ADVERTISEMENT

പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ട്ഇനിലെ ഡേറ്റ പ്രകാരം 2021ല്‍ ഏറ്റവുമധികം അമേരിക്കക്കാര്‍ ജോലിയെടുക്കാന്‍ ആഗ്രഹിക്കുന്നത് ആമസോണിലാണ്. 2019ലെ ഈ ലിസ്റ്റില്‍ കമ്പനി മൂന്നാം സ്ഥാനത്തായിരുന്നു. ലോകമെമ്പാടും നിന്നുള്ള 740 ദശലക്ഷം ഉപയോക്താക്കളുള്ള ലിങ്ക്ട്ഇന്‍ പുറത്തുവിട്ട ഏറ്റവും പുതിയ ലിസ്റ്റിലാണ് ആമസോണ്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അമേരിക്കയില്‍ ജോലിചെയ്യാന്‍ ഇഷ്ടമുള്ള കമ്പനി ഏതാണ് എന്ന ചോദ്യത്തിനാണ് ആളുകള്‍ വോട്ടു ചെയ്തത്. ആമസോണിനു പിന്നിലായി ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ്, ജെപിപോര്‍ഗന്‍ ചെയ്‌സ്, എടിആന്‍ഡ്ടി, ബാങ്ക് ഓഫ് അമേരിക്ക എന്നീ കമ്പനികള്‍ ഇടംപിടിച്ചിരിക്കുന്നു. ആമസോണിനെ തൊഴിലന്വേഷകര്‍ ഇഷ്ടപ്പെടാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട് - വിവിധ തരം തസ്തികള്‍ ഉണ്ടെന്നതു കൂടാതെ, തങ്ങളുടെ ജോലിക്കാര്‍ക്ക് പുതിയ പുതിയ ശേഷികള്‍ ഓരോ വര്‍ഷവും പകര്‍ന്നുകൊടുക്കുന്ന കാര്യത്തിലും ആമസോണിനെ ആളുകള്‍ പ്രകീര്‍ത്തിക്കുന്നു.

 

കോര്‍പറേറ്റ് ഓഫിസുകളിലെ ജോലികള്‍ മുതല്‍ പാക്കിങ് ജോലികള്‍ വരെ ആമസോണില്‍ ലഭിക്കും. ജോലിക്കാരെ ആകര്‍ഷിക്കുന്നതു മുതല്‍ അവരെ നിലനിര്‍ത്തുന്നതു വരെയുള്ള പല കാര്യങ്ങളും ലിങ്ക്ട്ഇന്‍ പരിഗണിക്കുന്നു. സമയാസമയങ്ങളില്‍ നല്‍കുന്ന പ്രമോഷനുകള്‍, ജോലിക്കാര്‍ക്ക് പുതിയ കഴിവുകള്‍ ഒരോ വര്‍ഷവും പഠിപ്പിച്ചു കൊടുക്കുന്ന കാര്യം, ലിംഗവൈവിധ്യം, എല്ലാത്തരം വിദ്യാഭ്യാസ യോഗ്യതയുമുള്ള ആളുകളെ ജോലിക്കെടുക്കുക തുടങ്ങി കാര്യങ്ങളെല്ലാം പരിഗണിക്കുന്നു. ഉത്സാഹികളും തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം എത്തിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ ജോലിചെയ്യുന്നവരുമായ ജോലിക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കുന്ന കമ്പനിയാണ് ആമസോണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി 400,000 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. ഇതുകൂടാതെ ലോകമെമ്പാടുമായി പതിനായിരക്കണക്കിനു പേര്‍ക്കും തൊഴില്‍ നല്‍കുന്നു. തൊഴിലാളി വിരുദ്ധ കമ്പനിയായി മുദ്രകുത്തി ആമസോണില്‍ യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമങ്ങള്‍ അടുത്തിടെ നടന്നിരുന്നു.

 

∙ ഉപയോക്താക്കള്‍ക്കു മുന്നറയിപ്പുമായി എയര്‍ടെല്‍ സിഇഒ

 

സൈബര്‍ തട്ടിപ്പുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ സിഇഒ ഗോപാല്‍ മിറ്റലിന്റെ മുന്നറിയിപ്പ്. തട്ടിപ്പിനു പുതിയ പുതിയ രീതികളുമായി സൈബര്‍ ക്രിമിനലുകള്‍ എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എയര്‍ടെല്‍ സുരക്ഷയ്ക്കും ഉപയോക്താക്കളുടെ സൗകര്യത്തിനും പ്രാധന്യം നല്‍കിത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ജോലിക്കാര്‍ക്ക് വേണ്ട പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

