ADVERTISEMENT

പ്രധാനമന്ത്രിയും ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന്, 1984ല്‍ നടത്തിയ സിഖ് വിരുദ്ധ കലാപം പോലെയൊന്നിന് ഇപ്പോള്‍ പദ്ധതിയിടുകയാണെന്ന് ആരോപിച്ചുള്ള പോസ്റ്റ് ഫെയ്‌സ്ബുക് നേരത്തെ നീക്കംചെയ്തിരുന്നു. എന്നാല്‍, ഈ പോസ്റ്റ് ഫെയ്‌സ്ബുക് പോസ്റ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന കമ്മറ്റിയായ ഓവര്‍സൈറ്റ് ബോര്‍ഡ് പരിശോധിച്ച ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. 

 

മുന്‍ പ്രധാനമന്ത്രി, നിയമജ്ഞര്‍, നോബല്‍ സമ്മാന ജേതാവ് തുടങ്ങിയ പല മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് ഫെയ്‌സ്ബുക്കിന്റെ സുപ്രീം കോടതി എന്നറിയപ്പെടുന്ന ഓവര്‍സൈറ്റ് ബോര്‍ഡ്. ഒരു പക്ഷേ, ഓവര്‍െൈസറ്റ് ബോര്‍ഡ് ഇടപെട്ട് ഇന്ത്യയില്‍ ഇതുവരെ പുഃനസ്ഥാപിക്കപ്പെട്ട പോസ്റ്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമായിരിക്കണം ഇത്. വിവാദ പോസ്റ്റിട്ട ഉപയോക്താവിന് അതു നീക്കംചെയ്തതിനെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശം എടുത്തുകളഞ്ഞത് ശരിയായില്ലെന്നും ഓവര്‍സൈറ്റ് ബോര്‍ഡ് നിരീക്ഷിച്ചു.

 

ഈ കേസിനെക്കുറിച്ച് ഓവര്‍സൈറ്റ് ബോര്‍ഡു പുറത്തുവിട്ട വിശദാംശങ്ങള്‍ പ്രകാരം സംഭവം നടക്കുന്നത് 2020 നവംബറിലാണ്. പഞ്ചാബില്‍ നിന്നുള്ള ഒരു യൂസറാണ് 17 മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോ ക്ലിപ് അപ്‌ലോഡ് ചെയ്തത്. ഈ ക്ലിപ്പാകട്ടെ പഞ്ചാബിലെ ഒരു മാധ്യമമായ ഗ്ലോബല്‍ പഞ്ചാബ് ടിവിയാണ് ആദ്യം അപ്‌ലോഡ് ചെയ്തിരുന്നത്. വിഡിയോയില്‍ ഒരു പ്രൊഫസറുമായുള്ള അഭിമുഖമായിരുന്നു. ഈ വിഡിയോയ്ക്ക് ഒപ്പം നല്‍കിയിരുന്ന പോസ്റ്റിലാണ് യൂസര്‍ പറഞ്ഞിരിക്കുന്നത് ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് 1984ല്‍ നടന്ന സിഖ് വരുദ്ധ കലാപത്തിലെന്ന പോലെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുകയാണെന്ന്. ആര്‍എസ്എസ് സിഖുകാരെ കൊലചെയ്യാന്‍ ഭീഷണി മുഴക്കുന്നു എന്നും, 'ആര്‍എസ്എസ് പ്രസിഡന്റ് മോഹന്‍ ഭഗവതിന്റെ ഉപദേശത്താല്‍ പ്രധാനമന്ത്രി മോദി നേരിട്ട് സിഖുകാര്‍ക്കെതിരെ വംശഹത്യാ ഭീഷണിയാകുന്നു' എന്നും മറ്റും പോസ്റ്റില്‍ ഉണ്ട്. അപ്‌ലോഡ് ചെയ്ത വിഡിയോയ്ക്ക് ഒപ്പം ആര്‍എസ്എസ് സിഖുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നു എന്ന വിവരണവും നല്‍കിയിരുന്നു.

