ADVERTISEMENT

ചൈനീസ് കോടീശ്വരൻ ജാക് മാ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷമായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ആലിബാബാ കമ്പനിയുടെ മേധാവിയായ മായുടെ വിധി എന്തായിരിക്കുമെന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. ആലിബാബ സ്ഥാപകന്‍ പുതിയൊരു സാമ്പത്തിക സ്ഥാപനം തുടങ്ങാനിരിക്കെ നടത്തിയ പരാമര്‍ശമാണ് ചൈനാ സർക്കാരിന്റെയും അധികാരികളുടെയും കോപം ക്ഷണിച്ചുവരുത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. ആന്റ് ഗ്രൂപ്പില്‍ നിന്ന് മായുടെ നിക്ഷേപം പിന്‍വലിച്ച്, അതിന്റെ നടത്തിപ്പില്‍ ഒരു അധികാരവും ഇല്ലെന്നു വരുത്തിയാല്‍ ചൈനയുടെ രോഷമടങ്ങുമെന്നൊരു ധ്വനിയുണ്ട്. ഇതിനാല്‍ അത്തരമൊരു നീക്കവുമായി മുന്നോട്ടുപോകാനാണ് ആന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ചൈനീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചകളില്‍ അത്തരം ഒരു നീക്കം ഫലംകണ്ടേക്കുമെന്നാണ് കരുതുന്നത്. ആന്റ് ഗ്രൂപ്പിന്റെ ഭാവി നടത്തിപ്പില്‍ മായുടെ സ്ഥാനം എന്തായിരിക്കുമെന്ന് നിര്‍വചിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നു പറയുന്നു.

 

എന്നാല്‍, ആന്റ് ഗ്രൂപ്പില്‍ നിന്ന് മായെ ഒഴിവാക്കിയെടുക്കുക എന്നത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. നവംബറില്‍ ചൈനാ സർക്കാരുമായി നടത്തിയ സംഭാഷണത്തില്‍ മാ തന്നെ ആന്റ് ഗ്രൂപ്പിന്റെ ഭാഗിക നിയന്ത്രണം സർക്കാരിനു നല്‍കാമെന്ന് അറിയിച്ചിരുന്നതായി ദി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന, ചൈന ബാങ്കിങ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി കമ്മിഷന്‍ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ 2021 ജനുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ മായും ആന്റ് കമ്പനിയുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും പറയുന്നു. ചര്‍ച്ചകളിലെ മുഖ്യവിഷയം ശതകോടീശ്വരന്‍ മായെ ആന്റ് ഗ്രൂപ്പില്‍ നിന്നു പുറത്തുകൊണ്ടുവന്ന് രക്ഷിച്ചെടുക്കാമോ എന്നായിരുന്നു. ആന്റ് ഗ്രൂപ്പില്‍ നിന്ന് ഒഴിവായി പോയാല്‍ മായെ വെറുതെവിടാന്‍ സർക്കാർ സമ്മതിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.

 

