ADVERTISEMENT

സ്പേസ്എക്സ്, ടെസ്‌ല കമ്പനികളുടെ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് എന്‍ബിസി ചാനലിന്റെ സാറ്റര്‍ഡേ നൈറ്റ് ലൈവ് (എസ്എന്‍എല്‍) ഷോയില്‍ അവതാരകന്റെ വേഷമണിഞ്ഞെത്തി. ഇതു കാണാനായി മസ്‌കിന്റെ ആരാധകർ തിക്കിത്തിരക്കി എത്തിയപ്പോള്‍ പലപ്പോഴും ഓണ്‍ലൈന്‍ സ്ട്രീമിങ് നിലച്ചു. ലോകമെമ്പാടുമുള്ള ട്രാഫിക് നിയന്ത്രിക്കാനായില്ല. ഇതോടെയാണ് സ്ട്രീം നിലച്ചത്. സ്ട്രീം നിലയ്ക്കല്‍ വ്യാപകമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മസ്‌ക് ആദ്യമായി അവതാരകന്റെ വേഷമണിയുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പുതിയ ഭാവങ്ങള്‍ വല്ലതും പുറത്തുവരുമോ എന്നറിയാനാണ് ആരാധകര്‍ ഇടിച്ചുകയറിയത്. ഇലോണ്‍ എന്‍ബിസിയെ തകര്‍ത്തുവെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.

 

∙ തനിക്ക് ആസ്‌പേര്‍ഗസ് സിന്‍ഡ്രം ഉണ്ടെന്ന വെളിപ്പെടുത്തല്‍

 

മസ്‌കിന്റെ കന്നി എപ്പിസോഡിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന് തനിക്ക് അസ്‌പേര്‍ഗസ് സിന്‍ഡ്രം (Asperger's syndrome) ഉണ്ടെന്ന വെളിപ്പെടുത്തലാണ്. നാഡീവ്യൂഹത്തിനു വരുന്ന പ്രശ്നങ്ങളാണ് ഈ രോഗം. ഓട്ടിസം സ്‌പെക്ട്രം ഡിസോഡേഴ്‌സ്, ന്യൂറോ ഡവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. സമൂഹത്തിലെ മറ്റ് ആളുകളുമായി ഇടപെടുന്നതിലും, ആംഗ്യഭാഷാ പ്രയോഗത്തിലും മറ്റുമുള്ള പ്രശ്‌നങ്ങളാണ് രോഗബാധിതരില്‍ എടുത്തുകാണിക്കപ്പെടുന്ന വൈഷമ്യങ്ങള്‍. നിലപാടില്‍ ഉറച്ചു നില്‍ക്കുക എന്നതും രോഗബാധിതര്‍ക്ക് പ്രശ്‌നമുള്ള കാര്യങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്നു. എന്നാല്‍, രോഗബാധിതര്‍ക്ക് പൊതുവെ സാധാരണഗതിയിലുള്ളതോ അതിലേറെയോ ബുദ്ധിശക്തി കാണാനും സാധിക്കുന്നു. താനാണ് സാറ്റര്‍ഡെ നൈറ്റ് ലൈവ് അവതരിപ്പിക്കാന്‍ എത്തിയ ആദ്യ ആസ്‌പേര്‍ഗസ് സിന്‍ഡ്രമുള്ള വ്യക്തിയെന്നാണ് മസ്‌ക് സ്വയം വിശേഷിപ്പിച്ചത്. പ്രശ്‌നമുള്ള മറ്റാളുകളും അവതരിപ്പിക്കാന്‍ എത്തിയിട്ടുണ്ടാകാം. പക്ഷേ, അതു തുറന്നു സമ്മതിക്കുന്ന ആദ്യത്തെയാള്‍ താനാണെന്ന് മസ്‌ക് പറഞ്ഞു. എന്നാല്‍, തനിക്ക് ഒരു മനുഷ്യനെ പോലെ, അല്ലെങ്കില്‍ മസ്‌കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഹ്യൂമന്‍ എമ്യുലേഷന്‍ മോഡില്‍- പ്രവര്‍ത്തിക്കാന്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് സംസാരിക്കുമ്പോള്‍ ശബ്ദ വ്യതിയാനം കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണെന്ന കാര്യവും അദ്ദേഹം തുറന്നു പറഞ്ഞു. 

