sections
MORE

ജീവന്‍ രക്ഷിക്കാൻ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകൾ, അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

HEALTH-CORONAVIRUS-INDIA-HOSPITAL
SHARE

രാജ്യത്തെ കൊറോണാവൈറസ് ബാധിതരുടെ എണ്ണം ഉയരുന്നത് അത്യാശങ്ക ഉയര്‍ത്തുന്നതാണ്. ഇന്ത്യയില്‍ ഇന്ന് ലഭ്യത കുറഞ്ഞു വരുന്ന ഒരു ഉപകരണമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍. കോവിഡ് വഷളാകുമ്പോള്‍ രോഗികള്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത് ഓക്‌സിജന്‍ സപ്ലൈയെ ആണ്. ആശുപത്രിക്കിടകക്കള്‍ നിറയുകയും ആരോഗ്യപ്രവര്‍ത്തകര്‍ കൈമലര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാശുള്ളവര്‍ക്ക് വേണമെങ്കില്‍ സ്വന്തമായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കാം. പ്രത്യേകിച്ചും പ്രായമായവര്‍ വീട്ടിലുണ്ടെങ്കില്‍. നിങ്ങളുടെ പ്രദേശത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ടായാല്‍ വീട്ടില്‍ ആവശ്യമില്ലെങ്കില്‍ മറ്റുള്ളവര്‍ക്കു നല്‍കുകയും ചെയ്യാം. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇപ്പോഴും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യവുമാണ്.

∙ എന്താണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്?

ലഭ്യമായ വായു അരിച്ചെടുക്കുകയാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ജോലി. വായുവില്‍ സാധാരണഗതിയില്‍ 21 ശതമാനം ഓക്‌സിജന്‍ ആണുള്ളത്. ബാക്കി 78 ശതമാനവും നൈട്രജന്‍ ആണ്. ഒരു ശതമാനം മറ്റു വാതകങ്ങളും ഉണ്ട്. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വായുവിലെ ഓക്‌സിജനെ അരിച്ചെടുക്കുകയാണ് ചെയ്യുന്നത്. നൈട്രജനെ പുറംതള്ളി ഉപയോഗിക്കുന്നയാളിന് ഏകദേശം 90-95 ശതമാനം ഓക്‌സിജന്‍ നല്‍കുക എന്ന കര്‍ത്തവ്യമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നിറവേറ്റുന്നത്.

∙ എവിടെ വാങ്ങാം?

ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍, ചില സ്ഥലങ്ങളില്‍ ലഭ്യത കാണണമെന്നില്ല. കൂടാതെ പ്രതിസന്ധി നിലനില്‍ക്കുകയാണെങ്കില്‍ അതിവേഗം സ്റ്റോക്കു തീരുകയും ചെയ്യാം. ചിലപ്പോള്‍ നിങ്ങളുടെ പ്രദേശത്തേക്കുള്ള ഓര്‍ഡര്‍ സ്വീകരിക്കുന്നത് ഇരു സ്ഥാപനങ്ങളും നിർത്തിയിട്ടുമുണ്ടാകാം. അങ്ങനെയാണെങ്കില്‍ ഇവ വേണ്ടവര്‍ക്ക് മറ്റു വെബ്‌സൈറ്റുകളെ ആശ്രയിക്കാം. എന്നാല്‍, ഈ പ്രതിസന്ധി പോലും മുതലെടുക്കാന്‍ തട്ടിപ്പു വെബ്‌സൈറ്റുകൾ ഉയര്‍ന്നുവന്നു എന്നതും ഒരു ദുരന്തമാണ്. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ആണെന്നു പറഞ്ഞ് ഇത്തരം വെബ്‌സൈറ്റുകള്‍ നെബ്യുലൈസറുകളും ഹ്യുമിഡിഫൈയറുകളും വില്‍ക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അത്തരം വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മനസ്സില്‍ വയ്ക്കുക. എന്നാല്‍, താരതമ്യേന വിശ്വസിക്കാവുന്ന ചില വെബ്‌സൈറ്റുകള്‍ ഇതാ:

ഹെല്‍ത്ജീനി (Healthgenie): ഇവിടെ എച്ജി 593, എച്ജി 501, ഇക്വിനോക്‌സ്, ലൈഫ്പ്ലസ് ഒസി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വില്‍ക്കുന്നുണ്ട് വില 27,499 മുതല്‍ 1,29,999 രൂപ വരെയാണ്.

കോള്‍മെഡ് (ColMed): ഇവിടെ യുവെല്‍, ഡെവിള്‍ബ്ലിസ്, നിഡെക് നുവൊലൈറ്റ്, ഗ്രീന്‍സ് ഒസി തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. വില 34,157 മുതല്‍ 1,06,400 രൂപ വരെയാണ്.

ഹെല്‍ത്ക്ലിന്‍ (Healthklin): ഇവിടെ ആസ്‌പെന്‍ ഒസി1 പ്ലസ്, ആസ്‌പെന്‍ ഒസി2 പ്ലസ്, ഇക്വിനോക്‌സ്, ഹെമോഡയസ് തുടങ്ങിയ കമ്പനികളുടെ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാണ്. വില 35,000 മുതല്‍ 51,000 രൂപ വരെയാണ്. 

