ADVERTISEMENT

ടിവി ചാനലുകൾ നിലവിൽ ഉപയോഗിച്ചുവരുന്ന സ്‌പെക്ട്രം ടെലികോം കമ്പനികള്‍ക്ക് 5ജി സേവനങ്ങള്‍ക്കായി അനുവദിച്ചു നല്‍കിയാല്‍ ടെലിവിഷന്‍ പ്രക്ഷേപണം തടസപ്പെടുമെന്ന ഭീതി അറിയിച്ചിരിക്കുകയാണ് രാജ്യത്തെ ടിവി ബ്രോഡ്കാസ്റ്റര്‍മാരുടെ സംഘടനയായ ദി ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ (ഐബിഎഫ്). ഈ ഭീതി ക്യാബിനറ്റ് സെക്രട്ടറി, നീതി ആയോഗ് സിഇഒ, ഡോട്ട്, ഐബി എന്നിവയുടെ സെക്രട്ടറിമാര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ എന്നിവരെ അറിയിച്ചിരിക്കുകയാണ് ഐബിഎഫ്. ടെലികോം മേഖലയ്ക്ക് 5ജി പ്രക്ഷേപണത്തിനായി 4,000 MHz നു അപ്പുറത്തേക്കുള്ള ബാന്‍ഡുകളെയും സർക്കാർ പരിഗണിക്കുന്നുവെന്ന വാര്‍ത്തയാണ് ഐബിഎഫ് എടുത്തുകാണിക്കുന്നത്. ആദ്യം 5ജിക്കായി 3,400 MHz - 3,800 MHz ബാന്‍ഡ് പരിഗണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇതില്‍ മാറ്റം വരുത്തുന്നത് ടിവി പ്രക്ഷേപണത്തിനു പ്രശ്‌നം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്.

 

ടിവി ബ്രോഡ്കാസ്റ്റര്‍മാര്‍ ഉപയോഗിക്കുന്നത് 3,700 MHz - 4,200 MHz ബാന്‍ഡാണ്. രാജ്യത്ത് 600ലേറെ സാറ്റലൈറ്റ് ചാനലുകള്‍ക്ക് ഈ ബാന്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സർക്കാർ ലൈസന്‍സും നല്‍കിയിട്ടുണ്ട്. എന്നാലിപ്പോള്‍ 5ജി യ്ക്ക് വഴിയൊരുക്കാനായി തങ്ങളെ ഇവിടെ നിന്ന് ഒഴിപ്പിച്ചേക്കുമെന്നാണ് ചാനലുകള്‍ ഭയക്കുന്നത്. പതിറ്റാണ്ടുകളായി ഈ ബാന്‍ഡിലാണ് ടിവി ചാനലുകള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നാണ് അധികാരികള്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സർക്കാർ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് അവര്‍ അഭ്യര്‍ഥിക്കുന്നത്. പുതിയ നീക്കം ബ്രോഡ്കാസ്റ്റിങ് മേഖലയെ ഈ ബാന്‍ഡില്‍ നിന്ന് പൂര്‍ണമായി നീക്കിയേക്കുമെന്നാണ് പറയുന്നത്. ഒരേസമയത്ത് സാറ്റലൈറ്റ് ചാനലുകള്‍ക്കും 5ജിക്കും ഈ ബാന്‍ഡില്‍ പ്രവര്‍ത്തിക്കാനാവില്ല. ഈ ബാന്‍ഡിലേക്കും 5ജി അനുവദിച്ചാല്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് ഗുരുതരപ്രശ്‌നങ്ങള്‍ നേരിടുമെന്നാണ് അവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്.

 

∙ ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാട് പൂര്‍ത്തിയാക്കാനുള്ള കാലാവധി നീട്ടി റിലയന്‍സ്

 

ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഇന്ത്യയൊട്ടാകെയുള്ള ബിസിനസും വ്യാപാര സ്ഥാപനങ്ങളും വാങ്ങാനുള്ള റിലയന്‍സ് റീട്ടെയിലിന്റെ നീക്കത്തിനു തിരിച്ചടി നേരിട്ടിരുന്നു. തങ്ങളുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നു പറഞ്ഞ് ആമസോണ്‍ രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ ഇടപാട് പൂർത്തിയാക്കുന്നത് നീണ്ടുപോയി. ഫ്യൂച്ചര്‍ കമ്പനിയുടെ മറ്റൊരു വിഭാഗമായ ഫ്യൂച്ചര്‍ റീട്ടെയിലില്‍ ആമസോണ്‍ 2019 ഓഗസ്റ്റില്‍ നിക്ഷേപം നടത്തിയിരുന്നു. അന്ന് ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 10 വര്‍ഷത്തിനു ശേഷം വേണമെങ്കില്‍ ആമസോണിന് ഫ്യൂച്ചര്‍ റീട്ടെയിലും സ്വന്തമാക്കാമെന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് ഫ്യൂച്ചര്‍-റിലയന്‍സ് ഇടപാടിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. സൂപ്രീം കോടതിയില്‍ ആമസോണ്‍ നല്‍കിയിരിക്കുന്ന കേസ് തീര്‍പ്പാകാതെ വില്‍പനയുമായി മുന്നോട്ടു പോകാനാവില്ലെന്ന് മനസ്സിലായതിനാലാണ് ഫ്യൂച്ചര്‍ റീട്ടെയില്‍ വാങ്ങാനുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചത്.

 

∙ മൈക്രോസോഫ്റ്റ് 365ന് വന്ന തകരാര്‍ പരിഹരിച്ചതായി കമ്പനി

 

FRANCE-US-INTERNET-SOCIAL-NETWORK-TWITTER

വളരെയധികം പേര്‍ പണം കൊടുത്ത് ഉപയോഗിക്കുന്ന, മൈക്രോസോഫ്റ്റ് 365 സേവനങ്ങള്‍ പലര്‍ക്കും തടസപ്പെട്ടാതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കുകയോ, തീക്ഷ്ണത കുറയ്ക്കുകയോ ചെയ്തതായി കമ്പനി അറിയിച്ചു.

 

∙ ഐഫോണ്‍ 11 സീരീസിന്റെ ബാറ്ററി പ്രശ്‌നം ഐഒഎസ് 14.5ല്‍ പരിഹരിക്കാനായേക്കുമെന്ന് ആപ്പിള്‍

 

ലോകമെമ്പാടും നിന്നുള്ള നിരവധി ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് ഉപയോക്താക്കള്‍ തങ്ങളുടെ ഫോണിന്റെ ബാറ്ററി ചാര്‍ജ് വളരെ വേഗം കുറഞ്ഞു പോകുന്നതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനൊരു പരിഹാരം ഇറങ്ങാന്‍ പോകുന്ന ഐഒഎസ് 14.5ല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ബാറ്ററി ഹെല്‍ത് റിപ്പോര്‍ട്ടിങ് സിസ്റ്റം മൊത്തത്തില്‍ റീ കാലിബറേറ്റു ചെയ്യാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാറ്ററി ഹെല്‍ത്ത് എത്രയെന്നു പറയുന്നരീതി, പെട്ടെന്ന് ബാറ്ററി തീര്‍ന്നുപോകുന്നത് ഇതു രണ്ടും നീക്കം ചെയ്തേക്കും. ചിലപ്പോള്‍ ഇതു പരിഹരിക്കാന്‍ ആഴ്ചകള്‍ എടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.

 

∙ പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് റഷ്യന്‍ കോടതി ട്വിറ്ററിന് 117,000 ഡോളര്‍ പിഴയിട്ടു

 

കൂടുതല്‍ സ്വേച്ഛാധിപത്യ സ്വഭാവമുള്ള രാജ്യങ്ങള്‍ സമൂഹ മാധ്യമ കമ്പനികള്‍ക്കെതിരെ തിരിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ട്വിറ്ററും റഷ്യയും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നത്തിലായിരുന്നു. സർക്കാർ ആവശ്യപ്പെട്ട ചില പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിനായിരുന്നു റഷ്യ ട്വിറ്ററുമായി കലഹിച്ചിരുന്നുത്. തങ്ങളുടെ രാജ്യത്ത് ട്വിറ്റര്‍ പരിപൂര്‍ണമായി നിരോധിക്കുമെന്ന് മാര്‍ച്ച് 16ന് റഷ്യ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ മോസ്‌കോയിലെ ജില്ലാ കോടതി ട്വിറ്ററിന് പിഴയിട്ടിരിക്കുകയാണ്. റഷ്യയിലെ നിയമത്തിന് അനുസരിച്ചു പ്രവര്‍ത്തിച്ചില്ലെന്ന കാരണം കാണിച്ചാണ് പിഴയിട്ടിരിക്കുന്നത്. മൊത്തം 89 ലക്ഷം റൂബിൾസ് (ഏകദേശം 117,000 ഡോളര്‍) ആണ് പിഴ.