 

∙ ഡോഷ്‌കോയിന്‍ പരാമര്‍ശം

 

പുതിയതായി അല്ലെങ്കില്‍ വ്യത്യസ്തമായി എന്തെങ്കിലും മസ്‌ക് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കു സഹിക്കാനാവില്ല. തനിക്ക് ആസ്‌പേര്‍ഗസ് സിന്‍ഡ്രം ഉണ്ടെന്ന വെളിപ്പെടുത്തല്‍ കൂടാതെ പല നിരീക്ഷണങ്ങളാലും സമ്പുഷ്ടമാണ് മസ്‌കിന്റെ കന്നി അവതരണ ഷോ. അതിലൊന്നാണ് ഡോഷ്‌കോയിനെക്കുറിച്ചുള്ള (Dogecoin-ഉച്ചാരണം ഡോഷ്‌കോയിന്‍) പരാമര്‍ശം. ധനക്കൈമാറ്റത്തിന്റെ ഭാവിയായിരിക്കും ഡോഷ്‌കോയിനെന്ന് മസ്‌ക് പറഞ്ഞു. ബിറ്റ്‌കോയിന് ഒരു പാരഡിയായി ഉണ്ടാക്കപ്പെട്ടതാണ് ഡോഷ്‌കോയിന്‍. എന്നാല്‍, ഇത് ലോകംമുഴുവന്‍ കീഴ്‌പ്പെടുത്താന്‍ പോകുകയാണെന്നാണ് മസ്‌ക് പറയുന്നത്. എന്നാല്‍, ഉന്തിത്തള്ളിപ്പുറത്താക്കലാണോ (hustle) ക്രിപ്‌റ്റോകറന്‍സി മേഖലയില്‍ നടക്കുന്നതെന്ന കേള്‍വിക്കാരിലൊരാളുടെ ചോദ്യത്തിന് അങ്ങനെയാണ് എന്നാണ് മസ്‌ക് മറുപടി നല്‍കിയത്. ഇതോടെ ഡോഷ്‌കോയിന്റെ വില 12 ശതമാനം ഇടിയുകയും ചെയ്തു. മസ്‌കിന്റെ വാക്കുകള്‍ക്ക് ഇത്തരം ആഘാതമുണ്ടാകുന്നത് ഇതാദ്യമല്ല. വാട്‌സാപ്പിനു പകരം സിഗ്നല്‍ ഉപയോഗിക്കാന്‍ മസ്‌ക് ആവശ്യപ്പെട്ടതോടെ സിഗ്നലിലേക്ക് ആളുകള്‍ ഇടിച്ചുകയറുകയായിരുന്നു. ക്ലബ്ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്പും മസ്‌കിന്റെ ഒരൊറ്റ പരാമര്‍ശത്താല്‍ ആഗോള പ്രശസ്തി നേടി.

 

∙ വിചിത്ര കാര്യങ്ങള്‍ തന്റെ തലച്ചോറിന്റെ പ്രത്യേകത

 

വിചിത്ര കാര്യങ്ങള്‍ ചെയ്യുക, പോസ്റ്റു ചെയ്യുക എന്നത് തന്റെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്ന രീതിയാണെന്നും മസ്‌ക് പറഞ്ഞു. താന്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടു തനിക്കു പറയാനുള്ളത് ഇതാണ്- താന്‍ ഇലക്ട്രിക് കാര്‍ സങ്കല്‍പം പുനഃസൃഷ്ടിച്ചു. ആളുകളെ റോക്കറ്റില്‍ കയറ്റി ചൊവ്വയിലേക്ക് അയയ്ക്കാന്‍ പോകുന്നു. ഇതെല്ലാം ഒരു സാധാരണക്കാരന്റെ ചിന്തകളാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. 

 

മസ്‌ക് ജോ റോഗന്റെ പോഡ്കാസ്റ്റിനിടയ്ക്ക് കഞ്ചാവു വലിച്ചതും, തന്റെ മകന്റെ പേര് X Æ A-12 എന്നിട്ടതുമെല്ലാം അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വത്തെ എടുത്തുകാണിക്കുന്നു. മകന്റെ പേര് ഉച്ചരിക്കുന്നത് എങ്ങനെയാണ് എന്നതിന് കീബോഡിനുമേല്‍ പൂച്ച ഓടുന്നത് പോലെ ഉച്ചരിക്കുക എന്ന മറുപടി നല്‍കിയെങ്കിലും, പിന്നീട് അദ്ദേഹം ആ പേര് ഉച്ചരിക്കുന്നത് എക്‌സ് ആഷ് എ ട്വല്‍വ് ആണെന്നു വിശദീകരിക്കുകയും ചെയ്തിരുന്നു.

 

English Summary: Elon Musk reveals he has Asperger's syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com