ADVERTISEMENT

രാഷ്ട്രീയക്കാര്‍ പല തരത്തിലാണ് അണികളുമായി സംവദിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ആശ്രയിക്കുമ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി നേരിട്ടു സംവദിക്കുകയായിരുന്നു. എന്നാൽ, പുതിയ പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ടു നടന്ന പ്രശ്‌നങ്ങളുടെ സമയത്ത് ട്രംപിന്റെ ഫെയ്‌സ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഈ സ്വകാര്യ കമ്പനികള്‍ നിരോധിച്ചു. സമൂഹ മാധ്യമങ്ങള്‍ക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടോ എന്ന ചോദ്യം അന്നുതന്നെ പലരും ഉയര്‍ത്തിയിരുന്നു. ഒരാള്‍ പാടുപെട്ട് ഉണ്ടാക്കിയെടുക്കുന്ന അയാളുടെ ഫോളോവര്‍മാരിലേക്കുള്ള വഴിയടയ്ക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരമുണ്ടോ എന്ന ചോദ്യമായിരുന്നു അന്നുയര്‍ന്നത്. എന്തായാലും തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ അവകാശമുള്ള ഫെയ്‌സ്ബുക്കിന്റെ ഓവര്‍സൈറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഈ വിഷയം ചര്‍ച്ചചെയ്ത് നടപടി ശരിവച്ചു. കൂടുതല്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ശരിയായിരുന്നു എന്നാണ് മുന്‍ പ്രധാനമന്ത്രി, നോബല്‍ സമ്മാന ജേതാവ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബോര്‍ഡ് അംഗീകരിച്ചത്.

 

എന്നാല്‍, ഫെയ്‌സ്ബുക് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച രീതി തെറ്റായിരുന്നുവെന്നും ബോര്‍ഡ് പറയുന്നു. ജനുവരി 6ന് ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചത്. നടന്ന ആക്രമണങ്ങള്‍ ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചതിനെ ന്യായീകരിക്കുന്നു. എന്നാല്‍, അനിശ്ചിതകാലത്തേക്ക് അക്കൗണ്ട് നിരോധിച്ചതു ശരിയായില്ലെന്നും ബോര്‍ഡ് പറയുന്നു. ആക്രമ സംഭവങ്ങള്‍ അരങ്ങേറിയ ജനുവരി ആറിന് ട്രംപ് നടത്തിയ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവയായിരുന്നു. എങ്കിലും, നമ്മള്‍ സമൂഹ മാധ്യമങ്ങള്‍ ഭരിക്കുന്ന പൊലീസുകാരല്ലെന്നും ബോര്‍ഡ് നിരീക്ഷിക്കുന്നു. അക്രമണകാരികളോട്, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങള്‍ ഉജ്വല രാജ്യ സ്‌നേഹികളാണ്, ഈ ദിവസം അവിസ്മരണീയമാക്കണം തുടങ്ങിയ പോസ്റ്റുകളിട്ട് അവരെ പ്രോത്സാഹിപ്പിച്ച ട്രംപിന്റെ നടപടി ഫെയ്‌സ്ബുക്കിന്റെ ചട്ടങ്ങള്‍ക്കുവിരുദ്ധമാണെന്ന് ബോര്‍ഡ് നിരീക്ഷിച്ചു. അതേസമയം, ബോര്‍ഡിലുള്ള ഹെലെ തോണിങ്-സ്മിഡ്റ്റ് എന്ന മുന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി പറയുന്നത് ഫെയ്‌സ്ബുക് ഒന്നുകില്‍ ട്രംപിന്റെ അക്കൗണ്ട് പാടേ പൂട്ടണമായിരുന്നു, അല്ലെങ്കില്‍ ഇത്ര കാലത്തേക്ക് അക്കൗണ്ട് ഉപയോഗിക്കാനാവില്ലെന്ന് പറയണമായിരുന്നു. അതല്ലാതെ, ഇപ്പോഴത്തേതു പോലെ അനിശ്ചിതാകാല നിരോധനമായിരുന്നില്ല വേണ്ടിയിരുന്നത് എന്നു പറഞ്ഞു. 

 

ഫെയ്‌സ്ബുക് പോലെ താരതമ്യേന പുതിയതായി ഉയര്‍ന്നു വന്ന സ്ഥാപനങ്ങള്‍ക്ക് പല കാര്യങ്ങളിലും തീര്‍പ്പു കല്‍പ്പിക്കല്‍ എളുപ്പമല്ല. ചില കീഴ്‌വഴക്കങ്ങള്‍ ഇനി കൊണ്ടുവരികയും വേണം. ബോര്‍ഡ് പറയുന്നത് രാഷ്ട്രീയ നേതാക്കളുടെയും മറ്റ് ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും കാര്യത്തില്‍ വേര്‍തിരിവോടെ മുന്നോട്ടു പോകണമെന്നാണ്. രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ അനുയായികള്‍ ഉള്ളതിനാല്‍ അവര്‍ക്ക് സമൂഹ മാധ്യമങ്ങള്‍ വഴി കൂടുതല്‍ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ബോര്‍ഡ് നിരീക്ഷിക്കുന്നു. അതുകൂടാതെ, തങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കണമെന്നും സ്മിഡ്റ്റ് പറയുന്നു. ട്രംപിന്റെ അക്കൗണ്ട് ഉടനെയെങ്ങാനും പുനസ്ഥാപിക്കുന്നുണ്ടെങ്കില്‍ അതുവഴി ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും മുന്നില്‍കാണണം. ഫെയ്‌സ്ബുക്കിന്റെ ഓവര്‍സൈറ്റ് ബോര്‍ഡ് 20 പേരുമായാണ് തുടങ്ങിയത്. പിന്നീട് അത് 40 പേരായി വികസിപ്പിക്കുകയായിരുന്നു. 

 

∙ ട്രംപ് സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

starlink

 

ഫെയ്‌സ്ബുക്കും ട്വിറ്ററും നിരോധിച്ചപ്പോള്‍ ട്രംപ് പ്രഖ്യാപിച്ചത് താന്‍ തന്റെ സ്വന്തം സമൂഹ മാധ്യമവുമായി എത്തുമെന്നാണ്. ട്രംപ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത് ഒരു നനഞ്ഞ പടക്കത്തെയായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. മുന്‍ പ്രസിഡന്റ് അവതരിപ്പിച്ച പുതിയ സമൂഹ മാധ്യമം അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ ഒരു വേഡ്പ്രസ് ബ്ലോഗ് മാത്രമാണ് എന്നതാണ് അതിനു കാരണം. അദ്ദേഹത്തിന്റെ ഫോളോവര്‍മാര്‍ക്ക് ഈ ബ്ലോഗില്‍ സൈന്‍-അപ് ചെയ്ത് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കാം. ഫെയ്‌സ്ബുക്കിന്റെയോ, ട്വിറ്ററിന്റെയോ മാതൃകയില്‍ ഒരു വമ്പന്‍ പ്ലാറ്റാഫോമായിരിക്കും കോടീശ്വരനായ ട്രംപ് അവതരിപ്പിക്കുക എന്നു കരുതിയവര്‍ക്ക് തെറ്റിയിരിക്കുകയാണ്.

 

∙ സ്റ്റാര്‍ലിങ്കിന് 500,000 സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് പ്രീ ഓര്‍ഡര്‍ ലഭിച്ചെന്ന് മസ്‌ക്

 

സ്‌പേസ്എക്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സര്‍വീസിന് 500,000 ലേറെ പ്രീ ഓര്‍ഡറുകള്‍ ലഭിച്ചെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടു. തങ്ങള്‍ നേരിടുന്ന ഏക പ്രശ്‌നം നഗരങ്ങളില്‍ വളരെയധികം പേര്‍ക്ക് ഒരേസമയത്ത് സേവനം നല്‍കുന്നതിനുള്ള വിഷമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളില്‍ നിന്നു സ്വീകരിച്ചിരിക്കുന്ന 99 ഡോളറിന്റെ നിക്ഷേപം ഏതു സമയത്തും പൂര്‍ണമായി തിരിച്ചു നല്‍കാവുന്നതാണെന്നും, നിക്ഷേപം സ്വീകരിച്ചെന്നു കരുതി സ്റ്റാര്‍ലിങ്ക് വഴി ഇന്റര്‍നെറ്റ് നല്‍കുമെന്നതില്‍ ഉറപ്പൊന്നും നല്‍കുന്നില്ലെന്നും മസ്‌ക് പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഒരേ സമയത്ത് സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കുക എന്നത് വെല്ലുവിളിയാണെന്നും മസ്‌ക് പറഞ്ഞു. ഈ മേഖലയില്‍ മസ്‌കിന് വെല്ലുവിളി ഉയര്‍ത്താന്‍ ആമസോണ്‍ മേധാവി ജെഫ് ബേസോസും ഇറങ്ങിയിട്ടുണ്ട്. 

