ADVERTISEMENT

സൈനിക മേഖല മുതല്‍ ബാങ്കിങ് സേവനങ്ങളില്‍ വരെ പ്രയോജനപ്പെടുത്താവുന്ന ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ശങ്കകളില്ലാതെ ഉപയോഗിക്കാവുന്ന ഈ സാങ്കേതികവിദ്യയ്ക്ക് സാധ്യതകള്‍ അപാരമാണെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ടെക്‌നോളജി കമ്പനികള്‍ ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയില്‍ തങ്ങള്‍ക്കുള്ള താത്പര്യം തുറന്നു വെളിപ്പെടുത്തിയതോടെ ഈ മേഖലയില്‍ കൂടുതല്‍ നൂതനത്വം കൊണ്ടുവരാനും യുവ ഗവേഷകര്‍ക്ക് അവസരങ്ങള്‍ തുറന്നിടാനും തുടങ്ങുകയാണ് ഇന്ത്യയെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ അശോക് കുമാര്‍ ദാസ് പറയുന്നു. ബ്ലോക്‌ചെയിനുമായി ബന്ധപ്പെട്ട ഡേറ്റയില്‍ എല്ലാവരുമറിയാതെ മാറ്റംവരുത്താനാവില്ല എന്നതാണ് ഇത് സുരക്ഷിതമാക്കുന്നതെന്നു പറയുന്നു. ഇതുവഴി ഇടപാടുകളുടെ വിശ്വാസ്യത വര്‍ധിക്കുന്നു. ഉദാഹരണത്തിന് വിതരണ ശൃംഖലയൊക്കെ ഇതോടെ സുതാര്യമാകും. ഒരിക്കലും തങ്ങള്‍ക്ക് എത്തേണ്ട ഉല്‍പന്നം ഇടയ്ക്കുവച്ച് മാറ്റിക്കളയുകയോ, ദുരുപയോഗം ചെയ്യുകയോ ഉണ്ടാവില്ലെന്ന് ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്താനാകുമെന്നും പറയുന്നു.

 

ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒന്നാമത് ചൈനയാണ്. ഈ മേഖലയില്‍ ഏറ്റവുമധികം പേറ്റന്റ് അപേക്ഷകള്‍ നല്‍കിയിരിക്കുന്നതും ചൈനയാണ്. ബ്ലോക്‌ചെയിൻ ക്രിപ്‌റ്റോകറന്‍സികളുമായി മുന്നോട്ടുപോകുന്ന ചില വമ്പന്‍ കമ്പനികളും ചൈനീസ് ഉടമസ്ഥതയിലുള്ളതാണെന്ന് അദ്ദേഹം പറയുന്നു. പണമിടപാടുകള്‍, ഊര്‍ജക്കൈമാറ്റം, സൈനികമേഖല തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ചൈന ഈ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ചൈന നെറ്റ്‌വര്‍ക്ക് നവീകരിക്കലിനാണ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുവരുന്നത്. ക്രിപ്‌റ്റോകറന്‍സിയിലുള്ള താത്പര്യമാണ് ചൈനയ്ക്ക് ഈ മേഖലയില്‍ മുന്നേറാന്‍ ഉപകരിച്ചത്. അവിടെയാണ് ആദ്യമായി ബ്ലോക്‌ചെയ്ന്‍ ഉപയോഗിക്കപ്പെട്ടത്. ആദ്യം തന്നെ ക്രിപ്‌റ്റോകറന്‍സിക്ക് സ്വാഗതമരുളിയ അമേരിക്ക, ചില യൂറോപ്യന്‍ രാജ്യങ്ങളും ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയുമായി കൂടുതല്‍ അടുത്തുകഴിഞ്ഞു. ഈ മേഖലയില്‍ പല നൂതന സാധ്യതകളും അവര്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഈ സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള ഗവേഷണത്തിനും ഈ രാജ്യങ്ങൾ ഊന്നല്‍ നല്‍കുന്നു.

 

