ADVERTISEMENT

സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ മെഗാപിക്‌സല്‍ വര്‍ധനയില്‍ അത്രവലിയ അര്‍ഥം കാണാതെ മാറിനിന്ന കമ്പനികളിലൊന്നായിരുന്നു ആപ്പിള്‍. എന്നാലിപ്പോള്‍ കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ പ്രകാരം 2022ലെ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കെങ്കിലും 48 എംപി സെന്‍സര്‍ ഉപയോഗിച്ചേക്കുമെന്നാണ്. ആപ്പിളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കൃത്യമായി പ്രവചിച്ച് വിശ്വാസ്യത നേടിയ മിങ്-ചി കുവോ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളുടെ കാര്യം പറഞ്ഞാല്‍ താഴേക്കിടയിലുള്ള മോഡലകളില്‍ പോലും 48 എംപി ക്യാമറകള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ആപ്പിള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന 48 എംപി ക്യാമറാ സെന്‍സറിനു സാധാരണ കാണുന്നവയേക്കാള്‍ വലുപ്പമുണ്ടായിരിക്കുമെന്നും  കുവോ പ്രവചിക്കുന്നു. 

 

ആപ്പിള്‍ കൊണ്ടുവരാന്‍ പോകുന്നത് 1/1.3-ഇഞ്ച് സെന്‍സറായിരിക്കുമെന്നും അതിന് 1.25 മൈക്രോമീറ്റര്‍ പിക്‌സല്‍ സൈസ് ആയിരിക്കുമെന്നും പറയുന്നു. നിലവിലുളള ഏറ്റവും മികച്ച ഐഫോണ്‍ ക്യാമറ 12 പ്രോ മാക്‌സിലാണ് ഉള്ളത്. ഇതിന്റെ പിക്‌സല്‍ വലുപ്പം 1.7 മൈക്രോമീറ്റര്‍ ആണ്. എന്നാല്‍, ഇതിന്റെ ഇക്വിവലന്റ് വലുപ്പം 2.5 മൈക്രോസമീറ്റര്‍ ആയിരിക്കുമെന്നാണ്. (കുറഞ്ഞ സംഖ്യ കൂടുതല്‍ മികച്ച ഫോട്ടോകള്‍ എടുക്കും.) പുതിയ സെന്‍സറും സോണി ആയിരിക്കും നിര്‍മിച്ചു നല്‍കുക. സെന്‍സര്‍ സൈസ് കൂടാതെ, പല ആന്‍ഡ്രോയിഡ് ഫോണുകളും വര്‍ഷങ്ങളായി സപ്പോര്‍ട്ടു ചെയ്യുന്ന 8കെ വിഡിയോ റെക്കോഡിങും 2022ലെ ഐഫോണില്‍ വരുമെന്നാണ് കുവോ പ്രവചിച്ചിരിക്കുന്നത്.

 

∙ മറ്റു പ്രവചനങ്ങള്‍ ഇതാ:

 

ആപ്പിള്‍ 2022ല്‍ ഐഫോണ്‍ മിനി മോഡല്‍ നിർത്തിയേക്കും. മിനി മോഡലിന് 5.4-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണുള്ളത്. ഐഫോണ്‍ 12, 12 പ്രോ എന്നിവയ്ക്ക് 6.1-ഇഞ്ച് വലുപ്പമാണുള്ളത്. ഐഫോണ്‍ പ്രോ മാക്‌സിന് 6.7-ഇഞ്ചും. ഈ സ്‌ക്രീന്‍ വലുപ്പമുള്ള മൂന്നു മോഡലുകള്‍ മാത്രമായിരിക്കും 2023ല്‍ ഇറക്കുക എന്നാണ് കുവോ പറയുന്നത്. ആപ്പിള്‍ പ്രതീക്ഷിച്ച രീതിയിലുള്ള വില്‍പന മിനി മോഡലിന് ഉണ്ടായിട്ടില്ലെന്നതാണ് ആ സീരീസ് നിർത്താന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ വര്‍ഷം (2021) മിനി മോഡല്‍ ഇറക്കുമെന്നു തന്നെയാണ് എല്ലാവരും കരുതുന്നത്. അതുപോലെ, 2022 ലും നോച്ച് ഉള്ള ഐഫോണ്‍ ആയിരിക്കാം ഇറങ്ങുന്നതെന്നും പറയുന്നു. എന്നാല്‍, 2023ല്‍ ഫെയ്‌സ് ഐഡി അടങ്ങുന്ന മുന്‍ക്യാമറാ സിസ്റ്റം സ്‌ക്രീനിനുള്ളിലായിരിക്കും. 2023ല്‍ ആയിരിക്കും സ്‌ക്രീനിനു താഴെ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തുക എന്നു കുവോ പറയുന്നു.

 

∙ ആപ്പിള്‍ പെന്‍സില്‍ 3 ഈ മാസം അവതരിപ്പിച്ചേക്കാം

 

ഈ മാസം അവതരിപ്പിക്കാനിരിക്കുന്ന പ്രൊഡക്ടുകള്‍ക്കൊപ്പം ആപ്പിള്‍ പെന്‍സിലിന്റെ മൂന്നാം പതിപ്പും ഉണ്ടായേക്കാമെന്ന് അഭ്യൂഹം. പുതിയ മിനി-എൽഇഡി സ്‌ക്രീനുള്ള ഐപാഡുകള്‍, എയര്‍ടാഗ്, എം1എക്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്‌സ് തുടങ്ങിയവയും പ്രതീക്ഷിക്കുന്നു.

amazon-

 

∙ ജോലിക്കാരോടുള്ള സമീപനം ആമസോണ്‍ മെച്ചപ്പെടുത്തണമെന്ന് ബെസോസ്

 

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പുലര്‍ത്തിവന്ന ദൃഢവിശ്വാസങ്ങളിലൊന്ന് തങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരോട് കടുത്ത ആത്മാര്‍ഥത പുലര്‍ത്തണം എന്നതായിരുന്നു. ഇതാണ് കമ്പനിയുടെ വിജയത്തിനു പിന്നിലെന്നും കരുതുന്നു. അതേസമയം, ആമസോണില്‍ അടുത്തിടെ പരാജയപ്പെട്ട തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാനുള്ള നീക്കം വീണ്ടും  ബെസോസിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. ആമസോണിലെ ജോലിക്കാരോടും കൂടുതല്‍ നീതിപുലര്‍ത്തണം എന്നകാര്യം ഊന്നിപ്പറഞ്ഞിരിക്കുകയാണ് ബെസോസ്. ജോലിക്കാരുടെ ക്ഷേമത്തേക്കുറിച്ചും കൂടുതല്‍ ഉത്തരവാദിത്വത്തോടെ കമ്പനി പെരുരമാറണം എന്നാണ് ബെസോസ് പറഞ്ഞിരിക്കുന്നത്. ആമസോണിന്റെ ഓഹരിയുടമകള്‍ക്കുള്ള കത്തിലാണ് അദ്ദേഹം ജോലിക്കാരോടുള്ള സമീപനം മാറ്റേണ്ടിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. ജോലിക്കാരോട് പുതിയ കാഴ്ചപ്പാടോടു കൂടി വേണം പെരുമാറാന്‍ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആമസോണില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നവരുടെ സംതൃപ്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെയാണ് കമ്പനി നീങ്ങിയിരുന്നതെങ്കില്‍ ഇനി ജോലിക്കാരുടെ ജീവിത വിജയത്തിലും ഒരു കണ്ണുവയ്ക്കണമെന്നാണ് ഈ വര്‍ഷം കമ്പനിയുടെ മേധാവി സ്ഥാനം ഒഴിയാനിരിക്കുന്ന ബെസോസിന്റെ അഭിപ്രായം.

 

ബെസോസ് സ്ഥാപിച്ച കമ്പനി ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയാണ്. ഫ്‌ളിപ്കാര്‍ട്ട് സ്ഥാപിച്ച സച്ചിന്‍ ബെന്‍സാലും ബിന്നി ബന്‍സാലും ആമസോണിലെ ജോലിക്കാരായിരുന്നു. ആമസോണ്‍, ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമെന്ന നിലയിലും ക്ലൗഡ് കംപ്യൂട്ടിങ് കമ്പനി എന്ന നിലയിലും അപൂര്‍വ വിജയമാണ് കരസ്ഥമാക്കിയയത്. ലോകത്തെ ഏറ്റവുമധികം വിശ്വസിക്കാവുന്ന കമ്പനികള്‍ക്കൊപ്പമാണ് ആമസോണിനെ ഉപയോക്താക്കള്‍ കാണുന്നത്. എന്നാല്‍, തങ്ങളുടെ അനിഷേധ്യ സ്ഥാനം ദുരുപയോഗം ചെയ്യുന്നുണ്ടെന്നു പറഞ്ഞ് ഉദ്യോഗസ്ഥരും പിന്നാലെയുണ്ട്. അതിനു പുറമെയാണ് തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാനുള്ള ശ്രമവും ആക്ടിവിസ്റ്റുകളുടെ ഇടപെടലും ഒക്കെ. തങ്ങളുടെ നേട്ടങ്ങള്‍ക്കായി കമ്പനി വളരെ സമര്‍ഥമായി ബിസിനസ് തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും, എതിരാളികളെ പരാജയപ്പെടുത്തുന്നുവെന്നും, അതുപോലെ ജോലിക്കാര്‍ക്ക് അമിത ജോലിഭാരം നല്‍കുന്നു എന്നെല്ലാമുള്ള ആരോപണങ്ങളാണ് കമ്പനി ഇപ്പോള്‍ നേരിടുന്നത്.

