ADVERTISEMENT

പെട്രോകെമിക്കല്‍ മേഖലയില്‍ നിന്ന് ടെക്‌നോളജി മേഖലയിലേക്കും ശ്രദ്ധപതിപ്പിക്കാന്‍ തനിക്കു തോന്നിയ നിമിഷത്തെക്കുറിച്ചോര്‍ത്ത് റിലയന്‍സ് മേധാവി മുകേഷ് അംബാനി സ്വയം പുറത്തുതട്ടി അനുമോദിക്കുന്നുണ്ടാകും. കാരണം ഇപ്പോള്‍ അദ്ദേഹം ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. മഹാമാരി സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയെങ്കിലും ടെക്‌നോളജി മേഖലയിലെ അതിസമ്പന്നര്‍ക്ക് ഈ കാലയളവിൽ പോലും കുതിച്ചുകയറ്റമാണ് സമ്മാനിച്ചത്. ഫോര്‍ബ്‌സ് മാസികയാണ് കോടീശ്വരൻമാരുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. 

 

ശതകോടീശ്വരൻമാരുടെ പട്ടികയിലേക്ക് മഹാമാരിയുടെ കാലയളവില്‍ എത്തിയിരിക്കുന്നത് 493 പുതുമുഖങ്ങളാണ്. ഇവരുടെ കൈകളിലേക്ക് അധികമായി എത്തുന്നത് 5 ട്രില്ല്യന്‍ ഡോളര്‍ ആണെന്നാണ് കണക്കുകള്‍ പറയുന്നത്. ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മാത്രം സമ്പത്ത് മഹാമാരിയുടെ ഒരു വര്‍ഷ കാലയളവില്‍ വർധിച്ചത് 64 ബില്ല്യന്‍ ഡോളറാണ്. പുതിയ പട്ടികയില്‍ ടെക്‌നോളജി കമ്പനിയുടമകള്‍ അല്ലാത്തവര്‍ താഴോട്ടാണെന്നും കാണാം. ഇവരില്‍ ചിലരുടെ സമ്പത്ത് എത്രയെന്നു നോക്കാം:

 

1. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസ് ആണ് ഇപ്പോള്‍ ലോക കോടീശ്വരൻമാരുടെയും ടെക്‌നോളജി അതിസമ്പന്നരുടെയും പട്ടികയില്‍ ഒന്നാം സ്ഥാനത്ത്- മൊത്തം ആസ്തി 177 ബില്ല്യന്‍ ഡോളര്‍.

 

2. ഇലക്ട്രിക് കാര്‍ നിര്‍മാതാവ് ടെസ്‌ലയുടെയും സ്‌പേസ്എക്‌സിന്റെയും മേധാവി ഇലോണ്‍ മസ്‌കാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് 151 ബില്ല്യന്‍ ഡോളറാണ്.

 

3. നാലാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സ് ആണ്. പുതിയ പട്ടിക പ്രകാരം അദ്ദേഹത്തിന് 124 ബില്ല്യന്‍ ഡോളര്‍ ആസ്തിയുണ്ട്. ( മൂന്നാം സ്ഥാനം ബേണഡ് ആര്‍ണോള്‍ട്ട് ആന്‍ഡ് ഫാമിലിയ്ക്കാണ്. ഇവരെ ടെക്‌നോളജി വിഭാഗത്തിലല്ല പെടുത്തിയിരിക്കുന്നത്.)

 

4. ഫെയ്‌സ്ബുക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് അഞ്ചാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ ആസ്തി 97 ബില്ല്യന്‍ ഡോളറാണ്.

 

5. ബേര്‍ക്ഷെയര്‍ ഹാത്‌വേയുടെ ചെയര്‍മാന്‍ വോറന്‍ ബഫറ്റ് ആണ് ആറാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് 96 ബില്ല്യന്‍ ഡോളറുമാണ്.

 

6. ഒറാക്കിൾ കമ്പനി മേധാവി ലാറി എലിസണ്‍ ആണ് ഏഴാം സ്ഥാനത്ത്. അദ്ദേഹത്തിന് 93 ബില്ല്യന്‍ ഡോളര്‍ ആസ്തിയാണ് ഉളളത്.

 

7. ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന് 91.5 ബില്ല്യന്‍ ഡോളറാണ് ആസ്തി. അദ്ദേഹം എട്ടാം സ്ഥാനത്താണ്.

Hindu God Krishna on blue background

 

8. പേജിനൊപ്പം ഗൂഗിള്‍ സ്ഥാപിച്ച സെര്‍ഗായ് ബ്രിന്‍ തൊട്ടുപിന്നിലുണ്ട്, ആസ്തി 89 ബില്ല്യന്‍ ഡോളര്‍.

 

9. റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് പത്താം സ്ഥാനത്ത്. അദ്ദേഹത്തിന് 84.5 ബില്ല്യന്‍ ഡോളറാണ് ആസ്തി. ഏഷ്യയിലെ ഏറ്റവും വലിയ ധനികനും ഇപ്പോള്‍ അംബാനിയാണ്.  

 

10. പട്ടികയിൽ അടുത്തതായി എത്തിയ ടെക് മേഖലാ ധനികന്‍ സ്റ്റീവ് ബാമറാണ്. അദ്ദേഹം 14-ാം സ്ഥാനത്താണ്. അദ്ദേഹത്തിന് 68.7ബില്ല്യന്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്‌സ് പറയുന്നത്.

