ADVERTISEMENT

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന 5ജി ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതിയുള്ള കമ്പനികളുടെ പട്ടിക സർക്കാർ പുറത്തിറക്കി. ഇതില്‍ എറിക്‌സണ്‍, നോക്കിയ, സാംസങ്ങിന്റെ നെറ്റ്‌വര്‍ക്ക് യൂണിറ്റ് തുടങ്ങിയവയാണ് ഉള്ളത്. വാവെയ് അടക്കമുളള കമ്പനികളുടെ പേരുകള്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല എന്നത് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ 5ജിയില്‍ ഇടം ഉണ്ടാവില്ല എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. തങ്ങളുടെ അനുമതിയുള്ള കമ്പനികളെ മാത്രം 5ജി വിന്യസിക്കുന്നതില്‍ സഹകരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശം സർക്കാർ നേരത്തെ തന്നെ ഇന്ത്യന്‍ ടെലികോം സേവനദാതാക്കള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇന്ത്യയിലെ പ്രധാന സേവനദാതാക്കളായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ ഇന്‍ഫോകോം, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയും എംടിഎന്‍എല്‍ കമ്പനിയും നഗരങ്ങളിലും ഗ്രാമങ്ങളിലും 5ജി ട്രയല്‍ തുടങ്ങാന്‍ പോകുകയാണെന്നും സർക്കാർ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ വാവെയ് തയാറായില്ല. അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും തയാറായില്ല.

 

∙ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് പുതിയ നിയമം വരുന്നു

 

ആറു മാസത്തേക്കായിരിക്കും ട്രയല്‍സ്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെ രണ്ട് സർക്കാർ ഉദ്യോഗസ്ഥര്‍ പറഞ്ഞത് വാവെയ് അടക്കമുളള ചൈനീസ് ടെലികോം ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളുടെ സേവനം ഇന്ത്യ വേണ്ടന്നുവച്ചേക്കും എന്നായിരുന്നു. ഇതു കൂടാതെ, ഇന്ത്യ മറ്റേതെങ്കിലും രാജ്യത്തു നിന്ന് ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് ജൂണില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചേക്കുമെന്നതിന് വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം മൊബൈല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനപോലെയുള്ള ഒരു രാജ്യത്തു നിന്ന് ടെലികോം ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനോട് പല ഉദ്യോഗസ്ഥര്‍ക്കും താത്പര്യമില്ലെന്നും പറയുന്നു.

 

∙ ദക്ഷിണ കൊറിയയില്‍ ഒന്നരക്കോടി 5ജി ഉപയോക്താക്കള്‍

 

ഏറ്റവുമാദ്യം 5ജി തുടങ്ങിയ രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയില്‍ ഏകദേശം ഒന്നരക്കോടി ആളുകള്‍ ഇപ്പോള്‍ 5ജി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. മൊത്തം ജനസംഖ്യയുടെ 20 ശതമാനമാണിത്. 

 

∙ റെഡ്മി വാച്ച് മെയ് 13ന് അവതരിപ്പിക്കുമെന്ന്

clubhouse

 

ഷഓമി കമ്പനിയുടെ സബ് ബ്രാന്‍ഡായ റെഡ്മി പുതിയ സ്മാര്‍ട് വാച്ച് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ വില ഏകദേശം 3,352 രൂപയായിരിക്കാമെന്നു കരുതുന്നു. ഹൃദയമിടിപ്പു പരിശോധനയായിരിക്കും ഇതിലെ പ്രധാന ഫീച്ചറുറകളിലൊന്ന്.

 

∙ ഗൂഗിളില്‍ നിന്ന് രാജിവെച്ച എഐ ശാസ്ത്രജ്ഞനെ ആപ്പിള്‍ സ്വീകരിക്കുന്നു

 

തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഗൂഗിള്‍ നടപടി എടുത്തതിനെ തുടര്‍ന്ന് ഗൂഗിളില്‍ നിന്ന് രാജിവച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാസ്ത്രജ്ഞനായ സാമി ബെന്‍ജിയോ ഇനി ആപ്പിളിന്റെ എഐ വിഭാഗത്തിലെത്തും. മെഷീന്‍ ലേണിങ് വിഭാഗത്തിലായിരിക്കാം അദ്ദേഹം ജോലിചെയ്യുന്നത്.

