ADVERTISEMENT

ആഗോളതലത്തില്‍ റഷ്യയും ചൈനയും ടെക്‌നോളജിയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണോ എന്ന ഭീതി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കിടയില്‍ പടരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ ഭീഷണിക്കെതിരെ അതിവേഗം പ്രവര്‍ത്തിച്ചില്ലങ്കില്‍ കടുത്ത പ്രശ്‌നത്തില്‍ പെടാമെന്നാണ് ബ്രിട്ടന്റെ രഹസ്യ പൊലീസ് മേധാവികളില്‍ ഒരാള്‍ പറഞ്ഞിരിക്കുന്നത്. ടെക്‌നോളജിയുടെ വലിയൊരു ഭാഗത്തിന്റെ നേതൃത്വവും കിഴക്കോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളിലും മൂല്യങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നുമുള്ള ഭീതിയാണ് സർക്കാരിന്റെ ഇലക്ട്രോണിക്‌സ് നിരീക്ഷണ ഏജന്‍സിയായ ജിസിഎച്ക്യൂവിന്റെ മേധാവി ജെറമി ഫ്‌ളെമിങ് പറഞ്ഞത്. ചൈനയുടെ ഭൂപ്രകൃതിയുടെ വലുപ്പവും സാങ്കേതികവിദ്യയുടെ മികവും പരിഗണിച്ചാല്‍ മനസ്സിലാകുക അവര്‍ക്ക് ആഗോള തലത്തില്‍ ടെക്‌നോളജിയെ നിയന്ത്രിച്ചുനിർത്താനാകുമെന്നാണ് ചൈനയുടെ പേരെടുത്തു പറഞ്ഞ് ജെറമി പറഞ്ഞത്.

 

രൂപപ്പെട്ടു വരുന്ന പുതിയ ടെക്‌നോളജി നേരത്തെ തന്നെ ഉപയോഗിച്ചു തുടങ്ങിയ രാജ്യങ്ങളിലൊന്നാണ് ചൈന. എന്നാല്‍, ടെക്‌നോളജി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ അവര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുള്ള കാഴ്ചപ്പാടല്ല ഉള്ളതെന്നും ജെറമി പറയുന്നു. ലോകത്തിന്റെ സൈബര്‍ ഭാവിയെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ള രാജ്യമാണ് ചൈന. അവരിപ്പോള്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. ചൈനയെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത (illiberal) രാജ്യത്തെ മൂല്യങ്ങള്‍ അവര്‍ ടെക്‌നോളജിയിലേക്കും പ്രവേശിപ്പിക്കുകയാണ്. ഇത്തരം നിലവാരമുള്ള ടെക്‌നോളജി ലോകം ഉപയോഗിക്കേണ്ടതായി വന്നാല്‍ അവര്‍ ലോക ടെക്‌നോളജി വിപണികളെ നിയന്ത്രണത്തിലാക്കും. ഭൂരാഷ്ട്രാന്തര മത്സരത്തിന് ഇത് വഴി തുറക്കും. അതേസമയം, റഷ്യയുടെ ഹാക്കിങ് തുടങ്ങിയ ഹീനമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ബ്രിട്ടന് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രശ്‌നമുള്ള ഒരു സ്മാര്‍ട് ഫോണ്‍ ആപ്പിന്റെ കാര്യത്തിലെന്നവണ്ണം റഷ്യന്‍ ആക്രമണങ്ങളെ ഒഴിവാക്കാൻ എളുപ്പമാണെന്നും ജെറമി പറയുന്നു.

 

ഈ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ബാധം തുടരാന്‍ അനുവദിച്ചാല്‍ ഇന്റര്‍നെറ്റിന്റെ രൂപകല്‍പനയും സ്വാതന്ത്ര്യവും വരെ വിദേശ എതിരാളികള്‍ക്ക് അടിയറവയ്‌ക്കേണ്ടി വന്നേക്കാം. അദ്ദേഹം എടുത്തുപറഞ്ഞ ഒരു ഉദാഹരണം പുതിയതായി ഉണ്ടാക്കപ്പെടുന്ന സ്മാര്‍ട് സിറ്റികളുടെ കാര്യമാണ്. (ചൈന ഇപ്പോള്‍ നിര്‍മിച്ചുവരുന്ന സ്മാര്‍ട് സിറ്റിയില്‍ ജീവിക്കുന്നയാള്‍ രാവിലെ ഭക്ഷണശാലയിലെത്തിയാല്‍ അയാള്‍ എന്തു കഴിക്കണമെന്ന് ആലോചിച്ചാണോ വന്നത് അത് ഓര്‍ഡര്‍ ചെയ്യാതെ തന്നെ മേശപ്പുറത്ത് എത്തുമെന്നു പറയുന്നു.) പുതിയ സ്മാര്‍ട് സിറ്റികളില്‍ സേവനങ്ങള്‍ മികച്ചതാക്കാന്‍ സെന്‍സറുകളാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെയാണ് ഡിജിറ്റല്‍ കറന്‍സിയുടെ കാര്യവും. ഇവയെല്ലാം ഉപയോഗിച്ച് യഥേഷ്ടം ഡേറ്റാ ശേഖരണം നടത്താം. ഒരാളുടെ സ്വകാര്യതയിലേക്ക് അത്രമേല്‍ തുളച്ചുകയറാന്‍ സാധ്യതയുള്ള ടെക്‌നോളജികളാണ് ഉപയോഗിക്കപ്പെടുന്നത്. ഇതെല്ലാം ഉപയോഗിക്കപ്പെട്ടാല്‍ സകല ജനാധിപത്യ മൂല്യങ്ങളും നശിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.

