ADVERTISEMENT

ലോകത്തെ കോടീശ്വരൻമാരില്‍ ഒരാളും മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മേധാവിയുമായിരുന്ന ബില്‍ ഗേറ്റ്സും (66) ഭാര്യ മെലിന്‍ഡാ ഗേറ്റ്സും 27 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. ഇരുവരുടെയും കയ്യിലുള്ള ധനക്കൂമ്പാരത്തിന്റെ ഭാവിയേക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങി. തങ്ങള്‍ വിവഹബന്ധം തുടരുന്നതിനെക്കുറിച്ച് വളരെയധികം ആലോചിച്ചുവെന്നും എന്നാല്‍ പിന്നീട് വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഗേറ്റ്സ് വെളിപ്പെടുത്തി. 

 

തങ്ങള്‍ മൂന്നു മിടുമിടുക്കരായ മക്കളെ വളര്‍ത്തിക്കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തെ എല്ലാ ജനങ്ങളും ആരോഗ്യത്തോടെയിരിക്കാനായി ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന്‍ നടത്തിക്കൊണ്ടുവന്നതായും അദ്ദേഹം പറയുന്നു. 2000ത്തില്‍ സ്ഥാപിച്ചതാണ് ഫൗണ്ടേഷന്‍. തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഒപ്പം വളരാനാവില്ലെന്നു മനസ്സിലാക്കിയതാണ് വിവാഹ മോചനത്തിനു കാരണമെന്ന് ബില്‍ഗേറ്റ്സ് പറയുന്നു. മൈക്രോസോഫ്റ്റിന്റെ 1.3 ശതമാനം ഓഹരികള്‍ ഇപ്പോഴും ബില്‍ ഗേറ്റ്സിന്റേതാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 130 ബില്ല്യന്‍ ഡോളറാണ്. ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വിവാഹ മോചനത്തിനു ശേഷം ധനികര്‍ക്കിടയില്‍ ഉണ്ടാകുന്ന അടുത്ത വേര്‍പിരിയലായും ഇതിനെ കാണുന്നു.

 

ഗേറ്റ്സ് ഫൗണ്ടേഷന്റെ ആസ്തി 5000 കോടി ഡോളറാണ്. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ദാനധര്‍മ സ്ഥാപനവുമാണിത്. ഫൗണ്ടേഷന്‍ 2018-19 കാലഘട്ടത്തില്‍ 500 കോടി ഡോളറാണ് ദാനധര്‍മങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നത്. ഗേറ്റ്സ് ദമ്പതികളുടെ വേർപിരിയൽ പ്രസ്താവന ഈ മേഖലയിലുള്ളവര്‍ക്ക് ഞെട്ടലുണ്ടാക്കി. ഈ ദമ്പതികള്‍ ലോകത്തിന് മുൻപിൽ വിവിധ തരത്തിലുള്ള ദാനധര്‍മ രീതികളാണ് അവതരിപ്പിച്ചിരുന്നത്. ഈ മേഖലയില്‍ സമീപകാലത്ത് ഏറ്റവുമധികം മാറ്റം കൊണ്ടുവന്നത് ഇവരായിരുന്നുവെന്നും പറയുന്നു. 

 

പണക്കാരുടെ മരണശേഷം തുടങ്ങിയ കാര്‍ണഗീ ഫൗണ്ടേഷനേയും, റോക്‌ഫെലര്‍ ഫൗണ്ടേഷനേയും പോലെയല്ലാതെ ഇതിന്റെ സ്ഥാപകര്‍ തങ്ങളുടെ ജീവിതത്തിന്റെ മധ്യത്തില്‍ത്തന്നെ ദാനധര്‍മങ്ങള്‍ക്കായി ഒരു സ്ഥാപനം കൊണ്ടുവരിക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു. ഗേറ്റ്സ് ദമ്പതികള്‍ക്ക് ഫൗണ്ടേഷനില്‍ തുല്യ പ്രാധാന്യമാണുള്ളത്. ഇരുവരും തുടര്‍ന്നും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഫൗണ്ടേഷന്റെ ഭാവിയേക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയതായി ചിലര്‍ വിലയിരുത്തുന്നു. ഇരുവരും ചിലപ്പോള്‍ തങ്ങളുടെ സ്വന്തം ഫൗണ്ടേഷനുകള്‍ സ്ഥാപിച്ചേക്കുമെന്നാണ് പറയുന്നത്.

 

1200-elon-musk

∙ ദി ഗിവിങ് പ്ലെജ്

 

താന്‍ ജീവിതത്തില്‍ സമ്പാദിച്ച ധനമെല്ലാം കുറച്ചുകുറച്ചായി സംഭാവന ചെയ്യുമെന്ന് ബില്‍ ഗേറ്റ്സും മറ്റൊരു അമേരിക്കന്‍ കോടീശ്വരനായ വോറന്‍ ബഫറ്റും 2010ല്‍ ദി ഗിവിങ് പ്ലെജ് എന്ന പേരില്‍ പ്രതിജ്ഞ എടുത്തിരുന്നു. ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസിലാ ചാനും മകള്‍ ജനിച്ചപ്പോള്‍ ഇതേ പ്രതിജ്ഞ എടുത്തിരുന്നു. ബെസോസിന്റെ ഭാര്യ മകെന്‍സി സ്‌കോട്ടും തനിക്കു പിരിയലിന്റെ സമയത്തു ലഭിച്ച തുക ദാനധര്‍മങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. 

 

∙ ഇലോണ്‍ മസ്‌കിന് ഇരട്ട തിരിച്ചടി

 

അതിസമ്പന്നനും ടെക്‌നോളജി സാമ്രാട്ടുമായ ഇലോണ്‍ മസ്‌കിന് ഇരട്ട തിരിച്ചടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. തലയോട്ടിക്കുള്ളില്‍ ചിപ്പുകള്‍ ഘടിപ്പിക്കുന്ന ദൗത്യവുമായി മുന്നോട്ടുപോകുന്ന അദ്ദേഹത്തിന്റെ കമ്പനി ന്യൂറാലിങ്കിന്റെ പ്രസിഡന്റ് കഴിഞ്ഞ ദിവസം രാജിവച്ചു. ചൈന അദ്ദേഹത്തിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയ്‌ക്കെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചു. ന്യൂറാലിങ്കിന്റെ മേധാവി മാക്‌സ് ഹൊഡാക് ആണ് സ്വന്തം കമ്പനി തുടങ്ങാനായി രാജിവച്ചിരിക്കുന്നത്. തലച്ചോർ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ന്യൂറാലിങ്കിന്റേത്. ഹൊഡാക്കും മസ്‌കും ചേര്‍ന്ന് 2016ലാണ് ഈ കമ്പനി രൂപീകരിക്കുന്നത്. ഏകദേശം 100 പേരായിരുന്നു ഇതിനായി പ്രവര്‍ത്തിച്ചുവന്നിരുന്നത്.

 

മനുഷ്യരുടെ തലച്ചോറില്‍ നിന്ന് ഒരു കംപ്യൂട്ടറിലേക്കു പ്രവഹിക്കാവുന്ന വിവരത്തിന്റെ തോതു വര്‍ധിപ്പിക്കുക എന്നതായിരുന്നു കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. താന്‍ ആഴ്ചകളായി ന്യൂറാലിങ്കില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കമ്പനിയില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചെന്നും എന്നാല്‍ ഇനി കമ്പനിയുമായി സഹകരിക്കുന്നില്ലെന്നും പുതിയ കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ഹൊഡാക് പറഞ്ഞത്. എന്നാല്‍, താന്‍ കമ്പനി വിടാനുണ്ടായ കൃത്യമായ കാരണമെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ന്യൂറാലിങ്ക് നടത്തിയെന്നു പറയുന്ന മുന്നേറ്റത്തെക്കുറിച്ച് വിശ്വാസക്കുറവ് പ്രകടിപ്പിക്കുന്നവരും ശാസ്ത്രമേഖലയില്‍ ഉണ്ട്. അതേസമയം, ഹൊഡാക്കിനെ മസ്‌ക് പറഞ്ഞുവിട്ടതാണോ എന്ന കാര്യവും അറിയില്ല. 

 

∙ ടെസ്‌ലയെക്കുറിച്ച് അന്വേഷണത്തിന് ചൈന

 

ഇലക്ട്രിക് കാറുകളുടെ ഭാവി അത്ര സുഗമമായിരിക്കില്ലെന്ന സൂചനയാണ് ടെസ്‌ലയ്‌ക്കെതിരെ ചൈനയില്‍ നടക്കുന്ന അന്വേഷണം. സാധാരണ കാറുകളെക്കാളേറെ സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിറക്കുന്ന ഇത്തരം വണ്ടികള്‍ സ്വകാര്യതയ്ക്ക് ഭീഷണിയാകുമോ എന്ന കാര്യം അത്ര എളുപ്പത്തില്‍ ഉറപ്പിക്കാനാവില്ല. ഇത്തരം കാറുകള്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യുമ്പോള്‍ അവയ്ക്ക് എന്തെല്ലാം ഡേറ്റ ശേഖരിക്കാനാകുമെന്നത് ഒരു പ്രശ്നമായി ഉയര്‍ന്നുവന്നിരിക്കുകയാണ്. അമേരിക്കയ്ക്കു ശേഷം ഇലക്ട്രിക് കാറുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയിലാണ് ടെസ്‌ല ഇപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. അതേസമയം, ചൈനീസ് സർക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ടെസ്‌ല കമ്പനിയുടെ തലപ്പത്തുള്ളവരുടെ തീരുമാനമെന്നു പറയുന്നു. എന്തായാലും തങ്ങളുടെ സൈനിക താവളങ്ങളുടെ പരിസരത്തൊന്നും ടെസ്‌ല കാറുകള്‍ കണ്ടുപോകരുതെന്ന് ചൈന ഉത്തരവിട്ടുകഴിഞ്ഞു. 

 

∙ റെഡ്മി നോട്ട് 10എസ് മെയ് 13ന് ഇന്ത്യയില്‍ അവതരിപ്പിക്കും

 

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ പുതിയ മോഡലുകളിലൊന്നായ റെഡ്മി നോട്ട് 10 എസ് ഈ മാസം 13ന് അവതരിപ്പിക്കും. അവതരണം കമ്പനിയുടെ ഫെയ്‌സ്ബുക്, യുട്യൂബ് ചാനലുകളിലൂടെ ലൈവ് സ്ട്രീം ചെയ്യും. 

 

∙ ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിൾ ഫോണ്‍ 2023ല്‍ പുറത്തിറക്കുമെന്ന്

 

വളരെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന ആദ്യ ഫോള്‍ഡബിൾ ഐഫോണ്‍ 2023ല്‍ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. കമ്പനിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്നയാള്‍ എന്നു കരുതുന്ന മിങ്-ചി കുവോ ആണ് ഇക്കാര്യം പറഞ്ഞത്. ആദ്യ വര്‍ഷം ഏകദേശം രണ്ടുകോടിയോളം ഇത്തരം ഹാന്‍ഡ്‌സെറ്റുകള്‍ ഉണ്ടാക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ആദ്യം ഇറക്കുന്ന മോഡലിന് മൊത്തം വലുപ്പം 8-ഇഞ്ച് ആയിരിക്കുമെന്നു കരുതുന്നു. ഇതിന് ക്യൂഎച്ഡി പ്ലസ് (3,200 x 1,800) റെസലൂഷനുള്ള സ്‌ക്രീന്‍ കണ്ടേക്കും. സാംസങ് ആയിരിക്കും ഈ ഫോണിനുള്ള ഡിസ്‌പ്ലെ നിര്‍മിച്ചു നല്‍കുക.

 

English Summary: What Bill And Melinda Gates Said In Their Divorce Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com