ADVERTISEMENT

ഇസിജി ഉപകരണങ്ങള്‍ നിർമിക്കുന്ന കമ്പനിയായ എലൈവ്‌കോര്‍ (AliveCor) ആപ്പിളിന്റെ വാച്ചുകള്‍ക്കെതിരെ രംഗത്ത്. ആപ്പിളിന്റെ വാച്ച് 4, വാച്ച് 5 എന്നിവയില്‍ തങ്ങളുടെ ടെക്‌നോളജി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇത് പേറ്റന്റ് ലംഘനമാണെന്നും വാച്ചുകളുടെ കയറ്റുമതി നിരോധിക്കണമെന്നുമാണ് എലൈവ്‌കോര്‍ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷനില്‍ (ഐടിസി) പരാതി നൽകിയിരിക്കുന്നത്. തങ്ങളുടെ മൂന്ന് പ്രധാന പേറ്റന്റുകളുടെ ലംഘനമാണ് ആപ്പിള്‍ നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം. ഈ പേറ്റന്റുകള്‍ ആപ്പിള്‍ ലംഘിച്ചുവെന്നു കാണിച്ച് എലൈവ്‌കോര്‍ 2020 ഡിസംബറില്‍ ഫെഡറല്‍ കോടതിയില്‍ കേസ് ഫയൽ ചെയ്തിരുന്നു. തങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ചിരിക്കുന്ന സാങ്കേതികവിദ്യയിലേക്ക് ആപ്പിള്‍ കടന്നുകയറിയിരിക്കുന്നു എന്നാണ് അവര്‍ നല്‍കിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഫെഡറല്‍ കോടതിയില്‍ നില്‍കിയിരിക്കുന്ന കേസിന് കൂടുതല്‍ ബലം ലഭിക്കാനാണ് ഇപ്പോള്‍ ഐടിസിയിലും കേസ് നല്‍കിയിരിക്കുന്നത്.

 

തങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യ ആപ്പിള്‍ വെറുതെ പകര്‍ത്തിയെടുത്ത് ഉപയോഗിച്ചുവെന്ന് തെളിയിക്കാനാണ് എലൈവ്‌കോര്‍ ശ്രമിക്കുന്നത്. ആപ്പിള്‍ വാച്ചില്‍ ഇസിജി റീഡിങ് നടത്തുന്നതും ഹൃദയമിടിപ്പു വിശകലനം ചെയ്യുന്നതും തങ്ങളുടെ ടെക്‌നോളജി ഉപയോഗിച്ചാണ് എന്നാണ് വാദം. ഇതോടൊപ്പം തന്നെ എലൈവ്‌കോറിനെ ഒരു എതിരാളി എന്ന നിലയില്‍ വിപണിയില്‍ നിന്ന് കെട്ടുകെട്ടിക്കാനും ആപ്പിള്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. ആപ്പിള്‍ വാച്ചില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ പ്രത്യക്ഷത്തില്‍ എലൈവ്‌കോറിന്റേതിനു സമാനമാണെന്ന് അവലോകകര്‍ പറയുന്നു. അതേസമയം, ആപ്പിള്‍ ഈ സാങ്കേതികവിദ്യയെ ഒരു വാച്ചില്‍ ഉപയോഗിക്കാന്‍ പാകത്തിനാക്കിയെന്നും അവര്‍ നിരീക്ഷിക്കുന്നു. കേസിനെക്കുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

∙ ആപ്പിളിനെ പറ്റിച്ച് വാതുവയ്പ്പ് ആപ്പുകള്‍ ആപ്‌ സ്റ്റോറില്‍ കയറിക്കൂടി

 

whatsapp

ആപ്പിളിന്റെ ആപ് സ്റ്റോറിലേക്ക് ആപ്പുകള്‍ക്കു കടന്നു കൂടാന്‍ സാധിക്കുക നിരവധി പരിശോധനകള്‍ക്ക് ശേഷമാണ്. എന്നാല്‍ ഈ ആപ് സ്‌റ്റോറിലേക്കും വ്യാജ ആപ്പുകള്‍ക്ക് കടക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ആപ്പുകള്‍ - ലക്കി സ്റ്റാര്‍സ്, വെഗാസ് പൈറേറ്റ്‌സ് എന്നീ പേരുകളില്‍ കുട്ടികള്‍ക്കുള്ള ഗെയിമുകള്‍ ആണെന്നു ഭാവിച്ചാണ് വാതുവയ്പ്പ് ആപ്പുകള്‍ ആപ് സ്റ്റോറില്‍ കയറിപ്പറ്റിയത്. ഇവ റഷ്യയില്‍ നിന്ന് വിപിഎന്‍ വഴി കയറിയാല്‍ ചൂതാട്ട ആപ്പുകളായി ഉപയോഗിക്കാമെന്നത് കണ്ടെത്താനായില്ല എന്നതാണ് ആപ്പിളിന് നാണക്കേടുണ്ടാക്കിയത്. രണ്ട് ആപ്പുകളെയും ഇപ്പോള്‍ നീക്കംചെയ്തിട്ടുണ്ട്.

