sections
MORE

ലോകത്തെ പാവങ്ങൾക്കായി 369,725 കോടി രൂപ! അടയുമോ കാരുണ്യത്തിന്റെ ആ ഗേറ്റ്?

billgates-and-wife-africa
SHARE

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യയുടെയും കാരുണ്യത്തിന്റെ വഴികള്‍ പുതുമയുള്ളതല്ല. ഓരോ വർഷവും കോടിക്കണക്കിന് പണമാണ് പാവപ്പെട്ട രാജ്യങ്ങളിൽ ഇരുവരും ചെലവിട്ടത്. ഇപ്പോഴിതാ ഇരുവരും ജീവിതത്തിൽ പിരിയാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുന്നു. ഇത് ലോകത്തെ ഏറ്റവും വലിയ ചാരിറ്റി പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ലോകത്തെ എല്ലാ ജനങ്ങളും ആരോഗ്യത്തോടെയിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. 2000ത്തില്‍ സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷന്‍. മൈക്രോസോഫ്റ്റിന്റെ 1.3 ശതമാനം ഓഹരികള്‍ ഇപ്പോഴും ബില്‍ ഗേറ്റ്സിന്റേതാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 130 ബില്ല്യന്‍ ഡോളറാണ്. ഇതിൽ ഒരു ഭാഗം ചാരിറ്റിക്കാണ് ഉപയോഗിക്കുന്നത്. ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വിവാഹ മോചനത്തിനു ശേഷം ധനികര്‍ക്കിടയില്‍ ഉണ്ടാകുന്ന അടുത്ത വേര്‍പിരിയലായും ഇതിനെ കാണുന്നു.

∙ ഗേറ്റ്സ് ഫൗണ്ടേഷൻ ആസ്തി 5000 കോടി ഡോളർ

ഗേറ്റ്സ് ഫൗണ്ടേഷന്റെ ഇപ്പോഴത്തെ ആസ്തി ഏകദേശം 5000 കോടി ഡോളറാണ് (ഏകദേശം 369,725 കോടി രൂപ). ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ദാനധര്‍മ സ്ഥാപനവുമാണിത്. ഫൗണ്ടേഷന്‍ 2018-19 കാലഘട്ടത്തില്‍ 500 കോടി ഡോളറാണ് ദാനധര്‍മങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു. ഗേറ്റ്സ് ദമ്പതികളുടെ വേർപിരിയൽ പ്രസ്താവന ഈ മേഖലയിലുള്ളവര്‍ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഈ ദമ്പതികള്‍ ലോകത്തിനു മുൻപിൽ വിവിധ തരത്തിലുള്ള ദാനധര്‍മ രീതികളാണ് അവതരിപ്പിച്ചിരുന്നത്. ഈ മേഖലയില്‍ സമീപകാലത്ത് ഏറ്റവുമധികം മാറ്റം കൊണ്ടുവന്നത് ഇവരായിരുന്നുവെന്നും പറയുന്നു. 

പണക്കാരുടെ മരണശേഷം തുടങ്ങിയ കാര്‍ണഗീ ഫൗണ്ടേഷനേയും, റോക്‌ഫെലര്‍ ഫൗണ്ടേഷനേയും പോലെയല്ലാതെ ഇതിന്റെ സ്ഥാപകര്‍ തങ്ങളുടെ ജീവിതത്തിന്റെ മധ്യത്തില്‍ത്തന്നെ ദാനധര്‍മങ്ങള്‍ക്കായി ഒരു സ്ഥാപനം കൊണ്ടുവരിക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു. ഗേറ്റ്സ് ദമ്പതികള്‍ക്ക് ഫൗണ്ടേഷനില്‍ തുല്യ പ്രാധാന്യമാണുള്ളത്. ഇരുവരും തുടര്‍ന്നും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഫൗണ്ടേഷന്റെ ഭാവിയേക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയതായി ചിലര്‍ വിലയിരുത്തുന്നു. ഇരുവരും ചിലപ്പോള്‍ തങ്ങളുടെ സ്വന്തം ഫൗണ്ടേഷനുകള്‍ സ്ഥാപിച്ചേക്കുമെന്നാണ് പറയുന്നത്.

2000ല്‍ ബില്‍ഗേറ്റ്‌സ് ഭാര്യ മെലിന്‍ഡയോടൊത്ത് സ്ഥാപിച്ചിട്ടുള്ള സന്നദ്ധ സംഘടനയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നായി ഇത് മാറുകയും ചെയ്തിരുന്നു.

English Summary: Bill and Melinda Gates are getting divorced, future of foundation in question

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA