ADVERTISEMENT

ഇന്ത്യയിലെ ടെലികോം മേഖലയിൽ വൻമാറ്റങ്ങളുമായി റിലയൻസ് ജിയോ വന്നതോടെ തകർന്നത് നിരവധി കമ്പനികളാണ്. ഇതിൽ രക്ഷപ്പെട്ട കമ്പനികളിലൊന്ന് എയർടെൽ ആണെന്നും ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞു. ഒരു വർഷത്തോളം സൗജ്യന്യമായും രണ്ടാമത്തെ വർഷം കൂടുതൽ ഇളവുകളോടെയും ജിയോ സേവനങ്ങൾ നൽകാൻ തുടങ്ങിയതോടെ എയർടെൽ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ പ്രതിസന്ധിയിലായി. ജിയോയുടെ ഫ്രീ സൂനാമിയിൽ മിക്ക കമ്പനികളും തകർന്നു. എന്നാൽ, ആ പ്രതിസന്ധികളിൽ നിന്നെല്ലാം ഭാരതി എയർടെൽ കൂടുതൽ ശക്തമായി തിരിച്ചുവന്നു. ഇപ്പോൾ വയർലെസ് സേവനങ്ങളിലെ എതിരാളികളേക്കാൾ കൂടുതൽ ഉപയോക്താക്കളെ ചേർക്കാൻ എയർടെലിന് സാധിക്കുന്നുണ്ടെന്നും സുനിൽ മിത്തൽ പറഞ്ഞു.

 

എയർടെൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയി. മൂന്നോ നാലോ വലിയ പ്രതിസന്ധികൾക്ക് ശേഷം ഞങ്ങൾ ഇന്ന് ആരോഗ്യകരമായ രൂപത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും ആമസോൺ സ്ംഭവ് ഉച്ചകോടിയിൽ ( Amazon Smbhav Summit) മിത്തൽ പറഞ്ഞു. 2003-04 നു ശേഷം കമ്പനി തകർച്ചയുടെ വക്കിലെത്തിയപ്പോൾ 2008-10 ൽ സർക്കാർ 12 പുതിയ ലൈസൻസുകളാണ് നൽകിയത്. ഇത് കടുത്ത മത്സരത്തിന് കാരണമായപ്പോൾ എയർടെലും വൻ പ്രതിസന്ധിയെ നേരിട്ടു. എന്നാൽ, നാല് വർഷം മുൻപ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ പ്രവർത്തനം തുടങ്ങിയതോടെയാണ് വൻ പ്രതിസന്ധി നേരിട്ടത്.

 

2016 ൽ, ഇന്ത്യയിലെ ടെലികോം മേഖലയിൽ ഏറ്റവും ശക്തരായ എതിരാളികളിൽ ഒരാളായാണ് ജിയോ അവതരിച്ചത്. തുടക്കത്തിൽ ഒരു വർഷത്തേക്ക് സൗജന്യം, മറ്റൊരു വർഷത്തേക്ക് സബ്സിഡി, കുറഞ്ഞ വിലനിർണയം, 4ജി ഫോണുകൾക്ക് സബ്സിഡി അങ്ങനെ എല്ലാം നൽകി ടെലികോം മേഖലയിൽ മറ്റു കമ്പനികൾക്ക് ജിയോ സമ്മാനിച്ചത് വൻ പ്രതിസന്ധിയാണെന്നും മിത്തൽ പറഞ്ഞു.

 

ജിയോയുടെ വരവോടെ 12 ടെലികോം സേവന ദാതാക്കളിൽ ഒമ്പത് പേരും പാപ്പരാകുകയോ എയർടെലുമായി ലയിപ്പിക്കുകയോ അല്ലെങ്കിൽ അവർക്കിടയിൽ ലയിക്കുകയോ ചെയ്തു. ഇന്ന് മൂന്ന് സ്വകാര്യ കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

എയർടെലിന് ഇന്ന് ഏകദേശം 34.5 കോടി ഉപയോക്താക്കളുണ്ട്. ജിയോയ്ക്ക് 41.1 കോടി ഉപയോക്താക്കളുണ്ട്. ജനുവരിയിലെ ട്രായി ഡേറ്റ പ്രകാരം വോഡഫോൺ ഐഡിയക്ക് ഏകദേശം 28.2 കോടി ഉപയോക്താക്കളുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷത്തിനിടയിലെ ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും കമ്പനിക്ക് 1200 കോടി ഡോളർ സമാഹരിക്കാൻ കഴിഞ്ഞുവെന്നും മിത്തൽ കൂട്ടിച്ചേർത്തു. എയർടെൽ പതിറ്റാണ്ടുകളായി നേടിയെടുത്ത വിശ്വാസ്യതയും പ്രതിബദ്ധതയും കാരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Airtel emerged stronger from several 'near death experiences' including Jio entry: Sunil Mittal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com