ADVERTISEMENT

മൊബൈല്‍ നമ്പര്‍ ദുരുപയോഗം അത്ര വ്യാപകമല്ലെങ്കിലും ആരുടെ നമ്പറും ഉപയോഗിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം, ക്ലോണ്‍ ചെയ്യപ്പെട്ടോ മറ്റേതെങ്കിലും രീതികളിലോ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റാരെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ അത് കടുത്ത പ്രശ്‌നങ്ങള്‍ക്കു വഴിവച്ചേക്കാം. പ്രത്യേകിച്ചും നിയമപരമല്ലാത്ത എന്തെങ്കിലും കാര്യത്തിനു നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും. ഇതിനാൽ തന്നെ നിങ്ങളുടെ നമ്പര്‍ മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നത് ഉചിതമായിരിക്കും. എന്തായാലും ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് ഇന്ത്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് ഒരു പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. പോര്‍ട്ടലില്‍ എത്തി നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ആറക്ക ഒടിപി വരും.

 

ഇതിനോട് പ്രതികരിച്ചുകഴിയുമ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ രാജ്യത്ത് മറ്റാരെങ്കിലും കൂടി ഉപയോഗിക്കുന്നുണ്ടോ എന്ന് തീര്‍ച്ചപ്പെടുത്താം എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പറയുന്നത്. ഇതാ പോര്‍ട്ടലിലേക്കുളള അഡ്രസ്: tafcop.dgtelecom.gov.in നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാത്ത നമ്പറുകള്‍ ഉണ്ടെങ്കില്‍ അവ കളയാനും ഈ പോര്‍ട്ടലിന്റെ സേവനങ്ങള്‍ ഉപയോഗിക്കാമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പറയുന്നു. ഒരാള്‍ക്ക് ഒൻപത് സിം വരെയാണ് രാജ്യത്ത് നല്‍കുന്നത്. ഇതിലേറെയുണ്ടോ എന്നും പരിശോധിക്കാമെന്ന് പറയുന്നു. 

 

പോര്‍ട്ടലിന്റെ ചില സേവങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ തുറന്നു നല്‍കിയിട്ടില്ലെന്നും പറയുന്നു. എന്നാല്‍, ഘട്ടംഘട്ടമായി അതു ലഭ്യമാക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് അറിയിച്ചു.

 

∙ വിന്‍ഡോസ് 10 ടാസ്‌ക്ബാറില്‍ ഗൂഗിള്‍ ഫീഡിന്റേതു പോലുള്ള അപ്‌ഡേറ്റ്‌സ്

 

ലോകത്തെ ഏറ്റവും പ്രശസ്തമായ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10ന് പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ഗൂഗിള്‍ ഫീഡില്‍ കാണുന്നതുപോലെ ഉപയോക്താവിന് ഇഷ്ടമുള്ള കണ്ടെന്റ് ടാസ്‌ക്ബാറില്‍ തന്നെ നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി.

 

∙ മിനി-എല്‍ഇഡി ഐപാഡിന്റെ കീബോഡിന് 31,900 രൂപ!

 

ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഏറ്റവും മികച്ച ഉപകരണങ്ങളിലൊന്നാണ് 12.9-ഇഞ്ച് വലുപ്പമുള്ള, പുതിയ സ്‌ക്രീന്‍ ടെക്നോളജിയായ മിനി-എല്‍ഇഡി അടങ്ങുന്ന ഐപാഡുകള്‍. ഇവയുടെ വില തുടങ്ങുന്നത് 99,900 രൂപയിലാണ്. ഈ ശ്രേണിയില്‍ 2 ടിബി വേരിയന്റും ഉണ്ട്. ഇതിനാണെങ്കില്‍ 1,98,900 രൂപയും നല്‍കണം! എന്നാൽ ഇതിനായി ആപ്പിള്‍ ഇറക്കിയിരിക്കുന്ന മാജിക് കീബോഡ് ഫോളിയോ വാങ്ങണമെങ്കില്‍ 31,900 രൂപ അധികമായും നല്‍കണം. ഇതാകട്ടെ, ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഐപാഡുകളേക്കാള്‍ വിലയാണ് എന്നതാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്.