 

ഈ പോസ്റ്റ് മറ്റൊരു യൂസര്‍ ആദ്യം ഫ്‌ളാഗ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അത് ഫെയ്‌സ്ബുക്കിന്റെ തന്നെ ഒരു വക്താവ് (റിവ്യൂവര്‍) പരിശോധിച്ചു. റിവ്യൂവർ ഇത് ഫെയ്‌സ്ബുക്കിന്റെ 'അപകടകാരികളായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സമുദായങ്ങള്‍' എന്ന വിഭാഗത്തില്‍ പെടുത്തി നീക്കം ചെയ്യുകയും ചെയ്തു. എഫ്ബി പോസ്റ്റുകളിലൂടെ സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന അക്രമങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ളതാണ് ഫെയ്‌സ്ബുക്കിന്റെ ഡെയ്ഞ്ചറസ് ഇന്‍ഡിവിജ്വുവല്‍സ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍ കമ്യൂണിറ്റി സ്റ്റാന്‍ഡാര്‍ഡ്. ഇതിനെതിരെ പരാതിപ്പെട്ട ഒറിജിനല്‍ പോസ്റ്റ് ഇട്ട യൂസറോട്, കോവിഡ്-19 മൂലം വേണ്ടത്ര ആളിത്താത്തതിനാല്‍ തങ്ങള്‍ക്ക് പുഃനപരിശോധിക്കാന്‍ സാധിക്കില്ലെന്നും ഒരു ഘട്ടത്തില്‍ ഫെയ്‌സ്ബുക് അറിയിച്ചിരുന്നു.

 

∙ എന്തിനാണ് ഓവര്‍സൈറ്റ് ബോര്‍ഡ് തീരുമാനം തിരുത്തിയത്?

 

പോസ്റ്റ് നീക്കം ചെയ്യുകയും യൂസറെ ഫെയ്‌സ്ബുക്കില്‍ നിരോധിക്കുകയും ചെയ്യുന്ന കാര്യത്തില്‍ രണ്ടു പ്രശ്‌നങ്ങളാണ് ഓവര്‍സൈറ്റ് ബോര്‍ഡ് കണ്ടെത്തിയത്. ഒന്നാമതായി ഒരു സമൂഹത്തിനു ഭീഷണിയായേക്കാവുന്ന വാക്കുകള്‍ പോസ്റ്റില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഓവര്‍സൈറ്റ് ബോര്‍ഡ് നിരീക്ഷിക്കുന്നു. രണ്ടാമതായി, ഈ പോസ്റ്റ് നീക്കംചെയ്യുക വഴി ന്യൂനപക്ഷങ്ങളുടെയും എതിര്‍വാദമുയര്‍ത്തുന്നവരുടെയും ശബ്ദം ഉയര്‍ന്നു കേള്‍ക്കണമെന്ന ഫെയ്‌സ്ബുക്കിന്റെ നയത്തിനു വിരുദ്ധമാണ് നടപടിയെന്നും അവര്‍ നിരീക്ഷിക്കുന്നു.

 

∙ മുന്‍ സാംസങ് മേധാവിയുടെ സ്വത്തില്‍ മുഖ്യ പങ്ക് മകനു തന്നെ

 

മുന്‍ സാംസങ് മേധാവി ലീ കുന്‍-ഹീയുടെ അതിഭീമമായ സ്വത്ത് ആദ്ദേഹത്തിന്റെ ഭാര്യ, മകന്‍ ജെ. വൈ. ലീ, രണ്ടു പെണ്‍മക്കള്‍ എന്നിവര്‍ക്കിടയില്‍ ഭാഗംവയ്ക്കുകയാണ്. ലീയുടെ മരണത്തിനു ശേഷം ഇതാദ്യമായാണ് സാംസങ് ഇക്കാര്യം പുറത്തുവിടുന്നത്. ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി ഭീമന്മാരില്‍ ഒന്നാണ് സാംസങ്. എന്തായാലും കമ്പനിയില്‍ ഇനി പിടിമുറുക്കുക മകന്‍ ജെ. വൈ. ലീ ആയിരിക്കുമെന്നാണ് പറയുന്നത്.  

 

∙ ഐപാഡ് പ്രോ, ഐമാക് തുടങ്ങിയവ പ്രീ ഓര്‍ഡര്‍ ചെയ്യാം

 

ആപ്പിള്‍ പുതിയതായി പുറത്തിറക്കിയ ഐപാഡ് പ്രോ, ഐമാക് തുടങ്ങിയവ ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം. ഐമാക് മോഡലുകള്‍ ഇഎംഐ വഴി സ്വന്തമാക്കാനും അവസരമുണ്ട്. പ്രതിമാസം 14,111 രൂപ, 16,465 രൂപ, 18,819 രൂപ എന്നിങ്ങനെയായിരിക്കും തിരിച്ചടവ്.

