പീക്കര്‍ അടക്കം ഉജ്ജ്വല ഫീച്ചറുകളുമായി ഷഓമിയുടെ ഫോള്‍ഡബിൾ ഫോണ്‍

 

ഷഓമി മി മിക്‌സ് ഫോള്‍ഡ് എന്ന പേരില്‍ 8.1-ഇഞ്ച് വലുപ്പമുള്ള ഓലെഡ് ഡിസ്‌പ്ലെയുള്ള ഫോണ്‍ പുറത്തിറക്കി. 16 ജിബി വരെ റാം ഉളള മോഡലുകളുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ ഫോണിന് 512 ജിബി വരെ സ്റ്റോറേജ് ശേഷി ഉണ്ടായിരിക്കും.

 

ഫോണിന്റെ 2കെ സ്‌ക്രീനാണ് പ്രധാന ആകര്‍ഷണീയത. ബെസൽ‌ലെസായി നിര്‍മിച്ച ഡിസ്‌പ്ലെ വലിയ സ്‌ക്രീന്‍ ആവശ്യമുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും. ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും വലുപ്പമുള്ള ഫോണ്‍ സ്‌ക്രീനുകളിലൊന്നാണിത്. തുറന്നിരിക്കുന്ന വിന്‍ഡോകളുടെ വലുപ്പം ക്രമീകരിക്കാനാകും. അകത്തെ സ്‌ക്രീനിനു കൂടിയ റിഫ്രഷ് റെയ്റ്റ് ഇല്ല. പുറമേയുള്ള സ്‌ക്രീനും അതിമനോഹരമാണ്. ഇതിനും 6.5-ഇഞ്ച് വലുപ്പമുണ്ട്. ഷഓമി ആദ്യമായി ഇറക്കുന്ന ഈ ഫോള്‍ഡബിൾ ഫോണിന് ഡെസ്‌ക്ടോപ് മോഡും ഉണ്ട്. ഇതിന് 90ഹെട്‌സ് റിഫ്രഷ് റെയ്റ്റുമുണ്ട്.

 

∙ ക്യാമറാ സിസ്റ്റം

 

മറ്റൊരു ചൈനീസ് കമ്പനിയായ വാവെയെ പോലെ തന്നെ ക്യാമറകളുടെ നിര്‍മാണത്തില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഒരു മടിയും കാണിക്കാത്ത കമ്പനിയാണ് ഷഓമി. പുതിയ ഫോണില്‍ മറ്റൊരു കമ്പനിയും നടത്താത്ത ചില പരീക്ഷണങ്ങളാണ് ഷഓമി നടത്തിയിരിക്കുന്നത്. ലോകത്തെ ആദ്യത്തെ ലിക്വിഡ് ലെന്‍സും കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 'സേര്‍ജ് സി1 സിഗ്നല്‍ പ്രോസസറും' ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാം ഷഓമി കരുതുന്ന രീതിയില്‍ നടന്നാല്‍ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ പുതിയൊരു തുടക്കം കുറിക്കാന്‍ സാധ്യതയുള്ളതാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ലിക്വിഡ് ലെന്‍സ് (കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://bit.ly/3m4M8nG).

 

മി മിക്‌സ് ഫോള്‍ഡിന്റെ പ്രധാന ക്യാമറയ്ക്ക് 108 എംപിയാണ് റെസലൂഷന്‍. 13 എംപി അള്‍ട്രാവൈഡ് ലെന്‍സും, 8 എംപി ലിക്വിഡ് ലെന്‍സുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സെല്‍ഫിക്കും വിഡിയോ കോളിനുമായി 20 എംപി ക്യാമറയും നല്‍കിയിട്ടുണ്ട്. ഫോണിന് 5020 എംഎഎച് ഇരട്ട സെല്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇതിന് 67w ക്വിക് ചാര്‍ജിങ് ഉണ്ട്. വയര്‍ലെസ് ചാര്‍ജിങ്ങിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

 

∙ നാലു സ്പീക്കര്‍ 

 

ലോകത്തെ ആദ്യത്തെ നാലു സ്പീക്കറുള്ള ഫോണാണ് മി മിക്‌സ് ഫോള്‍ഡ് എന്ന് ഷഓമി അവകാശപ്പെട്ടു. ഓരോ വശത്തുമായി ഇരട്ട 1216 സ്പീക്കറുകളാണ് പിടിപ്പിച്ചിരിക്കുന്നത്. ഇവ ഹാര്‍മണ്‍ കാര്‍ഡോണ്‍ ട്യൂണ്‍ ചെയ്തു നല്‍കിയതാണെന്നും ഷഓമി അറിയിച്ചു.

 

ഇതോടെ സാംസങും വാവെയും മുന്നിട്ടു നില്‍ക്കുന്ന ഫോള്‍ഡബിൾ ഫോണ്‍ മേഖലയിൽ ഷഓമിയും സജീവമായി. സമീപ വര്‍ഷങ്ങളില്‍ തന്നെ ആപ്പിളും തങ്ങളുടെ ആദ്യ ഫോള്‍ഡബിൾ ഫോണ്‍ ഇറക്കുമെന്നു പറയുന്നു. ഫീച്ചറുകള്‍ മാത്രമല്ല വിലയും ഉയർന്നതാണ് എന്നതാണ് മിക്‌സ് ഫോള്‍ഡിന്റെ ഒരു പ്രശ്‌നം. നാലു വേരിയന്റുകളാണ് ഇറക്കിയിരിക്കുന്നത്. 12 ജിബി റാമും, 256ജിബി സംഭരണശേഷിയുമുള്ള മോഡലിന് ഏകദേശം 1,11,700 രൂപ വില വരും. അതേസമയം, 16ജിബി റാമും, 512ജിബി സ്റ്റോറേജുമുള്ള ഏറ്റവും കൂടിയ മോഡലിന് ഏകദേശം 1,45,200 രൂപ വില വരാം!

 

English Summary: Landmark Amazon union vote count begins in Alabama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com