 

∙ വാട്‌സാപ്പിന്റെ സ്വകാര്യതാ നയം-കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് കോടതി

 

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഈ മാസം 15ന് നിലവില്‍ വരികയാണ്. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെ കോടതി ഇതേക്കുറിച്ചുള്ള നയം എന്താണെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡിഎന്‍പട്ടേല്‍, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും അയച്ച കത്തുകളില്‍ പറയുന്നത് ഈ മാസം 13ന് മുൻപ് നിലപാട് അറിയിക്കാനാണ്. 

 

∙ സിഗ്നലിന്റെ എഫ്ബി പരസ്യങ്ങള്‍ നിരോധിച്ചത് എന്തിന്?

 

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും തുടര്‍ന്നു വരുന്ന സ്വകാര്യതാ നയം തുറന്നുകാട്ടുന്ന സിഗ്നല്‍ ആപ്പിന്റെ പരസ്യങ്ങള്‍ നിരോധിച്ചു. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ നിങ്ങള്‍ക്കായി നൂതന ടെക്‌നോളജികള്‍ നല്‍കുകയല്ല, മറിച്ച് നിങ്ങളുടെ ഡേറ്റാ ശേഖരണമാണ് നടത്തുന്നതെന്നാണ് സിഗ്നല്‍ വാദിച്ചുവന്നത്. ഇതേ തുടര്‍ന്ന് സിഗ്നലിന്റെ പരസ്യങ്ങള്‍ ഫെയ്‌സ്ബുക് നിരോധിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി എങ്ങനെയാണ് ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സുവിശദവും, ഏവര്‍ക്കും മനസ്സിലാക്കാവുന്ന തരത്തിലുമുള്ള വിശദീകരണമാണ് സിഗ്നല്‍ നല്‍കിയത്. പെട്ടെന്നു തന്നെ സിഗ്നലിന്റെ പരസ്യങ്ങള്‍ ഫെയ്‌സ്ബുക് നിരോധിച്ചു.

 

∙ ഉച്ചാരണ ശുദ്ധി പഠിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

 

മൈക്രോസോഫ്റ്റിന്റെ വിഡിയോ കോളിങ് ആപ്പ് വഴി ഉച്ചാരണ ശുദ്ധി വളര്‍ത്താൻ ശ്രമം. കുട്ടികള്‍ ടെക്സ്റ്റ് വായിച്ചു റെക്കോഡു ചെയ്യുകയും, അതിലെ തെറ്റുകള്‍ പറഞ്ഞു കൊടുക്കാന്‍ അധ്യാപകരെ അനുവദിക്കുകയുമാണ് പുതിയ ഫീച്ചര്‍ വഴി ഉദ്ദേശിക്കുന്നത്. ഇതേക്കുറിച്ച് കമ്പനി പുറത്തിറക്കിയ വിഡിയോ ലിങ്ക്: https://youtu.be/z9g0-rzT8lE

 

∙ ഇന്ത്യയ്ക്ക് 25 ലക്ഷം ഡോളര്‍ സഹായവുമായി ആമസോണ്‍ യൂറോപ്പും

 

ഇന്ത്യയുടെ കോവിഡ്-19നെതിരെയുള്ള യുദ്ധത്തിനായി ആമസോണ്‍ യൂറോപ്പും 25 ലക്ഷം ഡോളര്‍ നല്‍കും. ഈ ഫണ്ട് വഴി വൈദ്യ സഹായമെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇറ്റലിയില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും, ബ്രിട്ടനില്‍ നിന്ന് വെന്റിലേറ്ററുകളും, ജര്‍മനിയില്‍ നിന്ന് നെബ്യുലൈസറുകളും വാങ്ങി എത്തിക്കും. ഇതു കൂടാതെയും, ആമസോണ്‍ ഇന്ത്യയിലെ രോഗികള്‍ക്കായി സഹായമെത്തിക്കാന്‍ ശ്രമിക്കുന്നു. അവര്‍ 38 ലക്ഷം ഡോളര്‍ വിലയ്ക്കുള്ള വെന്റിലേറ്ററുകള്‍ എത്തിച്ചു നല്‍കും. ഇതിനായി നീതി ആയോഗുമായും കേന്ദ്ര ആരോഗ്യ വകുപ്പുമായും റെഡ്ക്രോസുമായും സഹകരിക്കും.

 

English Summary: Facebook's Trump ban upheld by Oversight Board for now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com