ADVERTISEMENT

ലോകത്തെ 80 ശതമാനം ക്രിപ്‌റ്റോകറന്‍സിയും ഖനനം ചെയ്യുന്നത് ചൈനയിലാണ്. ഇതിനാകട്ടെ വന്‍തോതില്‍ വൈദ്യുതിയും വേണം. ഇപ്പോഴത്തെ നിലയില്‍ അവര്‍ ഖനനം തുടര്‍ന്നാല്‍ അത് പരിസ്ഥിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന പോരാട്ടത്തില്‍ ചൈനയ്ക്ക് അതിന്റെ പങ്ക് നിര്‍വഹിക്കാനാകാതെ വരികയും ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിന്‍ അടക്കമുളള ക്രിപ്‌റ്റോകറന്‍സികള്‍ ഖനനം ചെയ്യുന്നത് അതിശക്തമായ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് പസിളുകള്‍ സോള്‍വ് ചെയ്യുന്ന രീതിയിലാണ്. അതിന് വാന്‍തോതില്‍ വൈദ്യുതിയും വേണം. ഇതില്‍ കൂടുതലും ഉണ്ടാക്കപ്പെടുന്നത് കല്‍ക്കരി പ്ലാന്റുകളില്‍ നിന്നാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍, 2024ല്‍ എത്തുമ്പോഴേക്ക് ചൈനയിലെ ബിറ്റ്‌കോയിന്‍ ഖനനം മാത്രം 130.50 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറംതള്ളും. ഇത് ഇറ്റലിയോ, എണ്ണ ഖനനം ചെയ്യുന്ന സൗദി അറേബ്യയോ ഒരു വര്‍ഷം പുറംതള്ളുന്ന കാര്‍ബണിന്റെ അളവിനു തുല്യമായിരിക്കുമെന്നും പറയുന്നു.

 

ലോകത്തെ ബ്ലോക് ചെയിന്‍ പ്രവര്‍ത്തനങ്ങളുടെ 78.89 ശതമാനവും ചൈനീസ് കമ്പനികളാണ് നടത്തുന്നതെന്ന് കണക്കുകള്‍ പറയുന്നു. ചൈനീസ് ബിറ്റ്‌കോയിന്‍ ഖനക്കാരില്‍ 40 ശതമാനം പേരാണ് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി വാങ്ങുന്നത്. മറ്റുള്ളവര്‍ പുനഃചംക്രമണം ചെയ്യാവുന്ന സ്രോതസുകളെ ആശ്രയിക്കുന്നു. ചൈന 2060ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകാമെന്നാണ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തങ്ങളാണ് നടത്തിവരുന്നത്. അതു നടക്കണമെങ്കില്‍ 2030ല്‍ ചൈന എത്തേണ്ട ലക്ഷ്യമുണ്ട്. ഇപ്പോഴത്തെ നിലയില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള ക്രിപ്‌റ്റോകറന്‍സി ഖനനം തുടര്‍ന്നാല്‍ ചൈനയ്ക്ക് അവരുടെ ലക്ഷ്യംകാണാനാവില്ലെന്നാണ് മുന്നറിയിപ്പ്. കൂടാതെ, ബിറ്റ്‌കോയിന്‍ ഖനനം അതിവേഗം ലോകത്തിനു മുഴുവന്‍ ഭീഷണിയായി വളരുകപോലും ചെയ്യാം. ചൈനീസ് സർക്കാർ കൂടുതല്‍ വൈദ്യുതി നല്‍കുകയോ, പുനഃചംക്രമണം ചെയ്യാവുന്ന സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയോ ചെയ്യണമെന്നാണ് ഇതേക്കുറിച്ചു നടത്തിയ ഒരു പഠനം പറയുന്നത്. ലോകത്തിന്റെ ബിറ്റ്‌കോയിന്‍ ഭ്രമം കൂടി വരികയുമാണ്.

 

∙ വാട്‌സാപ് സന്ദേശങ്ങള്‍ പരിശോധിക്കുന്ന മാല്‍വെയര്‍ ആന്‍ഡ്രോയിഡില്‍

 

ആന്‍ഡ്രോയിഡിലെ മാല്‍വെയറുകള്‍ അന്ത്യന്തം പ്രശ്‌നക്കാരാകാറുണ്ട്. അത്തരത്തിലൊന്നിന്റെ സാന്നിധ്യമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ചെക് പോയിന്റ് റിസേര്‍ച് കണ്ടെത്തിയത്. ഇതിന് വാട്‌സാപ് സന്ദേശങ്ങള്‍ വഴി പകരാനുമുള്ള കഴിവുമുണ്ടെന്ന് പറയുന്നു. മാല്‍വെയറിന് സ്വന്തമായി ഒരാളുടെ വാട്‌സാപ് കോണ്ടാക്ട്‌സിന് ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള ശേഷിയുമുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഫ്‌ളിക്‌സ്ഓണ്‍ലൈന്‍ (FlixOnline) എന്ന പേരിലായിരുന്നു ഇത് പ്ലേ സ്റ്റോറില്‍ കഴിഞ്ഞിരുന്നത്. ഈ ആപ്പിന്റെ കോഡ് വാട്‌സാപ് നോട്ടിഫിക്കേഷന്‍സ് നിരീക്ഷിക്കാനായി നിർമിച്ചതാണ്. വാട്‌സാപ്പിലേക്കു വരുന്ന സന്ദേശങ്ങള്‍ക്ക് ഉപയോക്താവ് അറിയാതെ മറുപടി അയയ്ക്കാനുമുള്ള ശേഷിയുണ്ടെന്നും കണ്ടെത്തി. റിമോട്ട് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍ (C&C) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടന്നിരുന്നത്. കൂടാതെ, ഒരാളറിയാതെ ഇങ്ങനെ അയയ്ക്കുന്ന സന്ദേശം രണ്ടു മാസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഫ്രീയായി ലഭിക്കുമെന്നു പറഞ്ഞാണ് അടുത്തയാള്‍ക്ക് ലഭിക്കുന്നത്.

 

∙ എന്തുചെയ്യാനാകും?

 

mi-11-ultra

ഫ്‌ളിക്‌സ്ഓണ്‍ലൈനോ അതുപോലെയുള്ള ഏതെങ്കിലും ആപ്പോ ഫോണില്‍ ഉണ്ടോ എന്നു പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സുരക്ഷാവിദഗ്ധര്‍ പറയുന്നു. ഉണ്ടെങ്കില്‍ എത്രയും വേഗം നീക്കംചെയ്യുക. ആപ്പ് ഫോണില്‍ ഉണ്ടായിരുന്നുവെങ്കില്‍ വാട്‌സാപ് ചാറ്റുകള്‍ പരിശോധിക്കുക. ആപ് സ്വന്തമായി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇത്തരത്തിലുള്ള ഏതെങ്കിലും ആപ് ഫോണില്‍ ഉണ്ടായിരുന്നെങ്കില്‍, ഫോണിലെ ഡേറ്റ ബാക്ക്-അപ് ചെയ്ത ശേഷം ഫോണ്‍ റീസെറ്റ് ചെയ്യണമെന്ന് സുരക്ഷാവിദഗ്ധര്‍ പറയുന്നു. സുരക്ഷാ കമ്പനി നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ആപ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കംചെയ്തുവെങ്കിലും ചിലരുടെയെങ്കിലും ഫോണില്‍ അത് കയറിക്കൂടിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു പറയുന്നു.

 

∙ സ്മാര്‍ട് ഫോണ്‍ ക്യാമറാ സെന്‍സര്‍ നിര്‍മാണത്തില്‍ സാംസങ്ങിനു കുതിപ്പ്

 

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ നിര്‍മാണക്കമ്പനികളെല്ലാം തങ്ങളുടെ ഫോണുകളിലെ ക്യാമറകളുടെ നിര്‍മാണത്തിനായി സോണിയുടെ സെന്‍സര്‍ മാത്രമാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍, വിപണിയില്‍ സോണിയുടെ വിഹിതം ഇടിയുകയും സാംസങ്ങിന്റെ വിഹിതം ഉയരുകയും ചെയ്ത കാഴ്ചയാണ് 2020 സമ്മാനിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കു പ്രകാരം 46 ശതമാനം സ്മാര്‍ട് ഫോണ്‍ സെന്‍സറുകളാണ് സോണി വിറ്റിരിക്കുന്നതെങ്കില്‍ സാംസങ് 29 ശതമാനം വിഹിതവുമായി പിന്നാലെയുണ്ട്. സോണിയുടെ സെന്‍സറുകള്‍ ഏറ്റവുമധികം ഉപയോഗിച്ചുവന്നിരുന്ന വാവെയുടെ പതനമാണ് കമ്പനിയെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന് എന്നു പറയുന്നു. ഇപ്പോഴും സോണി സെന്‍സര്‍ തന്നെ ഉപയോഗിച്ചാണ് ഐഫോണിന്റെ ക്യാമറകള്‍ നിര്‍മിച്ചിരിക്കുന്നത്. ആപ്പിളും താമസിയാതെ ഹൈ-മെഗാപിക്‌സല്‍ സെന്‍സറുകള്‍ ഉപയോഗിക്കുമോ എന്നും മറ്റു കമ്പനികളുടെ ക്യാമറാ സെന്‍സറുകള്‍ വാങ്ങുമോ എന്ന കാര്യവും ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നു പറയുന്നു.

 

∙ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്നത് 2019ല്‍

 

ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ സേവനമായ ഫെയ്സ്ബുക്കിലെ 53 കോടി പേരുടെ ഡേറ്റ ചോര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഇത് 2019ല്‍ നടന്നതാണ് എന്നാണെന്ന് ഫെയ്‌സ്ബുക് അറിയിക്കുന്നു. അന്ന് ഫെയ്‌സ്ബുക് കൊണ്ടുവന്ന ഒരു ഫീച്ചര്‍ ദുരുപയോഗംചെയ്തതിന്റെ ഫലമായാണ് ഡേറ്റാ ചോർച്ച ഉണ്ടായതെന്നും പ്രശ്‌നം അന്നു തന്നെ പരിഹരിച്ചിരുന്നു എന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതുപോലെ ഫെയ്‌സ്ബുക് ഹാക്കു ചെയ്യപ്പെട്ടതല്ല, ചോർച്ചയാണ് നടന്നതെന്നും കമ്പനി പറയുന്നു. ഫലത്തില്‍ ഇതു രണ്ടും ഒന്നല്ലെയെന്ന് കമ്പനിയുടെ വിമര്‍ശകരും ചോദിക്കുന്നു.

 

∙ ഷഓമി മി11 അള്‍ട്രാ വില്‍പന ആമസോണിലൂടെ

 

ഈ വര്‍ഷത്തെ ഏറ്റവും കരുത്തുറ്റ സ്മാര്‍ട് ഫോണ്‍ മോഡലുകളിലൊന്നായ ഷഓമി മി11 അള്‍ട്രാ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ആമസോണിലൂടെയായിരിക്കും വില്‍പന. ഏപ്രില്‍ 23 മുതല്‍ ഇതു വാങ്ങാനാകുമെന്നാണ് പറയുന്നത്. ഫോണിനു വേണ്ടി ആമസോണ്‍ ഒരു പേജ് തുറന്നിട്ടുണ്ട്. വില 70,000 രൂപയ്ക്കു മുകളിലായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷഓമി ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ചതും വിലയേറിയതുമായ മോഡലാണിത്.

 

English Summary: China's bitcoin mining rush risks derailing climate goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com