 

∙ വാട്‌സാപ്പിനെതിരെ അന്വേഷണം നടത്തിക്കോളാന്‍ ഹൈക്കോടതി

 

വാട്‌സാപ്പിന്റെ സ്വകാര്യതാ നയം മാറ്റത്തെക്കുറിച്ച് ഇന്ത്യയുടെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ് അതുകൊണ്ട് അന്വേഷണം അനുവദിക്കരുത് എന്നതായിരുന്നു വാദം. എന്നാൽ, ഈ വാദം തള്ളിയിരിക്കുകയാണ് കോടതി. സുപ്രീം കോടതിയുടെ വിധി വരുന്നതു വരെ കാത്തിരിക്കുന്നതായിരുന്നു ഉചിതം. എങ്കിലും അന്വേഷണം നടക്കട്ടെ എന്നാണ് കോടതി വിധിച്ചത്.

 

∙ ഷര്‍ട്ടിനടിയില്‍ ധരിക്കാവുന്ന എസിയുമായി സോണി

 

ഷര്‍ട്ടിനടിയില്‍ ഉപയോഗിക്കാവുന്ന എസി എന്നത് പുതിയ ഉപകരണമാണെന്നു ധരിച്ചെങ്കില്‍ തെറ്റി. സോണി തന്നെ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു എസി പുറത്തിറക്കിയിരുന്നു, പേര് റിയോണ്‍ പോക്കറ്റ്. ഇതിന്റെ രണ്ടാം തലമുറയിലെ ഉപകരണമാണ് റിയോണ്‍ പോക്കറ്റ് 2 എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഷര്‍ട്ടിന് അടിയില്‍ ധരിക്കാവുന്ന എസി. ഒറ്റ നോട്ടത്തില്‍ രണ്ടു വേര്‍ഷനുകളും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ കാണാനാവില്ലെങ്കിലും പുതിയ വേര്‍ഷനു കൂടുതല്‍ തണുപ്പ് പ്രദാനം ചെയ്യാനും ചൂടു വലിച്ചെടുക്കാനുമുള്ള കഴിവുണ്ടെന്ന് കമ്പനി പറയുന്നു. റിയോണ്‍ പോക്കറ്റ് 2ന് ശരീരത്തെ തണുപ്പിക്കാനും ചൂടുപിടിപ്പിക്കാനും സാധിക്കുമെന്ന് സോണി പറയുന്നു. ഇതിന്റെ പ്രവര്‍ത്തനം സ്മാര്‍ട് ഫോണ്‍ ആപ്പ് വഴി നിയന്ത്രിക്കുകയും ചെയ്യാം. ഇത് വിയര്‍പ്പോ നനവോ ബാധിക്കില്ലെന്നും കമ്പനി പറയുന്നു. ഇതിനാല്‍ തന്നെ അധികം ആയാസമില്ലാത്ത വ്യായാമം ചെയ്യുന്ന സമയത്തു പോലും ധരിക്കാമെന്നാണ് കമ്പനി പറയുന്നത്.

 

