ADVERTISEMENT

പലരുടെയും സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഇടമായി വാട്‌സാപ് മാറിക്കഴിഞ്ഞതിനാല്‍ ഹാക്കര്‍മാര്‍ അതു പൊളിച്ച് എങ്ങനെ ഡേറ്റ ശേഖരിക്കാമെന്ന് ആലോചിക്കുന്ന കാലമാണിത്. നിങ്ങളുടെ ഡേറ്റ എടുക്കാന്‍ സാധിച്ചില്ലെങ്കിലും അക്കൗണ്ട് പരിപൂര്‍ണമായി ഡിലീറ്റു ചെയ്യാൻ ആര്‍ക്കും (പരിചയക്കാര്‍ക്ക്) സാധിക്കുന്ന ഒരു പിഴവ് വാട്‌സാപ്പില്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഹാക്കിങ് ശേഷി ഇല്ലാത്തവർക്കു പോലും വാട്‌സാപ് അക്കൗണ്ട് എക്കാലത്തേക്കുമായി ഡിലീറ്റു ചെയ്യിക്കാം എന്നാണ് കണ്ടെത്തല്‍. ഇങ്ങനെ അക്കൗണ്ട് ഡിലീറ്റായാൽ വിലപ്പെട്ട ഡേറ്റ നഷ്ടപ്പെട്ടേക്കാം.

 

സുരക്ഷാ ഗവേഷകരായ ലൂയി മാര്‍ക്കേസ് കാര്‍പിന്റെറോ, ഏണസ്‌റ്റൊ കനാലെസ് എന്നിവരാണ് ഫോര്‍ബ്‌സ് മാസികയില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ഏതാനും തവണ ടു-ഫാക്ടര്‍ ഓതന്റിക്കേഷൻ കോഡ് തെറ്റായി അടിച്ചുകൊടുത്താല്‍ മാത്രം മതി അക്കൗണ്ട് ഡിലീറ്റു ചെയ്യിക്കാന്‍ എന്നാണ് അവരുടെ കണ്ടെത്തല്‍. ഒന്നിലേറെ തവണ തെറ്റായി കോഡുകള്‍ നല്‍കി കഴിയുമ്പോള്‍ വാട്‌സാപ് 12 മണിക്കൂര്‍ നേരത്തേക്ക് ലോക്കാകും. ആക്രമണകാരിക്ക് പിന്നീട് ലോക്കായ അക്കൗണ്ടുമായി ബന്ധിപ്പിച്ച് പുതിയ ഒരു ഇമെയില്‍ അഡ്രസ് റജിസ്റ്റര്‍ ചെയ്യാം. ഈ മെയില്‍ ഉപയോഗിച്ച് വാട്‌സാപ് സപ്പോര്‍ട്ട് ടീമിന് ലോക്കായ അക്കൗണ്ട് നഷ്ടപ്പെട്ടുവെന്നോ, ഹാക്കു ചെയ്യപ്പെട്ടു എന്നോ പറഞ്ഞ് അത് ഡിലീറ്റു ചെയ്യണമെന്ന് അഭ്യര്‍ഥിക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അഭ്യര്‍ഥന കിട്ടിക്കഴിഞ്ഞാല്‍ കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ സപ്പോര്‍ട്ട് ടീം അക്കൗണ്ട് ഡിലീറ്റു ചെയ്തു തരുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

 

ഇത്തരം ഒരു ആക്രമണ സാധ്യത വാട്‌സാപ് ഉപയോക്താക്കളെ പേടിപ്പിക്കുമെങ്കിലും അതു നടത്തുക അത്ര എളുപ്പമല്ലെന്നും പറയുന്നു. ഒന്നാമതായി വാട്‌സാപ്പിന്റെ ഒടിപി വെരിഫിക്കേഷന്‍ എത്തുന്നത് എസ്എംഎസ് വഴിയാണ്. അതു കഴിഞ്ഞാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷനിലേക്കു കടക്കൂ. ചുരുക്കിപ്പറഞ്ഞാല്‍ ഒരാളുടെ ഫോണും കൈയ്യില്‍ വച്ചാല്‍ മാത്രമെ ആക്രമണം നടത്താനാകൂ. അല്ലെങ്കില്‍ ഒടിപി കൈവശപ്പെടുത്താനുള്ള മറ്റുമാര്‍ഗങ്ങള്‍ ആരായണം. എന്നു പറഞ്ഞാല്‍ പരസ്പരം അറിയാവുന്ന ആരെങ്കിലുമായിരിക്കും ആക്രമണം നടത്തുക. റിമോട്ട് ഡെസ്‌കടോപ്പ് ആപ് ഉപയോഗിച്ചും ഒടിപി എടുക്കാനായേക്കുമെന്നു പറയുന്നു. തങ്ങളുടെ ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ വാട്‌സാപ് അവതരിപ്പിച്ചത് ഒരേ അക്കൗണ്ട് ഒന്നിലേറെ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കാനാണ്. എന്നാല്‍, അതിന് ഇത്തരം ഒരു സാധ്യതയുണ്ടെന്നത് ചൂണ്ടിക്കാണിക്കുക വഴി ഇതിനും പരിഹാരം കാണാന്‍ കമ്പനിയുടെ ഗവേഷകര്‍ക്കു സാധിക്കുമെന്നാണ് കരുതുന്നത്.

 

∙ 34 ടെക് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ചൈന

alibaba

 

ടെക് ഭീമന്‍ ആലിബാബയ്ക്ക് ചാര്‍ത്തിക്കൊടുത്ത ഭീമമായ പിഴയോടെ ചൈനയിലെ ടെക് കമ്പനികളുടെ പ്രശ്‌നങ്ങളെല്ലാം ശുഭമായി പര്യവസാനിച്ചു എന്നാണ് കരുതിയതെങ്കില്‍ തെറ്റി, എല്ലാം തുടങ്ങുന്നതേയുള്ളു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുത്തക കമ്പനികളെപ്പോലെ പെരുമാറുന്നത് ഈ മാസത്തിനുള്ളില്‍ നിർത്തിക്കോളണമെന്ന് 34 കമ്പനികള്‍ക്കാണ് ചൈന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ടെന്‍സന്റ്, മെയ്റ്റുവാന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസു ചെയ്തത്. ടിക്‌ടോക്കിന്റെ ഉടമ ബൈറ്റ്ഡാന്‍സ്, സേര്‍ച്ച് എൻജിന്‍ ബായിഡു, ജെഡി.കോം തുടങ്ങിയ കമ്പനികളുടെ മേധാവികളുമായും ചൈനീസ് അധികാരികള്‍ ഇക്കാര്യം സംസാരിച്ചു. ആലിബാബയുടെ ഉദാഹരണം മുന്‍നിർത്തി കാര്യങ്ങള്‍ക്കു മാറ്റം വരുത്താനാണ് ചൈന ടെക് കമ്പനികളോട് ആവശ്യപ്പെടുന്നത്. ഇന്റര്‍നെറ്റിനു മേല്‍ ഒരു കമ്പനിയുടെ കുത്തക ഭരണവും സമ്മതിച്ചുകൊടുക്കില്ലെന്ന സുവ്യക്തമായ സൂചനകളാണ് ചൈന നല്‍കുന്നതെന്നു പറയുന്നു. അതേസമയം, ആലിബാബയ്ക്കു നല്‍കിയ 2.8 ബില്ല്യന്‍ ഡോളര്‍ പിഴ പ്രതീക്ഷിച്ചതിലും കുറവായി പോയെന്നു പറയുന്നവരും ഉണ്ട്.

 

എന്നാല്‍, ഇന്റര്‍നെറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ ചൈന നടത്തുന്ന ആദ്യ നീക്കം മാത്രമാണിതെന്നും ബാക്കി വരാൻ തുടങ്ങുന്നതേയുള്ളൂവെന്നും വിലയിരുത്തുന്നവരും ഉണ്ട്. ഇപ്പോള്‍ 34 കമ്പനികളുടെ പ്രതിനിധികളെ വിളിച്ചുവരുത്തിയാണ് അവര്‍ പോയിക്കൊണ്ടിരിക്കുന്ന വഴിയിൽ നിന്ന് പൂര്‍ണമായും വ്യതിചലിക്കാന്‍ ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. നിയമങ്ങള്‍ അനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ചൈന കമ്പനികളോട് പറഞ്ഞിരിക്കുന്നത്. ചില കാര്യങ്ങള്‍ തങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്ന ഭാവമുണ്ടെങ്കില്‍ അതിനി വേണ്ടെന്നാന്നാണ് അധികാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്. തങ്ങള്‍ക്കു മാത്രം എന്ന ചിന്താഗതി വിപണിയുടെ ക്രമീകരണം തന്നെ തകര്‍ത്തിരിക്കുന്നു എന്നും ഇതിനെതിരെ കടുത്ത നടപടികള്‍ ഉടനെ വരുന്നുണ്ടെന്നുമാണ് ചൈന നല്‍കുന്ന മുന്നറിയിപ്പ്.

 

അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരെപ്പോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കമ്പനികളെ ശോഷിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്ത് മേല്‍ക്കോയ്മ നിലനിര്‍ത്തുന്നത് തങ്ങളുടെ കണ്ണില്‍പ്പെട്ടുകഴിഞ്ഞു എന്നാണ് ചൈനീസ് അധികാരികള്‍ ടെക്‌നോളജി കമ്പനികളോട് പറഞ്ഞിരിക്കുന്നത്. ഡേറ്റാ ലീക്കുകള്‍, ടാക്‌സ് വെട്ടിക്കല്‍ തുടങ്ങി കാര്യങ്ങൾ കണ്ടെത്തിയെന്നും അധികാരികള്‍ ടെക്‌നോളിജി കമ്പനികളുടെ മേധാവികളെ അറിയിച്ചിട്ടുണ്ട്. കമ്പനികള്‍ക്കെതിരെ ടെക്‌നോളജിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കമായിരിക്കാം ഇത്.

 

∙ ആപ്പിളിന്റെ 2021ലെ ആദ്യ പ്രധാന ലോഞ്ച് ദിനം ഏപ്രില്‍ 20

 

ആപ്പിള്‍ കമ്പനിയുടെ ഈ വർഷത്തെ ആദ്യത്തെ പ്രധാന ഉപകരണ അവതരണ ദിനം ഏപ്രില്‍ 20 ആയിരിക്കുമെന്ന് സൂചന. സ്പ്രിങ് ലോഡഡ് എന്നു പേരിട്ടിരിക്കുന്ന ചടങ്ങില്‍ പുതിയ ഐപാഡ് പ്രോ മോഡലുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് പുതിയ പ്രോസസറും, മിനി-എല്‍ഇഡി സ്‌ക്രീന്‍ ടെക്‌നോളജിയും പ്രതീക്ഷിക്കുന്നു. അതേസമയം, ഐപാഡ് പ്രോ അവതരിപ്പിക്കപ്പെട്ടാലും അവ വില്‍പനയ്‌ക്കെത്തുന്നത് വൈകിയേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടുചെയ്യുന്നത്. എയര്‍ടാഗ്‌സ്, പുതിയ എയര്‍പോഡ്‌സ് തുടങ്ങിയവയും അവതരിപ്പിച്ചേക്കാം. അതേസമയം, എയര്‍പോഡ്‌സ് ഇപ്പോള്‍ അവതരിപ്പിച്ചേക്കില്ലെന്നു വാദിക്കുന്നവരും ഉണ്ട്.

 

∙ ആപ്പിള്‍ കാര്‍ നിര്‍മാണത്തില്‍ എല്‍ജി സഹകരിച്ചേക്കും

 

എല്‍ജി സ്മാര്‍ട് ഫോണ്‍ നിര്‍മാണം നിർത്തിയെങ്കിലും അവര്‍ ആപ്പിള്‍ കാര്‍ നിര്‍മാണത്തില്‍ സഹകരിച്ചേക്കുമെന്ന് റിപ്പോർട്ട്. എല്‍ജി മാഗ്ന എന്ന കമ്പനിയുമായി ആപ്പിൾ ഈ വര്‍ഷം തന്നെ സഹകരണ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചന. എല്‍ജിയും മാഗ്നയും ചേര്‍ന്ന് 'എല്‍ജി മാഗ്ന ഇ-പവര്‍ട്രെയിന്‍' എന്നൊരു പുതിയ കമ്പനി ഇതിനായി തുടങ്ങിയേക്കുമെന്നും പറയുന്നു. ഈ സഹകരണം യാഥാര്‍ഥ്യമായാല്‍ ആദ്യ ആപ്പിള്‍ കാര്‍ 2025ല്‍ പുറത്തിറങ്ങിയേക്കും. അതേസമയം, മറ്റൊരു അവകാശവാദം പറയുന്നത് കിയ, ഹ്യുണ്ടായ് എന്നീ കമ്പനികളുമായുള്ള ആപ്പിളിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ്. എന്നാല്‍ ഇരു കമ്പനികളും അത്തരത്തിലൊന്ന് നടക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

 

∙ റെഡ്മി ഗെയിമിങ് ഫോണും വരുന്നു

 

ഷഓമി തങ്ങളുടെ റെഡ്മി ലേബലോടു കൂടിയ ഗെയിമിങ് ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഈ മാസം തന്നെ പുതിയ ഫോണ്‍ പുറത്തിറക്കിയേക്കുമെന്നു പറയുന്നു.

 

∙ നിസാന്റെ പിന്തുണയുള്ള വീറൈഡ് കമ്പനിക്ക് ഡ്രൈവറില്ലാ കാറുകള്‍ ടെസ്റ്റ് ചെയ്യാന്‍ അനുവാദം

 

നിസാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ് കമ്പനിയായ വീറൈഡിന് കലിഫോര്‍ണിയയില്‍ ഡ്രൈവര്‍ലെസ് കാറുകള്‍ ടെസ്റ്റ് ചെയ്യാന്‍ അനുമതി ലഭിച്ചു. രണ്ടു വണ്ടികളാണ് വീറൈഡ് ടെസ്റ്റ് ചെയ്യുക. നിസാന്‍, റെനോ, മിറ്റ്‌സുബിഷി കമ്പനികള്‍ സംയുക്തമായാണ് ചൈനയില്‍ വീറൈഡിന്റെ ഡ്രൈവര്‍ലെസ് വണ്ടികള്‍ ടെസ്റ്റ് ചെയ്യുന്നത്.

 

∙ 120w ക്വിക് ചാര്‍ജിങ്ങുള്ള ഐക്യൂ 7 ഫോണ്‍ ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും

 

വിവോ കമ്പനിയുടെ സബ് ബ്രാന്‍ഡായ ഐക്യൂ ഈ മാസം 26ന് 120w ക്വിക് ചാര്‍ജിങ് ശേഷിയുള്ള ഐക്യൂ 7 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു. ഫുള്‍എച്ഡി പ്ലസ് സ്‌ക്രീന്‍ റെസലൂഷനുള്ള ഫോണിന് 4000 എംഎഎച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.

 

English Summary: Alert For WhatsApp Vulnerability! Anyone Sitting Far Away Can Delete Your Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com