ADVERTISEMENT

രാജ്യത്ത് കോവിഡ് -19 ബാധിച്ച രോഗികൾക്ക് ഓക്സിജൻ നൽകാൻ ബുദ്ധിമുട്ടുന്ന ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും സഹായിക്കാൻ ആമസോണും രംഗത്തെത്തി. അടിയന്തരമായി 10,000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ബൈപാപ്പ് മെഷീനുകളും ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ആമസോൺ ഇന്ത്യ അറിയിച്ചു.

 

എസിടി ഗ്രാന്റുകൾ, ടെമാസെക് ഫൗണ്ടേഷൻ, പൂനെ പ്ലാറ്റ്ഫോം ഫോർ കോവിഡ് -19 റെസ്പോൺസ് (പിപിസിആർ) എന്നിവരുമായി കൈകോർത്താണ് ആമസോൺ ഇന്ത്യ പ്രവർത്തിക്കുക. സിംഗപ്പൂരിൽ നിന്നുള്ള കോൺസെൻട്രേറ്ററുകളും 500 ബൈ-ലെവൽ പോസിറ്റീവ് എയർവേ പ്രഷർ (ബൈപാപ്പ്) മെഷീനുകളും ഇന്ത്യയിലെത്തിക്കാൻ അടിയന്തര സംവിധാനമൊരുക്കും.

 

ആവശ്യത്തിന് ഓക്സിജൻ കോൺസെൻട്രേറ്ററുകളും ബൈപാപ്പ് മെഷീനുകളും രാജ്യത്തെത്തിക്കുന്നത് വേഗത്തിലാക്കാൻ എല്ലാ സംഘടനകളും കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഒന്നിലധികം നഗരങ്ങളിലായി കോവിഡ് -19 രോഗികളെ സഹായിക്കുന്നതിനായി ആശുപത്രികൾക്കും പൊതു സ്ഥാപനങ്ങൾക്കും ഈ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

 

വിദേശത്ത് നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകളും ബൈപാപ്പ് മെഷീനുകളും എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ചെലവ് ആമസോൺ വഹിക്കും. കൂടാതെ, പ്രാദേശിക വിമാനത്താവളത്തിൽ നിന്ന് തിരഞ്ഞെടുത്ത ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റ് ഉപകരണങ്ങളും എത്തിക്കാനും ആമസോൺ സഹായിക്കും. ഇതിൽ ആദ്യത്തെ കാർഗോ കഴിഞ്ഞ ദിവസം മുംബൈയിലെത്തി എന്നാണ് റിപ്പോർട്ട്. ശേഷിക്കുന്ന ഷിപ്പിങ് ഏപ്രിൽ 30 നകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

കോവിഡ് -19 സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ ഇന്ത്യയെ ബാധിച്ചു. രാജ്യത്തിന്റെ അടിയന്തര ആവശ്യത്തെ പിന്തുണയ്ക്കുന്നതിനായി ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിമാനം വഴി എത്തിക്കുന്നതിനു വേണ്ട സംവിധാനങ്ങളുണ്ടാക്കുമെന്ന് ആമസോൺ വക്താവ് പറഞ്ഞു. ജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം തുടർന്നും എത്തിക്കാൻ സഹായിക്കും. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ആമസോൺ ഇന്ത്യയുടെ ആഗോള സീനിയർ വൈസ് പ്രസിഡന്റും രാജ്യ മേധാവിയുമായ അമിത് അഗർവാൾ പറഞ്ഞു.

 

English Summary: Amazon to airlift 10,000 oxygen concentrators and BiPAP machines into India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com