നൈറ്റിങ്‌ഗേൾസ് ഇന്ത്യ: ഇവിടെ ഡെവിള്‍ബ്ലിസ് ഒസി, ഇനൊജെന്‍ ജി3, ഓലെക്‌സ് ഒസി, ഒക്‌സിമെഡ്, ഫിലിപ്‌സ് തുടങ്ങിയ കമ്പനികളുടെ ഉല്‍പന്നങ്ങളാണ് ഉള്ളത്. വില 37,800 മുതല്‍ 2,15,000 രൂപ വരെ.

1എംജി (1MG): ഇക്വിനോക്‌സ് ഇക്യു-ഒസി-09, ഇനൊജന്‍ വണ്‍ ജി5, ഒക്‌സ്‌ലൈഫ് പോര്‍ട്ടബിൾ ഒസി തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ ആണ് വില്‍ക്കുന്നത്. വില 50,000 മുതല്‍ 2,95,000 രൂപ വരെയാണ്.

ഇതു കൂടാതെ സ്വന്തം ആവശ്യത്തിനായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിയും കേന്ദ്ര സർക്കാർ നല്‍കിക്കഴിഞ്ഞു. ജൂലൈ 31 വരെയാണ് അനുമതി. വിദേശത്ത് ബന്ധുക്കളോ, സുഹൃത്തുക്കളോ ഉള്ളവര്‍ക്ക് ഇവ എപ്പോള്‍ വേണമെങ്കിലും വരുത്താം. പോസ്റ്റ്, കൊറിയര്‍, ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴി ഗിഫ്റ്റ് വിഭാഗത്തില്‍ പെടുത്തി ഇവ എത്തിക്കാം. 

∙ ഫെയ്‌സ്ബുക് ആപ്പില്‍ വാക്‌സീന്‍ ഫൈന്‍ഡര്‍ ടൂള്‍

കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ മൊബൈല്‍ ആപ്പ് വഴി വാക്‌സീന്‍ ഫൈന്‍ഡര്‍ സേവനം തുടങ്ങുകയാണെന്ന് ഫെയ്‌സ്ബുക് അറിയിച്ചു. എവിടെയെത്തിയാല്‍ വാക്‌സീന്‍ കിട്ടും എന്നായിരിക്കും ആപ്പിലൂടെ അറിയാന്‍ സാധിക്കുക. കോവിഡ് പ്രതിസന്ധിക്കെതിരെ പോരാടാന്‍ ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച ഒരു കോടി ഡോളര്‍ അടിയന്തര സഹായവും ഇന്ത്യയ്ക്ക് നല്‍കിയിരുന്നു.

∙ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ്‌സ് ഡേ തുടങ്ങി

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ്‌സ് ഡേ ആദായ വില്‍പന തുടങ്ങി. മെയ് 2 മുതല്‍ 7 വരെയാണ് വിൽപന. ആപ്പിള്‍, സാംസങ്, റിയല്‍മി, ഷഓമി തുടങ്ങി കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ അടക്കം പല ഉല്‍പന്നങ്ങളും വിൽക്കുന്നുണ്ട്. സാംസങ് എഫ്62 ഹാൻഡ്സെറ്റ് 17,999 രൂപയ്ക്കു വാങ്ങാം. എഫ്41, എഫ്12 എന്നിവയ്ക്ക് യഥാക്രമം 12,999 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 11 സെയിലില്‍ 44,999 രൂപയ്ക്കു വില്‍ക്കുന്നു. ഐഫോണ്‍ എസ്ഇ 29,999 രൂപയ്ക്കും ലഭ്യമാണ്. 

ലാപ്‌ടോപ്പുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്നുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക- കോവിഡ് മൂലം നിങ്ങളുടെ പ്രദേശം നിരോധിത മേഖലയാണെങ്കില്‍ അവിടെ അവശ്യ സാധനങ്ങള്‍ മാത്രമായിരിക്കും ഫ്‌ളിപ്കാര്‍ട്ടിനും മറ്റും എത്തിച്ചു നല്‍കാനാകുക. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാൻ കഴിയില്ല.

∙ ചിപ്പ് പ്രതിസന്ധി ബാധിച്ചേക്കുമെന്ന് ഫോക്‌സ്‌വാഗന്‍

പ്രമുഖ ജര്‍മന്‍ വാഹന നിര്‍മാതാവ് ഫോക്‌സ്‌വാഗനും ഇപ്പോഴുള്ള ചിപ്പ് ലഭ്യതാ പ്രതിസന്ധി വരും മാസങ്ങളില്‍ തങ്ങളെയും കൂടുതലായി ബാധിച്ചേക്കാമെന്ന ഭീതിയിലാണ്. കമ്പനി ഇതുവരെ ഏകദേശം 100,000 വാഹനങ്ങളാണ് നിര്‍മിക്കാന്‍ സാധിക്കാതെ നില്‍ക്കുന്നത്.

∙ മെഡിയടെക് 18 ശതമാനം വരെ അധിക വരുമാനം പ്രതീക്ഷിക്കുന്നു

മൊബൈല്‍ പ്രോസസര്‍ നിര്‍മാതാവ് മെഡിയാടെക് 10 മുതല്‍ 18 ശതമാനം വരെ അധികവരുമാനം 2021 രണ്ടാം പാദത്തില്‍ പ്രതീക്ഷിക്കുന്നതായി പറയുന്നു.

English Summary: Oxygen Concentrators to Save Lives, Some Things to Know

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA