ADVERTISEMENT

കൊറോണാവൈറസ് ഭീകരതാണ്ഡവമാടുന്ന ഇന്ത്യയിലെ കൂട്ടശവദാഹത്തെ പോലും പുച്ഛിച്ച് ചൈനീസ് ഉദ്യോഗസ്ഥൻ. ചൈനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്‍ സാമാന്യബോധം പോലും പ്രകടിപ്പിക്കാതെ ഇട്ട സമൂഹ മാധ്യമ പോസ്റ്റ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്യുകയും ചെയ്തു. ചൈന അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളിന്റെയും, ഇന്ത്യയില്‍ ചിത കത്തുന്നതിന്റെയും ചിത്രങ്ങളാണ് അടുത്തടുത്തു പോസ്റ്റു ചെയ്ത് അദ്ദേഹം രാജ്യത്തിന്റെ പേരില്‍ അഭിമാനം കൊണ്ടത്. ചൈനീസ് ബഹിരാകാശനിലയ മൊഡ്യൂളായ ടിന്‍ഹെ (Tianhe) കുതിച്ചുയരുന്നതും ഇന്ത്യയില്‍ ചിത കത്തുന്നതുമാണ് ഇയാള്‍ അടുത്തടുത്തു പോസ്റ്റു ചെയ്തത്. 

 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര രാഷ്ട്രീയ, നിയമ വിഭാഗ കമ്മിഷന്റെ ഔദ്യോഗിക സിനാ വെയ്‌ബോ അക്കൗണ്ടിലായിരുന്നു ഇത് പോസ്റ്റു ചെയ്തിരുന്നത്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 400,000 കടന്ന ദിവസമായിരുന്നു ഇത്. എന്നാല്‍, ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ തന്നെ തങ്ങളുടെ രോഷവും ഞെട്ടലും കടുത്ത പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥന്‍ വിവിരംകെട്ട പോസ്റ്റ് പിന്‍വലിച്ചത്.

 

ഈ സമയത്ത് മനുഷ്യത്വമാണ് പുറത്തുവരേണ്ടത്. ഇന്ത്യയ്ക്കു ഈ സമയത്തു വേണ്ടത് സഹാനുഭൂതിയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ചൈനക്കാര്‍ മുഴുവന്‍ അധാര്‍മികതയുടെ വക്താക്കളാകും, തുടങ്ങിയ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഉദ്യോഗസ്ഥന്‍ കാണിച്ചത് തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത നടപടിയായി പോയെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ടൈംസ് പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ഹു സിജിന്‍ കുറിച്ചത്. ഇങ്ങനെയൊന്നുമല്ല ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സന്ദര്‍ശകരെ കൂട്ടാന്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. കഴിഞ്ഞ മാസങ്ങളിള്‍ ചൈന-ഇന്ത്യ ബന്ധം വഷളായിരുന്നു എന്നും ഓര്‍ക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിനും കനത്ത പ്രഹരമേറ്റിരുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തില്‍ തന്റെ ദുഃഖമറിയിച്ചും സഹായങ്ങള്‍ വാഗ്ദാനം ചെയ്തും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് സി ജിന്‍പിങ് സന്ദേശമയച്ചിരുന്നു. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത് ചൈനീസ് റെഡ് ക്രോസ് സൊസൈറ്റിയും പ്രാദേശിക സർക്കാരുകളും മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് എത്രയും വേഗം എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുകയാണെന്ന് അറിയിച്ചു.

 

ios-14

∙ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം ഐഒഎസ് ഉപയോക്താക്കള്‍ക്ക് തലവേദന

 

ഐഒഎസില്‍ ഇനി മറ്റ് ആപ്പുകള്‍ ട്രാക്കിങ് നടത്തണമെങ്കില്‍ ഉപയോക്താക്കളുടെ അനുമതി വാങ്ങണമെന്ന പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ആപ്പിള്‍. ഇത് ഏറ്റവുമധികം ബാധിക്കുക ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയുമാണ്. ഇതിനെതിരെ ഫെയ്‌സ്ബുക് അമേരിക്കയില്‍ മുഴുവന്‍ പേജ് പത്രപരസ്യങ്ങള്‍ കൊടുത്തിയിരുന്നു. പകുതിയിലേറെ ഐഒഎസ് ഉപയോക്താക്കളും രണ്ടു കൈയ്യും നീട്ടി പുതിയ മാറ്റങ്ങള്‍ സ്വീകരിക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍. താന്‍ ഫോണില്‍ നടത്തുന്ന ഇന്റര്‍നെറ്റ് ഉപയോഗവും മറ്റു ചെയ്തികളും വേറെ ആപ്പുകള്‍ നോക്കിയിരിക്കുന്ന പ്രശ്‌നം ഒഴിവാക്കികിട്ടിയല്ലോ എന്നു കരുതിയിരിക്കുമ്പോഴാണ് ഫെയ്‌സ്ബുക് അടുത്ത നമ്പര്‍ ഇറക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് ട്രാക്കിങ് അനുമതി നല്‍കണമെന്നാണ് ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്. 

 

കൂടാതെ, തങ്ങളുടെ സേവനങ്ങള്‍ ഫ്രീയായി നിലനിര്‍ത്തണമെങ്കില്‍ അനുമതി നല്‍കണമെന്നു കൂടി പറയുകയാണ് ഫെയ്‌സ്ബുക്. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ ഐഒഎസ് 14.5ല്‍ ഉള്ള ഉപയോക്താക്കള്‍ക്കാണ് പുതിയ സന്ദേശം ലഭിക്കുന്നത്. ഇതോടെ ഉപയോക്താക്കള്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം, ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പണമടയ്‌ക്കേണ്ട സേവനമാക്കാനുള്ള സാധ്യത തീരെ കുറവാണെന്നു വിലയിരുത്തപ്പെടുന്നു. എങ്ങനെയും ഉപയോക്താക്കളുടെ സമ്മതം വാങ്ങിയെടുത്ത് അവരെ ട്രാക്കു ചെയ്യാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമത്തിന്റെ ഭാഗമായിരിക്കാമിതെന്നാണ് പലരും കരുതുന്നത്. എന്തായാലും, കുറെ ഉപയോക്താക്കളെങ്കിലും പുതിയ ഭീഷണിയില്‍ പേടിച്ചുപോയേക്കുമെന്നും കരുതുന്നു.

 

∙ പുതിയ ഐപാഡ് നന്നാക്കണമെങ്കില്‍ ഐഫോണ്‍ 12 മിനി വാങ്ങാന്‍വേണ്ട പണം!

 

മിനി എല്‍ഇഡി സ്‌ക്രീനുമായി ഇറങ്ങിയിരിക്കുന്ന പുതിയ ഐപാഡ് 12.9-ഇഞ്ച് വേര്‍ഷന്‍ പുതിയ ടെക്‌നോളജിയുടെ ആഘോഷമാണ്. എന്നാല്‍, ആപ്പിള്‍കെയര്‍പ്ലസ് (AppleCare+) വരിസംഖ്യ കൂടി നല്‍കാതെയാണ് വാങ്ങുന്നതെങ്കില്‍, കേടുവന്നാല്‍ നന്നാക്കണമെങ്കില്‍ ഒരു പുതിയ ഐഫോണ്‍ 12 മിനിയുടെ വില അല്ലെങ്കില്‍ 699 ഡോളര്‍ (ഏകദേശം 51,800 രൂപ) നല്‍കണമെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. ഐപാഡ് റിപ്പയര്‍ ചെയ്യാന്‍ വേണ്ട ചെലവും പുതിയ ഐപാഡുകളുടെ വില്‍പന തുടങ്ങിയ സമയത്തു തന്നെ ആപ്പിള്‍ അമേരിക്കയില്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, 12.9-ഇഞ്ച് ഐപാഡിനൊപ്പം ഇറക്കിയ 11-ഇഞ്ച് ഐപാഡ് ആണ് വാങ്ങുന്നതെങ്കില്‍ നന്നാക്കാനും 100 ഡോളര്‍ അല്ലെങ്കില്‍ 7,400 രൂപ കുറച്ചു നല്‍കിയാല്‍ മതി. ആപ്പിള്‍കെയര്‍പ്ലസിന് 149 ഡോളര്‍ എടുക്കുകയാണെങ്കില്‍ 149 ഡോളര്‍ നല്‍കണം. അപ്പോള്‍ അതിന്റെ കാലയളവില്‍ ഐപാഡിനു കേടുവന്നാല്‍ പണം വാങ്ങാതെ ആപ്പിള്‍ നന്നാക്കി നല്‍കും. പുതിയ ഐപാഡില്‍ ഉപയോഗിച്ചിരിക്കുന്ന മിനി-എല്‍ഇഡി സാങ്കേതികവിദ്യയാണ് സര്‍വീസ് ചാര്‍ജ് ഇത്രയധികം വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. അതേസമയം, ഇന്ത്യയിലെ ആപ്പിളിന്റെ ഐപാഡ് റിപ്പയര്‍ പേജില്‍ 12.9-ഇഞ്ച് ഐപാഡ് സര്‍വീസ് ചെയ്യാന്‍ 3,900 രൂപ മതിയെന്നും, ആപ്പിള്‍കെയര്‍പ്ലസ് എടുക്കാന്‍ 2,107 രൂപ മതിയെന്നുമാണ് ഇതെഴുതുന്ന സമയത്ത് കാണിച്ചിരിക്കുന്നത്. ഇതൊരു പിഴവ് ആയിരിക്കാനാണ് സാധ്യത. 

 

∙ ആപ്പിളിന്റെ എയര്‍ടാഗ്‌സ് 2019ല്‍ തന്നെ തയാറായിരുന്നു; എന്തുകൊണ്ടു പുറത്തിറക്കിയില്ല?

 

കാറിന്റെയും മറ്റും താക്കോലുകളിൽ പിടിപ്പിച്ചുവയ്ക്കാനും നഷ്ടപ്പെട്ട ഐഫോണും, ഐപാഡും, മാക്കും ഒക്കെ എളുപ്പത്തില്‍ കണ്ടെത്താനും സഹായിക്കുന്ന ബ്ലൂടൂത്ത് ഉപകരണം എയര്‍ടാഗ്‌സ് ആപ്പിള്‍ ഈ വര്‍ഷമാണ് പുറത്തിറക്കിയത്. എന്നാല്‍, 2019 മുതല്‍ ഇത് ആപ്പിള്‍ ഇറക്കാന്‍ ഒരുങ്ങുന്നുവെന്നു പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന പല തെളിവുകളും കാണിക്കുന്നത് 2019ല്‍ തന്നെ ഇത് ആപ്പിള്‍ വിജയകരമായി ഉണ്ടാക്കിയിരുന്നു എന്നാണ്. അപ്പോൾ പിന്നെ എന്തുകൊണ്ട് പുറത്തിറക്കിയില്ല എന്ന ചോദ്യമുയരുന്നു. വ്യക്തമായ ഉത്തരം അറിയില്ലെങ്കിലും, ഇതില്‍ ഉപയോഗിച്ചിരിക്കുന്ന യു1-കേന്ദ്രീകൃത ബ്ലൂടൂത്ത് ട്രാക്കറിനൊപ്പം പ്രവര്‍ത്തിക്കുന്ന അധികം ഉപകരണങ്ങള്‍ അന്നുണ്ടായിരുന്നില്ല എന്നതായിരിക്കാം എയര്‍ടാഗ്‌സ് ഇപ്പോള്‍ ഇറക്കേണ്ടെന്ന് ആപ്പിള്‍ തീരുമാനിക്കാന്‍ ഇടവന്നതെന്നും ചിലര്‍ കരുതുന്നു. ഇത് ആദ്യം പുറത്തിറക്കാന്‍ തുടങ്ങിയ കാലത്ത് ആപ്പിളിനെതിരെ ആന്റിട്രസ്റ്റ് നീക്കം അമേരിക്കയില്‍ നടക്കുന്നുണ്ടായിരുന്നു. ആപ്പിള്‍ വളച്ചുകെട്ടിയെടുത്ത സ്ഥലത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്ന ആരോപണം അന്നു നിലനിന്നിരുന്നു. ഐഫോണും, ഐപാഡും, മാക്കും ഉപയോഗിച്ച് എയര്‍ടാഗ്‌സ് കണ്ടെത്താനായിരുന്നു അന്ന് പദ്ധതി ഇട്ടിരുന്നത്. ഇന്നാകട്ടെ മറ്റു കമ്പനികളുടെ ആപ്പുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുവെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

 

English Summary: Backlash after China Weibo post mocks India Covid crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com