റിയോണ്‍ പോക്കറ്റ് 2ന്റെ ശരീരവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഭാഗങ്ങള്‍ സ്റ്റെയ്ന്‍‌ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളാണ് ചൂടും തണുപ്പും നല്‍കുന്നത്. ഇതിനൊപ്പം ധരിക്കാവുന്ന വസ്ത്രങ്ങള്‍ക്കും അക്‌സസറികള്‍ക്കും ലൈസന്‍സ് നൽകാനും സോണി തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ധരിക്കാവുന്ന അല്ലെങ്കില്‍ ഉപയോഗിക്കാവുന്ന അക്‌സസറികളും കൊണ്ടുവരിക വഴി ഇതിന്റെ സാധ്യതകൾ വര്‍ധിക്കുന്നുവെന്നും പറയുന്നു. കമ്പനിയുടെ പദ്ധതിയായ സോണി സ്റ്റാര്‍ട്ട്അപ് അക്‌സലറേഷന്‍ പ്രോഗ്രാം ആണ് റിയോണ്‍ പോക്കറ്റ് 2 നു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വഴി കമ്പനി ഏകദേശം 4.6 കോടി രൂപ സ്വരൂപിച്ചിട്ടുമുണ്ട്. ആദ്യം ഇറക്കിയ റിയോണ്‍ പോക്കറ്റിന് ഐഫോണ്‍ XRന്റെ 40 ശതമാനം വലുപ്പമാണുള്ളത്. പുതിയ റിയോണ്‍ പോക്കറ്റ് 2 ന് ഏകദേശം 10,300 രൂപയായിരിക്കും വില. എന്നാല്‍ ഇത് നിലവില്‍ ജപ്പാനില്‍ മാത്രമാണ് വില്‍ക്കുന്നത്.

 

∙ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍ക്ക് വണ്‍പ്ലസിന്റെ ഗെയിമിങ് ട്രിഗര്‍- വില 1,099 രൂപ

 

ഷൂട്ടര്‍ ഗെയിമുകള്‍ക്ക് ഉപയോഗിക്കാവുന്ന ട്രിഗര്‍ വണ്‍പ്ലസ് പുറത്തിറക്കി. ഇവ ഐഒഎസ്, ആന്‍ഡ്രോയിഡ് ഒഎസ് ഫോണുകളില്‍ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. ഡ്യൂട്ടി മൊബൈല്‍, ഫ്രീ ഫയര്‍, പബ്ജി മൊബൈല്‍ പോലെയുള്ള ഗെയിമുകള്‍ കളിക്കുന്നവര്‍ക്കായിരിക്കും ഇത് ഉപകാരപ്പെടുക. പൊതുവെ മിക്ക ഫോണുകള്‍ക്കും ഒപ്പം ഉപയോഗിക്കാമെങ്കിലും ചില ഫോണുകള്‍ക്ക് ഇവ പാകമാകില്ല. മെയ്‌സു 15 പ്ലസ്, ഒപ്പോ എ8, ലെനോവോ സെഡ്5 തുടങ്ങിയവ ഉദാഹരണം. ഗെയിമിങ് പ്രേമിയാണെങ്കില്‍ നിങ്ങളുടെ ഫോണിന് ഉപകാരപ്പെടുമെന്ന് ഉറപ്പിച്ച ശേഷം മാത്രം വാങ്ങുക. വില 1,099 രൂപ.

 

∙ സാംസങ് ഗ്യാലക്‌സി എം40യ്ക്കും ആന്‍ഡ്രോയിഡ് 11

 

രണ്ടു വര്‍ഷം മുൻപ് ഇറക്കിയ ബജറ്റ് സ്മാര്‍ട് ഫോണായ ഗ്യാലക്‌സി എം40യ്ക്കും ആന്‍ഡ്രോയിഡ് 11 കേന്ദ്രീകൃത ഒഎസ് നല്‍കിയിരിക്കുകയാണ് സാംസങ്. ഏകദേശം 2 ജിബി ആയിരിക്കും അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിവരുന്ന ഡേറ്റ.

 

∙ ഗൂഗിള്‍ പിക്‌സല്‍ 5എ 5ജിക്കും പിക്‌സല്‍ 5ന്റെ പ്രോസസര്‍?

 

താമസിയാതെ ഗൂഗിള്‍ അവതരിപ്പിക്കുമെന്നു കരുതുന്ന സ്മാര്‍ട് ഫോണ്‍ മോഡലാണ് ഗൂഗിള്‍ പിക്‌സല്‍ 5എ 5ജി. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 765 ആയിരിക്കും പ്രൊസസര്‍. ഇതാണ് ഗൂഗിള്‍ പിക്‌സല്‍ 5ലും ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ഫോണുകളുടെ ചിപ്പ് ദൗര്‍ലഭ്യം മൂലം ഈ മോഡലിന്റെ നിര്‍മാണം ഗൂഗിള്‍ വേണ്ടെന്നു വച്ചെന്നു വാദിക്കുന്നവരും ഉണ്ട്.

 

English Summary: AliveCor aims to ban sales of Apple smartwatches, claiming patent infringement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com