ഇന്ത്യ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍ എന്നാണ് ദാസ് പറയുന്നത്. ക്രിപ്‌റ്റോകറന്‍സിയുടെ വിവിധ മേഖലകളില്‍ ഗവേഷണം നടക്കണം. ക്രിപ്‌റ്റോഗ്രാഫി ടെക്‌നിക്‌സ്, സുരക്ഷാ പ്രോട്ടോകോളുകള്‍ (ഒതന്റിക്കേറ്റഡ് കീ എഗ്രിമെന്റ്, അക്‌സസ് കണ്ട്രോള്‍, ഇന്‍ട്രൂഷന്‍ഡിറ്റക്ഷന്‍), കണ്‍സെസ് പ്രോട്ടോകോളുകള്‍ രൂപീകരിക്കല്‍, ബ്ലോക്‌ചെയിൻ നടപ്പാക്കല്‍, തത്സമയ ടെസ്റ്റ്‌ബെഡ് (testbed) പരീക്ഷണങ്ങള്‍ തുടങ്ങി മേഖലകളില്‍ ഗവേഷണങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനായി ഡിസ്‌ക്രീറ്റ് മാതമാറ്റിക്‌സ്, അല്‍ഗോറിതം, ക്രിപ്‌റ്റോഗ്രാഫി, നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റം എൻജിനീയറിങ് എന്നിവയില്‍ അറിവു നേടിയവര്‍ മുന്നോട്ടിറങ്ങണം. നിലവില്‍ ഈ മേഖലയിലെ ഗവേഷണം ഐഐടികളിലും ഐഐഐടികളിലും മാത്രമാണ് നടക്കുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കൂടുതല്‍ യുവ ഗവേഷകര്‍ ഇതിന്റെ സാധ്യതകള്‍ ആരായാനായി മുന്നോട്ട് എത്തുന്നതിലാണ് ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്നത്. തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ഇപ്പോള്‍ ബ്ലോക്‌ചെയിൻ ഓഫ് തിങ്‌സിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ദാസ് പറയുന്നു. 

 

ഇതുവഴി ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഇന്റര്‍നെറ്റ് ഓഫ് ഡ്രോണ്‍സ്, ഇന്റര്‍നെറ്റ് ഓഫ് വെയ്ക്കിൾസ്, ഇന്റര്‍നെറ്റ് ഓഫ് മെഡിക്കല്‍ തിങ്‌സ്, ആരോഗ്യപരിപാലനം, സ്മാര്‍ട്ഫാമിങ്, സ്മാര്‍ട്ഗ്രിഡ്‌സ്, വിതരണ ശൃംഖലകള്‍ എന്നിവയ്‌ക്കെല്ലാം ഗുണം ലഭിക്കും. ഇന്ന് എല്ലാം ഇന്റര്‍നെറ്റുമായി കണക്ടുചെയ്തിരിക്കുന്നു. അപാരമായ അളവില്‍ ഡേറ്റ ഉത്പാദിപ്പിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഇതിലേറെയും, രഹസ്യ സ്വഭാവമുള്ളതും, സ്വകാര്യവുമാണ്. അതിനാല്‍ തന്നെ സുരക്ഷ എന്നത് വന്‍വെല്ലുവിളി ഉയര്‍ത്തുന്നു. ഡേറ്റ മുഴുവന്‍ ഒരു സെര്‍വറില്‍ ശേഖരിക്കുന്നതും കുറ്റമറ്റ രീതിയല്ല. ഇത്തരം ഘട്ടങ്ങളിലാണ് ബ്ലോക്‌ചെയിൻ ഉപയോഗിക്കാവുന്നത്. ബ്ലോക്‌ചെയിൻ ഒരു ഡിസ്ട്രിബ്യൂട്ടഡ് ടെക്‌നോളജിയാണ്. അത് ഡേറ്റാ സുതാര്യതയും, ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷയും, മാറ്റിമറിക്കാന്‍ അനുവദിക്കാതിരിക്കാനുള്ള ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. ബ്ലോക്‌ചെയ്‌നില്‍ അതിവേഗമുള്ള കുതിപ്പാണ് ഇന്ത്യ ഇനി കണ്ണുവയ്ക്കുന്ന മേഖലകളിലൊന്ന്.

 

∙ ലോകത്തെ ആദ്യത്തെ 2എന്‍എം ചിപ്പുമായി ഐബിഎം; നഖത്തിന്റെ വലുപ്പത്തില്‍ 500 കോടി ട്രാന്‍സിസ്റ്ററുകള്‍ പിടിപ്പിക്കാം!

 

നഖത്തിന്റെ വലുപ്പമുള്ള ചിപ്പില്‍ 500 കോടി ട്രാന്‍സിസ്റ്ററുകള്‍ പിടിപ്പിക്കാവുന്ന ഘട്ടത്തിലേക്ക് കംപ്യൂട്ടിങ് എത്തിയിരിക്കുകയാണ്! തങ്ങള്‍ ലോകത്തെ ആദ്യത്തെ 2 നാനോമീറ്റര്‍ (എന്‍എം) സാങ്കേതികവിദ്യയുള്ള പ്രോസസര്‍ വികസിപ്പിച്ചതായി പ്രമുഖ ടെക്‌നോളജി കമ്പനിയായ ഐബിഎം അറിയിച്ചു. ഇന്നത്തെ ഏറ്റവും മികച്ച 7എന്‍എം നോഡ് ചിപ്പുകളെക്കാള്‍ ഇവയ്ക്ക് 45 ശതമാനം അധിക പ്രവര്‍ത്തനശേഷിയുണ്ടെന്നതു കൂടാതെ 75 ശതമാനം ബാറ്ററി കുറവും മതി പ്രവര്‍ത്തിപ്പിക്കാന്‍. ഐബിഎം ഉപയോഗിക്കുന്ന അത്യാധുനിക നാനോഷീറ്റ് ടെക്‌നോളജി ഉപയോഗിച്ച് നൂതനമായ രീതിയിൽ സെമികണ്‍ഡക്ടറുകള്‍ക്ക് വലുപ്പംകുറച്ചാണ് ഇതു സാധ്യമാക്കിയതെന്ന് കമ്പനി പറഞ്ഞു. ഇതാദ്യമായാണ് ഈ നേട്ടം ഒരു കമ്പനി കൈവരിക്കുന്നത്. ആദ്യ 5എന്‍എം ചിപ്പ് ഡിസൈന്‍ അവതരിപ്പിച്ച് കേവലം നാലു വര്‍ഷത്തിനുള്ളിലാണ് തങ്ങള്‍ ചരിത്ര നേട്ടംകൈവരിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിക്കുന്നു. സെല്‍ഫോണുകളുടെ ബാറ്ററി ലൈഫ് നാലുമടങ്ങ് വര്‍ധിക്കും. ഉപയോക്താക്കള്‍ നാലു ദിവസത്തിലൊരിക്കല്‍ ചാര്‍ജ് ചെയ്താല്‍ മതിയാകും. ലാപ്‌ടോപ്പുകളുടെയും പ്രകടനത്തിലും ഇതോടെ നാടകീയമായ മാറ്റം കാണാനാകും. തനിയെ ഓടുന്ന വാഹനങ്ങള്‍ക്കും ഇത് ഗുണപ്രദമായിരിക്കും.

 

∙ കോവിഡ് ആഘാതം: സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കടകളില്‍ 50,000 ജോലികള്‍ നഷ്ടമായേക്കും

 

പല ബ്രാന്‍ഡുകളും ഓഫ്‌ലൈനായും വിതരണ ശൃംഖല ശക്തിപ്പെടുത്താനിരിക്കെയാണ് കോവിഡ്-19 പടര്‍ന്നത്. ഇനി ഈ മേഖലയില്‍ പണമിറക്കുന്നത് പതുക്കെ മതിയെന്ന നിലപാടിലേക്ക് പല കമ്പനികളും മാറിയിരിക്കുന്നു. ഇതു കൂടാതെയാണ് രാജ്യമെമ്പാടുമായി ഇത്തരം കടകളില്‍ ജോലിചെയ്യുന്ന 50,000 പേര്‍ക്കെങ്കിലും ജോലി നഷ്ടപ്പെട്ടേക്കുമെന്ന വാര്‍ത്തയും വന്നിരിക്കുന്നത്.

 

∙ എക്സ്‌ബോക്‌സ് കണ്‍സോളുകള്‍ മൈക്രോസോഫ്റ്റ് വില്‍ക്കുന്നത് നഷ്ടത്തില്‍

 

ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തിലും വില്‍പനയിലും ഒരു മികവും കാണിക്കാത്ത കമ്പനിയാണ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് എന്ന വിശ്വാസത്തിന് അടിവരയിടുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ലാഭമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല, നഷ്ടത്തിലായിരിക്കാം തങ്ങളുടെ എക്‌സ്‌ബോക്‌സ് കണ്‍സോളുകള്‍ മൈക്രോസോഫ്റ്റ് വില്‍ക്കുന്നതെന്ന് സോഫ്റ്റ്പീഡിയ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ എക്‌സ്‌ബോക്‌സ് വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് പറയുന്നു. എക്‌സ്‌ബോക്‌സ് നിര്‍മാണം വഴി ഒരിക്കലും കമ്പനിക്ക് ലാഭം ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.

 

∙ പിക്‌സല്‍ ഫോണ്‍ ഉടമകള്‍ക്ക് ഹൈ-ക്വാളിറ്റി ഫോട്ടോകള്‍ ഗൂഗിള്‍ ഫോട്ടോസില്‍ സൂക്ഷിക്കാന്‍ സാധിച്ചേക്കും

 

ഹൈ-ക്വാളിറ്റി ഫോട്ടോകള്‍ എത്രവേണമെങ്കിലും ഗൂഗിള്‍ ഫോട്ടോസില്‍ സൂക്ഷിക്കാനുള്ള അനുമതി കമ്പനി അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, നിങ്ങള്‍ ഒരു പിക്‌സല്‍ ഫോണ്‍ ഉടമയാണെങ്കില്‍ അണ്‍ലിമിറ്റഡായി ഗൂഗിള്‍ ഫോട്ടോസിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ അനുവദിച്ചേക്കും. സാധാരണ ഗതിയില്‍ ഒരു ഗൂഗിള്‍ അക്കൗണ്ടിന് 15ജിബി സംഭരണശേഷിയാണ് കമ്പനി നല്‍കുന്നത്. 100 ജിബി വേണമെങ്കില്‍ പ്രതിമാസം 130 രൂപ നല്‍കണം. എന്നാല്‍, പിക്‌സല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ക്ലൗഡ് സേവനം ഫ്രീയാക്കിയേക്കുമെന്നാണ് കേള്‍വി.

 

English Summary: China leaps on the blockchain, India to the forefront

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com