∙ ചില ഐഫോണ്‍ ഉപയോക്താക്കളുടെ ബാറ്ററി ഫ്രീയായി മാറ്റി നല്‍കും

 

ചില ഐഫോണുകളുടെ ബാറ്ററി ഹെല്‍ത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ആപ്പിള്‍ കണ്ടെത്തി. ഇങ്ങനെയുള്ള ചില ഫോണുകളുടെ ബാറ്ററി മാറ്റിവയ്‌ക്കേണ്ടതായി വന്നാല്‍ അത് ഫ്രീയായി ചെയ്തു നല്‍കുമെന്നാണ് കമ്പനി അറിയിച്ചത്. ഏതാനും മാസങ്ങളായി പറഞ്ഞു കേട്ടിരുന്ന പ്രശ്‌നങ്ങള്‍ ഐഒഎസ് 14.5 ലൂടെ പരിഹരിക്കാമെന്നാണ് കമ്പനി കരുതിയിരുന്നത്. എന്നാല്‍, അതു സംഭവിച്ചിട്ടില്ലെങ്കില്‍ ഫോണ്‍ അടുത്ത ഓതറൈസ്ഡ് സര്‍വീസ് സെന്ററില്‍ എത്തിക്കണമെന്നു കമ്പനി പറയുന്നു. ഈ പ്രശ്‌നങ്ങള്‍ പ്രധാനമായും ഐഫോണ്‍ 11 സീരീസിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഉണ്ടായിരിക്കുന്നത്. പ്രശ്‌നമിതാണ്- ചില ഐഫോണ്‍ 11 ഹാന്‍ഡ്‌സെറ്റുകള്‍ ബാറ്ററി ഹെല്‍ത് കൃത്യമായല്ല കാണിക്കുന്നത്. ഇത് ഒരു ബഗ് മൂലമാണ് സംഭവിച്ചിരിക്കുന്നത്. ചുരുക്കം ചില ഹാന്‍ഡ്‌സെറ്റുകളുടെ പ്രകടനത്തെയാണ് ഇതു ബാധിച്ചിരിക്കുന്നത്. പുതിയ സോഫ്റ്റ്‌വെയര്‍ വഴി റീകാലിബറേഷന്‍ നടക്കുമെന്ന് ആപ്പിള്‍ കരുതുന്നു. അങ്ങനെ സംഭവിക്കാത്ത പക്ഷം ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ സര്‍വീസ് സെന്ററുകളെ സമീപിച്ച് ബാറ്ററി മാറ്റിവയ്ക്കണോ എന്നു ചോദിക്കാമെന്നു കമ്പനി പറയുന്നു.

 

∙ ജോലിക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ ഗൂഗിളിന് ലാഭം 100 കോടി ഡോളര്‍

 

ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് കഴിഞ്ഞ വര്‍ഷം 100 കോടി ഡോളറിലേറെ അധിക ലാഭം ലഭിച്ചു. തങ്ങളുടെ ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതാണ് കാരണം.

redmi-note-10

 

∙ മഹാമാരി തുടരുന്നതിനിടയില്‍ ഫെയ്‌സ്ബുക്കിന് പരസ്യ വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചു

 

ഫെയ്‌സ്ബുക്കിന്റെ ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്കുകള്‍ കമ്പനിക്ക് ആവേശംപകരുന്നതാണ്.  വിശകലനക്കാര്‍ പ്രവചിച്ചതിനേക്കാള്‍ 48 ശതമാനം അധികം അവര്‍ക്കു നേടാനായി. ഈ കാലയളവില്‍ അവര്‍ക്ക് 26.2 ബില്ല്യന്‍ ഡോളര്‍ നേടാനായി. വിശകലന വിദഗ്ധര്‍ പറഞ്ഞിരുന്നത് കമ്പനി ഏകദേശം 23.7 ബില്ല്യന്‍ ഡോളര്‍ വരെ നേടിയേക്കാമെന്നായിരുന്നു. അവരുടെ പ്രതിമാസ ആക്ടീവ് ഉപയോക്താക്കളുടെ എണ്ണം 285 കോടിയായും ഉയര്‍ന്നു.

