ADVERTISEMENT

മിക്ക ടെക്‌നോളജി കമ്പനികള്‍ക്കും 2020 നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോയ്ക്ക് അത്ര ആഹ്ലാദിക്കാനുള്ളതായിരുന്നില്ല കഴിഞ്ഞു പോയ 12 മാസങ്ങള്‍. അതായത് 2020 മാര്‍ച്ചിൽ കമ്പനിക്ക് പ്രതിമാസം പുതിയ 47 ലക്ഷം വരിക്കാരെ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തുടന്നുള്ള 12 മാസത്തില്‍ ശരാശരി 23 ലക്ഷം പേരെ വച്ചേ ചേര്‍ക്കാനായുള്ളു. ഇക്കാര്യം കമ്പനി ഗൗരവത്തിലെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട കുതിപ്പ് അതിവേഗം തിരിച്ചുപിടിക്കാൻ ഒരുപിടി പുതിയ പദ്ധതികളുമായി കമ്പനി ഉടനടി രംഗത്തെത്തുമെന്നു പറയുന്നു. 

 

പുതിയ ജിയോഫോണ്‍ അവതരിപ്പിക്കുക എന്നതാണ് അവയിലൊന്ന്. മറ്റൊന്ന് വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുക എന്നതായിരിക്കും. ജിയോയുടെ കുതിപ്പ് മന്ദഗതിയിലായ സമയത്ത് എയര്‍ടെല്‍ മികച്ച തന്ത്രങ്ങളാണ് അവതരിപ്പിച്ചതെന്നും കമ്പനി പറയുന്നു. വളര്‍ച്ച കുറയാനുള്ള മറ്റൊരു കാരണം നിലവിലെ സാഹചര്യത്തില്‍ ഇനി അധികം പേരെ പുതിയ വരിക്കാരായി ചേര്‍ക്കാനില്ല എന്നതും ആയിരിക്കാം. അതേസമയം, അത്യാകര്‍ഷകമായ ഓഫറുകളുമായി അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ജിയോഫോണുകളും വില കുറഞ്ഞ സ്മാര്‍ട് ഫോണുകളും വിപണിയില്‍ തങ്ങള്‍ക്ക് വീണ്ടും ഉണര്‍വുപകരുമെന്നും കമ്പനി കരുതുന്നു.

 

∙ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത!

 

android-12

ആന്‍ഡ്രോയിഡ് ഉപകരണത്തിലുള്ള ഓരോ ആപ്പിനും തങ്ങള്‍ ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കുന്ന അല്ലെങ്കില്‍ ഉപയോഗിക്കുന്ന മറ്റ് എല്ലാ ആപ്പുകളെക്കുറിച്ച് അറിയാമെന്ന് അറിയാവുന്ന എത്ര ഉപയോക്താക്കളുണ്ട്? നിങ്ങള്‍ ഉപയോഗിക്കുന്ന ബാങ്കിങ് ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍, ബ്രൗസിങ് വിവരങ്ങള്‍, രാഷ്ട്രീയ ചായ്‌വുകള്‍, ഡേറ്റിങ് വിവരങ്ങള്‍ എന്നിങ്ങനെ വേണ്ടതെല്ലാം എല്ലാ ആപ്പുകള്‍ക്കും യഥേഷ്ടം അറിയാം, ഉപയോഗിക്കാം. എന്നു പറഞ്ഞാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിങ്ങളെ ഒരു തുറന്ന പുസ്തകമാക്കിയിട്ടിരിക്കുകയായിരുന്നു ഇതുവരെ. എന്നാൽ ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോയിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ ഈ ഒരു ജന്മവൈകല്യം തിരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഗൂഗിള്‍ ഇപ്പോൾ. ഉപയോക്താക്കളെക്കുറിച്ചുള്ള വളരെ സ്വകാര്യമായ വിവരങ്ങള്‍ വരെ അറിയുന്ന രീതി മെയ് 5 മുതല്‍ കുറയ്ക്കാനുളള ശ്രമത്തിലാണ് കമ്പനി.

 

ഇനി മുതല്‍ ഒരാളുടെ ഫോണിലുള്ള മറ്റ് ആപ്പുകളെക്കുറിച്ച് അറിയണമെങ്കില്‍ ആപ് ഡവലപ്പര്‍ അത് എന്തിനാണെന്ന് ഗൂഗിളിനോട് പറയണം. ഉദാഹരണത്തിന് ഫയല്‍ മാനേജര്‍, ആന്റിവൈറസ് തുടങ്ങിയവയ്ക്ക് ഫോണിലുള്ള ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ മാത്രമെ നന്നായി പ്രവര്‍ത്തിക്കാനാകൂ. അത്തരം ആപ്പുകള്‍ക്ക് അത് ഗൂഗിളിനെ അറിയിക്കാം. അങ്ങനെയുള്ള ആപ്പുകള്‍ക്ക് അതിനുള്ള അനുമതിയും നല്‍കും. അതേസമയം, ഒരു ക്യാമറാ ആപ്പും, ടോര്‍ച്ച ലൈറ്റ് ആപ്പും ഇത്തരം വിശേഷാധികാരമൊന്നും ആസ്വദിക്കേണ്ട കാര്യമില്ല താനും. അവയുടെ പ്രവര്‍ത്തനത്തിനു മറ്റ് ആപ്പുകളെക്കുറിച്ച് അറിയാനായില്ല എന്നത് തടസമാകുന്നില്ല. അതേസമയം, ആപ്പുകള്‍ തോന്നിയപോലെ പ്രവര്‍ത്തിക്കുന്ന കാര്യത്തെക്കുറിച്ച് അധികം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റത്തിന് ഒരു അറുതി വരുത്താനായിരിക്കും ഗൂഗിള്‍ ശ്രമിക്കുക. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ഈ പരിപാടി അവസാനിപ്പിക്കുന്നത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വളരെയധികം സന്തോഷം പകര്‍ന്നേക്കും.

 

മറ്റ് ആപ്പുകളെക്കുറിച്ചുള്ള വിവരം അറിഞ്ഞാല്‍ മാത്രമാണ് തങ്ങളുടെ ആപ്പിന് പ്രവര്‍ത്തിക്കാനാകുക എന്നത് മെയ് 5 മുതല്‍ പ്രത്യേകം ധരിപ്പിക്കണമെന്നാണ് ഡവലപ്പര്‍മാര്‍ക്ക് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഫോണില്‍ അല്ലെങ്കില്‍ ടാബില്‍ ഏതെല്ലാം ആപ്പുകളാണ് ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കുന്നതെന്ന് അറിയുന്നതിനാണ് വിലക്കു വരിക. ഇത് ഉപയോക്താവിന്റെ സ്വകാര്യ ഡേറ്റയാണ് എന്നാണ് ഗൂഗിള്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. 'പേഴ്‌സണല്‍ ആന്‍ഡ് സെന്‍സിറ്റീവ് ഇന്‍ഫര്‍മേഷന്‍ പോളിസി' ആണ് ഇതിനുള്ള മാര്‍ഗരേഖയാകുക. ഇപ്പോള്‍ ആന്‍ഡ്രോയിഡ് 11ല്‍ പോലും ആപ് ഡവലപ്പര്‍മാര്‍ക്ക് 'Query_All_Packages' എന്ന അഭ്യര്‍ഥന നടത്തി ഉപയോക്താവ് ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയിതിരിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാം. അപ്‌ഡേറ്റു ചെയ്ത, ഡവലപ്പര്‍ പ്രോഗ്രാം പോളിസിയിലാണ് പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇതിന്റെ പ്രയോജനം ആന്‍ഡ്രോയിഡ് 11ല്‍ ഉള്ളവര്‍ക്ക് മാത്രമാണോ കിട്ടുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

∙ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ടിക്‌ടോക് കോടതിയില്‍

 

ചൈനീസ് ആപ്പായ ടിക്‌ടോക് ഉടമ ബൈറ്റ്ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കുകയാണ്. നികുതി വെട്ടിപ്പു നടന്നിട്ടുണ്ടാകാമെന്നു പറഞ്ഞ് അക്കൗണ്ട് മരവിപ്പിച്ചത് തങ്ങളെ ശല്യപ്പെടുത്തലാണെന്നും അത് നിയമപരമല്ലെന്നുമാണ് കമ്പനി കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോഴും ഏകദേശം 1,335 ജോലിക്കാരാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്. 209 പേജുള്ള ഒരു പരാതിയാണ് മുംബൈ ഹൈക്കോടതിയില്‍ ബൈറ്റ്ഡാന്‍സ് സമര്‍പ്പിച്ചിരുന്നത്.

 

∙ കോവിഡ് വാക്‌സീന്‍ പ്രോത്സാഹിപ്പിച്ച് ഗൂഗിള്‍

 

പഴയതു പോലെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു ചെയ്തു തുടങ്ങൂവെന്ന് പറഞ്ഞ് വാക്‌സീന്‍ എടുക്കല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു ഷോർട്ട് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ സേര്‍ച്ച് ഹോം പേജ് മാത്രം ഉപയോഗിച്ചാണ് വിഡിയോ. 

∙ ആപ്പിളിന്റെ വഴിയെ ഗൂഗിളും? സ്വന്തം ചിപ്പ് ഉപയോഗിച്ച് ഫോണിറക്കിയേക്കും

 

ആപ്പിള്‍ കമ്പനി ആദ്യകാലം മുതല്‍ ഐഫോണില്‍ സ്വന്തമായി നിര്‍മിച്ച ചിപ്പുകളാണ് ഉപയോഗിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്റലിനെ ആശ്രയിക്കാതെ സ്വന്തമായി നിര്‍മിച്ച ചിപ്പ് തന്നെയാണ് തങ്ങളുടെ കംപ്യൂട്ടറുകളിലും ഉപയോഗിക്കുന്നത്. ഇതുവരെ ക്വാല്‍കമിന്റെ പ്രോസസറുകള്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ തങ്ങളുടെ പിക്‌സല്‍ ഫോണുകള്‍ ഇറക്കിയിരുന്നത്. ഈ വര്‍ഷം വൈറ്റ്ചാപ്പല്‍ എന്ന പേരില്‍ സ്വന്തമായി നിര്‍മിച്ച പ്രോസസര്‍ ആയിരിക്കും തങ്ങളുടെ പിക്‌സല്‍ 6 ഫോണില്‍ ഉപയോഗിക്കുക എന്നു പറയുന്നു. ഇതേ ചിപ്പ് തന്നെ തങ്ങളുടെ ക്രോംബുക്ക് കംപ്യൂട്ടറുകളിലും ഉപയോഗിച്ചേക്കും.

 

English Summary: Jio will come up with new strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com