 

∙ വണ്‍പ്ലസ് 9 പ്രോ താഴെ വീഴാതെ സൂക്ഷിക്കണമെന്ന് ഐഫിക്‌സിറ്റ് ടിയര്‍ഡൗണ്‍ വിഡിയോ

 

ലോകത്ത് ഇന്നു വാങ്ങാവുന്ന ഏറ്റവു കരുത്തന്‍ ആന്‍ഡ്രോയിഡ് ഫോണുകളിലൊന്നാണ് വണ്‍പ്ലസ് 9 പ്രോ. മികച്ച സാങ്കേതികവിദ്യകള്‍ കൂട്ടിയിണക്കിയുണ്ടാക്കിയ ഈ ടെക്‌നോളജി മാസ്റ്റര്‍പീസിന്റെ ഉള്‍ഭാഗങ്ങള്‍ തുറന്നു പരിശോധിക്കുന്ന വിഡിയോ ഐഫിക്‌സിറ്റ് വെബ്‌സൈറ്റ് പുറത്തുവിട്ടു. ഒരു ഉപകരണം നന്നാക്കിയെടുക്കാന്‍ എളുപ്പമാണോ എന്നാണ് ഐഫിക്‌സിറ്റ് സാധാരണ പരിശോധിക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ റിപ്പെയർ ചെയ്യാവുന്ന ഉപകരണത്തിന് അവര്‍ പത്തില്‍ പത്തു പോയിന്റും നല്‍കും. വണ്‍പ്ലസ് 9 പ്രോയ്ക്ക് പത്തില്‍ 4 പോയിന്റാണ് ലഭിച്ചത്. എന്നാല്‍, അതില്‍ വലിയ കാര്യമില്ല, സാംസങ് ഗ്യാലക്‌സി എസ്21 അള്‍ട്രായ്ക്ക് പത്തില്‍ മൂന്നു പോയിന്റാണ് ലഭിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും വണ്‍പ്ലസ് 9 പ്രോ വാങ്ങുന്നവര്‍ അതു താഴെ വീഴാതെ സൂക്ഷിക്കുന്നത് നല്ലതായിരിക്കുമെന്നാണ് വിഡിയോ നല്‍കുന്ന പാഠം. വിഡിയോ ഇവിടെ കാണാം: https://youtu.be/GXX1WdBHQRM

 

∙ വാവെയ് മോണിട്ടര്‍ നിര്‍മാണ രംഗത്തേക്കു കടക്കുന്നു

 

സ്മാര്‍ട് ഫോണ്‍, ടെലികോം ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മിച്ചു വില്‍ക്കുന്ന വാവെയ് ആദ്യമായി കംപ്യൂട്ടര്‍ മോണിട്ടറും അവതരിപ്പിച്ചു. ഫോണ്‍ നിര്‍മാണവും ടെലികോം ഉപകരണ നിര്‍മാണവും പ്രതിസന്ധിയിലായതോടെയാണ് പുതിയ നീക്കം. എന്തായാലും ആദ്യം അവതരിപ്പിച്ച 24-ഇഞ്ച് വലുപ്പമുള്ള മോണിറ്റിന് ഫുള്‍എച്ഡി ഐപിഎസ് സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രിട്ടനിലാണ് ആദ്യ വിൽപന. 149 പൗണ്ടാണ് വില.

 

∙ ഈ വര്‍ഷം ആദ്യപാദത്തില്‍ 185,000 വാഹനങ്ങള്‍ ഇറക്കി ടെസ്‌ല

 

ഈ വര്‍ഷം ആദ്യപാദത്തില്‍ 185,000 വാഹനങ്ങള്‍ പുറത്തിറക്കിയതായി ഇലക്ട്രിക് കാര്‍ നിര്‍മാതാവ് ടെസ്‌ല അറിയിച്ചു.

 

English Summary: Broadcasters worry losing spectrum to telcos for 5G services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com