 

∙ ഗൂഗിള്‍ അസിസ്റ്റന്റ് ഇനി നിങ്ങളുടെ പേര് കൃത്യമായി ഉച്ചരിക്കും

 

വോയിസ് സേവനമായ ഗൂഗിള്‍ അസിസ്റ്റന്റിന് നിരവധി പുതിയ ഫീച്ചറുകള്‍ നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. അവയില്‍ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ പേര് കൃത്യമായി ഉച്ചരിക്കാനുള്ള കഴിവ്. നിങ്ങളുടെ പേര് കൃത്യമായി എങ്ങനെയാണ് പറയുന്നതെന്ന് ഇനി ഉപയോക്താവിന് ഗൂഗിള്‍ അസിസ്റ്റന്റിനു പറഞ്ഞുകൊടുക്കാം. ഇങ്ങനെ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്ന മറ്റു പേരുകളും അസിസ്റ്റന്റിന് ഇനി വ്യക്തമായി മനസ്സിലാക്കാനാകും. നിങ്ങളുടെ ശബ്ദം ശേഖരിച്ചെടുക്കില്ലെന്നും ഗൂഗിള്‍ അവകാശപ്പെട്ടിട്ടുണ്ട്. പുതിയ ഫീച്ചര്‍ ആദ്യം ഇംഗ്ലിഷിലും പിന്നീട് മറ്റു ഭാഷകളിലും ലഭ്യമാക്കും.

 

നിങ്ങളുടെ സംഭാഷണത്തിന്റെ സന്ദര്‍ഭമെന്താണെന്നു മനസ്സിലാക്കാനും ഗൂഗിള്‍ അസിസ്റ്റന്റിന് സാധിക്കും. അസിസ്റ്റന്റിലേക്ക് ഇണക്കിച്ചേര്‍ത്തിരിക്കുന്ന നാച്വറല്‍ ലാംഗ്വിജ് അണ്‍ഡര്‍സ്റ്റാന്‍ഡിങ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്ത ടെക്‌നോളജിയാണ് ബേര്‍ട്ട് (ബൈഡിറക്ഷണല്‍ എന്‍കോഡര്‍ റെപ്രസന്റേഷന്‍സ് ഫ്രം ട്രാന്‍സ്‌ഫോര്‍മേഴ്‌സ്). ഒരു വചകത്തില്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് അതിലെ മറ്റു വാക്കുകളെ കൂടെ ഉള്‍പ്പെടുത്തി മനസ്സിലാക്കിയെടുക്കാനുള്ള ശ്രമമാണിത്. ഉപയോക്താവുമായി കൂടുതല്‍ സ്വാഭാവികമായി ഇടപെടാനുള്ള കഴിവും ഇതോടെ ഗൂഗിള്‍ അസിസ്റ്റന്റ് കൈവരിക്കുമെന്നു പറയുന്നു.

 

∙ ആപ്പിള്‍ എയര്‍പോഡ്‌സ് പ്രോ, എയര്‍പോഡ്‌സ് എന്നിവയ്ക്ക് പുതിയ ഫേംവെയര്‍

 

ആപ്പിളിന്റെ എയര്‍പോഡ്‌സ് പ്രോ, എയര്‍പോഡ്‌സ് രണ്ടാം തലമുറ എന്നിവയ്ക്ക് പുതിയ ഫേംവെയര്‍ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ആപ്പിള്‍. പുതിയ അപ്‌ഡേറ്റിനെ 3ഇ751 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഫേംവെയര്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ലെന്നും കമ്പനി പറയുന്നു. ഐഫോണുമായി ബ്ലൂടൂത്ത് വഴി കണക്ടു ചെയ്തിരിക്കുന്ന സമയത്ത് ഈ പാത്തിലൂടെ വേണം അപ്‌ഡേറ്റ് നടത്താനെന്ന് കമ്പനി നിര്‍ദ്ദേശിക്കുന്നു. സെറ്റിങ്‌സ് ആപ്പ് >ബ്ലൂടൂത്ത്> 'ഐ' ഐക്കണ്‍ > ഫേംവെയര്‍ വേര്‍ഷന്‍.

 

∙ റെഡ്മി നോട്ട് 10 സീരീസിന് വില വര്‍ധന

 

ഇന്ത്യയില്‍ വളരെ പ്രചാരമുള്ള ഷഓമി റെഡ്മി നോട്ട് 10 സീരീസിന് വില വര്‍ധിപ്പിച്ചു. കമ്പനി 500 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തുടക്ക മോഡലിന് 11,999 രൂപ ആയിരുന്നു എംആര്‍പി എങ്കില്‍ അതിനി 12,499 രൂപ ആയി വര്‍ധിക്കും. എല്ലാ വേരിയന്റുകള്‍ക്കും വില വര്‍ധനയുണ്ട്.

 

English Summary: Amazon is most desirable workplace in US: LinkedIn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com