ADVERTISEMENT

സ്‌ക്രീന്‍ റെസലൂഷന്‍, റിഫ്രെഷ് റേറ്റ്, പോര്‍ട്ടുകള്‍ തുടങ്ങി കാര്യങ്ങളിലൊഴികെ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരാതെയായിരുന്നു ഇതുവരെ കംപ്യൂട്ടര്‍ മോണിട്ടറുകള്‍ നിർമിച്ചു വന്നത്. ഇവയെല്ലാം കംപ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പിലെ കണ്ടെന്റ് വലിയ സ്‌ക്രീനില്‍ കാണാന്‍ അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമിച്ചു വിറ്റിരുന്നത്. അതിനൊരു മാറ്റമിട്ടിരിക്കുകയാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് ഇപ്പോള്‍. വര്‍ക് ഫ്രം ഹോം, വെര്‍ച്വല്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് ഉതകുന്ന ഒന്നാണ് തങ്ങളുടെ പുതിയ മോണിട്ടറെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

∙ മോണിട്ടറും സ്മാര്‍ട്!

 

സ്മാര്‍ട് മോണിട്ടറിന് മൈക്രോസോഫ്റ്റ് ഓഫിസ് 365, ആപ്പുകള്‍, വിഡിയോ സ്ട്രീമിങ് ആപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് കമ്പനി പറയുന്നു. വലിയ സക്രീനില്‍ ജോലി/ പഠനം/ വിനോദം എന്നിവ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

m7

 

∙ മോണിട്ടറില്‍ തന്നെ ആപ്പുകള്‍

 

പുതിയ മോണിട്ടറിനെ പരമ്പരാഗത രീതിയില്‍ ഏതൊരു ഡെസ്‌ക്ടോപ്പും ലാപ്‌ടോപ്പും കണക്ടു ചെയ്യാം. പക്ഷേ, അതില്‍ മേല്‍പ്പറഞ്ഞ തരം ഇന്‍-ബില്‍റ്റ് ആപ്പുകളും ഉണ്ടെന്നാണ് സാംസങ് പറയുന്നത്. അതു കൂടാതെ സ്മാര്‍ട് ഫോണുമായി ബന്ധിപ്പിച്ചും പ്രവര്‍ത്തിപ്പിക്കാം. പുതിയ മോണിട്ടറിനെ റിമോട്ടായും കണക്ടു ചെയ്യാം. വീട്ടിലാണ് മോണിട്ടര്‍ ഇരിക്കുന്നതെങ്കില്‍ ഇതില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ ഓഫിസിലോ മറ്റെവിടെയെങ്കിലമോ വച്ചും റിമോട്ടായി അക്‌സസ് ചെയ്യാം. ഓഫിസില്‍ വിപിഎന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതേ വിപിഎന്‍ മോണിട്ടറിലും ഉപയോഗിച്ചാലെ ഫയല്‍ അക്‌സസ് ചെയ്യാന്‍ സാധിക്കൂ എന്നും കമ്പനി പറയുന്നു.

 

∙ മൈക്രോസോഫ്റ്റ് ആപ്പുകള്‍ മോണിട്ടറില്‍

samsung-monitor

 

മൈക്രോസോഫ്റ്റ് ഓഫിസ് 360 തുടങ്ങിയ ആപ്പുകള്‍ മോണിട്ടറില്‍ ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കുന്നു. (ഓഫിസ് 360 ആക്ടിവേറ്റു ചെയ്യണമെങ്കില്‍ ഉപയോക്താവിന് അല്ലെങ്കില്‍ ഓഫിസിന് അത് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കണം. അതിന് പണം വേണ്ടിവരും. പക്ഷേ, ഇത് ഓഫിസ് 360യുടെ മാത്രം കാര്യമാണ്.) വീട്ടിലെ സ്മാര്‍ട് മോണിട്ടറില്‍ ചെയ്തിട്ടിരിക്കുന്ന ഡോക്യുമെന്റുകളും പ്രസന്റേഷനുമൊക്കെ ഓഫിസ് കംപ്യൂട്ടറിലും കാണാന്‍ സാധിക്കും. തിരിച്ചും സാധ്യമാണ്. ഓഫിസിലെ കംപ്യൂട്ടറിലുള്ള ഡോക്യുമെന്റുകള്‍ സ്മാര്‍ട് മോണിട്ടറില്‍ പിസിയുടെയോ എന്തിന് സ്മാര്‍ട് ഫോണിന്റെയോ സഹായമില്ലാതെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി മാത്രം ഉപയോഗിച്ച് കാണുകയോ എഡിറ്റു ചെയ്യുകയോ എല്ലാം ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

∙ കളി മാറ്റുന്നത് മൈക്രോസോഫ്റ്റ് 365

 

പല ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസ് 365 ഉപയോഗിക്കുന്നുണ്ട്. ഇത് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും കംപ്യൂട്ടറില്ലാതെ ജോലിചെയ്യാനുള്ള സാധ്യതകള്‍ തുറന്നിടുന്നു. വേഡ് ഫയലുകള്‍, എക്‌സല്‍ സ്‌പ്രെഡ് ഷീറ്റുകള്‍ തുടങ്ങിയവ സ്മാര്‍ട് മോണിട്ടറിലെ ഓഫിസ് 365 വഴി തുറക്കാം. പ്രസന്റേഷനുകള്‍ നടത്താനും ഇത് ഉപകരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

∙ സ്വന്തം ബ്രൗസര്‍, കീബോഡും, മൗസും ഉപയോഗിക്കാം

 

പുതിയ മോണിട്ടറുമായി കംപ്യൂട്ടറിന്റെ സഹകരണമില്ലാതെ കീബോഡും മൗസും കണക്ടു ചെയ്യാമെന്ന സൗകര്യവുമുണ്ടെന്ന് സാംസങ് പറയുന്നു. ഇതുവഴി സമ്പൂര്‍ണ ഡെസ്‌ക്ടോപ് അനുഭവം നല്‍കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മോണിട്ടറിന് സ്വന്തം ഇന്റര്‍നെറ്റ് ബ്രൗസറും ഉണ്ട്. ഇതിലൂടെ ഇമെയിലും മറ്റും ഉപയോഗിക്കാം.

 

∙ അപ്പോള്‍ മോണിട്ടറിന് ഓപ്പറേറ്റിങ് സിസ്റ്റമുണ്ടോ?

 

ഉണ്ട്. ടിസന്‍ (Tizen) ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇതിനു പല പരിമിതികളും ഉണ്ട്. സാധാരണ പിസിയില്‍ ഉപയോഗിക്കുന്ന പല ആപ്പുകളും ബ്രൗസറുകളും ഒന്നും ഇതില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ കഴിയില്ല.

 

∙ സ്മാര്‍ട് ഫോണ്‍ കണക്ടു ചെയ്യാം!

 

അതേസമയം, എയര്‍പ്ലെ അല്ലെങ്കില്‍ മിററിങ് വഴി നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ മോണിട്ടറുമായി കണക്ടു ചെയ്ത് ഫോണിലെ കണ്ടെന്റും ആപ്പുകളും അക്‌സസു ചെയ്യാം. സാംസങ്ങിന്റെ ഗ്യാലക്‌സി ഫോണുകളില്‍ ഡെക്‌സ് (DeX) സപ്പോര്‍ട്ട് ഉള്ളവ പുതിയ മോണിട്ടറുമായി ചേര്‍ന്ന് തരക്കേടില്ലാത്ത ഡെസ്‌ക്ടോപ്പ് അനുഭവം പ്രദാനംചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

∙ വിനോദത്തിലും കേമന്‍

chip

 

ടിവികള്‍ വരെ സ്മാര്‍ട് ആയിരുന്നെങ്കിലും മോണിട്ടറുകള്‍ ഒറ്റ വിദ്യ അറിയാവുന്ന കലാകാരനെപ്പോലെയായിരുന്നു. അതിപ്പോള്‍ മാറുകയാണ്. വിനോദത്തിനായി നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വിഡിയോ, ആപ്പിള്‍ ടിവി, തുടങ്ങി പല ഒടിടി പ്ലാറ്റ്‌ഫോമുകളെയും കുടിയിരുത്തിയിട്ടുണ്ട്.

 

∙ പരിമിതികള്‍

 

വീട്ടിലിരുന്നു ജോലി ചെയ്യാം, പഠിക്കാം എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഇതില്‍ വെബ്ക്യാം നല്‍കിയിട്ടില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

 

∙ മോണിട്ടറിന്റെ സ്‌പെക്‌സ്

 