എന്നാല്‍, അത്തരമൊരു നീക്കം നടക്കുന്നുവെന്ന കാര്യം ആന്റ് ഗ്രൂപ്പ് നിഷേധിച്ചു. ഇത്തരമൊരു കാര്യം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ആന്റ് ഗ്രൂപ്പിന്റെ വക്താവ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചത്. ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനുള്ള വൈമുഖ്യം തന്നെയായിരിക്കാം അതിനു കാരണമെന്നു കരുതുന്നു. എന്നാല്‍, മായും ആന്റും തമ്മില്‍ വേര്‍പിരിയാനാകുമോ, എങ്കില്‍ അത് എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും പറയുന്നു. മാ നടത്തിയരിക്കുന്ന നിക്ഷേപം ബില്ല്യന്‍ കണക്കിനു ഡോളര്‍ ഉണ്ട്. ഇതെല്ലാം മറ്റു നിക്ഷേപകര്‍ക്ക് വിറ്റ് മായ്ക്ക് കാശു നല്‍കുന്ന കാര്യമാണ് ചിന്തിക്കുന്ന വഴികളിലൊന്ന്. പുറമേ നിന്ന് ആര്‍ക്കെങ്കിലും നല്‍കാതെ കാര്യം നടത്താനാകുമോ എന്ന കാര്യത്തിനാണ് ആന്റ് ഗ്രൂപ്പ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് അറിയുന്നത്. അതേസമയം, മാ അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു കാര്യം വ്യക്തമാക്കപ്പെട്ടിരുന്നു - മായുടെ ഓഹരി മായുമായി അടുത്ത ബന്ധമുള്ള ആര്‍ക്കെങ്കിലും കൈമാറി രക്ഷപെടാമെന്ന് കരുതേണ്ട എന്ന വ്യക്തമായ സന്ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. അങ്ങനെ ആര്‍ക്കെങ്കിലും കൈമാറിയെന്നു കാണിച്ച് റിമോട്ടയി കമ്പനിയെ ഭരിക്കാമെന്ന മോഹമൊന്നും ചൈനയില്‍ നടക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കിയതത്. മാ പൂര്‍ണമായും കമ്പനി വിട്ടു പോകണമെന്നാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. അതിനായി മായുടെ ഓഹരി സർക്കാരിന്റെ കീഴിലുള്ള എതെങ്കിലും നിക്ഷേപകനു കൈമാറാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. ഇതില്‍ ഏതു വഴിക്കു നീങ്ങാന്‍ തീരുമാനിച്ചാലും സർക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

jinping-jack-ma

 

എന്തായാലും മായും അധികാരികളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഫെബ്രുവരി ആദ്യം വരുന്ന ചൈനീസ് പുതുവര്‍ഷത്തിനു മുൻപ് തന്നെ ഒന്നിലേറെ തവണ മാ ഉദ്യോഗസ്ഥരുമായി സംഭാഷണം നടത്തിയിരുന്നു. മാ പുറത്തേക്കു പോയാലുള്ള സാധ്യതകളെക്കുറിച്ച് ആന്റ് ആരായാന്‍ തുടങ്ങിയിട്ടും രണ്ടു മാസമെങ്കിലും ആയെന്നും പറയുന്നു. ആന്റ് ഗ്രൂപ്പ് പ്രതിനിധികളും അധികാരികളും തമ്മിലുള്ള ചര്‍ച്ചകള്‍ മാര്‍ച്ച് പകുതിക്ക് നടന്നു എന്നാണ് കരുതുന്നത്. വിവിധ സാധ്യതകള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. ആന്റ് ഗ്രൂപ്പ് പുനസംഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍, അതുകൊണ്ട് കാര്യങ്ങള്‍ തീരണമെന്നില്ല. അധികാരികളെ പരസ്യമായി വിമര്‍ശിക്കാന്‍ മായുടെ നാവു പൊങ്ങിയെന്നു മനസ്സിലാക്കിയതോടെ ടെക്‌നോളജി മേഖലയെ മുഴുവന്‍ ഒന്ന് ഉഴുതുമറിച്ചാലോ എന്ന ആലോചനയും ഉണ്ടെന്നാണ് പറയുന്നത്.

 