 

ചൈനീസ് ടെക്‌നോളജി ഭീമന്‍ ടെന്‍സെന്റിന്റെ മേധാവി മാ ഹുവാടെങ് ആണ് പതിനഞ്ചാം സ്ഥാനത്ത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിൽ കുതിച്ചു കയറിയ മറ്റൊരു ചൈനീസ് കമ്പനിയായ പിന്‍ഡുവോഡുവോയുടെ മേധാവി കോളിന്‍ ഹുവാങ് ആണ് 21-ാം സ്ഥാനത്ത്. ആലിബാബയുടെ മേധാവി ജാക് മാ 26-ാം സ്ഥാനത്തുണ്ട്. മറ്റു ബിസിനസുകാരെയും മറ്റും എളുപ്പത്തില്‍ വെട്ടി മുന്നേറുകയാണ് ടെക് മേഖലയിലേക്കിറങ്ങിയവര്‍ എന്നാണ് പുതിയ പട്ടിക കാണിച്ചുതരുന്നത്.

 

∙ 'ബോട്ടില്‍' നിക്ഷേപമിറക്കാന്‍ ക്വാല്‍കം

 

പ്രാദേശിക ഓഡിയോ പ്രൊഡക്ട് നിര്‍മാണ കമ്പനിയായ ബോട്ടില്‍ ( boAt) നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കന്‍ ചിപ്പ് നിര്‍മാണ ഭീമന്‍ ക്വാല്‍കം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

∙ എഐ ഉപയോഗിച്ചുള്ള ബഹുജന നിരീക്ഷണം വേണ്ടെന്ന് ഇയു

 

സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ അതീവ പ്രാധാന്യമുള്ള മറ്റൊരു പൗരാനുകൂല നിയമം കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇയു. ലോകമെമ്പാടും നിർമിതബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചുള്ള ബഹുജന നിരീക്ഷണം വ്യാപകമാകുകയാണ്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയും സ്വേച്ഛാധിപത്യ സ്വഭാവമുള്ള സർക്കാരുകളും എഐ ഉപയോഗിച്ച് ജനങ്ങളെ നിരീക്ഷിച്ചു മുന്നോട്ടുപോകുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ അത്തരം നിരീക്ഷണങ്ങള്‍ ബോധപൂര്‍വം വേണ്ടെന്നുവയ്ക്കുകയാണ്. പൊതുജന നിരീക്ഷണത്തിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പാടേ നിരോധിക്കാന്‍ ഒരുങ്ങുകയാണ് യുറോപ്യന്‍ യൂണിയന്‍ (ഇയു) എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകളുടെ സോഷ്യല്‍ ക്രെഡിറ്റ് സ്‌കോറുകള്‍ തുടങ്ങിയവയിലും കണ്ണോടിക്കാന്‍ എഐയെ അനുവദിക്കേണ്ടെന്നാണ് ഇയു തീരുമാനം. താമസിയാതെ നിയമ പ്രാബല്യം നല്‍കിയേക്കുമെന്നു കരുതുന്ന കരടു രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ജനങ്ങളുടെ ഇന്റര്‍നെറ്റ് സ്വകാര്യതയ്ക്കായി ജിഡിപിആര്‍ നിയമങ്ങള്‍ കൊണ്ടുവന്ന് ടെക്‌നോളജി കമ്പനികളുടെ കടന്നുകയറ്റത്തില്‍ നിന്ന് രക്ഷിച്ചു നിർത്തിയതും ഇയു ആണ്. എഐ ഉപയോഗിച്ചുള്ള വിവേചനമില്ലാത്ത (indiscriminate) നിരീക്ഷണം പാടില്ലെന്നായിരിക്കും പുതിയ നിയമത്തില്‍ പറയുക.

 

സാധാരണക്കാരെയും അവര്‍ താമസിക്കുന്ന ഇടങ്ങളെയും ബന്ധപ്പെടുത്തി ഡേറ്റ ശേഖരിച്ചുകൂട്ടുന്ന പ്രവണതയാണ് ഇപ്പോള്‍ വളരുന്നത്. ഇതു വേണ്ടെന്നായിരിക്കും പുതിയ നിയമങ്ങള്‍ പറഞ്ഞേക്കുക. ഒരു പൗരന്‍ വിശ്വസ്തനാണോ എന്നറിയാന്‍ അയാളുടെ സോഷ്യല്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാനും എഐയെ അനുവദിക്കേണ്ടെന്നായിരിക്കും തീരുമാനം. ഒരാള്‍ സമൂഹത്തില്‍ എങ്ങനെ പെരുമാറുന്നുവെന്നു തുടങ്ങിയ കാര്യങ്ങളും സൂക്ഷ്മമായി അന്വേഷിക്കേണ്ടെന്നും നിയമം പറഞ്ഞേക്കുമെന്ന് കരുതുന്നു. ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് റിമോട്ടായി ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതും വിലക്കിയേക്കും. പൊതു സ്ഥലങ്ങളിലേക്കു വരുന്നവരെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും വേണ്ടന്നുവച്ചേക്കും.

 

∙ കാലാവസ്ഥാ വ്യതിയാനത്തിനുളള പരിഹാരങ്ങള്‍ക്കായി 200 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് ആപ്പിള്‍

 

അന്തരീക്ഷത്തിലേക്കു പോകുന്ന കാര്‍ബണ്‍ നീക്കംചെയ്യാനുള്ള പരിശ്രമങ്ങള്‍ക്കായി 200 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു. റീസ്റ്റോര്‍ ഫണ്ട് എന്നു പേരിട്ടിരിക്കുന്ന ധനം ഉപയോഗിച്ച് പ്രതിവര്‍ഷം ഒരു ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എങ്കിലും അന്തരീക്ഷത്തില്‍ നിന്നു നീക്കംചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 200,000 യാത്രാ വാഹനങ്ങള്‍ പ്രതിവര്‍ഷം പുറന്തള്ളുന്ന കാര്‍ബണിന്റെ അളവാണിത്.

 

English Summary: World’s 10 richest tech billionaires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com