ADVERTISEMENT

ആപ്പിള്‍ ഐഒഎസ് 14.5ല്‍ കൊണ്ടുവന്ന ട്രാക്കിങ് സുതാര്യതാ ടൂള്‍ ഫെയ്‌സ്ബുക് പോലെയുള്ള കമ്പനികള്‍ക്ക് വിനയാകുമോ എന്ന സംശയം ബലപ്പെടുന്നു. ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലെയും, ഫോണിലെയും ചെയ്തികള്‍ ഫെയ്‌സ്ബുക്കിന്റേത് അടക്കമുള്ള ആപ്പുകളുമായി പങ്കുവയ്ക്കണോ എന്നു തീരുമാനിക്കാന്‍ സാധിക്കുന്നതാണ് പുതിയ ടൂള്‍. അതായത് ഉപയോക്താവിന്റെ സ്വകാര്യത അയാള്‍ക്കു തന്നെ തീരുമാനിക്കാം. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ട് ആഴ്ചകള്‍ മാത്രമാണ് ആയിരിക്കുന്നത്. ആഗോള തലത്തില്‍ ഇതുവരെ കേവലം 13 ശതമാനം പേര്‍ മാത്രമാണ് തങ്ങളെ ട്രാക്കു ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. ഈ കണക്കുകൾ മൊബൈല്‍ പരസ്യ വരുമാനത്തിലൂടെ കോടികള്‍ കൊയ്യുന്ന ഫെയ്‌സ്ബുക് പോലെയുളള കമ്പനികള്‍ക്ക് വന്‍ തിരിച്ചടി സമ്മാനിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് നരീക്ഷകര്‍. ടെക്‌നോളജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ മികച്ച തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കാന്‍ കഴിവുള്ള അമേരിക്കയിലെ ഐഒഎസ് ഉപയോക്താക്കളുടെ മാത്രം കണക്ക് കൂടുതല്‍ പരിതാപകരമാണ്. കേവലം 5 ശതമാനം പേരാണ് തങ്ങളെ ട്രാക്കു ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്.

 

ഐഒഎസ് 14.5ലേക്ക് അപ്‌ഗ്രേഡു ചെയ്യുന്ന എല്ലാവരോടും സമ്മതം വാങ്ങിയ ശേഷം മാത്രമെ അവരുടെ ചെയ്തികള്‍ നിരീക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ആപ്പിള്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള അനുമതി മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് വരുന്നത്. ഇത് ആഗോള തലത്തിലുള്ള, പ്രതിവര്‍ഷം 189 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന പരസ്യ ബിസിനസിനെ തകര്‍ക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. ഐഒഎസ് 14.5ല്‍ ആപ് തുറക്കുമ്പോള്‍, 'ട്രാക്കു ചെയ്യുന്നതില്‍ വിരോധമുണ്ടോ' എന്ന ചോദ്യം കാണിക്കുന്നത് ഏകദേശം 10,000 ആപ്പുകളാണ്. ഇതില്‍ ഫെയ്‌സ്ബുക്കിന്റെ ആപ്പും ഉള്‍പ്പെടും. 

 

∙ അടുത്ത ആപ്പിള്‍ വാച്ചില്‍ ഭക്ഷണരീതി ട്രാക്കു ചെയ്യാന്‍ സാധിച്ചേക്കും

 

ഒരു സ്മാര്‍ട് വാച്ചിന്റെ പ്രസക്തി എന്തെന്ന ചോദ്യത്തിന് ഉത്തരമായി പല ആരോഗ്യ പരിപാലന പ്രയോജനങ്ങളും കൊണ്ടുവരികയാണ് ആപ്പിള്‍ ചെയ്തത്. ആപ്പിള്‍ വാച്ചുകള്‍ക്ക് ഇപ്പോള്‍ ഇസിജി, ശരീരത്തിലെ ഓക്‌സിജന്റെ അളവ് തുടങ്ങിയവ അളക്കാനാകുമെന്നതിനാല്‍ പലര്‍ക്കും പ്രിയപ്പെട്ടതായിരിക്കുകയാണ്. എന്നാല്‍, അടുത്തതായി ഇറക്കാനിരിക്കുന്ന ആപ്പിള്‍ വാച്ചില്‍, ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഭക്ഷണ രീതികളും, കഴിക്കുന്ന മരുന്നുകളുടെ കാര്യങ്ങളും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ട്രാക്കു ചെയ്യാനുള്ള ശേഷി കൈവരിച്ചായിരിക്കും എത്തുക എന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഉപയോക്താവിന്റെ സ്വകാര്യതയിലേക്കു കടന്നു കയറാതെ തന്നെ ഒരു ഗ്ലൂക്കോമീറ്റര്‍ ആപ്പിള്‍ വാച്ചില്‍ അവതരിപ്പിക്കാനാകുമോ എന്ന കാര്യമാണ് ആപ്പിള്‍ പരിശോധിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗോള തലത്തില്‍ ഷുഗര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ഈ ഫീച്ചര്‍ വളരെ സ്വീകാര്യമായിക്കുമെന്നും കരുതുന്നു. ബ്ലഡ് ഗ്ലൂക്കോസ് നിരീക്ഷിക്കാനുള്ള ടെക്‌നോളജി തങ്ങളുടെ ഗ്യാലക്‌സി വാച്ച് 4ല്‍ അവതരിപ്പിക്കാന്‍ സാംസങും ശ്രമിക്കുന്നുണ്ട്.

 

smartphone

∙ 2023ലെ ഐഫോണില്‍ ആപ്പിളിന്റെ സ്വന്തം 5ജി മോഡം?