 

∙ ക്ലബ്ഹൗസ് അടുത്തുതന്നെ ആന്‍ഡ്രോയിഡില്‍ എത്തിയേക്കും

 

വൈറല്‍ ഓഡിയോ ആപ്പായ ക്ലബ്ഹൗസ് താമസിയാതെ ആന്‍ഡ്രോയിഡില്‍ എത്തിയേക്കുമെന്നു കരുതുന്നു. ടെസ്റ്റിങ് അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

∙ പഴയ ഐഫോണുകള്‍ക്കടക്കം വീണ്ടും ഫേംവെയര്‍ അപ്‌ഡേറ്റ്

 

എല്ലാ ഐഫോണ്‍, ഐപാഡ് മാക്, ആപ്പിള്‍ വാച്ച് ഉപയോക്താക്കളും എത്രയും വേഗം ഈ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് ആപ്പിള്‍ നല്‍കുന്ന നിര്‍ദേശം. ഐഒഎസ്/ഐപാഡ്ഒഎസ് 14.5.1 പുതിയ ഉപകരണങ്ങള്‍ക്കെല്ലാമായി ഇറക്കിയിരിക്കുകയാണ്. എന്നാല്‍, താരതമ്യേന പഴയ മോഡലുകളായ ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐപാഡ് എയര്‍, ഐപാഡ് മിനി 2, ഐപാഡ് മിനി 3, ഐപോഡ് ടച് ആറാം തലമുറ എന്നിവ ഉപയോഗിക്കുന്നവരും തങ്ങളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു ചെയ്യണമെന്ന് ആപ്പിള്‍ അറിയിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ കണ്ടെത്തിയ രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആപ്പിളിന്റെ ശ്രമം. അതിനാല്‍ എല്ലാ ഉപയോക്താക്കളും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റു ചെയ്യണമെന്ന് കമ്പനി താത്പര്യപ്പെടുന്നു. 

 

∙ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിന് 50 ലക്ഷം ഡോളര്‍ നല്‍കാന്‍ സാംസങ്

 

കോവിഡ് പ്രശ്‌നത്തില്‍ പെട്ടുഴലുന്ന ഇന്ത്യയ്ക്ക് പല ടെക്‌നോളജി കമ്പനികളും സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു. സാംസങ് തങ്ങളുടെ ആദ്യ ഗഡു സഹായങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവര്‍ 50 ലക്ഷം ഡോളറിനുള്ള സഹായമായിരിക്കും നല്‍കുക. ഇതില്‍ 30 ലക്ഷം പണമായി തന്നെ കേന്ദ്ര സർക്കാരിനു നല്‍കും. കൂടാതെ 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 3,000 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 10 ലക്ഷം എല്‍ഡിഎസ് സിറിഞ്ചുകള്‍ തുടങ്ങിയവയും നല്‍കും.

 

∙ സോണി ഡിഎസ്എല്‍ആര്‍ നിര്‍മാണം നിർത്തി?

 

സോണിയുടെ എ മൗണ്ടിലുണ്ടായിരുന്ന അവസാന ക്യാമറയും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കംചെയ്തിരിക്കുകയാണ്. ഇതിനര്‍ഥം സോണി ഡിഎസ്എല്‍ ആര്‍ നിര്‍മാണം നിർത്തിയെന്നായിരിക്കാം. വളരെ നേരത്തെ പ്രൊഫഷണല്‍ മിറര്‍ലെസ് ക്യാമറാ നര്‍മാണരംഗത്ത് എത്തിയ കമ്പനിയായ സോണി ആ മേഖലയില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ക്യാമറകളുടെയും സ്മാര്‍ട് ഫോണുകളുടെയും സെന്‍സര്‍ നിര്‍മാണത്തിലും കമ്പനി മികച്ച പ്രകടനമാണ് നടത്തുന്നത്.

English Summary: India Doesn't Name Huawei Among Participants In 5G Trials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com