sections
MORE

ഐഫോൺ എയര്‍ഡ്രോപ്പിലെ പിഴവ് പരിഹരിക്കാൻ എന്തുചെയ്യണം?; 2020ല്‍ പിച്ചൈയുടെ വേതനം 52 കോടിയും ഓഹരിയും!

iphone-airdrop
SHARE

ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ ഫയലുകള്‍ എളുപ്പത്തില്‍ പങ്കുവയ്ക്കാനുള്ള ഫീച്ചറായ എയര്‍ഡ്രോപില്‍ പിഴവു കണ്ടെത്തി. ഇത് 150 കോടി ഉപയോക്താക്കളെ പ്രശ്‌നത്തിലാക്കുമെന്നാണ് അഞ്ച് ജര്‍മന്‍ ഗവേഷകര്‍ മുന്നറിയിപ്പ് നൽകുന്നത്. ഐഫോണ്‍, ഐപാഡ്, മാക് കംപ്യൂട്ടര്‍ തുടങ്ങിയവയിലാണ് എയർഡ്രോപ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ആപ്പിള്‍ ഉപകരണത്തിലേക്ക് കടന്നുകയറാന്‍ ഏതെങ്കിലും വൈ-ഫൈ ഉള്ള സ്മാര്‍ട് കംപ്യൂട്ടിങ് ഉപകരണം മതിയെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ആപ്പിളിന്റെ കംപ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്ന് എയര്‍ഡ്രോപിലെ പിഴവു വഴി ഉപയോക്താവിന്റ ആപ്പിള്‍ ഐഡിയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ മെയില്‍ ഐഡിയാണ് ഇപ്രകാരം ചോര്‍ത്തിയെടുക്കാന്‍ സാധിക്കുക. ഇതു ചോര്‍ത്തിയെടുത്താല്‍ എന്തു സംഭവിക്കുമെന്നാണ് ചോദ്യമെങ്കില്‍ ഇക്കാലത്ത് പലരും ബാങ്ക് അക്കൗണ്ടുകളും അതിലും പ്രധാനമായി ബിറ്റ്‌കോയിന്‍ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകാമെന്നതിനാല്‍ അക്കൗണ്ടിനെതിരെ ആക്രമണം നടത്താന്‍ സാധിച്ചേക്കാമെന്നു പറയുന്നു. ആപ്പിള്‍ ഉപകരണം ഉപയോഗിക്കുന്നയാളെ ഇങ്ങനെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ അയാള്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ വൈ-ഫൈ റെയ്ഞ്ചില്‍ എത്തിയാല്‍ മാത്രമെ ആക്രമിക്കാനാകൂ എന്നും ഗവേഷകര്‍ പറയുന്നു.

∙ സ്വയം സംരക്ഷിക്കണമെങ്കില്‍ എന്തു ചെയ്യണം?

എയര്‍ഡ്രോപ് സജ്ജീകരണമുള്ള ഐഫോണും ഐപാഡും ഉപയോഗിക്കുന്നയാള്‍ സെറ്റിങ്‌സില്‍ പോയി എയര്‍ഡ്രോപ് റസീവിങ് തുറന്നു കിടക്കുകയല്ല എന്ന് ഉറപ്പാക്കുക. 'റസീവിങ് ഓഫ്' എന്നാക്കി സെറ്റിങ്‌സ് മാറ്റുക. മാക് ആണ് ഉപയോഗിക്കുന്നതെങ്കില്‍, 'അലൗ മീ ടു ബി ഡിസ്‌കവേഡ് ബൈ നോ വണ്‍' എന്നും മാറ്റുക. അതേസമയം, ഉപകരണത്തിന്റെ വൈ-ഫൈയും ബ്ലൂടൂത്തും ഓഫായാണ് കിടക്കുന്നതെങ്കിലും ആക്രമണ സാധ്യത ഇല്ല. ഇത് എയര്‍ഡ്രോപ് തനിയെ ഓഫാക്കും. ഇനി, ആരെല്ലാമാണ് എയര്‍ഡ്രോപ് നടത്തേണ്ടതെന്നത് 'എവരിവണ്‍' എന്നു കൊടുത്താലും ആക്രമണം ഉണ്ടാവില്ല. പക്ഷേ, അങ്ങനെ ചെയ്താല്‍ പൊതു സ്ഥലത്തും മറ്റും നിങ്ങളുടെ ഉപകരണം കണ്ടെത്താന്‍ സാധിക്കുന്ന മറ്റ് ആപ്പിള്‍ ഉപകരണ ഉപയോക്താക്കള്‍ ധാരാളം അശ്ലീല ഫയലുകളും മറ്റും അയച്ചേക്കാമെന്നും പറയുന്നു.