സാംസങ് രണ്ടു പുതിയ മോഡലുകളാണ് ഇന്ത്യയില്‍ വില്‍പന തുടങ്ങിയിരിക്കുന്നത്. എം5, എം7. ഇതില്‍ എം5ന് ഫുള്‍എച്ഡി റെസലൂഷനാണെങ്കില്‍ എം7 4കെ റെസലൂഷനുള്ള സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. ഇരു മോണിട്ടറിനും 250 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ആണ്. ടിസിന്‍ 5.5 ആണ് ഒഎസ്. യുട്യൂബ് അടക്കം മുകളില്‍ പറഞ്ഞ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു. സാംസങ്ങിന്റെ ടിവി പ്ലസ് സേവനവും വൈ-ഫൈ വഴി ഉപയോഗിക്കാം. ബിക്‌സ്ബി സ്മാര്‍ട് അസിസ്റ്റന്റിന്റെ സേവനവും ലഭിക്കും. സ്പീക്കറുകള്‍ ഉണ്ട്-10w. രണ്ട് എച്ഡിഎംഐ പോര്‍ട്ടുകള്‍ ഉണ്ട്. എം7 മോഡലിന് 3 യുഎസ്ബി 3, പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നു. എം5ന് രണ്ട് യുഎസ്ബി 2 പോര്‍ട്ടുകളാണുള്ളത്. എം7 മോഡലിന് ടൈപ്-സി പോര്‍ട്ടും ഉണ്ട്. ടൈപ്-സി ചാര്‍ജിങ് ഉള്ള ലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചാണ് മോണിട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ ഇതു വഴി ഡേറ്റാ കൈമാറ്റവും 65w ചാര്‍ജിങും ഒരേസമയം നടത്താം. എം5 മോഡല്‍ 27 അല്ലെങ്കില്‍ 35-ഇഞ്ച് വലുപ്പത്തില്‍ ലഭ്യമാണെങ്കില്‍ എം7ന് 32-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് ഉള്ളത്.

 

∙ വില

 

എം5 മോഡലിന്റെ തുടക്ക വേരിയന്റിന് 28,000 രൂപയാണ് വിലയിട്ടിരിക്കുന്നതെങ്കില്‍ എം7ന് എംആര്‍പി 57,000 രൂപയാണ്.

 

∙ ഓഫര്‍

 

ആമസോണില്‍ എം5 27-ഇഞ്ച് മോഡലും ലോജിടെക്കിന്റെ എംകെ240 നാനോ വയര്‍ലെസ് കീബോഡ്, മൗസ് കോംബോ അടക്കം 21,999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം. എം5 35 ഇഞ്ചിന് 24,999 രൂപ നല്‍കണം. എം7 മോഡലിന് 36,999 രൂപ നല്‍കണം. വയര്‍ലെസ് കീബോഡും മൗസും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 

∙ അവലോകനം

 

ഇത്രയും കാലം വലിയ മാറ്റമില്ലാതെ നിന്നിരുന്ന ഒന്നായിരുന്നു മോണിട്ടറുകള്‍. എന്നാല്‍, ഇനി ഇറങ്ങുന്ന മോണിട്ടറുകള്‍ ഈ രീതിയിലുള്ള ശേഷികള്‍ കൂടുതലായി ആര്‍ജ്ജിക്കുമെന്നു കരുതാം. വിലയും വന്‍തോതില്‍ കുറയുമെന്ന് പ്രതീക്ഷിക്കാം. 10,000 രൂപയ്‌ക്കോ അതില്‍ താഴെയോ പോലും ഇത്തരം മോണിട്ടറുകള്‍ ലഭ്യമാക്കുന്ന കാലം അതിവിദൂരമായിരിക്കില്ലെന്നും കരുതാം.

 

∙ 50 കോടി ലിങ്ക്ട്ഇന്‍ ഉപയോക്താക്കളുടെ ഡേറ്റ ചോർന്നു ?

 

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടി ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളുടെ ഡേറ്റ ചോർന്നു എന്നാണ് അറിയുന്നത്.

 

∙ അറിയില്ലാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ ഗൂഗിള്‍ ഫോണ്‍ ആപ് കോള്‍ റെക്കോഡു ചെയ്യും

 

ഗൂഗിളിന്റെ ഫോണ്‍ ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിന്‍ അണ്‍നോണ്‍ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഓട്ടോമാറ്റിക്കായി റെക്കോഡു ചെയ്യും. എന്നാല്‍, ആദ്യത്തെ തവണ ഇത് ഉപയോക്താവ് എനേബിൾ ചെയ്യണം. സാധാരണ കോള്‍ റെക്കോഡിങ് എനേബിൾ ചെയ്യുന്ന രീതി തന്നെ അനുവര്‍ത്തിക്കാം.

 

∙ ഷഓമിയും ഒപ്പോയും സ്വന്തം 5ജി ചിപ്പുകള്‍ അവതരിപ്പിച്ചേക്കും

 

ചൈനീസ് കമ്പനികളായ ഷഓമിയും ഒപ്പോയും സ്വന്തം 6ജി ചിപ്പുകള്‍ ഈ വര്‍ഷം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇരു കമ്പനികളും സ്വന്തമായി ചിപ്പുകള്‍ വികസിപ്പിച്ചു കഴിഞ്ഞതായി പറയുന്നു.

 

English Summary: Samsung Smart Monitor M5, Smart Monitor M7 With Samsung DeX, Pre-Installed OTT Apps Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com