 

∙ ഓഫിസില്‍ തന്നെ ജോലിക്കാര്‍ക്ക് വാക്‌സീനേഷന്‍ നല്‍കാന്‍ ആപ്പിള്‍

 

ജോലിക്കാര്‍ക്ക് ഓഫിസില്‍ വച്ച് വാക്‌സീന്‍ നല്‍കാനുള്ള പദ്ധതിക്കു തുടക്കമിടാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ആപ്പിള്‍ അറിയിച്ചു. ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യ സിലിക്കന്‍ വാലി കമ്പനികളിലൊന്നാണ് ആപ്പിള്‍.

 

∙ ഈ വര്‍ഷം ഐഒഎസ് 14.6 അവതരിപ്പിച്ചേക്കുമെന്ന്

 

ഐഒഎസ് 14.5 ല്‍ സുപ്രധാനമായ സ്വകാര്യതാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍-ഐപാഡ് ആപ്പുകള്‍ ഉപയോക്താവിന്റെ ചെയ്തികള്‍ പിന്തുടരണമെങ്കില്‍ അവരുടെ സമ്മതം വാങ്ങണമെന്നതാണ് പ്രധാന ഫീച്ചര്‍. ഇതായിരിക്കും അവസാനത്തെ ഐഒഎസ് 14 അപ്‌ഡേറ്റ് എന്നാണ് കരുതിവന്നതെങ്കില്‍, ഇപ്പോള്‍ കേള്‍ക്കുന്നത് കമ്പനി ഒരു ഐഒഎസ് 14.6, ഐപാഡ്ഒഎസ് 14.6 എന്നിവ പുറത്തിറക്കുമെന്നാണ്. ജൂണിലായിരിക്കും ഇതു പുറത്തിറക്കുക എന്നും പറയുന്നു.

 

∙ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ നിരോധിക്കണമെന്ന് അഭ്യര്‍ഥന

 

മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചാല്‍ അത് ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള വന്‍ കടന്നുകയറ്റമായിരിക്കുമെന്ന് യൂറോപ്പിലെ സ്വകാര്യതാ നിരീക്ഷണ കമ്പനിയായ യൂറോപ്യന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ സൂപ്പര്‍വൈസര്‍ ( ഇഡിപിഎസ്) പറയുന്നു. കാണാതായ കുട്ടികള്‍, ക്രിമിനലുകള്‍ എന്നിവരുടെ കാര്യത്തില്‍ ഫേഷ്യല്‍ റെക്കക്ഗനിഷന്‍ ഉപയോഗിക്കണമെന്ന യൂറോപ്യന്‍ കമ്മിഷന്റെ പുതിയ കരടു നിയമം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് പുതിയ വാദം ഉന്നയിച്ച് ഇഡിപിഎസ് രംഗത്തെത്തിയത്. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ആശാന്മാര്‍ ചൈനയും അമേരിക്കയുമാണ്. ചൈനയെപ്പോലെ ആളുകളുടെ ബയോമെട്രിക് ഡേറ്റ ഉപയോഗിക്കുന്നത് ഉചിതമല്ലെന്നാണ് ഇഡിപിഎസിന്റെ വാദം. ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് പറയുന്നു. ഇത്തരം ടൂളുകള്‍ ഉപയോഗിക്കുന്നതിനു പരിധി നിശ്ചയിക്കാനുള്ള ശ്രമം നടത്തുമെന്നും അവര്‍ പറയുന്നു.

 

∙ ഇപ്പോള്‍ ഐപിഒ ഇറക്കുന്നില്ലെന്ന് ബൈറ്റ്ഡാന്‍സ്

 

ടിക്‌ടോക്കിന്റെ ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് ഉടനെ ഐപിഒ ഇറക്കുന്നില്ലെന്ന് അറിയിച്ചു. ആലിബാബ കമ്പനിയുടെ മേധാവി ജാക് മായ്ക്കും മറ്റും സംഭവിച്ച കാര്യങ്ങള്‍ കണക്കിലെടുത്തു തന്നെയായിരിക്കും പുതിയ തീരുമാനം. ചൈന ടെക്‌നോളജി കമ്പനികള്‍ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ട്. ഇതിന്റെയെല്ലാം പുരോഗതി അറിഞ്ഞ ശേഷം മതി ഐപിഒ എന്നാണ് ബൈറ്റ്ഡാന്‍സ് തീരുമാനിച്ചിരിക്കുന്നത്.

 

English Summary: DoT Portal To Help Users Find Mobile Numbers Under Their Name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com