∙ എയര്‍ഡ്രോപ് കോണ്ടാക്ട്‌സ് ഒണ്‍ലിയാണു പ്രശ്‌നം

എയര്‍ഡ്രോപ് കോണ്ടാക്ട്‌സ് ഒണ്‍ലി എന്നായിരിക്കും മിക്കവരും ഇട്ടിരിക്കുക. അപ്പോള്‍ ഫയല്‍ അയയ്ക്കുന്ന ആള്‍ കോണ്ടാക്ട്‌സില്‍ ഉണ്ടോ എന്നറിയാനായി നിങ്ങളുടെ ഉപകരണം ശ്രമിക്കുന്നതിനിടയിലാണ് ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും വെളിവാക്കപ്പെടുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. ആപ്പിള്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ നേരിട്ട് അങ്ങ് അയയ്ക്കുകയല്ല ചെയ്യുന്നത്. അത് ഹാഷിങ് അല്‍ഗോറിതം ഉപയോഗിച്ചാണ് ഫോണ്‍ നമ്പര്‍ അയയ്ക്കുക. ഗവേഷകര്‍ ഉദാഹരണത്തിനായി നല്‍കിയ നമ്പറായ 1 (212) 555-1212 ആപ്പിളിന്റെ ഹാഷിങ് അല്‍ഗോറിതം 26321368f6c23510f79a21085024dd5a4f958e6c22dc057a358d1b5a1fc5c932 എന്നാണ് കാണിച്ചത്. പക്ഷേ ഗവേഷകര്‍ പറയുന്നത്. ഈ ഹാഷിങ് കോഡിനെ ഒരു ഇടത്തരം കംപ്യൂട്ടര്‍ ഉപയോഗിച്ചു പോലും തുറന്നുകാട്ടാനാകുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. അറിയപ്പെടുന്ന ഹാഷുകളും മറ്റും നേരത്തെ കംപ്യൂട്ടറില്‍ സ്റ്റോർ ചെയ്ത ശേഷം ഒരു പ്രദേശത്തെ ഫോണ്‍ നമ്പറുകള്‍ എരിയാ കോഡ് അടക്കം നല്‍കുകുകയോ എല്ലാം ചെയ്താല്‍ ഇതു സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

തങ്ങള്‍ ഇക്കാര്യം ആപ്പിളിനെ 2019ല്‍ അറിയിച്ചിരുന്നുവെങ്കിലും കമ്പനി നടപടി സ്വീകരിച്ചില്ലെന്നും അവര്‍ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി തങ്ങള്‍ സൃഷ്ടിച്ച പ്രൈവറ്റ്‌ഡ്രോപ് എന്ന സോഫ്റ്റ്‌വെയര്‍ സജ്ജീകരണം എയര്‍ഡ്രോപിനൊപ്പിന്റെ പ്രോട്ടോക്കോള്‍ സ്റ്റാക്കിനൊപ്പം ഉപയോഗിച്ചാല്‍ മതിയെന്നും ഗവേഷകര്‍ പറയുന്നു. ഇത്രയൊക്കെ പാടുപെട്ട് മൊബൈല്‍ നമ്പറും മറ്റും സ്വന്തമാക്കാനുള്ള ഹാക്കിങ് നടത്തുമോ എന്നു ചോദിച്ചാല്‍ ബിറ്റ്‌കോയിന്‍ നിക്ഷേപകരെയും ധനികരെയും മറ്റും ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ നടക്കുന്നു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

∙ ഗൂഗിള്‍ മേധാവി 2020ല്‍ നേടിയത് എത്ര പണം?

ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈ 2020ല്‍ വേതനമായി കൈപ്പറ്റിയത് 55 കോടി രൂപയും ഒഹരികളുമാണ്. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 20 ലക്ഷം ഡോളര്‍ (ഏകദേശം 15 കോടി രൂപ) ആണ്. ഓള്‍ അതര്‍ കോംപന്‍സേഷന്‍സ് എന്ന വിഭാഗത്തില്‍ അദ്ദേഹത്തിന് ലഭിച്ചതും ചേര്‍ത്താല്‍ 74 ലക്ഷം ഡോളര്‍ (ഏകദേശം 55 കോടി രൂപ) ആയിരിക്കുമെന്നു പറയുന്നു. ആല്‍ഫബെറ്റിന്റെയും മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം ഏകദേശം 6.5 ലക്ഷം ഡോളര്‍ അല്ലെങ്കില്‍ 4.8 കോടി രൂപയായിരുന്നു. 2019ല്‍ ആയിരുന്നു ഇത്. അക്കാലത്ത് ഓള്‍ അതര്‍ കോമ്പന്‍സേഷന്‍ കൂടെ വരുമ്പോള്‍ 33 ലക്ഷം ഡോളര്‍ പോക്കറ്റിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. ഇതിനു പുറമെയാണ് അദ്ദേഹത്തിന് 2019ല്‍ അനുവദിച്ച ഓഹരികള്‍. ഇത് 24 കോടി ഡോളറിനുളളതാണ്. ഇത് 2023ല്‍ ആയിരിക്കും ലഭിക്കുക. എന്നാല്‍, അടുത്ത വര്‍ഷങ്ങളിലും ഗൂഗിളിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നതു കൂടി വിലയിരുത്തിയിട്ടായിരിക്കും ഓഹരി നല്‍കുക. എന്തായാലും വെറും 55 കോടിയൊന്നുമല്ല അദ്ദേഹം 2020ല്‍ നേടിയതെന്ന് ചുരുക്കം!

