ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് നിര്‍മാതാക്കളില്‍ ഒന്നാകുക എന്നത് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി പുതിയ പദ്ധതിയൊരുക്കുകയാണ് രാജ്യം. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന കമ്പനികള്‍ക്കെല്ലാം 100 കോടി ഡോളറിലേറെ (ഏകദേശം 7320.75 കോടി രൂപ) പ്രോത്സാഹനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ചൈന, തായ്‌വാൻ പോലുളള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉപേക്ഷിക്കാൻ ലക്ഷ്യമിട്ടുളളതാണ് ഈ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെ ഇപ്പോൾ തന്നെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട് ഫോൺ നിര്‍മാതാവായി കഴിഞ്ഞു. ചൈനയാണ് ഇക്കാര്യത്തില്‍ ഇപ്പോഴും ബഹുദൂരം മുന്നില്‍.

 

കേന്ദ്രത്തിന്റെ ഏറ്റവും പുതിയ തന്ത്രപരമായ നീക്കം നോക്കിയാല്‍ മനസ്സിലാകുന്നത് രാജ്യത്ത് ചിപ്പ് നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ്. രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന ഓരോ കമ്പനിക്കും 100 കോടി ഡോളറിലേറെ പണമായി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതായി പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

 

രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന കമ്പനികള്‍ക്ക് നില്‍കുന്ന ഒരു വാഗ്ദാനം ഇവിടെ നിര്‍മിക്കുന്ന പ്രോസസറുകള്‍ ഇന്ത്യ നേരിട്ടു വാങ്ങുമെന്നതാണ്. കൂടാതെ, രാജ്യത്ത് ചിപ്പ്-കേന്ദ്രീകൃത നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികളോട് ഇവിടെ നിര്‍മിക്കുന്ന ചിപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമവും ഇറക്കും. എന്നാല്‍, എങ്ങനെയാണ് പ്രോത്സാഹനമായി പണം നല്‍കുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദ്യം ഈ വാര്‍ത്തയെക്കുറിച്ച് വിവിധ ചിപ്പ് നിര്‍മാണക്കമ്പനികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിഞ്ഞ ശേഷമായിരിക്കും തുടര്‍ നീക്കങ്ങളെന്നും മറ്റൊരു സർക്കാർ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. നിലവില്‍ ലോകത്ത് ചിപ്പ് പ്രതിസന്ധി നേരിടുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ ചിപ്പ് നിര്‍മാണ കമ്പനികള്‍ക്ക് പലതരം ഇളവുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇലക്ട്രിക് കാര്‍, ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനികള്‍ തുടങ്ങിയവയെ ചിപ്പ് പ്രതിസന്ധി അലട്ടിത്തുടങ്ങിയിട്ടുണ്ട്. ചിപ്പുകള്‍ നിര്‍മിച്ചു കിട്ടാന്‍ ഇപ്പോള്‍ ലോകം താ‌യ്‌വാനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

 

ഇലക്ട്രോണിക്, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു കിട്ടാന്‍ ചൈനയെ ആശ്രയിക്കുന്ന രീതിക്ക് അറുതിവരുത്താനും പുതിയ നീക്കത്തിനാകുമെന്ന് ഇന്ത്യ കരുതുന്നു. പ്രാദേശികമായി നിര്‍മിച്ച ചിപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒരു വാണിജ്യ ചിഹ്നവും പതിക്കും. 'വിശ്വസനീയമായ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ചത്' എന്നായിരിക്കും അത്. സിസിടിവികള്‍ മുതല്‍ 5ജി ഉപകരണങ്ങള്‍ വരെയുള്ളവയുടെ കാര്യത്തില്‍ ഇതു പ്രാബല്യത്തില്‍ കൊണ്ടുവന്നേക്കും. അതേസമയം, ഏതെങ്കിലും ചിപ്പ് നിര്‍മാതാവ് പുതിയ ഉദ്യമത്തിന് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചതായി സൂചനകളില്ല.

 

ഇന്ത്യ നേരത്തെ ചിപ്പ് നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലായ്മ, വൈദ്യുതി പ്രതിസന്ധി, ഉദ്യോഗസ്ഥരുടെ പിടിവാശികൾ, വേണ്ടത്ര പ്ലാനിങ്ങില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചാണ് വന്‍കിട കമ്പനികള്‍ പോലും അത്തരമൊരു പരീക്ഷണത്തിനില്ലെന്നു പറഞ്ഞ് പോയത്. എന്നാല്‍, പുതിയ നീക്കം വിജയം കണ്ടേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇപ്പോള്‍ രാജ്യത്തു നടക്കുന്ന സ്മാര്‍ട് ഫോണ്‍ നിര്‍മാണം തന്നെയാണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, കാലത്തിനൊത്ത് മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ കമ്പനികളും പുതിയ നീക്കത്തിന് ഊര്‍ജം പകരുമെന്നും കരുതുന്നു. ഉദാഹരണത്തിന് ടാറ്റാ ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക് നിക്ഷേപമിറക്കാന്‍ സാധ്യത ആരായുന്ന സമയമാണിത്. അവര്‍ക്ക് ഹൈ-ടെക്, ഇലക്ട്രോണിക് നിര്‍മാണം എന്നിവയില്‍ കണ്ണുണ്ട്.

 

രാജ്യത്ത് ഒരു വന്‍കിട ചിപ്പ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കണമെങ്കില്‍ ഏകദേശം 500-700 കോടി ഡോളര്‍ വേണ്ടിവരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. സർക്കാരിന്റെ ചുവപ്പു നാടകളിലൂടെ കടന്നു പോയി നിര്‍മാണം തുടങ്ങണമെങ്കില്‍ 2-3 വര്‍ഷമെങ്കിലു എടുത്തേക്കുമെന്നും അവര്‍ വിലയിരുത്തുന്നു. കമ്പനികള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി വിഭാഗത്തിലും, റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് വിഭാഗത്തിലും, പലിശയില്ലാ ലോണിന്റെ കാര്യത്തിലുമായിരിക്കും ഇന്ത്യ ഇളവുകള്‍ നല്‍കുക.

 

∙ ഐഒഎഡ്, ആന്‍ഡ്രോയിഡില്‍ നിന്ന് കോര്‍ട്ടാനയെ പിന്‍വലിക്കുന്നു

 

മൈക്രോസോഫ്റ്റിന്റെ വോയിസ് അസിസ്റ്റന്റായ കോര്‍ട്ടാനയെ ആന്‍ഡ്രോയിഡ്, ഐഒഎസില്‍ നിന്നും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.

 

∙ പ്രശ്നങ്ങള്‍ക്കിടയിലും വാവെയ്ക്ക് 3.2 ശതമാനം അധിക ലാഭം

 

വിവാദ ചൈനീസ് കമ്പനിയായ വാവെയ് 2020ല്‍ തങ്ങള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.2 ശതമാനം അധിക ലാഭം ലഭിച്ചതായി അറിയിച്ചു. അമേരിക്കയുടെ ഉപരോധമടക്കമുള്ള വിലക്കുകള്‍ നിലനില്‍ക്കുമ്പോഴാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 

 

∙ ആഴക്കടല്‍ ഖനനം നിർത്തുന്നതിനെ പിന്തുണച്ച് ഗൂഗിളും സാംസങും

 

പാരിസ്ഥിതികാഘാതം പരിഗണിച്ച് ആഴക്കടല്‍ ഖനനം താത്കാലികമായി നിർത്തിവയ്ക്കണമെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട്. ഇതിനെ പിന്തുണച്ച് ഗൂഗിള്‍, ബിഎംഡബ്ല്യൂ, എബി വോള്‍വോ ഗ്രൂപ്പ്, സാംസങ് എസ്ഡിഐ തുടങ്ങി പല കമ്പനികളും രംഗത്തെത്തി. ഇലക്ട്രിക് കാര്‍ നിര്‍മാണം, സ്മാർട് ഫോണ്‍ നിര്‍മാണം തുടങ്ങിയവയ്ക്കെല്ലാമാണ് ധാതുക്കളെ കടലില്‍ നിന്ന് ഖനനം ചെയ്യുന്നത്. ജൈവോര്‍ജത്തില്‍ നിന്ന് ബാറ്ററിയുടെ ഉപയോഗത്തിലേക്കു നീങ്ങുന്ന ലോകം പല തരം ധാതുക്കളും കടലില്‍ നിന്ന് ഖനനം ചെയ്താണ് എടുക്കുന്നത്. കടലിന്റെ അടിത്തട്ട് ദീര്‍ഘവീക്ഷണമില്ലാതെ ഖനനം ചെയ്യുന്നത് കാലക്രമത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