അതേസമയം, മായെ സർക്കാരിന് ഇഷ്ടപ്പെടുന്ന രീതിയില്‍ പുറത്താക്കിയാല്‍ ആന്റ് ഗ്രൂപ്പിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനായേക്കുമെന്നും പറയുന്നു. ലോകത്തെ ഏറ്റവും വലിയ പിഒ വഴി 37 ബില്ല്യന്‍ ഡോളര്‍ സമാഹരിക്കുന്ന കമ്പനി എന്ന ബഹുമതി കൈവരിക്കാനിരിക്കെയാണ് മാ നടത്തിയ പരാമര്‍ശം. ഇതേതുടര്‍ന്ന് അധികാരികള്‍ ചാട്ട വീശുകയായിരുന്നു- നിരവധി അന്വേഷണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു, ടെക്‌നോളജി മേഖലയ്ക്ക് മൂക്കുകയറിടാനും ആലോചന തുടങ്ങി. മായെപ്പോലെ പേരെടുത്ത ടെക്‌നോളജി കമ്പനി മുതലാളിമാരെയെല്ലാം ഒന്ന് ഒതുക്കിവിടാനാണ് ചൈനയുടെ ശ്രമമെന്നു പറയുന്നു. നിരവധി ചൈനക്കാരുടെ ആരാധനാ പുരുഷനായിരുന്നു ആലിബാബയുടെ സ്ഥാപകനായ മാ. എന്നാല്‍, ഒറ്റ പ്രസംഗം വരുത്തിവച്ച വിന കടുത്തതായിരുന്നു. മൂന്നു മാസത്തോളമായി പൊതുവേദികളില്‍ നിന്ന് മാ പരിപൂര്‍ണമായി അപ്രത്യക്ഷനാകുകയായിരുന്നു. ജനുവരിയില്‍ ഒന്നു തലകാണിച്ചുവെങ്കിലും ഇപ്പോഴും ഒതുങ്ങി കഴിയുകയാണ് മാ. ചൈനയുടെ ആന്റിട്രസ്റ്റ് റെഗുലേറ്റര്‍ അടുത്തിടെ ആലിബാബയ്ക്ക് 2.7.5 ബില്ല്യന്‍ ഡോളര്‍ പിഴയിട്ടിരുന്നു. അതേസമയം, ടെക്‌നോളജി കമ്പനികളെ തച്ചുതകര്‍ക്കുക എന്ന ഉദ്ദേശമൊന്നും ചൈനയ്ക്കില്ലെന്നും പറയുന്നു. ആഗോള തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ ബിസിനസുകാരെ ഒരു പരിധിക്കപ്പുറം നിലയ്ക്കുനിർത്താൻ നോക്കിയേക്കില്ലെന്നും പറയുന്നു.  

 

ആന്റ് ഗ്രൂപ്പില്‍ മായ്ക്ക് നേരിട്ട് 10 ശതമാനം നിക്ഷേപമെയുള്ളു. എന്നാല്‍, മറ്റു ചില നിക്ഷേപകരിലൂടെയും മറ്റും കമ്പനിയുടെ നിയന്ത്രണം മായുടെ കയ്യിലാണ് എന്നാണ് മനസ്സിലാകുന്നത്. ഉദാഹരണത്തിന് ആന്റില്‍ 50.5 ശതമാനം പണം നിക്ഷേപിച്ചിരിക്കുന്ന  ഹാങ്‌ഷോ യുന്‍ബോയുടെ നിയന്ത്രണം മായുടെ കയ്യിലാണത്രെ. യുന്‍ബോയാണ് ആന്റുമായി ബന്ധപ്പെട്ട എല്ലാക്കാര്യത്തിലും അന്തിമ തീരുമാനം എടുക്കുന്നത്. യുന്‍ബോയില്‍ മായുടെ ഓഹരി 34 ശതമാനമാണ്. മാ തന്റെ ഓഹരിയും കൂടി യുന്‍ബോയ്ക്ക് വിറ്റിട്ട് ആന്റില്‍ നിന്ന് ഒഴിവാകാനുള്ള നല്ല സാധ്യത നിലനില്‍ക്കുന്നുവെന്നു പറയുന്നു. എന്നാല്‍, മാ തന്റെ ഓഹരി തനിക്കു നിയന്ത്രണമുള്ള കമ്പനിക്ക് വിറ്റുവെന്നു കാണിച്ചാല്‍ അധികാരികള്‍ സമ്മതിച്ചുകൊടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

 

English Summary: Can Jack Ma come out unscathed by selling his stakes in Ant?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com