 

പുതിയ ഐപാഡ് 12.9-ഇഞ്ചിനൊപ്പം പഴയ മാജിക് കീബോഡ് ഉപയോഗിക്കുന്നതില്‍ ചെറിയ പ്രശ്‌നം ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. അടഞ്ഞിരിക്കുമ്പോള്‍ കീബോഡും പുതിയ ഐപാഡും വേണ്ടരീതിയില്‍ ചേര്‍ന്നിരിക്കില്ലെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. പുതിയ ഐപാഡിന് അല്‍പം കനം കൂടുതലുണ്ട് എന്നതാണ് പ്രശ്‌നം.

 

∙ ചൈനീസ് ടെക് കമ്പനികള്‍ ഭീതിയില്‍ തന്നെ

 

ആലിബാബ മേധാവി ജാക് മായുടെ വിധി കണ്ടു ഞെട്ടിയിരിക്കുകയാണ് ചൈനീസ് ടെക്‌നോളജി കമ്പനികള്‍ എന്നതിന് മറ്റൊരു വ്യക്തമായ സൂചനയും ലഭിച്ചിരിക്കുകയാണ്. ആലിബാബ 2021ല്‍ തങ്ങളുട സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് നല്ല രീതിയില്‍ ശമ്പളം കൂട്ടി നല്‍കാന്‍ തീരുമാനിച്ചിരുന്നു. മൊത്തം ജോലിക്കാര്‍ക്കും പുത്തനുണര്‍വു പകരാന്‍ പാകത്തിനൊരു ശമ്പള വര്‍ധന നല്‍കാനും കമ്പനി ഉദ്ദേശിച്ചിരുന്നു. ഇതെല്ലാം തത്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. എല്ലാവര്‍ഷവും ഏപ്രിലിലാണ് ശമ്പളവര്‍ധന കമ്പനി പ്രഖ്യാപിക്കുക. ആലിബാബയ്ക്ക് മൊത്തം ഏകദേശം 252,000 ജോലിക്കാരാണ് ഉള്ളത്.

 

∙ അടുത്ത റെഡ്മി ഫോണ്‍ ഇറക്കാന്‍ ഒരുങ്ങി ഷഓമി

 

ഷഓമിയുടെ അടുത്ത റെഡ്മി സ്മാര്‍ട് ഫോണ്‍ മോഡല്‍ ഇറക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇത് മിക്കവാറും റെഡ്മി നോട്ട് 10 എസ് ആയിരിക്കുമെന്നാണ് കരുതുന്നത്.

 

∙ യുട്യൂബ് കമന്റിങ് രീതിയില്‍ മാറ്റം

 

വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യുട്യൂബ് വിഡിയോകളുടെ താഴെ പോസ്റ്റു ചെയ്യുന്ന കമന്റുകള്‍ക്ക് ഒരു വ്യത്യാസം കൊണ്ടുവന്നിരിക്കുകയാണ്. ഒരു വിഡിയോയെക്കുറിച്ചു വരുന്ന കമന്റ് അതിന്റെ ഏതു ഭാഗത്തെക്കുറിച്ചാണ് എന്നു മനസ്സിലാക്കുക അല്‍പം ബുദ്ധിമുട്ടായിരുന്നു ഇതുവരെ. വിഡിയോയുടെ ഒരു പ്രത്യേക ഭാഗത്തെക്കുറിച്ചാണ് പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇനി കമന്റുകള്‍ പോസ്റ്റു ചെയ്യുന്നവര്‍ക്ക് യുട്യൂബില്‍ നിന്ന് തങ്ങള്‍ ഉദ്ദേശിക്കുന്ന ഭാഗം ഏതെന്നു വ്യക്തമാക്കാം. തങ്ങള്‍ ഉദ്ദേശിക്കുന്ന ഭാഗത്ത് വിഡിയോ പോസ് ചെയ്തശേഷം ആ ടൈംസ്റ്റാമ്പോടു കൂടി കമന്റ് ഇടാം. അപ്പോള്‍ കമന്റില്‍ ക്ലിക്കു ചെയ്യുന്ന ആര്‍ക്കും വിഡിയോയുടെ ഈ പ്രത്യേക ടൈംലൈനിലേക്ക് നേരിട്ടെത്താം.

 

English Summary: Facebook Oversight Board says post critiquing RSS, BJP highlights minority concerns, allows it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com