 

∙ ഭൂമിയിലെ ഏറ്റവും മികച്ച സേവനദാതാവാകും

 

ഉപയോക്താക്കളോടുള്ള സമീപനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത കമ്പനി എന്ന പേരിനൊപ്പം രണ്ടു ധര്‍മസിദ്ധാന്തങ്ങള്‍ കൂടി ആമസോണില്‍ എഴുതിച്ചേര്‍ക്കാനാണ് ബെസോസ് ഉദ്ദേശിക്കുന്നത്. ഭൂമിയിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാവ് (Earth's Best Employer) എന്നതും ഭൂമിയില്‍ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാവുന്ന ഇടം എന്നതുമാണ് അവയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആമസോണില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന തൊഴിലാളി ക്ഷേമം നല്ലതല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ബെസോസ് തള്ളിക്കളയുകയും ചെയ്തു. ആമസോണിലെ 94 ശതമാനം ജോലിക്കാരും പറയുന്നത് കമ്പനിയെ നല്ലൊരു തോഴിലിടമായി സുഹൃത്തുക്കള്‍ക്ക് ശുപാര്‍ശചെയ്യുമെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ക്ക് ലോകമെമ്പാടുമായി 200 ദശലക്ഷം പ്രൈം അംഗങ്ങളുണ്ടെന്നും ബെസോസ് വെളിപ്പെടുത്തി. അതേസമയം, ആമസോണിനെതിരെ നടത്തുന്ന പ്രചാരണ പരിപാടികളുടെ ആഘാതം കടുത്തതാണെന്നും വിമര്‍ശകര്‍ പറയുന്നു.

 

∙ റോയിട്ടേഴ്‌സ് വിശുദ്ധ പുസ്തകമല്ലെന്ന് കോടതിയോട് ആമസോണ്‍

 

ഇന്ത്യയിലും ആമസോണ്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. സർക്കാരിന്റെ ചില വിലക്കുകളെ സമര്‍ഥമായി മറികടന്നാണ് ഇന്ത്യയില്‍ ആമസോൺ കച്ചവടം നടത്തുന്നതെന്ന് അടുത്താകാലത്ത് പുറത്തുവന്ന റോയിട്ടേഴ്‌സ് വാര്‍ത്ത ആരോപിക്കുന്നു. കുറച്ചു സെല്ലര്‍മാര്‍ക്കാണ് ആമസോണില്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് വാര്‍ത്ത ആരോപിച്ചത്. ഇതിനെതിരെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം ആരംഭിച്ചിരുന്നു. ഫ്‌ളിപ്കാര്‍ട്ടിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് സിസിഐ കര്‍ണ്ണാടക ഹൈക്കോടതിയില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉപയോഗിച്ചപ്പോഴാണ് ആമസോണ്‍ തങ്ങളുടെ വാദം ഉയര്‍ത്തിയത്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വിശുദ്ധ പുസ്തകത്തില്‍ നിന്നുള്ളവ എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആമസോണിനു വേണ്ടി വാദിക്കുന്ന ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.

 

∙ ക്ലിയര്‍ട്രിപ് ഇനി ഫ്‌ളിപ്കാര്‍ട്ടിന്റേത്

 

ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ യാത്രാ ടെക്‌നോളജി കമ്പനിയായ ക്ലിയര്‍ട്രിപ് വാങ്ങാന്‍ പോകുന്നു. കമ്പനിയുടെ 100 ശതമാനം ഓഹരിയും ഫ്‌ളിപ്കാര്‍ട്ട് വാങ്ങുകയാണ്. എന്നാല്‍, ക്ലിയര്‍ട്രിപ്പിനെ ഒരു വ്യത്യസ്ത കമ്പനിയായി നിലനിര്‍ത്തുമെന്നും ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്. എന്തു വിലയാണ് തങ്ങള്‍ നല്‍കുന്നതെന്ന് കമ്പനി പറഞ്ഞിട്ടില്ല.  

 

∙ കര്‍ഫ്യു: അവശ്യ സാധനങ്ങളല്ലാതെ ഒന്നും എത്തിച്ചു നല്‍കാന്‍ ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും അനുവദിക്കരുതെന്ന്

 

ആമസോണും ഫ്‌ളിപ്കാര്‍ട്ടും അടങ്ങുന്ന ഓണ്‍ലൈന്‍ കച്ചവടക്കാരെ കര്‍ഫ്യു പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ അല്ലാതെ ഒന്നും എത്തിച്ചു നല്‍കാന്‍ അനുവദിക്കരുതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആവശ്യപ്പെട്ടു.

 

English Summary: Kuo: 48MP camera with 8K support coming to iPhone in 2022, 'mini' model axed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com