 

ബ്രിട്ടനും പടിഞ്ഞാറന്‍ രാജ്യങ്ങളും തിരിച്ചറിവിന്റെ നിമിഷത്തിലാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറയുന്നു. സർക്കാരിനു പോലും നിയന്ത്രണമില്ലാത്ത രീതിയിലാണ് നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതെന്ന് ഇംപീരിയല്‍ കോളജ്, ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ ജെറമി പറഞ്ഞു. ഉടനടി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ ഭാവിയെയും സുരക്ഷയെയും നിയന്ത്രിക്കുന്ന സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്നതോ നിയന്ത്രിക്കുന്നതോ പടിഞ്ഞാറന്‍ രാജ്യങ്ങളായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബ്രിട്ടൻ അതിന്റെ ഇപ്പോഴുള്ള സൈബര്‍ ശേഷികളില്‍ മതിമറന്നിരിക്കേണ്ട സമയമല്ലിപ്പോള്‍. മറിച്ച് മറ്റാരെയും ആശ്രയിക്കാതെയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കണം. ഉദഹരണത്തിന് അതിവേഗ ക്വാണ്ടം കംപ്യൂട്ടിങ്, ക്രിപ്‌റ്റോഗ്രാഫിക് ടെക്‌നോളജികള്‍ വികസിപ്പിച്ച് സ്വകാര്യവിവരങ്ങള്‍ സംരക്ഷിച്ചു നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

അതേസമയം, ജെറമിയുടെ നിരീക്ഷണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ചൈനയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ആരോപണങ്ങള്‍ പരിപൂര്‍ണമായും അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണെന്ന് അവര്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളായ ബ്രിട്ടനും അമേരിക്കയുമാണ് ഹാക്കിങ്ങിന്റെയും ഫോണ്‍ ടാപ്പിങ്ങിന്റെയും പിന്നിലെന്നാണ് മന്ത്രാലയത്തിന്റെ വക്താവ് ഷാവോ ലിജിയാന്‍ തിരിച്ചടിച്ചത്.  

 

∙ ന്യൂയോര്‍ക്ക് നഗരത്തിന്റെ ഏറ്റവും വലിയ ചിത്രം കാണാം

 

ന്യൂയോര്‍ക് നഗരത്തിന്റെ 80 ജിബി ചിത്രം പുറത്തിറക്കിയിരിക്കുകയാണ് എര്‍ത്ക്യാം. ലോകത്തെ ഏറ്റവും വലിയ റോബോട്ടിക് വെബ്ക്യാമാണ് എര്‍ത്ക്യാം. ഇതിന് 80,000 എംപി പനോരമ ചിത്രങ്ങള്‍ വരെ റെക്കോഡു ചെയ്യാന്‍ സാധിക്കും. തങ്ങളുടെ ക്യാമറ അവതരിപ്പിക്കുന്ന സന്ദര്‍ഭം ആകര്‍ഷകമാക്കാനാണ് ന്യൂയോര്‍ക്ക് നഗരത്തിന്റെ ഇന്നേവരെ എടുത്തിരിക്കുന്നതില്‍ ഏറ്റവും വലിയ ചിത്രവും പുറത്തിറക്കിയിരിക്കുന്നത്. ചിത്രം 360 ഡിഗ്രിയില്‍ കറക്കി ഒരോ പ്രദേശത്തേക്കും സൂം ചെയ്ത് എത്തുകയും ചെയ്യാം. സോണി എ7ആര്‍4ന്റെ 61എംപി സെന്‍സര്‍, സോണിയുടെ എസ്ഡികെ എന്നിവ പ്രയോജനപ്പെടുത്തി ആയിരക്കണക്കിനു ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ന്യൂയോര്‍ക് സിറ്റിയുടെ ഏറ്റവും വലിയ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. സോണിയും എര്‍ത്ക്യാമും ചേര്‍ന്നാണ് ഈ ദൃശ്യവിസ്മയം സൃഷ്ടിച്ചിരിക്കുന്നത്. ഇതിലേക്ക് വളരെയധികം സൂം ചെയ്തു പോകാവുന്നതാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ സ്പീഡ് അനുസരിച്ചായിരിക്കും ഫോട്ടോ ലോഡ് ആകുക. ചിത്രം കാണാൻ ഈ ലിങ്ക് ഉപയോഗിക്കാം: https://www.earthcam.net/projects/empirestatebuilding/gigapixelpanorama/2021/

covid-vaccine-pic

 

∙ ആപ്പിള്‍ വാച്ച് ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം അളക്കലും എളുപ്പമാക്കിയേക്കും

 

ഇസിജി, രക്തത്തിലെ ഓക്‌സിജന്റെ അളവു പരിശോധിക്കല്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ആപ്പിള്‍ വാച്ചില്‍ ഉള്‍ക്കൊള്ളിച്ചു കഴിഞ്ഞു. അടുത്തതായി ആപ്പിള്‍ വാച്ച് ധിരിക്കുന്ന വ്യക്തിയുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കാനുള്ള വഴികളും ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നു പറയുന്നു. ഇതിനായി മറ്റൊരു ഉപകരണം ആപ്പിള്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുകയാണ്. ആപ്പിള്‍ വാച്ചും പുതിയ ഉപകരണവും ചേര്‍ന്നായിരിക്കും രക്തസമ്മര്‍ദ്ദം അളക്കുക എന്നും പറയുന്നു. ആപ്പിള്‍ പുതിയതായി ഫയല്‍ ചെയ്ത പേറ്റന്റിലാണ് ഇതേക്കുറിച്ചുള്ള സൂചനകളുള്ളത്. അതേസമയം, സാംസങ്ങിന്റെ ഗ്യാലക്‌സി വാച്ച് 2, ഗ്യാസക്‌സി വാച്ച് 3 എന്നിവയില്‍ ഇസിജി, രക്തസമ്മര്‍ദ്ദം അളക്കല്‍ എന്നീ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചു കഴിഞ്ഞുവെന്നും ഓര്‍ക്കണം.

 

∙ എയര്‍ടാഗിനു പകരം ഉപകരണം ഇറക്കാന്‍ ഒപ്പോ

 

ആപ്പിള്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വില കുറച്ച് എത്തിച്ചു ശ്രദ്ധപിടിച്ചുപറ്റുന്ന തന്ത്രം എയര്‍ടാഗിന്റെ കാര്യത്തിലും ഉണ്ടാകും. ചൈനീസ് കമ്പനിയായ ഒപ്പോയാണ് ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച എയര്‍ടാഗിനു പകരമുള്ള ഉപകരണം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. കീചെയിന്‍ തുടങ്ങിയ ചെറിയ സാധനങ്ങളില്‍ പിടിപ്പിക്കാനുള്ള ഉപകരണമാണ് എയര്‍ടാഗ്. ഇത് എവിടെയെങ്കിലും മറന്നുവച്ചാല്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്.

 

∙ എവിടെയാണ് കോവിഡ് വാക്‌സീന്‍ കിട്ടുക എന്ന് ആമസോണ്‍ അലക്‌സയും പറയും

 

ലോകത്തെ 85 രാജ്യങ്ങളില്‍ തങ്ങളുടെ അലക്‌സാ വോയിസ് അസിസ്റ്റന്റിന്റെ സേവനം ഉപയോഗിച്ച് അടുത്തെവിടെയാണ് വാക്‌സീന്‍ ലഭിക്കുക എന്നറിയാമെന്ന് ആമസോണ്‍ അറിയിച്ചു.

 

∙ ബൈഡന്റെ പുതിയ ടാക്‌സ് നയം - ബിറ്റ്‌കോയിന്‍ വില ഇടിഞ്ഞു

 

അമേരിക്കയുടെ ടാക്‌സ് കോഡില്‍ വ്യത്യാസം വരുത്താനുള്ള ജോ ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം പുറത്തുവന്നതോടെ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ വില ഇടിഞ്ഞു. ബിറ്റ്‌കോയിന്റെ വില 7 ശതമാനം ഇടിഞ്ഞ് 48,176 ഡോളറായി.

 

English Summary: China could rule world's technology, UK cyber spy chief says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com