 

ചിപ്പുകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമമാണ് ആപ്പിള്‍ കമ്പനി നടത്തുന്നത് എന്നിപ്പോള്‍ വ്യക്തമാണ്. പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം 2023ല്‍ ഇറങ്ങാന്‍ പോകുന്ന ഐഫോണില്‍ ആപ്പിള്‍ സ്വന്തം 5ജി സെല്ലുലാര്‍ മോഡവും നിര്‍മിക്കാനുള്ള ശ്രമം നടത്തുന്നതായി വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. നിലവില്‍ ക്വാല്‍കം കമ്പനിയുടെ 5ജി ചിപ്പുകളാണ് ആപ്പിള്‍ ഉപയോഗിക്കുന്നത്.

 

∙ ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഇടിവ്?

 

ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ 15-20 ഇടിവു പ്രതീക്ഷിക്കുന്നതായി സിഎംആര്‍ എന്ന ഗവേഷണ കമ്പനി അവകാശപ്പെടുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നടപ്പു പാദത്തില്‍ ലോക്ഡൗണുകളും മറ്റുമാണ് നടക്കുന്നത് എന്നതിനാല്‍ സ്മാര്‍ട് ഫോണ്‍ വില്‍പന കുറയുമെന്നാണ് അവരുടെ വിലയിരുത്തല്‍. വീട്ടിലിരുന്നു ജോലിചെയ്യലും പഠനവും മറ്റും ഇല്ലായിരുന്നെങ്കില്‍ ഇതിലും ഇടിയാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

 

∙ ക്ലബ്ഹൗസ് ഇനി ആന്‍ഡ്രോയിഡിലും

 

സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ ഒറ്റ ട്വീറ്റില്‍ പ്രശസ്തമായ ഓഡിയോ ചാറ്റ് ആപ് ക്ലബ്ഹൗസ് ആന്‍ഡ്രോയിഡിലും എത്തി. നിലവില്‍ അമേരിക്കയിലെ ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നതെങ്കിലും അധികം താമസിയാതെ ആഗോള ഉപയോക്താക്കള്‍ക്കും ഇതു ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് കമ്പനി വ്യക്തമാക്കി. ഒരു വര്‍ഷം മുൻപ് ഐഒഎസില്‍ മാത്രമായി നിർമിക്കപ്പെട്ട ആപ്പായിരുന്നു ക്ലബ്ഹൗസ്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഉപയോഗിക്കുന്ന ഈ ആപ്പിന് അപാര സാധ്യതകളാണ് ഉള്ളത്. ഇതിനാല്‍ ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികള്‍ ഇത്തരം ആപ്പുകള്‍ അവതരിപ്പിക്കുകയാണ്. ക്ലബ്ഹൗസ് എന്ന ഓഡിയോ സമൂഹ മാധ്യമ ആപ്പിലേക്ക് ആരെങ്കിലും ക്ഷണിച്ചാല്‍ മാത്രമെ പ്രവേശിക്കാനാകൂ എന്ന പ്രത്യേകതയും ഉണ്ട്. തുടക്കത്തില്‍ ഗൂഗിളിന്റെ ജിമെയില്‍ അക്കൗണ്ട് തുടങ്ങണമെങ്കിലും ആരെങ്കിലും ക്ഷണിക്കേണ്ടിയിരുന്നു. ജിമെയിലിന് അനാവശ്യ പ്രാധാന്യം നല്‍കുന്നതില്‍ ഈ ഫീച്ചര്‍ ഉപകരിച്ചു എന്നു കാണാം. 

 

∙ റെഡ്മി വാച്ചിന് 200 വാച്ച് ഫെയ്‌സസ്

 

ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മി പുറത്തിറക്കാന്‍ പോകുന്ന സ്മാര്‍ട് വാച്ചിന് 11 സ്‌പോര്‍ട്‌സ് മോഡുകളും, 200 വാച്ച് ഫെയ്‌സസും ഉണ്ടായിരിക്കുമെന്നു പറയുന്നു. ഫ്‌ളിപ്കാര്‍ട് വഴിയായിരിക്കും വില്‍ക്കുക. ഹൃദയമിടിപ്പ്, ഉറക്കം തുടങ്ങിയവ ട്രാക്കു ചെയ്യാനുള്ള ശേഷിയും വാച്ചില്‍ പ്രതീക്ഷിക്കുന്നു. റെഡ്മി നോട്ട് 10എസ് സ്മാര്‍ട് ഫോണിനൊപ്പമായിരിക്കും വാച്ചും വില്‍പനയ്‌ക്കെത്തുക. 

 

∙ സാംസങ് എം51ന്റെ വില കുറച്ചു

 

സാംസങ് കഴിഞ്ഞ വര്‍ഷം 7000എംഎഎച് ബാറ്ററിയുമായി ഇറക്കിയ എം51 സ്മാര്‍ട് ഫോണിന്റെ വില വീണ്ടും കുറച്ചു. 6ജിബി/128ജിബി വേരിയന്റ് ഇപ്പോള്‍ 19,999 രൂപയ്ക്കു വാങ്ങാം. അതേസമയം 8ജിബി/128ജിബി വേരിയന്റിന് 21,999 രൂപയായിരിക്കും വില. 

 

∙ കോവിഡ്: അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുപി

 

കോവിഡ് മഹാമാരി പെട്ടെന്നു വര്‍ധിക്കാന്‍ ഇടയാക്കിയത് 5ജി ട്രയല്‍സ് മൂലമാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമനിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലിസ്. 

 

English Summary: Just 12% of global iOS users and 4% of US ones have allowed app tracking since the iOS 14.5 rollout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com