 

∙ ആപ്പിളിന്റെ സ്വതന്ത്ര റിപ്പെയറിങ് പ്രോഗ്രാം കൂടുതല്‍ രാജ്യങ്ങളിലേക്ക്

 

നിങ്ങളുടെ ആപ്പിള്‍ ഉപകരണങ്ങള്‍ കേടുവന്നാല്‍ ഇപ്പോള്‍ രണ്ട് സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഒന്ന് ആപ്പിളിന്റെ സ്വന്തം റിപ്പെയറിങ് സെന്ററുകളിലെത്തുക, രണ്ട് തേഡ്-പാര്‍ട്ടി റിപ്പയറര്‍മാര്‍ക്ക് അടുത്തെത്തുക. ഇതു രണ്ടും നല്ല പണം ചെലവാകുന്ന കാര്യമാണ്. ഇതിനാല്‍ തന്നെ ആപ്പിള്‍ നേരത്തെ അമേരിക്കയിലും, കനഡയിലും, യൂറോപ്പിലും തുടങ്ങിവച്ച 'ഇന്‍ഡിപെന്‍ഡന്റ് റിപ്പെയര്‍ പ്രൊവൈഡര്‍' പ്രോഗ്രാം കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

 

∙ ആപ്പിളിന്റെ ഏറ്റവും വലിയ ഡവലപ്പര്‍ കോണ്‍ഫറന്‍സ് ജൂണ്‍ 7 മുതല്‍

 

ആപ്പിള്‍ കമ്പനിയുടെ സുപ്രധാന വാര്‍ഷിക പരിപാടിയായ വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് ജൂണ്‍ 7ന് തുടങ്ങി ജൂലൈ 11 ന് അവസാനിക്കും. ഈ വര്‍ഷം ആപ്പിളില്‍ നിന്നു പ്രതീക്ഷിക്കാവുന്ന പുതുമകളെക്കുറിച്ചുള്ള ഒരു ഏകദേശരൂപം ടെക് പ്രേമികള്‍ക്ക് ഈ സമയത്തു ലഭിക്കും.

 

∙ ക്യാനന്‍ ആര്‍5ന് സി-ലോഗ് 3, സെക്കന്‍ഡില്‍ 120 ഫ്രെയിം ഫുള്‍എച്ഡി വിഡിയോ ഷൂട്ടിങ് സ്പീഡ്

 

ഇപ്പോഴത്തെ ഏറ്റവും മികച്ച മിറര്‍ലെസ് ക്യാമറാ മോഡലുകളിലൊന്നായ ക്യാനന്റെ ഇഒഎസ് ആര്‍5 ക്യാമറയ്ക്ക് സി-ലോഗ് 3, സെക്കന്‍ഡില്‍ 120 ഫ്രെയിം ഫുള്‍എച്ഡി വിഡിയോ ഷൂട്ടിങ് സ്പീഡ് എന്നിവ ലഭിക്കും. പുതിയ ഫേംവെയര്‍ ആയ 1.3.0 ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ക്യാനന്റെ സിനിമ ക്യാമറകളില്‍ ലഭ്യമായ ഒന്നാണ് ക്യാനന്‍ ലോഗ് 3 അഥവാ സി-ലോഗ് 3. വര്‍ധിച്ച ഡൈനാമിക് റെയ്ഞ്ച് ആണ് ഇതിന്റെ ഗുണങ്ങളിലൊന്ന്. ക്യാനന്‍ ഇഒഎസ് ആര്‍6നും ഉണ്ട് ഫേംവെയര്‍. സി-ലോഗ് 3 ലഭിക്കില്ലെങ്കിലും, ലോ ബിറ്റ് റെയ്റ്റ് റെക്കോഡിങ്, ഇലക്ട്രോണിക് ഫുള്‍ടൈം മാന്യൂവല്‍ഫോക്കസ് തുടങ്ങി ഫീച്ചറുകള്‍ ഉണ്ടാകും. ക്യാനന്‍ ഇഒഎസ് 1ഡി എക്‌സ് മാര്‍ക്ക് IIIയ്ക്കും പുതിയ ഫേംവെയര്‍ ഇറക്കിയിട്ടുണ്ട്. 

 

English Summary: Make in India and get cash incentives of $1 billion: Govt's offer to chip-makers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com