∙ സർക്കാർ ഉത്തരവിനെ തുര്‍ന്ന് ട്വിറ്ററും ഫെയ്‌സ്ബുക്കും 100 പോസ്റ്റുകള്‍ നീക്കംചെയ്തു

രാജ്യത്തെ നിലവിലുള്ള കോവിഡ്-19 പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തടസംനില്‍ക്കുന്നു എന്ന കാരണത്താല്‍ ട്വിറ്ററിനോടും ഫെയ്‌സ്ബുക്കിനോടും നൂറോളം പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെടുകയും കമ്പനികള്‍ അത് അനുസരിക്കുകയും ചെയ്തു. പോസ്റ്റുകള്‍ നീക്കംചെയ്ത അക്കൗണ്ട് ഉടമകളെ കാരണം അറിയിച്ചുവെന്ന് ട്വിറ്റര്‍ പറയുന്നു. എന്നാല്‍, ഫെയ്‌സ്ബുക് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയില്ല.

∙ ട്വിറ്റര്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക

നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈ ചെയ്യണമെന്നു പറഞ്ഞ് അടുത്തിടെ ഒരു മെയില്‍ ലഭിച്ചെങ്കില്‍ അത് അവഗണിക്കുക. അത് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അയച്ചതാണെന്നും അത്തരം ഒരു മെയില്‍ അയച്ചിട്ടില്ലെന്നും ട്വിറ്റര്‍ അറിയിച്ചു.

∙ ഇനി ടിവി സ്റ്റാറാകാനും മസ്‌ക്

സ്‌പേസ്എക്‌സിന്റെയും ടെസ്‌ല കമ്പനിയുടെയും മേധാവിയും അതിസമ്പന്നനുമായ ഇലോണ്‍ മസ്‌ക് അടുത്ത രംഗത്തേക്കും കടക്കുകയാണ് - ടിവി ഷോ അവതരാകന്‍. സാറ്റര്‍ഡേ നൈറ്റ് ലൈവ് എന്ന ഷോയുടെ അവതാരകന്റെ കുപ്പായമണിയാനാണ് മസ്‌ക് ഒരുങ്ങുന്നത്. മെയ് 8നുള്ള എപ്പിസോഡിലായിരിക്കും മസ്‌ക് എത്തുക. എന്നാല്‍, അഭിനയമൊന്നും മസ്‌കിന് വഴങ്ങില്ലെന്നാണ് കരുതുന്നതെങ്കില്‍ അദ്ദേഹം തന്റെ ശബ്ദം പല ഷോകള്‍ക്കും നല്‍കിയിട്ടുണ്ട്. വോയിസ് ആക്ടറായി അദ്ദേഹം എത്തിയ ഷോകളുടെ കൂട്ടത്തില്‍ ദി സിംപ്‌സണ്‍സ്, ദി ബിഗ് ബാങ് തയറി, റിക് ആന്‍ഡ് മോര്‍ട്ടി തുടങ്ങിയവ ഉള്‍പ്പെടും.

elon-musk

∙ പുതിയ നയം അംഗീകരിക്കണമെന്ന് വീണ്ടും സന്ദേശമയച്ച് വാട്‌സാപ്

വാട്‌സാപ്പിന്റെ പുതിയ, വിവാദ സ്വകാര്യതാ നയം ലോകമെമ്പാടും പ്രതിഷേധത്തിനു വഴിവച്ചിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട സന്ദേശം പ്രദര്‍ശിപ്പിക്കുന്നത് കുറച്ചുകാലത്തേക്ക് വാട്‌സാപ് നിർത്തിവച്ചിരുന്നു. ഇന്ത്യയിലാണെങ്കില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് മെയ് 15ന് അവസാനിപ്പിക്കുമെന്നാണ് വാട്‌സാപ് പറഞ്ഞിരിക്കുന്നത്. എന്നാൽ, പുതിയ നയം അഗീകരിക്കാത്തവര്‍ക്ക് വീണ്ടും അതിനുള്ള സന്ദേശം പ്രദര്‍ശിപ്പിച്ചു തുടങ്ങയിരിക്കുകയാണ് വാട്‌സാപ്.

English Summary: Researchers say changing simple iPhone setting fixes long-standing privacy bug

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA